*നബികീർത്തനകാവ്യത്തിന്റെ മലയാളപ്പെരുമ*
നൂറ്റാണ്ടുകൾക്കിപ്പുറവും സർവ്വ ലോകവും പുകഴ്ത്തുകയും വാഴ്ത്തുകയും ചെയ്യുന്ന അതുല്യ ചരിത്ര പുരുഷനാണ് അന്ത്യപ്രവാചകരായ മുഹമ്മദ് നബി (സ്വ). കുട്ടികളോടും തന്നെക്കാൾ പ്രായത്തിൽ മുതിർന്നവരോടും സ്ത്രീകളോടും തുടങ്ങി സമൂഹത്തിലെ ഓരോ വിഭാഗങ്ങളോടും അർഹിക്കുന്ന രീതിയിൽ ഇടപഴകി, പറയുന്നതിലേറെ പ്രവർത്തിച്ചു കാണിച്ച്, ലോകാവസാനം വരെയുള്ള മനുഷ്യ സമൂഹങ്ങൾക്ക് ഉദാത്തമായ മാതൃകകളടങ്ങിയ ജീവിതവിജ്ഞാന കോശം ജീവിച്ചു കാണിച്ചു അവർ.
സർവ്വലോകർക്കും കാരുണ്യം എന്നു വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്ന അവിടുന്ന് പരസ്പര സ്നേഹവും വിശ്വാസവും സാഹോദര്യവും സമത്വവും കരുണയും നീതിയും നിറഞ്ഞ മാനവികത കാഴ്ചവെച്ചു. നിങ്ങൾ പരുക്കനും കഠിന ഹൃദയനുമായിരുന്നുവെങ്കിൽ ജനങ്ങൾ എന്നോ അങ്ങയിൽ നിന്ന് ഒളിച്ചോടിയേനെ എന്നല്ലേ വിശുദ്ധ ഖുർആൻ പറഞ്ഞത് (സൂറഃ ആലു ഇംറാൻ: 159).
പ്രവാചക ജീവിതം ഒരു തുറന്ന പുസ്തകമാണ്. അവിടുത്തെ ജനനം മുതൽ മരണം വരെയുള്ള ഓരോ രംഗങ്ങളും തന്റെ തൂലികയിലൂടെ ഒപ്പിയെടുത്തവർ അനവധി നിരവധിയാണ്. ഒട്ടനവധി ഭാഷകളിൽ വിവിധ സാഹിത്യ രൂപങ്ങളിൽ അത് ദർശിക്കാനാകും. ഇസ്‌ലാമിക പശ്ചാത്തല ത്തിൽ നിന്നുകൊണ്ടും അല്ലാതെയും വിശുദ്ധ മതത്തെയും മതത്തിന്റെ ആദർശങ്ങളെയും പ്രവാചക തിരുമേനി (സ്വ)യുടെ അനുപമമായ വ്യക്തിത്വത്തെയും വളരെ ആശ്ചര്യത്തോടു കൂടെ വീക്ഷിച്ച് കവിതയുൾപ്പെടെയുള്ള സാഹിത്യ സൃഷ്ടികൾ കൊണ്ടുവന്ന രചയിതാക്കൾ കേരളക്കരയിലും ഒത്തിരി പേരുണ്ട്. ഇവിടെ മലയാളസാഹിത്യത്തിലെ വിശിഷ്യാ കാവ്യ രൂപത്തിലെ പ്രവാചകനെ(സ്വ) ഹ്രസ്വമായി വിലയിരുത്തുകയാണ്.
മലയാളകവികളിൽ ഇസ്‌ലാമിനെക്കുറിച്ചും മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളെക്കുറിച്ചും കവിതകൾ രചിച്ചവരിൽ പ്രധാനിയാണ് മഹാകവി വള്ളത്തോൾ നാരായണമേനോൻ (1878 - 1958). കവി ടി. ഉബൈദിന്റെ വാക്കുകൾ കടമെടുത്താൽ ഇവിടെ കൂടുതൽ ഉചിതമായിരിക്കും, "ഇസ്‌ലാം മത പ്രവാചകന്റെ ഗുണഗണങ്ങളെ ഇങ്ങനെ മതി തോന്നാതെ പ്രകീർത്തിച്ച ഒരു അമുസ്ലിം കവി വള്ളത്തോൾ അല്ലാതെ ഭാരതത്തിൽ ഉണ്ടോ എന്ന് സംശയമാണ്". പതിനൊന്നു ഭാഗങ്ങളായി എഴുതിയ തന്റെ സാഹിത്യമഞ്ജരിയുടെ അഞ്ചാം ഭാഗത്ത് 'അല്ലാഹ്' എന്നൊരു കവിതയുണ്ട്. മുഹമ്മദ് നബി (സ്വ) ഒരിക്കൽ മക്കയിൽ നിന്ന് മദീനയിലേക്ക് പോകുമ്പോൾ വഴിയിൽ വെച്ച് നടന്ന സംഭവമാണ് കവിതയുടെ ഉള്ളടക്കം. അതിൽ നബി (സ്വ)യെ കവി ഇങ്ങനെ വർണ്ണിക്കുന്നു,
_മനോജ്ഞവും പുണ്യായതനവുമായ_
_മദീനാക്ക് പോകും മുഹമ്മദ് നബി_
_ചിര പ്രവൃദ്ധമാം തമസകറ്റുവാൻ_
_ധരനിയിലേക്കീശൻ നിയോഗിച്ച സൂര്യൻ_
പുണ്യസ്ഥലമായ മദീനയിലേക്ക് പോകുന്ന പ്രവാചകൻ (സ്വ)യെ അജ്ഞതയാകുന്ന ഇരുട്ടകറ്റാൻ ഈ ഭൂമിയിലേക്ക് അല്ലാഹു നിയോഗിച്ച സൂര്യനായി കവി പ്രകീർത്തിക്കുന്നു. وَسِرَاجࣰا مُّنِیرࣰا (പ്രകാശിക്കുന്ന വിളക്ക്) എന്ന് പരിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചത് ഇവിടെ അന്വർത്ഥമാക്കുന്നു (സൂറഃ അൽ അഹ്സാബ്: 46).
തിരുദൂതർ (സ്വ) മരുപ്പച്ചയിൽ മയങ്ങുമ്പോൾ അക്രമി അവിടുത്തെ വാൾ കൈക്കലാക്കുന്നു. നിരായുധനായ നബി തങ്ങളെ വധിക്കാനായി മുതിരുന്നതും 'ഇപ്പോൾ നിന്നെ ആരു രക്ഷിക്കും' എന്നു പറഞ്ഞു അലറുന്നതുമാണ് ശേഷമുള്ള വരികളിൽ. 'എന്നെ കാക്കാൻ അല്ലാഹു മതി'യെന്ന നിശ്ചയദാർഢ്യത്തിനു മുന്നിൽ അക്രമി വിളറുന്നു. കയ്യിൽ നിന്നും വാൾ ഊർന്നുപോവുകയും ചെയ്യുന്നു. കേവലം സംഭവ വിവരണമല്ല, നബി തിരുമേനി (സ്വ) യോടുള്ള ആദരവിന്റെ കാവ്യപുഷ്പം വിരിയിക്കുകയാണ് മഹാകവി.
_ചിരിയുള്‍ക്കൊണ്ടവന്‍ചെകുത്താന്റെ വായ്കൊ_
_ണ്ടൊരു ചോദ്യം ചെയ്താന്‍: “എടോ മുഹമ്മദേ_
_ഇതാ, നിന്‍വാള്‍താന്‍നിന്‍നിണം കുടിക്കയായ്_
_ഇതില്‍നിന്ന് നിന്നെയെവന്‍സംരക്ഷിക്കും?"_
_ഗുരവധക്രിയക്കുഴറി നില്‍ക്കുമാ_
_ക്കരാളനും കൈവാള്‍വഴുതിപ്പോം വണ്ണം_
_അതിസന്ദിഗ്ധ ഭക്തി രസമൊഴുക്കി നി_
_ഷ്പതിച്ചത, “ല്ലാഹ്’ എന്നൊരു ചെറുപദം!_
ഒരു നിർണായകരംഗത്തിന്റെ സർഗാത്മക നിമിഷമാണ് നാലാം ഭാഗത്തിലെ 'ജാതകം തിരുത്തി'യിലൂടെ മഹാകവി കാണുന്നതും കാണിക്കുന്നതും. പ്രതികൂല സാഹചര്യത്തിൽ ജീവിച്ച് വിശ്വാസത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരാൾ വിശ്വാസത്തിന്റെ സുഗന്ധം അനുഭവിക്കുന്നതാണ് ഈ കവിത. പരിശുദ്ധ ഇസ്‌ലാം സ്വീകരിക്കാനോ പ്രവാചകനെ പിന്തുടരാനോ സന്നദ്ധനാവാതിരുന്ന ഖുറൈശി പ്രമുഖനായ ഉമറി(റ)ന്റെ മനംമാറ്റത്തെയാണ് ഇതിൽ ആവിഷ്കരിക്കുന്നത്. വള്ളത്തോൾ മുഹമ്മദ് നബി 'അഹർമ്മുഖ' പൊൻകതിരാണെന്നും ആ പേരിനെ നമിക്കുന്നതായും പറയുന്നു,
_അഹര്‍മ്മുഖ പൊന്‍കതിര്‍ പോലെ പോന്നവന്‍_
_മുഹമ്മദപ്പേരിനിതാ നമശ്ശതം!_
*******************
_പെരുത്തു നൂറ്റാണ്ടിനിടയ്ക്കൊരിക്കലീ_
_മരുപ്പറമ്പാമുലകത്തിലീശ്വരൻ_
_ഒരുറ്റ വൃക്ഷത്തൈ നടുന്നു പാന്ഥരായ്_
_വരുന്നവർക്കുത്തമ വിശ്രമത്തിനായ്_- അധാർമികതയും അരാജകത്വവും കൊടികുത്തി വാഴുന്ന ജനസഞ്ചയത്തിനിടയിലേക്ക് ധർമ്മത്തിന്റെയും നീതിയുടെയും കാവലാളായി വന്നെത്തിയ ദൈവദൂതനെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
എഴുത്തുകാരനും കവിയുമായ സുകുമാർ കക്കാടിന്റെ (1939 - 2021)വരികളിലും (സ്തുതിക്കപ്പെട്ടവൻ) കരാള ഹൃദ്യരായ അറബികളെ നബി വാർത്തെടുക്കുന്നുണ്ട്,
_തമ്മിലിടഞ്ഞും അഹങ്കരിച്ചും കരള്‍_
_കൊത്തിപ്പറിച്ചും ചവച്ചും പുളച്ചാർത്ത്_
_ഗോത്രക്കുറുമ്പിനെ കാട്ടുക്രൌര്യങ്ങളെ_
_ശാന്തി സങ്കിർത്ത നമാക്കിയ പ്രവാചകാ_
_കഷ്ടമനാഥനായ് ജാതനായെങ്കിലും_
_ശിഷ്ടർക്ക് നാഥനായി വർത്തിച്ച സാത്വികാ_
_പ്പൊള്ളും മരുക്കളെ യദ്ധ്യാപനങ്ങളാല്_
_പുഷ്പനികുഞ്ജക മാക്കിയ ചിന്തകാ_
സ്നേഹമൂർത്തിയും കാരുണ്യവാനും ആയ പ്രവാചകന്റെ പ്രതിസന്ധികളാണ് എട്ടാം ഭാഗത്തിലെ പാംസുസ്നാനത്തിലെ പ്രതിപാദ്യം. നിന്ദ്യവും നിരുത്തരവാദിത്വപരവുമായ ഖുറൈശീ പീഡനങ്ങൾക്കിടയ്ക്കുള്ള പ്രവാചകസഹനത്തെ ഈ കവിത എടുത്തുപറയുന്നു,
_‘കില്ലില്ല, ഞാനെന്നുടെ ചോരകൊണ്ടു-_
_മിദ്ധര്‍മ്മസസ്യത്തെ നനച്ചുനോക്കും;’_
_ആ മാതൃകാകര്‍ഷകനായ കൃസ്തു-_
_വവ്വണ്ണമല്ലോ ഭുവി ചെയ്തു കാട്ടീ._- എന്നാണ് പ്രവാചകന്റെ ആത്മഗതം.
മഹാത്മാഗാന്ധിയെ വാഴ്ത്തുന്ന വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥൻ' എന്ന കവിതയിൽ പ്രവാചകന്റെ ആത്മസ്ഥൈര്യത്തെ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്.
നൂറ്റാണ്ടുകൾക്കു മുമ്പ് സ്‌മൃതിയടഞ്ഞ തുഞ്ചത്തെഴുത്തച്ഛന്‍ തന്റെ കവിതയില്‍ തിരുനബി(സ്വ)യുടെ ആകാരം വിവരിക്കുന്നതിങ്ങനെ:
_പരന്ന ഫാലദേശ, മുയര്‍ന്നു നീണ്ട നാസ_
_നിവര്‍ന്ന നെടുദേഹ, മെകര്‍ന്ന വിരിമാറും_
_ഉരുണ്ടു നീണ്ട ബാഹു, വിരുണ്ടു കൃപാരസം_
_പുരണ്ടു കാണാകുന്ന നീല നീണ്‍മിഴിരണ്ടും_
_കണ്ടാകിലാരും കൂപ്പുക്കൊണ്ടാടി വാഴുത്തുമാമ_
_ട്ടുണ്ടാകാന്‍പണിയുണ്ട് ദിവ്യചൈതന്യമാര്‍ക്കും_
_ആരത്, മുഹമ്മദോ! സംശയിക്കാനെന്തുള്ളൂ_
_പാരിതില്‍സ്ഥൈര്യം മൂര്‍ത്തിയെടുത്തു ചലിക്കുന്നോന്‍_
കേരള നവോത്ഥാന ചരിത്രത്തിലെ സാമൂഹ്യ പരിഷ്കർത്താവായിരുന്ന ശ്രീനാരായണഗുരു (1855-1928) രചിച്ച 'അനുകമ്പാദശക'ത്തിന്റെ ഏഴാം ശ്ലോകത്തിൽ നബി (സ്വ)യെക്കുറിച്ചാണ് പരാമർശിക്കുന്നത്.
_പുരുഷാകൃതി പൂണ്ട ദൈവമോ_
_നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ_
_പരമേശ പവിത്ര പുത്രനോ_
_കരുണാവാന്‍ നബി മുത്ത് രത്നമോ_
കാരുണ്യമാണ് നബി തങ്ങൾക്ക് ഗുരു കൽപ്പിച്ചു കൊടുക്കുന്ന മഹിത ഗുണം. ഈ നബി കാരുണ്യത്തെ മുത്തുരത്നത്തോടാണ് കവിരൂപണം ചെയ്തിട്ടുള്ളത്.
കവിതിലകൻ പണ്ഡിറ്റ് കെ.പി. കറുപ്പൻ(1885- 1938) പ്രവാചകൻ (സ്വ)യുടെ ജനനം അറേബ്യയുടെ പുതുചരിതമാണെന്ന് കുറിക്കുന്നു,
_നിസ്തീമ ഭവ്യത്തിൽ ചെങ്കൊടി പാറിടും_ _ഇസ്‌ലാമികാദർശക്കോട്ടയിന്നും_
_അഘേതരശീലനാകും മുഹമ്മദ്_
_ദീർഘദർശീന്ദ്രനാമം മഹാത്മാ_
ഇക്കിരി കൃഷ്ണൻ പ്രവാചകരെ വാഴ്ത്തിപ്പറയുന്നതോടൊപ്പം അവിടുത്തെ നിസ്വാർത്ഥമായ ജീവിതത്തെ അസന്നിഗ്ദ്ധമായി സമർത്ഥിക്കുന്നു,
_പാരിടെ അല്‍ അമീന്‍ എന്നൊരു പേരിന്_
_ആരുതാനാരു താനര്‍ഹനര്‍ഹര്‍?_
_കാണുന്ന ലോകത്ത് കാണുന്നവകളെ_
_എന്റെതെന്റെതന്നെന്നു കാണാന്‍_
_ക്ലേശിക്കതന്നെ നരകമെന്നുള്ളത്_
_പാടിയ പാടിയ പുണ്യവാനാർ ?_
പ്രവാചകൻ (സ്വ) ഭൂജാതനാകുന്ന അവസരത്തിൽ അറേബ്യൻ മണലാരണ്യം വിശുദ്ധ ശിശുവിനെ സ്വീകരിക്കുന്നതെങ്ങനെയെന്നു വർണ്ണിക്കുകയാണ് കവി എൻ.സി നായർ. മരുഭൂമിയെ മാതാവായി സങ്കൽപ്പിക്കുകയും അവൾ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്യുന്നു. പ്രവാചകാഗമനത്തിന്റെ സ്വാഗതാഹാരങ്ങളായി ഈ വരികളെ കണക്കാക്കാം,
_ഗുണനിധി ഭഗവാന്‍ റസൂല്‍ കരീം വ-_
_ന്നണയുമിതാര്‍ത്തി ഹരാര്‍ത്ഥമത്രനൂനം_
_പരിചൊടിതു നിനച്ചറേബ്യ മോദാല്‍_
_പരിസിത വസാത്രമുടുത്തൊരുങ്ങി നിന്നാള്‍_
മഹാകാവ്യരംഗത്ത് ശ്രദ്ധേയനായ ജ്ഞാനപീഠ അവാർഡ് കേരളത്തിൽ കൊണ്ടുവന്ന കവിയാണല്ലോ ജി. ശങ്കരക്കുറുപ്പ് (1901-1978). അദ്ദേഹം രചിച്ച 'ദിവ്യപുഷ്പം' എന്ന കവിതയിൽ മുഹമ്മദ് (സ്വ)യും ഇസ്‌ലാമിന്റെ ഉദയവും ചർച്ച ചെയ്യപ്പെടുന്നു. ഇസ്‌ലാമാകുന്ന പൂവിന്റെ സുഗന്ധം ലോകമെങ്ങും പരിമളം വീശുന്നു. അല്ലയോ മനസ്സാകുന്ന വണ്ടേ, നീ ഉണർന്ന് ചിറകുവിടർത്തി പറന്നുയരുക. വല്ലാത്തൊരു സുഗന്ധം അന്തരീക്ഷത്തിൽ അലയടിക്കുന്നു. ഏതോ ദിവ്യമായ പനിനീർ മലരിന്റെ സുഗന്ധമായിരിക്കാം. മുഹമ്മദ് നബിയുടെ അനുഭവത്തിന്റെ തടത്തിലാണ് ആ നറുമലർ വിരിഞ്ഞതെന്ന് കേൾക്കുന്നു. ഇങ്ങനെ ഈ കവിതയിൽ മഹാകവി ഇസ്‌ലാമിന്റെയും അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ)യുടെയും പ്രാധാന്യമാണ് വിവരിക്കുന്നത്.
_പടരുമിപ്പരിമളമേതൊരു ദിവ്യമാം_
_പനിനീരിതളിന്റേതായിരിക്കാം_
_നബിതന്നനുഭവത്തില്‍ തടത്തിലന്നാം_
_നറുമലരൊന്നു വിരിഞ്ഞു പോലും_
********************
_വിരിയും സൗഹാർദ്ദത്തിൻ_
_മഞ്ഞപ്പൂങ്കുല ചൂടി_
_ചിരിച്ചീതറേബ്യ തൻ_ _മണൽക്കാടന്നാദ്യമായ് ._
_ആയിളം കുരുന്നിന്റെ_
_തേനൂറും ചിരിയില-_
_ന്നാമിനായറിഞ്ഞില്ല_
_വൈധവ്യ ദുഃഖം പോലും ._
_നബിയാം തിരുമേനി_
_മർത്യനെ പഠിപ്പിച്ച_
_മഹിത സ്നേഹത്തിന്റെ_
_പല്ലവി ജനിക്കുന്നു._- എന്ന വി നടരാജന്റെ കാവ്യശകലങ്ങളും
_അന്ധവിശ്വാസങ്ങൾ തത്ര നീക്കീ നബി_
_അന്ധകാരത്തെ രവി കണക്കെ_
_കർമ്മണാ വാചാ മനസാ പരദ്രോഹം_
_ചെയ്യുവോർ മുസ്‌ലിമായ് തീരുകില്ല_- എന്ന എംസി നാരായണന്റെ വരികളും പ്രവാചക ജനനം ലോകത്തിന്റെ തന്നെ പുതിയ അധ്യായമായിരുന്നു എന്ന് വരച്ചു കാട്ടുന്നു. ആരുടെ നാവിൽ നിന്നും കൈയിൽ നിന്നും മുസ്‌ലിംകൾ സുരക്ഷിതരാണോ അവനാണ് യഥാർത്ഥ മുസ്‌ലിം എന്ന പ്രവാചകാധ്യാപനം ഈ വരികളിൽ സ്ഫുരിക്കുന്നു.
ശത്രുവിനെ സ്നേഹം കൊണ്ട് മിത്രമാക്കുന്ന _അരിയായരികത്തണഞ്ഞിടും നരനും സ്നേഹരസത്തിലഗ്രജനായ_ നബി തിരുമേനി(സ്വ) കാണിച്ചുതന്ന ദൈവികവും വൈശിഷ്ടവുമായ സൽപാന്ഥാവിനേയും അതു മുറുകെപിടിച്ചു ജീവിക്കുന്ന മുസൽമാനെയും പരിചയപ്പെടുത്തുന്നതിലൂടെ ഇസ്‌ലാംമത വിശ്വാസികളുടെ സാംസ്കാരികമായ അഭ്യുന്നതിയെ എൻ.ജി. ഗോപാലൻ നായർ പ്രകീർത്തിക്കുന്നു.
_മുഹമ്മദു മതവിശ്വാസികളാകും_
_മതിമാന്മാരേ കേൾക്കൂ നിങ്ങൾ_
_പലവിധമതമുണ്ടെന്നാലും_ _അതുപോലല്ലിസ്‌ലാമതമോർക്ക._
ടി. ഉബൈദ് (1908-1972) രചിച്ച 'നർത്തനം ചെയ്തിടാവൂ' എന്ന കവിതയും പ്രവാചകാപദാനമാണ്.
_കാരുണ്യപ്പൊല്‍ത്തിടമ്പായ്, മാനവലോകത്തിന്നു_
_കാഞ്ചന പ്രദീപമായ് വിളങ്ങും ഗുരുഭൂതാ,_
.......................................
_സമസ്തലോകങ്ങള്‍ക്കുമനുഗ്രഹമായ്, പുണ്യ-_
_പുമാനായ്, പ്രവാചകപ്രഭുവായ് ജന്മംപൂണ്ടു_
.......................................
_ഊരിയ വാളുമായിത്തലകൊയ്യുവാന്‍ വന്ന_
_വീരനാമുമര്‍ പാദദാസനായ്ത്തിരിക്കുന്നൂ!_
ഇസ്‌ലാമിക രാജ്യത്തിന്റെ അധിപനായിരുന്നിട്ടും ലാളിത്യം കാത്തുസൂക്ഷിച്ച പ്രവാചകനെ വർണ്ണിക്കുന്നു,
_രാജാധികാരത്തോടെ വാണരുളീടുമ്പോഴും_
_വ്യാജമല്ലല്ലോ വെറും ‘ഫഖീറാ’യങ്ങു മേവി;_
"ഞാൻ നന്ദിയുള്ള അടിമയാകേണ്ടയോ" എന്നു പറഞ്ഞ് കാലിൽ നീരു നിറയുവോളം നിന്ന് നമസ്കരിക്കുന്ന ദൈവദൂതനെ വിവരിക്കുന്നു,
_ഇരുകാല്‍ത്തളിരിലും നീര്‍ക്കെട്ടു ബാധിപ്പോള-_
_മിരവില്‍ദൈവധ്യാനമഗ്നനായ് പലനാളു_
കൊടിയ പീഡനങ്ങളേൽപ്പിച്ച ഖുറൈശികൾക്കു പൊറുത്തുകൊടുക്കണമെന്ന് പ്രാർത്ഥിക്കുന്ന കരുണാനിധിയെയും اذهبوا فأنتم الطلقاء എന്ന അത്യുദാരമായ പ്രഖ്യാപനത്തിലൂടെ മാനവികതയുടെ മഹനീയ മാതൃക തീർത്ത വിശ്വവിമോചകനെയും ഇവിടെ ദർശിക്കാം,
_അരികള്‍ കൊടുംദ്രോഹമേല്‍പിച്ചപോതവര്‍ക്കു_
_പൊറുപ്പാ ‘നല്ലാഹു’ വോടര്‍ഥിച്ച ദയാസിന്ധു_
_മാറ്റലര്‍ ബന്ധിതരായ്ത്തന്‍മുമ്പില്‍ നില്‍ക്കുമ്പോഴും_
_മാപ്പേകവേ വിസ്മയാല്‍ സ്തംഭിച്ചു മണ്ണും വിണ്ണും!_
.............................................
_മരണം വരിച്ചിടുംനേരത്തു ‘മുമ്മത്തി’ന്നായ്_
_ഇരന്ന ‘റഹ്മത്തുല്ലില്‍-ആലമീന്‍’ ഭവാനല്ലോ!_-കവിതയുടെ അവസാന ഭാഗത്ത് പ്രവാചകൻ (സ്വ) സർവ്വർക്കും കാരുണ്യമാണെന്ന ഖുർആനിക പദവും എടുത്തുദ്ധരിക്കുന്നു.
മലയാള കാവ്യ പരിസരത്ത് പരിചിതമല്ലാതിരുന്ന ഇസ്‌ലാമിക വൃത്തത്തെ ഏറെ സുഗ്രാഹ്യമായ രീതിയിൽ അപഗ്രഥനം ചെയ്ത ആദ്യമഹാകാവ്യമാണ് പൊൻകുന്നം സെയ്ദ് മുഹമ്മദിന്റെ(1909 - 1995) മാഹമ്മദം(1978). മുഹമ്മദിനെ സംബന്ധിച്ചത് എന്നാണ് പദാർത്ഥം. മൂന്ന് സർഗങ്ങളും 1269 ശ്ലോകങ്ങളുമായാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്.
പ്രവാചക സ്തുതിയോടെയാണ് കാവ്യത്തിന്റെ പ്രധാന ഭാഗം ആരംഭിക്കുന്നത്, _അക്ഷരജ്ഞാനമില്ലാത്ത_
_നബിക്കു വെളിപാടിനാൽ_
_അപ്പപ്പോൾ ദത്തമായ് വന്ന_
_സത്യമേ വിജയിപ്പു നീ._
_ചരാചരങ്ങളെസ്സർവ്വം_
_സൃഷ്ടിച്ചുള്ള ജഗൽപതേ_
_അല്ലാഹുവൊരുവൻ മാത്രം_
_നീ പഠിപ്പിച്ചു ഞങ്ങളെ._
ഇതേ ആശയം മുന്നോട്ടുവെക്കുന്ന ഇദ്ദേഹത്തിന്റെ തന്നെ മറ്റു വരികൾ ചേർക്കുന്നു,
_മുഹമ്മദെന്നായ് ഭുവനത്തിലാദ്യം_
_പേർകൊണ്ടുയർന്നാ മഹനീയ താരം_
_അല്ലാഹുവിൻ നേർവഴി കാട്ടുവാനാ_
_യാശാന്തരം തോറുമുണർന്നുമിന്നി._
'ഭാഗ്യാങ്കുരം' എന്ന ശീർഷക കവിതയും നബി തിരുമേനി(സ്വ)യെ കുറിച്ചുള്ളതാണ്.
_അഴകൊഴുകു മാമിനബീവി തന്നോമന_
_പ്രണയസുരവല്ലി പൂത്തുള്ള സൗഭാഗ്യ_-
സൗഭാഗ്യമായ തിരുനബിയെ സംബന്ധിച്ച് കവി മനസ്സിൽ നിധിപോലെ സൂക്ഷിക്കുന്ന ആഗ്രഹം ഇതാണ്,
_കനിവൊടു സമസ്തവും കാത്തുരക്ഷിച്ചിടും_
_തിറമുടയതമ്പുരാൻ തൻ തിരുദൂതരെ!_
_കവനലഹരിയ്ക്കെഴും ചൂടിനാൽ വിപ്ലവ-_
_ദ്ധ്വനികളുയരുന്നൊരീ നാട്ടിലെല്ലായിപ്പോഴും_
_മമ ഹൃദയവേദനയ്ക്കങ്ങൊരാശ്വാസമി-_
_ങ്ങരുളുകി ലതൊന്നു താനെന്റെ 'ഭാഗ്യാങ്കുരം'._
പന്മന രാമചന്ദ്രൻ നായർ (1931-2018) എഴുതിയ 'കനിവിന്റെ ഉറവ' എന്ന കവിത ഒരു പെരുന്നാൾ പുലരിയിൽ അനാഥനായ കുട്ടിയുടെ മുന്നിൽ സനാഥത്വത്തിന്റെ വാതിൽ തുറക്കുന്ന പ്രവാചകന്റെ ഓർമ്മയാണ്.
_പുത്രനൊന്നിതാ തരു_
_ന്നിന്നു ഞാൻ നിനക്കായി_
_ട്ടാ, മനം കുളിർത്തെന്നാ_
_ലെനിക്കും പെരുന്നാളായ്_- എന്നു പറഞ്ഞു ആ ബാലനെ സഹധർമ്മിണിയിലേക്ക് ഏൽപ്പിക്കുന്നു. പ്രവാചക ശ്രേഷ്ഠന് അഭിവാദ്യങ്ങൾ നേർന്നുകൊണ്ട് കവി ഇങ്ങനെ അവസാനിപ്പിക്കുന്നു,
_മർത്യസംസ്കാരത്തിനു_
_മംഗലാർന്ന ജ്ഞാനത്തിൽ_
_മൂടലിൽ മുങ്ങിപ്പാര_
_മിരുളിൽ മറയവേ_
_സത്യത്തിന്റെ ദയാവായ്പിൽ_
_പാവന പ്രഭാ ദീപ-_
_നാളവും പേറിപ്പാരി_
_ലെത്തിയ ജഗൽപ്രഭോ!_
_മംഗളാത്മാവേ! ഭവൽ_
_പാദതാരുകൾ ഞങ്ങൾ_
_ക്കരുളീടട്ടെ മാർഗ_
_മെങ്ങൾതൻ നമോവാകം!_
കല്‍പറ്റ നാരായണൻ (1952) പ്രവാചകൻ (സ്വ) യുടെ നിരക്ഷരതയെ പുകഴ്ത്തുന്നു.
_ഞാന്‍ പ്രവാചകരോട്:_
_'അങ്ങ് നിരക്ഷരാണെന്ന് കേള്‍ക്കുന്നു._
_ശരിയായിരിക്കാം,_
_സാക്ഷരന്‍ അക്ഷരങ്ങളോളമേയുള്ളൂ._
_എഴുതപ്പെട്ടതല്ലാതെ_
_വായിക്കാനാകുമോ അവര്‍ക്ക്._
_അങ്ങ് വായിച്ചതെല്ലാം മുമ്പാരും എഴുതാത്തതും!_
പി. കുഞ്ഞിരാമൻ നായരുടെ 'മരുഭൂമിയിലെ ചന്ദ്രോദയ'വും പാലാ നാരായണൻ നായരുടെ 'മുഹമ്മദ് നബി'യും മറ്റും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
ഇത്തരത്തിൽ പ്രവാചക പ്രകീർത്തനത്തിന്റെ കാവ്യ വഴികൾ അനന്തമായി നീളുകയാണ്. ഭാഷ, കാല, ദേശാതിർത്തികൾ ഭേദിച്ച് അവ പരന്നൊഴുകുന്നു. പ്രവാചകാനുരാഗത്തിന്റെ പുതുചരിതങ്ങളെയും പുതുകാവ്യങ്ങളെയും രചിക്കാൻ ഇതിൽനിന്നെല്ലാം പാഠം ഉൾക്കൊളളണം. വിശുദ്ധ നബിയുടെ അപദാനങ്ങളെ വാഴ്ത്താനും പ്രകീർത്തിക്കാനും ഇനിയും മലയാളികൾക്ക് സാധ്യമാകണം. അതുവഴി, വംശവെറിയും വർഗീയ വിഷവും തുപ്പുന്ന സമകാലിക ചുറ്റുപാടിൽ മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പ്രവാചകാപ്തവാക്യങ്ങൾ പുനർവായിക്കപ്പെടണം.
Post a Comment
Share your thoughts