ദിവസങ്ങൾക്കു മുമ്പാണ് ഒരു ഗാനത്തിന്റെ പ്രൊമോ വീഡിയോ കാണാനിടയായത്. കണ്ടമാത്രയിൽ കണ്ണിലും ഖൽബിലും ഓർമ്മകളുടെ വേലിയേറ്റങ്ങളായിരുന്നു.
ഈ വരികൾ മുൻപ് കേട്ടതാണല്ലോ... ഇതിന്റെ ഫുൾ വീഡിയോക്കായി പിന്നെ കട്ട വെയ്റ്റിംഗ്.
അങ്ങനെ ഇന്നലെയാണ് ഫുൾ സോങ് റിലീസായത്. പ്രിയ സുഹൃത്ത് നാസ്നിൻ ഒറ്റപ്പാലത്തിന്റെ സ്റ്റാറ്റസിൽ നിന്നാണ് അത് കാണാനിടയായത്. ഉടനെ ഓപ്പൺ ചെയ്തു. പാട്ട് പൂർണ്ണമായി കേട്ടു. ഇക്കഴിഞ്ഞ ഹജ്ജിനോടനുബന്ധിച്ച് റിലീസായ 'ഹജ്ജ്പാട്ടി'ന്റെ ഗായകൻ ജാബിർ സുലൈം തന്നെയാണ് മുഖ്യ കഥാപാത്രം.
പാട്ടിന്റെ വരികൾ പഴയതാണെങ്കിലും ഈണം പുതിയതാണ്. മർഹൂം യു.കെ അബൂ സഹ്‌ല രചിച്ച അർത്ഥഗർഭമായ വരികൾ ജാബിർ സുലൈമിന്റെ പുതിയ ഈണത്തിൽ ഏറെ ഹൃദ്യമായി തോന്നി.
************
വളവന്നൂർ ബാഫഖി ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിൽ മൂന്നാം വർഷം പഠിക്കുമ്പോൾ സിലബസിന്റെ ഭാഗമായുള്ള 'ദീവാനു ശാഫിഈ' എന്ന ശാഫിഈ ഇമാമിന്റെ കാവ്യ ശകലങ്ങളടങ്ങിയ വിഷയവും, സുന്ദരവും സുമോഹനവുമായ അഭിവന്ദ്യ ഗുരു അടിമാലി മുഹമ്മദ് ഫൈസിയുടെ കാവ്യാവതരണവും, ക്ലാസ് മുറിയിലെ രാപ്പകൽ സംഗമവുമാണ് ഈ ഗാനം കേട്ടപ്പോൾ ഓർമ്മയിൽ തെളിഞ്ഞത്.
ശാഫിഈ ഇമാമിന്റെ വരികൾക്ക് ഉസ്താദ് നൽകുന്ന സാഹിത്യം തുളുമ്പുന്ന മലയാള വ്യാഖ്യാനം കേട്ടിരിക്കാൻ രസമാണ്. പദ പര്യായങ്ങളുടെ ആശാൻ തന്നെയായിരുന്നു ഉസ്താദ്. മനസ്സിലാകാത്ത പദത്തെക്കുറിച്ച് ചോദിച്ചാൽ അതിനേക്കാൾ കേമമായ മറ്റൊരു പദമായിരിക്കും മറുപടി. അപ്പോഴും വാ പൊളിച്ചിരിക്കും.
അനേകം അറബി കാവ്യങ്ങളും മലയാള കവിതകളും ഉസ്താദിനു മനഃപാഠമാണ്. സ്കൂളിലെ പ്രാഥമിക ക്ലാസുകളിൽ പഠിച്ചതു മുതൽ വലിയ കിതാബുകളിലേത് വരെ. അവയെല്ലാം സാന്ദർഭികമായി മനോഹരമായ ശൈലിയിൽ ഞങ്ങൾക്ക് ചൊല്ലിത്തരും. ഞങ്ങൾ ശ്രദ്ധയോടെ കേട്ടിരിക്കും.
**********
അന്ന് ക്ലാസ് രാത്രിയായിരുന്നു. പാഠം എടുത്തതിനു ശേഷം 'മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ' എന്നു തുടങ്ങുന്ന ഗാനം ഉസ്താദ് ഞങ്ങളെ കേൾപ്പിച്ചു. പലവുരു കേട്ടപ്പോൾ ആദ്യ നാലു വരികൾ ഞങ്ങളും ഏറ്റുചൊല്ലി.
പ്രസ്തുത ഗാനമാണ് ഇന്നലെ കേൾക്കാനിടയായത്. അല്ലാഹുവിന്റെ സൃഷ്ടിവൈഭവങ്ങളിലേക്ക് അടിമകളുടെ ശ്രദ്ധ ക്ഷണിക്കുന്ന ഈ ഗാനം കേൾക്കേണ്ടതു തന്നെ.
ഇങ്ങനെ ഒത്തിരി പാട്ടുകൾ ഉസ്താദ് ഞങ്ങളെ കേൾപ്പിച്ചിട്ടുണ്ട്. മുനീർ വാഫി ആലപിക്കുന്ന അല്ലഫൽ അലിഫു ബൈത്തും അന്നത്തെ ലേറ്റസ്റ്റ് മദ്ഹ് ഗാനങ്ങളുമെല്ലാം... എല്ലാം നിറമുള്ള ഓർമ്മകൾ...
അല്ലാഹുവേ രാവെന്നോ പകലെന്നോ നോക്കാതെ, ശാരീരിക സുഖദുഃഖങ്ങൾ ശ്രദ്ധിക്കാതെ ഞങ്ങൾക്കായി വിജ്ഞാനം ചൊരിഞ്ഞവർക്ക് നിന്റെ കരുണാകടാക്ഷം ചൊരിയണേ ആമീൻ ....
#sep 5
#teachers day
https://youtu.be/ZsIHHAsPS14?si=zppCOPRaY_Y0qRzq
MINNITHILANGUM MINNAMINUNGINTE New Version
Must Watch!
Superb ....
ReplyDeletePost a Comment
Share your thoughts