ഓടിയോടി റെയിൽവേ സ്റ്റേഷനിലെത്തുന്നതും കണ്ണിൽ കാൺകെ ട്രെയിൻ ചലിച്ചു തുടങ്ങുന്നതും തളർന്ന കാലുമായി സ്റ്റെയർ ഓടിക്കയറുന്നതും അടുത്ത പ്ലാറ്റ്ഫോമിൽ എത്തുമ്പോഴേക്ക് ട്രെയിൻ മിസ്സാകുന്നതും എന്തു രസമുള്ള, നീരസമുള്ള അനുഭവമായിരിക്കും ല്ലേ...

എങ്കിൽ അത് സംഭവിച്ചൂ ട്ടോ... ഈയുള്ളവൾക്കും പ്രിയതമനും. വല്ലാത്ത അനുഭവം തന്നെ!വിഷമിക്കാനും അതിലേറെ ചിരിക്കാനും കിട്ടിയ ഒരവസരം! ഹി...ഹി...

കാസർഗോഡിലെ ഉപ്പളക്കടുത്ത് പൈവളിഗെ - ബൈക്കട്ടെ എന്ന സ്ഥലത്തേക്കാണ് യാത്ര. ഞായറാഴ്ച ഉച്ച കഴിഞ്ഞ് അവിടെ ഫങ്ഷനുണ്ട്. വളവന്നൂർ ബാഫഖി ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിലെ അവസാന വർഷ വിദ്യാർത്ഥിനി ഹാഫിള സൈനബ് സിൽമിയയുടെ എൻഗേജ്മെന്റ് സെറിമണി!

യാത്ര അല്പം ദൈർഘ്യമേറിയതാണെങ്കിലും സിൽമിയയുടെയും അവരുടെ ഉമ്മയുടെയും നിരന്തരവും സ്നേഹപൂർണ്ണവുമായ ക്ഷണത്തിന് ഉത്തരം നൽകാതിരിക്കാൻ കഴിയുമായിരുന്നില്ല. മാത്രമല്ല ഒരു ട്രിപ്പും കിട്ടും. അങ്ങനെയാണ് തലേന്ന് പുറപ്പെട്ട് പ്രിയതമൻ മുഹ്‌യിദ്ദീനിന്റെ സുഹൃത്തിന്റെ വീട്ടിൽ തങ്ങാമെന്നും അടുത്ത ദിവസം പരിപാടിയിൽ എത്താമെന്നും തീരുമാനിക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കോഴിക്കോട് സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി ഏഴ്-ഏഴരയോടെ പയ്യന്നൂരിലെ സുഹൃത്തിന്റെ വീട്ടിലെത്താം എന്നതാണ് പ്ലാൻ.

ബിസ്മില്ലാഹ് ... യാത്രയാരംഭിച്ചു. കോഴിക്കോട് ഇഖ്‌റാ ഹോസ്പിറ്റലിലേക്ക് പോകുന്ന എന്റെ കുടുംബത്തോടൊപ്പം ഞാനും കോഴിക്കോട്ടേക്ക്. സമയം രാവിലെ പത്തര - പതിനൊന്ന്  ആയിക്കാണും.

നീ ഇഖ്റായിലെത്തിയാൽ അറിയിക്കണമെന്നും ഞാൻ നിന്നെ പിക്ക് ചെയ്യാം, ശേഷം സിൽമിയക്കുള്ള ഗിഫ്റ്റ് റെഡിയാക്കാം, ളുഹ്ർ നമസ്കാരം ഇടിയങ്ങര ശൈഖ് മഖാമിൽ നിർവഹിക്കാം, അല്പനേരം അവിടെ വിശ്രമിച്ചതിനു ശേഷം പുറപ്പെടാം എന്നെല്ലാം പറഞ്ഞിരുന്നതാണ്.

പക്ഷേ മൂന്നു മണിയായിട്ടും ആളെത്തിയില്ല. വിളിച്ചന്വേഷിച്ചപ്പോൾ... പാവം, ട്രാഫിക് ജാമിലകപ്പെട്ടിരിക്കുകയാണ്. ആയതിനാൽ ഹോസ്പിറ്റലിൽ വെച്ച് ഞാൻ ളുഹ്ർ നമസ്കരിച്ചു. അസ്വറിനെ മുന്തിച്ച് ജംആക്കുകയും ചെയ്തു. ശേഷം ഞങ്ങൾ ഹോസ്പിറ്റലിന് പുറത്ത് കാറിൽ വിശ്രമിച്ചു. കയ്യിൽ കരുതിയ ഉച്ചഭക്ഷണം വണ്ടിയിലിരുന്ന് കഴിച്ചു.

സമയം 4.45 PM. അതാ വരുന്നൂ എന്റെ പുതിയാപ്ല, ബൈക്കിൽ.
"റാഷി... ഒന്നും പറയേണ്ട, വണ്ടി ഡാമേജായി. പിന്നെ ആളെ വിളിച്ച് ശരിയാക്കി. വേഗം പോകാം, ട്രെയിൻ മിസ്സാകും".

പാവം... ആകെ വിയർത്തിരിക്കുന്നു... വല്ലാതെ കിതക്കുന്നു....

അദ്ദേഹം കൊണ്ടുവന്ന ബാഗിൽ എന്റെ ലഗേജ് നിറച്ചു. വീട്ടുകാരോട് യാത്ര പറഞ്ഞു. വേഗത്തിൽ ഹെൽമെറ്റ് ധരിച്ച് ബൈക്കിൽ കയറി. പിന്നെ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി റോഡിലൂടെ പറക്കുകയായിരുന്നു.

റോഡിൽ നല്ല തിരക്കായിരുന്നു. പലയിടത്തും ജാമുകളും. സ്റ്റേഷനിലേക്കുള്ള കുറുക്കുവഴിയന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരുവശത്തുമുള്ള വാഹനങ്ങളെ തിക്കി തിരക്കി മുന്നോട്ട് നീങ്ങി.

 അതിനിടക്ക് അതും സംഭവിച്ചു. യാ അല്ലാഹ്.. നീ കാത്തു.

.........തുടരും..........

Post a Comment

Share your thoughts

Previous Post Next Post