സാഹിൻ ഖാത്തൂൻ നമുക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ബീഹാറാണ് അവരുടെ സ്വദേശം. ഭർത്താവ് നിസാർ ഭായിയുടെ ജോലിയാവശ്യർത്ഥം ഇപ്പോൾ അദ്ദേഹവും ഭാര്യ സാഹിൻ ദീദിയും ചെറിയ മകൻ ആസിഫും കേരളത്തിലാണ്. നുസ്റത്ത് പർവീൻ, ഇസ്റത്ത് പർവീൻ എന്നീ രണ്ടു പെൺമക്കൾ ബീഹാറിൽ തന്നെയുള്ള ഇസ്‌ലാമിക് ഹോസ്റ്റലിൽ പഠിക്കുന്നു. മൂത്തമകൻ അലി കർണാടകയിൽ ദാറുൽ ഹുദായുടെ കീഴിലുള്ള ക്യാമ്പസിൽ പഠിക്കുന്നു. ഖുർആൻ മനപ്പാഠമാക്കുന്നതിൽ അതീവ താൽപരരായ ഈ മക്കൾക്ക് അതിനുള്ള അവസരം ഉറപ്പുവരുത്തുകയായിരുന്നു ഈ ഉമ്മയും ബാപ്പയും. മാഷാ അല്ലാഹ്! അവർ നന്നായി പഠിക്കട്ടെ.

എനിക്കെങ്ങനെ സാഹിൻ ദീദിയെ അറിയാം?! ഇതായിരിക്കും നിങ്ങളുടെ സംശയം, അല്ലെ?

ഇവർ താമസിക്കുന്നത് എന്റെ നാട്ടിലാണ്, പടപ്പറമ്പിൽ. കൃത്യമായി പറഞ്ഞാൽ എന്റെ വീടിന്റെ എതിർവശത്ത് അല്പം ഇടത്തോട്ടു മാറിയുള്ള കോർട്ടേഴ്സിൽ.

മൂന്നോ നാലോ വർഷങ്ങൾക്കു മുമ്പ് തന്നെ ഈ ബീഹാർ കുടുംബത്തെ നമുക്കറിയാം.അന്ന് നിസാർ ഭായിയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം ഇവിടെ താമസിച്ചിരുന്നു. നുസ്റത്തും ഇസ്റത്തും അൽ ഫാറൂഖ് ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു പഠിച്ചിരുന്നു. അന്ന് നമ്മൾ അവരുടെ താമസ സ്ഥലത്തേക്കും തിരിച്ച് അവർ നമ്മുടെ വീട്ടിലും വരിക പതിവായിരുന്നു. ഞങ്ങളുടെ തൊടിയിലെ ചക്കയും മാങ്ങയും വീട്ടിലുണ്ടാക്കുന്ന സ്പെഷ്യൽ ഫുഡ് ഐറ്റംസും മറ്റും അവർക്ക് പങ്കുവെച്ചിരുന്നു. ഹോസ്റ്റലിൽ പഠിച്ചിരുന്ന ഞാൻ മാസാന്ത ലീവിന് നാട്ടിലെത്തിയാൽ അനിയത്തിയെയും കൂട്ടി അവരെ സന്ദർശിക്കുക പതിവായിരുന്നു. ദീദിയുടെ സൂപ്പർ ചായയും സ്നാക്സും കഴിച്ച് കുറെ സമയം സംസാരിച്ചിരിക്കും. ഭാഗികമായി മാത്രമേ മലയാളം അറിയൂവെങ്കിലും ബാക്കി ആംഗ്യങ്ങളിലൂടെ അവർ മനസ്സിലാക്കിത്തരുമായിരുന്നു. പിന്നെ നമുക്കറിയാവുന്ന ഹിന്ദി വെച്ച് അഡ്ജസ്റ്റ് ചെയ്യും. അത്ര തന്നെ.

പിന്നീട് ദീദി നാട്ടിലേക്ക് തിരിച്ചു. നാസിർ ഭായ് ഇവിടെ തന്നെ ഉണ്ടായിരുന്നു. അവരെ കാണുമ്പോഴെല്ലാം ദീദിയുടെയും മക്കളുടെയും വിവരമന്വേഷിക്കും. നാലാമതായി ഒരാൺകുട്ടി പിറന്നുവെന്നും എന്നാൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ആ കുഞ്ഞ് അല്ലാഹുവിലേക്ക് മടങ്ങിയെന്നും ഒരിക്കൽ അദ്ദേഹം അറിയിച്ചു.

പിന്നീടൊരിക്കൽ ദീദിയുടെ നമ്പർ ശേഖരിച്ച് ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ ശ്രമം വിഫലം.

അതുകഴിഞ്ഞ് ഇവർ കേരളത്തിൽ വരുന്നത് ഈയിടെയാണ്. മൂന്നുമാസം ആവുന്നേയുള്ളൂ. മുമ്പ് പരിചയപ്പെട്ട മൂന്ന് മക്കളും കൂടെയില്ല, ഹോസ്റ്റലിലാണ്. എന്നാൽ പുതുമുഖമായി ആസിഫ് എന്ന മൂന്നു വയസ്സുകാരൻ കൂടെയുണ്ട്.

ഒരു ദിവസം രാവിലെ സാഹിൻ ദീദിയും മകൻ ആസിഫും എന്റെ വീട്ടിൽ വന്നപ്പോഴാണ് ഇവർ ഇവിടെയെത്തിയ വിവരം അറിയുന്നത്. നമ്മെ അന്വേഷിച്ച് വീട്ടിൽ വന്നതിൽ വളരെയധികം സന്തോഷം തോന്നി. ചായയും സ്നാക്സും കഴിച്ചു. എന്റെ ഉമ്മ അവരുടെ ഫോൺ നമ്പർ സേവ് ചെയ്തു. തീർച്ചയായും 'റാസിത' റൂമിൽ വരണമെന്ന് പറഞ്ഞ് അവർ യാത്ര പറഞ്ഞു. ഞാൻ തന്നെയാണ് ട്ടോ ഈ റാസിത!😁

ദിവസങ്ങൾ കഴിഞ്ഞു. പടപ്പറമ്പ് ടൗണിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുന്ന വഴി അവർ വീണ്ടും വീട്ടിൽ സന്ദർശനം നടത്തി, മാഷാ അല്ലാഹ്! ചെറിയ മഴയുണ്ടായതിനാൽ എന്റെ ഉമ്മ ഒരു കുട കൈയിൽ കൊടുത്തു. തിരിച്ചു വന്നപ്പോൾ, കുട ഉപയോഗിക്കേണ്ടി വന്നില്ലെന്നും ഒരുപാട് നന്ദിയുണ്ടെന്നും പറഞ്ഞ് അത് തിരിച്ചേൽപ്പിച്ചു.

ദിവസങ്ങൾ കടന്നുപോയി. രണ്ടു ദിവസങ്ങൾക്കു മുമ്പ്, ഞാൻ വസ്ത്രങ്ങൾ ഉണക്കാനിടുമ്പോഴാണ് അപ്പുറത്ത് നിന്നും സാഹിൻ ദീദി കൈവീശിക്കാണിച്ചത്. സുഖമല്ലേയെന്നും കുളികഴിഞ്ഞ് വരണമെന്നും അറിയിച്ചു. പക്ഷേ വീട്ടിൽ അതിഥികൾ വന്നതിനാൽ എനിക്ക് പോകാൻ സാധിച്ചില്ല.

സാഹിൻ ദീദി വിളിച്ചുവെന്നും പോകാൻ സാധിച്ചില്ലെന്നും അന്ന് വൈകീട്ട് ഞാൻ ഉമ്മയോട് പറഞ്ഞതേയുള്ളൂ, അപ്പോഴതാ വീടിന്റെ പിറകുവശത്തുനിന്നും ഒരു വിളി!
"റാസിതാ.... അസ്സലാമു അലയ്ക്കും. आप मुझे भूल गया.."

ഞാനും ഉമ്മയും അമ്പരന്നു. പാവം സാഹിൻ ദീദി! നമ്മെയന്വേഷിച്ച് ഇങ്ങോട്ട് വന്നിരിക്കുന്നു.

ഉടനെ അകത്തേക്ക് ക്ഷണിച്ചു. വീട്ടിൽ തയ്യാറാക്കിയ പായസം വിളമ്പി. അവർ നന്നായി കുടിച്ചു. ആസിഫ് മോൻ നാനിയുടെ വീട്ടിൽ പോകാൻ എപ്പോഴും വാശിപിടിക്കുമെന്നും കാത്തിരുന്നിട്ടും റാസിത വരാത്തത് കാരണം അന്വേഷിച്ചു വന്നതാണെന്നുമൊക്കെ അവർ പറഞ്ഞു. എന്റെ ഉമ്മയെ നാനി എന്നാണ് വിളിക്കുന്നത്.
എന്റെ നാനി അഥവാ എന്റെ ഉമ്മയുടെ ഉമ്മ വിരുന്നു വന്നിരുന്നു. ഉമ്മമ്മയെ ഞാൻ പരിചയപ്പെടുത്തി. ദീദിക്ക് ഏറെ ഇഷ്ടപ്പെട്ടു. ജീജായെ കണ്ടിട്ടു വരൂവെന്നും "जीजा को सलाम बोलो" എന്നും പറഞ്ഞ് ദീദി ആസിഫിനെ എന്റെ പുതിയാപ്ലയുടെ അടുത്തേക്കയച്ചു. അവർ അന്നേരം വീട്ടിൽ വന്നതായിരുന്നു. എന്നാൽ ആസിഫ് ഒന്നും മിണ്ടാതെ ചിണുങ്ങിനിന്നു.

ഇത്തവണ ഒരു പെൺകുട്ടി കൂടെയുണ്ട്. പത്തു പതിനൊന്നു വയസ്സായിക്കാണും. സാഹിൻ ദീദിയുടെ മകളല്ലായെന്നെനിക്കറിയാം. കാരണം അവരുടെ രണ്ടു പെൺമക്കളെ മുമ്പ് കണ്ടിട്ടുണ്ടല്ലോ.

ആരാണെന്ന് ഞാൻ ദീദിയോട് അന്വേഷിച്ചു.
ആസിഫിന്റെ ഉപ്പയുടെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ സഹോദരിയാണെന്നു പറഞ്ഞുതന്നു. പേര് മാഹി. മറ്റൊരു കോർട്ടേഴ്സിലാണ് താമസം. ഇവരുടെ ഉമ്മയും കേരളത്തിലുണ്ട്. അവരും ജോലിക്ക് പോകുന്നുണ്ട്.

മാഹി ഇപ്പോൾ താമസിക്കുന്നത് സാഹിൻ ദീദിയുടെ കൂടെയാണ്. ഇപ്പോൾ നിസാർ ഭായ് ബാംഗ്ലൂരിലാണ്. ആയതിനാൽ ദീദിക്ക് കൂട്ടായി മാഹിയുണ്ട്.

സ്കൂളിൽ പോകേണ്ട പ്രായമാണ് മാഹിയുടേത്. എന്നാൽ ദാരിദ്ര്യത്തിന്റെ കൈപ്പുനീര് കുടിക്കുന്ന ഈ കുടുംബത്തിന് പശിയടക്കുന്നതിനപ്പുറം വിദ്യാഭ്യാസമൊന്നും സ്വപ്നം കാണാനായിട്ടില്ല. പ്രിയരേ, നമ്മളറിയണം... ഇതുമൊരു ജീവിതം.

പല നിറങ്ങളിലുള്ള ബാഗുകളും കഥകളും കവിതകളും നിറഞ്ഞ പുസ്തകങ്ങളും ചോറ്റുപാത്രങ്ങളും വർണ്ണക്കുടകളുമായി സ്കൂളിലേക്ക് പോകുന്ന നമ്മുടെ കുഞ്ഞുമക്കളുടെ പ്രായമാണ് മാഹിക്ക്. പക്ഷേ സ്കൂൾ എന്തെന്നറിയില്ല...
പാഠപുസ്തകങ്ങൾ അറിയില്ല...
അക്ഷരങ്ങളറിയില്ല...

സമയം മഗ്‌രിബിനോടടുത്തു. ദീദി മടങ്ങാനൊരുങ്ങി. തങ്ങളുടെ കുക്കിംഗ് ഗ്യാസ് തീർന്നുവെന്നും വിറക് ആവശ്യമുണ്ടെന്നും അറിയിച്ചു. എന്റെ ഉമ്മ അത് റെഡിയാക്കി. കൂടെ തേങ്ങയും പഴുത്ത ചക്കയും കറിവേപ്പിലയും നൽകി.
ഞാൻ ആസിഫിനു ചെറിയ രണ്ടു പന്തുകൾ സമ്മാനിച്ചു. അത് കിട്ടിയപ്പോൾ അവന് ബാറ്റു വേണം പോലും. എന്റെ ഉമ്മ ഓലമടൽ കൊണ്ട് ഉണ്ടാക്കിക്കൊടുത്തു. അവന് വളരെയധികം സന്തോഷമായി. അല്പസമയം അവനും മാഹിയും ഞാനും കളിച്ചു. "നാനി കാ ഗർ മേം ആസിഫ് അച്ചാ ലഡ്കാ ഹേ", കളി കണ്ടുനിന്ന ദീദി കമന്റടിച്ചു. റാസിതായും മമ്മിയും തീർച്ചയായും വരണമെന്നും അല്ലാത്തപക്ഷം ഞാൻ ഫോണിൽ വിളിക്കുമെന്നും പറഞ്ഞ് അവർ മടങ്ങി.

അടുത്ത ദിവസം ഉച്ചയോടടുത്ത് പാചകവാതക സിലിണ്ടറുമായി വാഹനം റോഡിൽ കണ്ടു. ഉടനെ ഉമ്മ ദീദിയെ ഫോണിൽ വിളിച്ചു. ഗ്യാസ് സിലിണ്ടർ കിട്ടിയോ എന്നന്വേഷിച്ചു. കിട്ടിയെന്നും വിളിച്ചറിയിച്ചതിൽ വളരെയധികം നന്ദിയുണ്ടെന്നും എന്നോടും ഉമ്മയോടും അവരുടെ റൂമിൽ നിർബന്ധമായും വരണമെന്നും അറിയിച്ചു.

വൈകീട്ട് അഞ്ചു മണിക്ക് ഞാൻ അവരുടെ റൂമിൽ പോയി. കോളിംഗ് ബെല്ലടിച്ചു. ദീദി പുഞ്ചിരിയോടെ കൈകൾ നീട്ടി സ്വീകരിച്ചു. ആകെയുള്ള ഒരേയൊരു കസേരയിൽ എന്നെയിരുത്തി.

ശേഷം തണുത്ത വെള്ളം ഗ്ലാസ്സിൽ ഒഴിച്ചു തന്നു. ഞാനതു കുടിച്ചു. എന്റെ കയ്യിൽ കരുതിയ ചോളവും കേക്കും മിഠായികളും അവർക്കു നൽകി.

ആസിഫ് മോൻ ഉറങ്ങുകയായിരുന്നു. എന്നാൽ ഞാൻ ചെന്ന ഉടനെ അവനുണർന്നു. മാഹി അയൽവീട്ടിൽ കളിക്കാൻ പോയതായിരുന്നു. അല്പസമയത്തിനകം മാഹി വരികയും ആസിഫിനെയുമെടുത്ത് വീണ്ടും കളിക്കാൻ പോവുകയും ചെയ്തു. എന്റെ അയൽക്കാരി കൂടിയായ ആച്ചുത്തയുടെ പേരമകൾ മോളൂസാണ് മാഹിയുടെ കളിക്കൂട്ടുകാരി. മാഷാ അല്ലാഹ്, അവർ കളിച്ചു വളരട്ടെ...

ഞാൻ നിന്നെ ഒരുപാട് നേരമായി കാത്തിരിക്കുകയായിരുന്നുവെന്നും നാസിർ ഭായ് ഫോണിൽ വിളിച്ചപ്പോഴെല്ലാം നീ വന്നോയെന്നന്വേഷിച്ചുവെന്നും അവർ പറഞ്ഞു. അതിനിടക്ക് സ്ട്രോങ് ടീയും സ്നാക്സും എത്തി, തഖബ്ബലല്ലാഹ്.

ദീദിയുടെ ഫോണിലെ യൂട്യൂബ് ശരിയാവുന്നില്ലെന്നു പറഞ്ഞ് എന്നെ കാണിച്ചു. sign in മായി ബന്ധപ്പെട്ട പ്രശ്നമായതിനാൽ അത് പരിഹരിക്കാൻ സാധിച്ചു, അൽഹംദുലില്ലാഹ്.

അപ്പോഴേക്കും മാഹിയും ആസിഫ് മോനും തിരിച്ചെത്തി. അവൻ അവിടെ കണ്ട മിട്ടായിയെല്ലാം കഴിക്കുകയും അതിന്റെ കൂടെയുള്ള സ്റ്റിക്കർ കയ്യിൽ പതിക്കുകയും ചെയ്തു. മാഹിയെ ഇവിടെ സ്കൂളിൽ പറഞ്ഞയച്ചു കൂടേ എന്നനേഷിച്ചു. മാഹി ഒരു മാസത്തിനകം നാട്ടിലേക്ക് തിരിക്കുമെന്ന് മറുപടി പറഞ്ഞു. മാഹിക്ക് എഴുത്തും വായനയും ഒന്നും അറിയില്ലത്രേ. ഖുർആൻ ഓതാൻ അല്പം അറിയാം എന്ന് ദീദി കൂട്ടിച്ചേർത്തു. നിങ്ങളുടെ കയ്യിൽ ഖുർആൻ ഉണ്ടല്ലോ ല്ലേ എന്നന്വേഷിച്ചപ്പോൾ ഇല്ലായെന്നും വാങ്ങിക്കണമെന്നും പറഞ്ഞു. അതുവേണ്ട, ഞാൻ കൊണ്ടു വന്നു തരാം എന്ന് ഞാൻ മറുപടി നൽകി. മുൻപ് അവർ ഇവിടെ താമസിച്ചപ്പോൾ ഞങ്ങൾ ഖുർആൻ നൽകിയിരുന്നു. പിന്നീട് അവർ നാട്ടിലേക്ക് പോയപ്പോൾ അത് തിരിച്ചേൽപ്പിക്കുകയും ചെയ്തിരുന്നു.

അല്പം കഴിഞ്ഞ് ദീദി മാങ്ങാ അച്ചാർ ഇഷ്ടമുണ്ടോ എന്നു ചോദിച്ച് എനിക്ക് ഒരു വലിയ കുപ്പി തുറന്നു കാണിച്ചു. അതിന്റെ അടിപൊളി മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി. ഞാൻ കൈനീട്ടി. അത് വേണ്ടെന്നും ഞാൻ മറ്റൊരു കുപ്പിയിൽ നൽകാമെന്നും അവർ പറഞ്ഞു. എനിക്ക് ഒരെണ്ണം കഴിക്കാൻ മതിയെന്ന എന്റെ വാക്ക് അവർ ഗൗനിച്ചതേയില്ല. അങ്ങനെ ഒഴിഞ്ഞ ഒരു ഹോർലിക്സ് കുപ്പി നിറയെ ബീഹാറിൽ നിന്നും കൊണ്ടുവന്ന കടുമാങ്ങ അച്ചാർ എനിക്ക് തന്നു. चावल के साथ खाओ എന്നും കൂട്ടിച്ചേർത്തു.

സത്യം പറഞ്ഞാൽ ഒരു ബീഹാരീ സായാഹ്നം!

പത്താം ക്ലാസ്സ് കഴിഞ്ഞ് പിന്നെ ഹിന്ദി സംസാരിക്കുന്നത് ദീദിയോടായിരിക്കും. അതിന് അവസരം തന്നതിന് "ദീദീ.... ശുക്‌രിയാ..."

ദീദിയോട് അവരുടെ ഭാഷയിൽ സംസാരിക്കുക വഴി മറന്നുപോയ ഹിന്ദിയെ തിരികെ കൊണ്ടുവരാം എന്നാണ് ഞാൻ ചിന്തിച്ചത്. എന്നാൽ "എന്നെ മലയാളം പഠിപ്പിക്കൂ" എന്നാണ് ദീദി പറയുക. കാരണം അയൽക്കാരോട് ഇടപഴകാനും മാർക്കറ്റിൽ സാധനം വാങ്ങുന്നതിനും മലയാളം കൂടിയല്ലേ തീരൂ.

വീട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി ഞാൻ പുറത്തിറങ്ങിയപ്പോൾ മഗ്‌രിബ് ബാങ്ക് വിളിക്കുന്നുണ്ടായിരുന്നു. ഉടനെ എന്നെ തിരികെ വിളിച്ച് റൂമിൽ കയറ്റി കതകടച്ചു. ബാങ്കിന്റെ സമയം പുറത്തിറങ്ങരുതെന്നും വാതിലടക്കണമെന്നുമൊക്കെ എന്നോട് ഗൗരവ ഭാവത്തിൽ പങ്കുവെച്ചു. ബാങ്ക് കഴിഞ്ഞതിനുശേഷം ഞാൻ സലാം പറഞ്ഞ് തിരിഞ്ഞു നടന്നു.
നല്ല കുടുംബം...! മികച്ച പെരുമാറ്റം...! മാഷാ അല്ലാഹ്!

2 Comments

Share your thoughts

  1. बिहारियों के साथ अनुभव गंभीर हैा… मदद करो उन्हें.. आस पास वालों के साथ ख़ुशी से जीत करों..🌹

    ReplyDelete
    Replies
    1. मैं भी बहुत खुश हूं...
      दुआ करो...
      आपका नाम क्या है?....

      Delete

Post a Comment

Share your thoughts

Previous Post Next Post