19-10-23
എന്റെ ദേശമേ...
ഞൊടിയിടെ വന്നു പതിക്കുന്ന മിസൈലുകൾ
നിന്റെ ഭൂമേനിയെ വികൃതമാക്കുന്നല്ലോ...
ബോംബുകളോരോന്നും
നിന്റെ ഹൃദയം ഭേദിക്കുന്നല്ലോ...
ചീറിപ്പാഞ്ഞെത്തുന്ന അഗ്നിഗോളങ്ങൾ
നിന്റെ മജ്ജയും മാംസവും പിച്ചിച്ചീന്തുന്നല്ലോ...
നിന്റെ കൈകാലുകൾ ഛേദിക്കപ്പെടുന്നല്ലോ....
നിന്റെ നിണം നിലക്കാതെ ചീറ്റുന്നല്ലോ...
പ്രിയേ...
എല്ലാം ഞാൻ കാണുന്നു.
നിന്റെ രോദനം കേൾക്കുന്നു.
നിന്റെ തേങ്ങൽ കർണ്ണപുടങ്ങളിൽ അലയടിക്കുന്നു.
മിടിപ്പ് താളം തെറ്റുന്നതും ഞാനറിയുന്നു.
ഒന്നു ചോദിച്ചോട്ടെ,
നീയും ഞാനും എന്തു പിഴച്ചു??
എനിക്കു മാപ്പു നൽകിയാലും.
കിരാതരുടെ കരാളഹസ്തങ്ങളെ തടുക്കാൻ
നിനക്ക് സംരക്ഷണമേകാൻ
നിന്നെ മോചിതയാക്കാൻ എനിക്കാവുന്നില്ലല്ലോ...
വിരിമാറു നിവർത്തി എല്ലാം ഏറ്റുവാങ്ങാൻ എനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ല.
എന്റെ വിളിയാളമെത്താത്തതു കൊണ്ടാണ്.
അടുത്തനിമിഷം സമയമടുത്തേക്കാം,
സമർപ്പിക്കാം എന്നെയും ധീരയോദ്ധാവായ്...
ഭയപ്പെടേണ്ട!
നീ ചിരിക്കുമൊരു നാൾ വിദൂരമല്ല!
നിന്നിലലിഞ്ഞ ഞാനുമന്ന് മുളപൊട്ടിയുണരും.
സ്തോത്രങ്ങൾ പാടും.
ഓർക്കുക,
നാഥൻ കൂടെയുണ്ട്!
#freepalestine

Post a Comment
Share your thoughts