(തുടർച്ച)

ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് ബ്രേക്കിട്ട റ്റാറ്റാ സുമോയുടെ പിറകിൽ ധൃതി പിടിച്ചോടുന്ന ഈ ബൈക്ക് ചെറുതായൊരു ചുംബനം ചാർത്തി.

അതൊട്ടും ഇഷ്ടമായില്ലെന്ന് സുമോയിൽ നിന്നും പിറകോട്ട് തിരിഞ്ഞ തലകളും നെറ്റിചുളിഞ്ഞ നിലയിൽ മുന്നോട്ടു തള്ളിയ കണ്ണുകളും പറയാതെ പറഞ്ഞു. നല്ല കാലമെന്നു പറയാം, വണ്ടി നിറയെ ആളുണ്ടായിട്ടും ഒരാൾ പോലും രോഷാകുലനായില്ല, നാവുയർത്തിയില്ല, കൈ പൊന്തിച്ചില്ല... വണ്ടി നോക്കി ഓടിച്ചുകൂടെ എന്ന ഭാവേന ഡ്രൈവർ തലപ്പുറത്തേക്കിട്ട് ഒന്ന് പരുഷമായി നോക്കുക മാത്രമേ ചെയ്തുള്ളൂ. തന്റെ വണ്ടിക്ക് വല്ലതും സംഭവിച്ചോ എന്ന് നോക്കാൻ പോലും ആ സംഘം ഒരുമ്പെട്ടില്ല. ഒരുപക്ഷേ ഞങ്ങളെക്കാൾ ധൃതി പിടിച്ച യാത്രയിലായിരിക്കാം അവർ. വൈകിയ വേളയിൽ ലക്ഷ്യസ്ഥാനത്തെത്താനുള്ള വ്യഗ്രതയിലായിരിക്കാം ഞങ്ങളെപ്പോലെ അവരും. അറിയില്ല... എന്തുതന്നെയായാലും തിരക്കേറിയ കോഴിക്കോടൻ വീചിയിൽ വാഹനം നിർത്തി പ്രശ്നമുണ്ടാക്കാതിരുന്നവർക്ക് ഹൃദ്യമായ ഒരായിരം നന്ദി.. നല്ലത് വരട്ടെ എന്നാശംസിക്കുന്നു.

പ്രശ്നം ഇങ്ങേരുടെ വണ്ടിക്കാണ്. അല്ലെങ്കിലും അങ്ങനെ സംഭവിക്കാനേ വഴിയുള്ളൂ. ഇത്തിരിപ്പോന്ന സ്കൂട്ടർ ഭീമൻ സുമോയെ ഇടിച്ചാൽ ആരു വാഴും ആരു വീഴും എന്നത് പകൽ വെളിച്ചം പോലെ വ്യക്തമാണല്ലോ.

അല്പം മുന്നോട്ടു നീങ്ങി വണ്ടി സൈഡാക്കി. അൽഹംദുലില്ലാഹ്, ഞങ്ങൾക്ക് ഒന്നും പറ്റിയില്ല. വാഹനത്തിന് വല്ലതുംപറ്റിയോ... നോക്കിയപ്പോഴുണ്ട് മുന്നിലെ മഡ് ഗാർഡ് പൊട്ടിയിരിക്കുന്നു. അത് നോക്കിയിരിക്കുവാനോ ശരിയാക്കുവാനോ സമയം അനുവദിക്കാത്തതിനാൽ വീണ്ടും വണ്ടിയെടുത്തു പാഞ്ഞു.

റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിലെത്തി. "റാഷീ.. ഇറങ്ങൂ... വണ്ടി നിർത്തട്ടെ''.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ... പാർക്കിംഗ് ഏരിയ... എല്ലാം എന്നെ സംബന്ധിച്ച് പ്രഥമ കാഴ്ചകളായിരുന്നു. പക്ഷേ സമയം അതിക്രമിച്ചതിനാൽ ബുക്ക് ചെയ്ത ട്രെയിൻ കിട്ടുമോ ഇല്ലയോ എന്ന ആവലാതിയിൽ ആസ്വദിക്കാൻ മറന്നു. സാരമില്ല, അവസരങ്ങൾ ഇനിയും തേടി വരട്ടെ എന്നു പ്രാർത്ഥിക്കാം.

പാർക്കിംഗ് കഴിഞ്ഞ് അദ്ദേഹം എത്തി. " റാഷീ... വേഗം പോകാം" എന്ന് പറഞ്ഞ് എന്റെ കയ്യിലെ ലഗേജ് ബാഗും പിടിച്ചുവാങ്ങി ഒരോട്ടമായിരുന്നു. പിറകിൽ റാഷിയും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സിന്തറ്റിക് ട്രാക്കിൽ 100 -200 മീറ്റർ റേസിങ്ങിൽ പിന്നിലുള്ളവരെ ബഹുദൂരം പിറകിലാക്കി ഫിനിഷിംഗ് പോയിന്റില്‍ ആദ്യമെത്തണമെന്ന വാശിയോടെ മുന്നേറുന്ന അത്‌ലറ്റിനെ പോലെ റോഡുകളെല്ലാം ക്രോസ് ചെയ്ത് തിരക്കുള്ള സ്റ്റേഷൻ മുറ്റത്തെ ജനങ്ങളെയെല്ലാം അതിസമർത്ഥമായി വകഞ്ഞുമാറ്റി അവർ മുന്നേറിക്കൊണ്ടിരുന്നു. മുൻകടക്കണമെന്ന ആഗ്രഹമുണ്ടായിട്ടും സ്റ്റേഷനും ഫ്ലാറ്റ്ഫോമുകളും പരിചിതമല്ലാത്തതിനാൽ തോൽവി സമ്മതിച്ച് പിറകിൽ തന്നെയാണു ഞാൻ.

സ്റ്റേഷനുള്ളിൽ കടന്നപ്പോൾ ഒരു ട്രെയിൻ മുമ്പിൽ തന്നെയുണ്ട്. ഞാൻ കരുതി അതായിരിക്കുമെന്ന്. പക്ഷേ അതായിരുന്നില്ല. "റാഷീ... ട്രെയിൻ പോകാൻ തുടങ്ങി. വേഗം വാ...".

കാലുകൾ കുഴങ്ങുന്നതു പോലെ... എന്നാൽ വഴികാട്ടി അപ്പോഴും ഓടുക തന്നെയാണ്. വലത്തോട്ട് തിരിഞ്ഞ് പ്ലാറ്റ്ഫോമിലൂടെ... പത്തിരുപത് സ്റ്റെപ്പുകൾ കയറി ഇടത്തോട്ട് അല്പം ഓടി. വീണ്ടും പത്തിരുപത് സ്റ്റെപ്പുകൾ താഴോട്ട്... കഷ്ടപ്പെട്ട് ഓടിയെത്തിയ ഞങ്ങളെ ട്രെയിൻ കണ്ടഭാവം നടിച്ചില്ല. അതങ്ങ് പോയിക്കളഞ്ഞു. സാരമില്ല, അടുത്തത് പിടിക്കാം. അല്ലാതെ വഴിയില്ലല്ലോ.. പക്ഷേ ടിക്കറ്റ് ക്യാഷ്.. അതും പോയിക്കിട്ടി. ഓട്ടവും കിതപ്പും മാത്രം ബാക്കി. എന്നാലും ആശ്വസിക്കാൻ വകയുണ്ട്. എന്താണെന്നോ... രണ്ടുപേരുടെയും ആത്മാർത്ഥമായ ശ്രമം അതുതന്നെ! കയറാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഓടിയത്. പക്ഷേ...

ഇനിയല്പം വിശ്രമിക്കാം എന്ന് കരുതി ഇരിക്കാൻ സമയമില്ല. അടുത്ത ട്രെയിൻ ഉടനെയെത്തും. അതിനുമുമ്പേ ടിക്കറ്റെടുക്കണം.

എന്നെ വിശ്രമിക്കാനിരുത്തി കൗണ്ടറിൽ പോയി ടിക്കറ്റടുത്തു വന്നു. അല്പസമയത്തിനകം ട്രെയിനെത്തി.
ട്രെയിനിന്റെ എ ബി സി ഡി പൂർണ്ണമായി അറിയാത്ത, മുതിർന്നവരുടെ മേൽനോട്ടത്തിൽ അപൂർവമായി യാത്ര നടത്തിയ എനിക്ക് ഒന്നും മനസിലാകുന്നുണ്ടായില്ല. പുതിയാപ്ല മുന്നിൽ നടക്കുന്നു. ഞാൻ അനുഗമിക്കുന്നു.

വണ്ടി ചലിച്ചു തുടങ്ങി. "റാഷീ .. ഇത് സ്ലീപ്പർ കോച്ചാണ്. സീറ്റുണ്ടേൽ ഇരുന്നോ.. ആളുവന്നാൽ എണീക്കണം... ടി.ടി.ആറിന്റെ കണ്ണിൽപെടാതെ രക്ഷപ്പെടണം".

"ഉം, ശെരി"- ഇതെന്തോ പൊല്ലാപ്പാണല്ലോ എന്ന ഭയം ഉള്ളിലുണ്ടായിരുന്നുവെങ്കിലും പുറത്തു കാണിക്കാതെ വലിയ വായിൽ സമ്മതം മൂളി.

"ജനറലിലൊന്നും കയറാൻ കഴിയില്ല, അത്രയ്ക്കും തിരക്കായിരിക്കും. സൂക്ഷിക്കണം ട്ടോ".

"ഉം, ശെരി"

അപ്പോഴാണ്, ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പറിൽ കയറിയിരിക്കുകയാണെന്ന കാര്യം പിടികിട്ടിയത്. അടിപൊളി!

ടി.ടി.ആർ പിടിച്ചാലുള്ള പൊല്ലാപ്പുകളൊന്നും അറിയാത്തതിനാൽ ബേജാറോ ഭയപ്പാടോ എനിക്കനുഭവപ്പെട്ടിട്ടില്ല. ഇല്ലാതില്ല എന്നും പറയാം. പടച്ചവനേ കാക്കണേ എന്നു പ്രാർത്ഥിച്ചു.

അല്പം കഴിഞ്ഞ് സൈഡ്സീറ്റിലിരിക്കാൻ എന്നോടാവശ്യപ്പെട്ടു. ഞാൻ ഇരുന്നു. തൊട്ടപ്പുറത്തിരുന്ന ബോംബേയിലേക്കുള്ള യാത്രക്കാരൻ കോട്ടക്കൽ സ്വദേശിയാണെന്നും രണ്ടു മൂന്നു ദിവസത്തെ യാത്രയുണ്ടെന്നും പറഞ്ഞുതന്നു. കുടുംബം പോറ്റാനായി നാടുവിടുന്ന ഒരു ഉപ്പയെയാണ് അദ്ദേഹത്തിൽ ഞാൻ ദർശിച്ചത്.

നാട്ടിൻപുറങ്ങളെയും പുൽക്കാടുകളെയും ജലാശയങ്ങളെയും റെയിൽവേ സ്റ്റേഷനുകളെയും സാക്ഷിയാക്കി വണ്ടി മുന്നോട്ടു കുതിച്ചു. എതിർദിശയിലേക്ക് തിരിഞ്ഞ് ഇരിക്കുന്ന ഞാൻ പിറകോട്ടും.

സുഖസുന്ദരമായി സഞ്ചരിക്കവേ, വെല്ലുവിളിയായെത്തി സാക്ഷാൽ ടി.ടി.ആർ!

(തുടരും)

2 Comments

Share your thoughts

Post a Comment

Share your thoughts

Previous Post Next Post