യുഗാന്തരങ്ങൾ പിന്നിട്ട് 2023ന്റെ മധ്യ മാസങ്ങളിൽ എത്തിനിൽക്കുമ്പോൾ ആയിരത്തി തൊള്ളായിരത്തി നാല്പതുകളുടെ അത്യന്തം ക്ലേശകരവും വൈരുദ്ധ്യപൂർണവുമായിരുന്ന സാഹചര്യങ്ങളെ അത്ഭുതകരമായി തരണം ചെയ്യുകയും 'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്ന വിശാലവും അഗാധവുമായ മൂല്യസങ്കല്പം യുഗങ്ങളായി മാനവരാശിയോടെ വിളിച്ചു പറയുകയും ചെയ്ത ഇന്ത്യൻ സംസ്കാരത്തിന്റെ ഓജസ്സുറ്റ ജന്മം 1947 ഓഗസ്റ്റ് 14 അർദ്ധരാത്രി 12 മണിക്കായിരുന്നു എന്നത് ചരിത്ര യാഥാർത്ഥ്യമാണ്. നാനാത്വത്തിൽ ഏകത്വമെന്ന തത്വത്തെ ഉയർത്തിക്കാട്ടുന്ന ബഹുമുഖ സമൂഹമായ ഇന്ത്യ ഒരു ഏകീകൃത സത്തയായി വൈദേശിക ഭരണത്തിനെതിരെ പൊരുതി അതിന്റെ ചരിത്രപരതയും സംസ്കാരത്തിന്റെ അനന്യമായ നൈരന്തര്യവും നിലനിർത്തുവാൻ നടത്തിയ തീവ്ര പരിശ്രമങ്ങളുടെ ഫലമായിരുന്നു അന്നേദിവസം കൈവന്ന മഹത്തായ സ്വാതന്ത്ര്യം.
പാരതന്ത്ര്യത്തിന്റെ കൂരിരുട്ടിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് നമ്മുടെ മാതൃഭൂമി കൈപിടിച്ചുയർത്തിയ സംഭവ പരമ്പരകൾ ചിക്കിച്ചികയുന്നതിലപ്പുറം കണ്ണീരിന്റെയും വിയർപ്പിന്റെയും രക്തത്തിന്റെയും ഗന്ധമുള്ള ഇന്ത്യൻ ജനതയുടെ വിമോചന പോരാട്ടങ്ങളിൽ അനീതിയും ക്രൂരതയും യുക്തിരാഹിത്യവും സൃഷ്ടിച്ച അതിസങ്കീർണ്ണമായ സാമൂഹികാവസ്ഥയെക്കുറിച്ചുള്ള ഉൽക്കണ്ഠകളിൽ നിന്നും നീതിബോധത്തിന്റെ ഭാഷയാണ് സംസ്കാരത്തിന്റെ ശബ്ദങ്ങൾക്ക് അർത്ഥം കൊടുക്കുന്നതെന്ന് തിരിച്ചറിഞ്ഞ്, വൈദേശികാധിപത്യത്തിന്റെ ആഴക്കയങ്ങളിൽ നിന്നും ജന്മദേശത്തെ കൈപിടിച്ചുയർത്തിയ സ്വാതന്ത്ര്യ ദാഹികളെ നാം സ്മരിക്കേണ്ടതുണ്ട്. മഹാത്മാഗാന്ധി, നെഹ്റു, ബാലഗംഗാധര തിലകൻ, ഗോപാലകൃഷ്ണ ഗോഖലെ, മഹാത്മ ജ്യോതി റാവു ഫുലെ, വൈകുണ്ഠസ്വാമികൾ തുടങ്ങി ഒട്ടനവധി ദേശസ്നേഹികളെ നമുക്കറിയാം.
എന്നാൽ ചരിത്രത്താളുകളുടെ മുൻനിരയിൽ നിന്നും പിന്തള്ളപ്പെട്ട് കേവലം മുസ്‌ലിം രേഖകളിൽ മാത്രം വളയ്ക്കപ്പെട്ട ഒരു കൂട്ടം മുസ്‌ലിംനാമധാരികളെ സ്മരിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി 'സ്വാതന്ത്ര്യ പോരാട്ടത്തിലെ മുസ്‌ലിം സാന്നിധ്യം' എന്ന വിഷയത്തിലാസ്പദമായി അല്പം സംസാരിക്കാം. കാരണം ഒരു മുസൽമാനിന്റെ സ്വാതന്ത്ര്യ ദിനാഘോഷം എത്തിനിൽക്കേണ്ടത്, രാജ്യത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതോടൊപ്പം മൺമറഞ്ഞ പൂർവ്വ സൂരികളായ മുസ്‌ലിം സ്വാതന്ത്ര്യസമര നായകരെ സ്മരിക്കുന്നതിലും അവരുടെ സമർപ്പിത ജീവിതവും ഈമാനികോർജ്ജവും കണ്ടു പഠിക്കുന്നതിലുമാണല്ലോ.
ആക്രമിച്ചടക്കിയ ഭൂഖണ്ഡത്തെ ചൂഷണം ചെയ്യാൻ, തങ്ങൾ ഭരിക്കാൻ പിറന്ന വർഗ്ഗമാണെന്നും തങ്ങളുടെ സാമ്രാജ്യം സുസ്ഥിരമായി നിലനിൽക്കാൻ വിധിക്കപ്പെട്ടതുമാണെന്നുള്ള അചഞ്ചലമായ ആത്മവിശ്വാസത്തോടെ വെള്ളക്കാരന്റെ കർത്തവ്യഭാരം ഏറ്റെടുക്കാൻ വന്ന കോളനിക്കാർക്കെതിരെ മുസ്‌ലിം യോദ്ധാക്കൾ നയിച്ച വീര പോരാട്ടം സംഭവബഹുലമാണ്.
ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുക്കപ്പെട്ട് ഫൈസാബാദ് ജയിലിൽ തടവിൽ കഴിയുന്ന സമയത്ത് വർഗീയ ചിന്തയുണർത്താൻ പോലീസ് സൂപ്രണ്ട് തസാദുക്ക് ഹുസൈൻ നടത്തിയ ശ്രമത്തെ പുച്ഛിച്ച് തള്ളിയ കൊലമരത്തിലേക്ക് നടന്ന് നടക്കുമ്പോൾ "അല്ലാഹു എനിക്ക് നീതി നൽകുക തന്നെ ചെയ്യും" എന്നു ഉറക്കെ വിളിച്ചു പറഞ്ഞ ഹസ്റത്ത് എന്ന തൂലിക നാമത്തിൽ കവിതകൾ എഴുതിയിരുന്ന ധീരദേശാഭിമാനി അഷ്ഫാഖുള്ള ഖാനെ ഒരുപക്ഷേ ചരിത്രത്താളുകളിൽ തങ്കലിപികളാൽ കൊത്തിവെക്കപ്പെട്ടതായി കാണാൻ സാധിക്കണമെന്നില്ല.
വീരശൂര മാപ്പിള പോരാളികളുടെ മണ്ണിൽ സധൈര്യം വീറോടെ നെഞ്ചു വിടർത്തി മൂന്ന് വെടിയുണ്ടകൾ ഓരോന്നായി രാജ്യത്തിനുവേണ്ടി ഏറ്റുവാങ്ങിയ വീരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പരിശോധിക്കുമ്പോൾ ആരുടെ കണ്ണുകളാണ് ഈറനണിയാത്തത്?!
പ്രിയരേ, നിങ്ങളറിയണം...
'മലബാർ കലാപം' എന്നു ചരിത്രം നാമകരണം ചെയ്തത് യഥാർത്ഥത്തിൽ ഒരു കലാപമായിരുന്നില്ല. മറിച്ച് ഒരു വിപ്ലവമായിരുന്നു....! സന്ധിയില്ലാ സമരമായിരുന്നു....! ഒരിക്കലും വർഗീയ ലഹളയല്ല, യുദ്ധമായിരുന്നു!!
ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട റമീസ് മുഹമ്മദ് എന്നവരുടെ 'സുൽത്താൻ വാരിയംകുന്നൻ' എന്ന പുസ്തകത്തിൽ നമുക്ക് കാണാനാകും. "........ വർഗീയ ലഹള എന്നൊക്കെപ്പറഞ്ഞ് കരിവാരിത്തേക്കുന്നത് അങ്ങേയറ്റം നിന്ദ്യമായ ഒരു കൃത്യമാണ്. അതും ബ്രിട്ടീഷുകാർ ബോധപൂർവ്വം കൃത്രിമമായി വർഗീയ ലഹള ഉണ്ടാക്കിയപ്പോൾ അതിനെ അടിച്ചമർത്താൻ ശ്രമിച്ച, ഹിന്ദു മുസ്‌ലിം ഐക്യം ഉണ്ടാക്കാൻ ശ്രമിച്ച ഒരു വിപ്ലവനായകനെയും വിപ്ലവത്തെയും ആവുമ്പോൾ ആ ദുഷ്കൃത്യത്തിന്റെ തീവ്രത കൂടുന്നു".
ആർക്കും അടിയറവ് പറയാത്ത ആ മഹിത ജീവിതം ബ്രിട്ടീഷിന്റെ കൈപ്പിടിയിലൊതുങ്ങിയത് വഞ്ചനയിലൂടെയും കാപട്യത്തിലൂടെയും ആയിരുന്നുവല്ലോ. അവിടുത്തെ അന്ത്യ നിമിഷങ്ങൾ വിവരിക്കുന്നത് ഇങ്ങനെ:-
ഹിച്ച് കോക്ക് അർത്ഥഗർഭമായ കള്ളച്ചിരിയോടെ ചോദിച്ചു: "എങ്ങനെയുണ്ട് ഹാജ്യാരെ?"
ചോദ്യം മലയാളത്തിൽത്തന്നെയായിരുന്നു. വാരിയംകുന്നൻ ചെറുതായൊന്ന് ചിരിച്ചു. എന്നിട്ടൊരു മറുചോദ്യം.
"ആ ചോദ്യം ഞാനല്ലേ ചോദിക്കേണ്ടത്. എങ്ങനെയുണ്ടായിരുന്നു എന്റെ ഭരണം? നിങ്ങൾ ശല്യപ്പെടുത്തിയില്ലെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു. അല്ലേ?"
ഹിച്ച് കോക്ക് കോപാകുലനായി . വാരിയംകുന്നൻ തുടർന്നു:
"വഞ്ചനയിലും കാപട്യത്തിലും നിങ്ങളുടെ മിടുക്ക് സമ്മതിച്ചിരിക്കുന്നു. ഇൻസ്പെക്ടർ രാമനാഥയ്യർ വശം കൊടുത്തയച്ച, മാപ്പ് തന്ന് മക്കയിലേക്കയക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള താങ്കളെഴുതിയ കത്ത് എന്നെ അത്ഭുതപ്പെടുത്തി. വഞ്ചിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ഭൂമിയിലെ ഏറ്റവും പരിശുദ്ധവും പുണ്യവുമായ മക്കയുടെ പേര് താങ്കളുച്ചരിച്ചതിലെ സ്വാർത്ഥത, അതിനുവേണ്ടി ദൈവ വചനങ്ങൾ അട്ടിമറിക്കപ്പെട്ടതിനെ വിശ്വാസപ്രമാണമായി അംഗീകരിച്ച നിങ്ങൾക്ക് അതുകൊണ്ടുതന്നെ യുദ്ധത്തിങ്കലും പ്രണയത്തിങ്കലും ഏതധർമ്മവും ന്യായമാണെന്ന് (everything is fair in war & love) സിദ്ധാന്തിക്കേണ്ടി വന്നതാണല്ലോ. പക്ഷേ നാല് തവണ മക്കയിൽ പോവുകയും പലവർഷങ്ങൾ അവിടെ താമസിക്കുകയും ഒരുപാട് തവണ ഹജ്ജ് കർമ്മം നിർവഹിക്കുകയും ചെയ്ത എന്നെ, അതൊക്കെ നേരിട്ടറിയാവുന്ന എന്നെയും എന്റെ കുടുംബത്തെയും ചരിത്രപരമായി തന്നെ പഠിച്ചറിഞ്ഞ ബ്രിട്ടീഷുകാരനെന്ന നിലക്ക്, എന്നെ പ്രലോഭിപ്പിക്കാൻ വേണ്ടി മക്കയുടെ പേരുപയോഗിച്ചത് വളരെ തരംതാണതായിപ്പോയി. ഞാൻ പിറന്നത് മക്കയിലല്ല, ഇവിടെ വിരേതിഹാസങ്ങൾ രചിക്കപ്പെട്ട ഈ ഏറനാടൻ മണ്ണിലാണ് ഞാൻ ജനിച്ചത്. ഇവിടെത്തന്നെ മരിക്കുകയും ഈ മണ്ണിൽ ലയിച്ചുചേരുകയും വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവനാണ് . നിങ്ങളുടെ അടിമത്തത്തിൽ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണിൽ മരിച്ചുവീഴാൻ എനിക്ക് സന്തോഷമുണ്ട് ".
"അവസാനമായി വല്ല ആഗ്രഹവും ഉണ്ടോ? " - ഹംഫ്രീസിന്റെ ചോദ്യം.
" ഞാൻ നിങ്ങൾ ആളുകളെ വധശിക്ഷയ്ക്ക് വിധിക്കുന്നത് കണ്ടിട്ടില്ല. പക്ഷേ ഞാൻ കേട്ടിട്ടുണ്ട്, നിങ്ങൾ ആളുകളെ കൊല്ലുമ്പോൾ കണ്ണ് മൂടിക്കെട്ടി, കൈ പിറകിൽ കെട്ടി, തിരിച്ചുനിർത്തി പിറകിൽ നിന്ന് വെടിവെക്കുകയാണ് പതിവെന്ന്. എന്നാൽ എന്റെ കണ്ണുകൾ തുറന്നു വിടണം, എന്റെ കൈകൾ സ്വതന്ത്രമാക്കി വിടുക. എന്റെ ജീവൻ കളയുന്ന വെടിയുണ്ട പതിക്കേണ്ടത് എന്റെ നെഞ്ചിലായിരിക്കണം. ഞങ്ങൾ മാപ്പിളമാർ പിറകിൽ വെടികൊണ്ട് മരിക്കാറില്ല".
വാരിയംകുന്നന്റെ ഈ അവസാന ആഗ്രഹം മാർഷൽ ലോ കമാൻഡർ ഹംഫ്രീസ് അംഗീകരിച്ചു.
അങ്ങനെ ജനുവരി 20 രാവിലെ പത്തു മണിക്ക് മലപ്പുറം-മഞ്ചേരി റോഡിൽ നിന്ന് ഒരു വിളിപ്പാടകലെ കോട്ടക്കുന്നിന്റെ വടക്കേ ചെരുവിൽ വെച്ച് ആദ്യ വെടിയുണ്ട പതിച്ചു. രണ്ടാമത്തേതിൽ മുട്ടുകുത്തി ഇരുന്നുപോയി. മൂന്നാമത്തെതിൽ മണ്ണിലേക്ക് വീണു ഷഹീദായി. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ.
വെടിയുണ്ടകൾ കൺമുന്നിൽ നിന്നുകൊണ്ട് നെഞ്ചിലേക്ക് തുളച്ചുകയറുമ്പോഴും ആ മനുഷ്യൻ കൈകളൊന്ന് ഉയർത്തിയില്ല, കണ്ണിമ ചിമ്മിയില്ല. അദ്ദേഹം മരണത്തെ സധൈര്യം നോക്കി നിന്നു.
ജനുവരി 20ന്, ഇന്ത്യയിൽ ബ്രിട്ടീഷ് പട്ടാളം നേരിട്ട ഏറ്റവും കടുത്ത പരീക്ഷണം, ഇന്ത്യയിലെ ഒരേയൊരു സമാന്തരഭരണകൂടത്തിന്റെ അമരക്കാരൻ ഈ ലോകം വെടിഞ്ഞു.
ഇനിയുമുണ്ടേറെ മുഖങ്ങൾ.. അബുൽ കലാം ആസാദ്... വക്കം അബ്ദുൽ ഖാദര്‍ മൗലവി.... ഹൈദരലി... ടിപ്പുസുൽത്താൻ... മൗലാന ഷൗക്കത്തലി... ആലി മുസ്‌ലിയാർ... കുഞ്ഞാലി മരക്കാർ... തുടങ്ങി പലരും.
മതേതര ഭാരതത്തിന്റെ അതിജീവനം രൂക്ഷമായ വെല്ലുവിളികൾ നേരിടുന്ന വർത്തമാനാവസ്ഥയിൽ ചരിത്ര പുസ്തകത്താളുകളിൽ ഇടം ലഭിക്കാതെ പോയ അനേകായിരങ്ങൾ മുതൽ മഹാത്മാഗാന്ധി വരെയുള്ള ദേശസ്നേഹികൾ ജീവൻ ബലിയർപ്പിച്ച് നടത്തിയ പോരാട്ടങ്ങളെയും എണ്ണിയാലൊടുങ്ങാത്ത രക്തസാക്ഷികളുടെ മതനിരപേക്ഷ സ്വപ്നങ്ങളെയും കാലാനുസൃതമായ കാഴ്ചപ്പാടോടെ ഓരോ ഭാരതീയനും പുനർവായനക്ക് വിധേയമാക്കേണ്ടതുണ്ട്.
ഒൻറെ ജാതി ഒൻറെ മതം
ഒൻറെ ദൈവം ഒൻറെ കുലം
ഒൻറെ ഉലകം ഒൻറെ അരശ്
ഒൻറെ മൊഴി ഒൻറെ നീതി
മനുഷ്യൻ ഉണ്മയുടെ സ്വപ്നം ആരംഭിച്ച ഏറ്റവും പുരാതനങ്ങളായ ദിനങ്ങൾ തൊട്ട് ജീവിക്കുന്ന മനുഷ്യരുടെ എല്ലാ സ്വപ്നങ്ങൾക്കും അഭയവും സങ്കേതവുമരുളിയ ഒരു സ്ഥാനം ഭൂമുഖത്തെങ്ങാനുമുണ്ടെങ്കിൽ അത് ഇന്ത്യയാണ്.
-റൊമെയ്ൻ റോളണ്ട്
ഇന്ത്യ എന്നത് ജനാധിപത്യ പരമാധികാര സ്ഥിതി സമത്വ ബഹുസ്വര മതേതര രാജ്യമാണ്... ഇവിടെ ഹൈന്ദവനും ക്രൈസ്തവനം മുസൽമാനും ജൈനനും ബുദ്ധനും പാഴ്സിയും സിക്കും കുക്കിയും തോളോടു തോൾ ചേർന്ന് നെഞ്ചുവിരിച്ച് നിൽക്കും...
ഇവിടെ,
ഏകത്വം വാഴട്ടെ...
ഏകാധിപത്യം വീഴട്ടെ...
ജയ് ഹിന്ദ്!
ജയ് ഭാരത്!
#independence day
Post a Comment
Share your thoughts