സമയം രാത്രി പതിനൊന്നര കഴിഞ്ഞു കാണും. ഉറങ്ങാൻ ഒരുങ്ങുന്നുണ്ടായിരുന്നുള്ളൂ... എന്റെ ഹോസ്റ്റൽ പഠനകാല ബാച്ച് ഗ്രൂപ്പിൽ ആരോ എന്നെ മെൻഷൻ ചെയ്തതുകണ്ട് എന്താണ് കാര്യമെന്നറിയാൻ വേഗത്തിൽ തുറന്ന് നോക്കിയതാ... നോക്കുമ്പോഴുണ്ട് എന്റെ പേര് വെണ്ടയ്ക്കാക്ഷരത്തിൽ... സുഹൃത്ത് ആയിഷ ഫർഹ ഷെയർ ചെയ്ത പോസ്റ്ററിനു കീഴിൽ എന്നെ മെൻഷനാക്കിയത് സുഹൃത്ത് അസ്മ മശ്ഹൂരിയാണ്.
അൽഹംദുലില്ലാഹ്.... കാത്തിരുന്ന ഫലമെത്തിക്കഴിഞ്ഞു... ഈ വർഷത്തെ ബലിപെരുന്നാളിനോട് അനുബന്ധിച്ച് ക്യാമ്പസ് അലുംനി സംഘടിപ്പിച്ച മൈലാഞ്ചി മത്സരത്തിന്റെ ഫലം.
കഴിഞ്ഞ ചെറിയ പെരുന്നാളും ഈ ബലിപെരുന്നാളും ഞാൻ മൈലാഞ്ചിയിട്ട് ആഘോഷിച്ചിരുന്നു... എന്റെ തന്നെ കയ്യിലും മറ്റുള്ളവരുടെ കൈകളിലും...🙌🏻
പുതുതായി ജന്മമെടുത്ത ഈ എളിയ മെഹന്ദി ആർടിസ്റ്റ് പതിയെ പതിയെ പുരോഗതി പ്രാപിച്ചുവരികയാണ്...അതുകൊണ്ട് എന്റെ മുൻപിൽ പ്രത്യക്ഷപ്പെടുന്ന കൈകളെയെല്ലാം ഞാനെന്റെ വളർച്ചയുടെ ക്യാൻവാസ് ആക്കി മാറ്റും. അത്ര തന്നെ...😂
ചെറിയ പെരുന്നാൾ അയൽവീട്ടിലെ ഹിബുവിന്റെയും ഇനുവിന്റെയും കൈകൾ ചുവപ്പിച്ചത് ഞാൻ മറന്നിട്ടില്ല... അവരെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല... കാരണം ഒച്ചിന്റെ വേഗതയിൽ മൈലാഞ്ചിയിടുന്ന എന്റെ മുൻപിൽ മണിക്കൂറുകളോളം ക്ഷമാപൂർവ്വം ഇരുന്നവരാണവർ... കൈയിന്റെ ഉള്ളും പുറവും നിറയെ വേണമെന്നതാണ് അവരുടെ കണ്ടീഷൻ... എത്ര മണിക്കൂറുകൾ വേണ്ടിവന്നുവെന്നോ...🤦🏻♀️എനിക്ക് ക്ഷീണമേയില്ല, കാരണം.... ഒന്ന്, പുതുതായി പരിചയിച്ച സംഗതിയായത് കൊണ്ട് ഭയങ്കര ത്രില്ലാണ് മൈലാഞ്ചിയിടാൻ.. രണ്ട്, പഠിച്ചുവരുന്ന എനിക്ക് പരിശീലിക്കാൻ കൈകൾ കിട്ടുമ്പോഴല്ലേ വരയ്ക്കാൻ പറ്റൂ... അങ്ങനെയൊക്കെ ഞാൻ ഫുൾ പവറിലാണ്.. കൂടെ അവരും... 🥳
ഇതുവരെയൊന്നും ഞാൻ ആർക്കും മൈലാഞ്ചി ഇട്ടുകൊടുത്തിട്ടില്ല.. കാരണം എനിക്കറിയില്ലായിരുന്നു... മെഹന്ദി കോൺ എന്റെ കയ്യിൽ വഴങ്ങില്ലായിരുന്നു... ഒരു ചെറിയ പുഷ്പം പോയിട്ട് വരയോ വട്ടമോ പോലും എനിക്ക് വരയ്ക്കാൻ കഴിയുമായിരുന്നില്ല... എന്നാലോ എന്റെ കൈ ചുവന്നു കാണുന്നതും മറ്റുള്ളവരുടെ കൈ ചുവപ്പിക്കുന്നതും എനിക്ക് പ്രിയങ്കരമായിരുന്നു... പക്ഷെ... എന്തു ചെയ്യാൻ.... നമ്മുടെ വീട്ടിലെ കുഞ്ഞു മക്കൾ മൈലാഞ്ചി ഇട്ടു തരുമോ എന്ന് ചോദിച്ചു വരുമ്പോൾ എനിക്കറിയില്ല എന്ന് പറയേണ്ടി വരുന്നത് ആലോചിക്കുമ്പോൾ തന്നെ എനിക്ക് ലജ്ജ തോന്നുമായിരുന്നു.
ആഗ്രഹം ഏറെയാണ് മെഹന്ദി ഡിസൈൻ ചെയ്യാൻ... അങ്ങനെയിരിക്കെയാണ് പുത്യാപ്ലയുടെ ജ്യേഷ്ഠ പത്നി കുഞ്ഞോൾത്ത വഴി ഒരു മെഹന്ദി കോഴ്സ് പരിചയപ്പെടുന്നത്. അതിൽ പഠിച്ചവരുടെ ഫീഡ്ബാക്കുകൾ കാണാനിടയായി. Zeroയിൽ നിന്ന് തുടങ്ങി bridal designing ചെയ്യുന്നവർ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. അതെനിക്ക് ഊർജ്ജം പകർന്നു... 500 രൂപ കൊടുത്ത് അഡ്മിഷൻ ഉറപ്പിച്ചു...
ആഴ്ചയിൽ മൂന്നു ദിവസം ഒരു മണിക്കൂർ നേരം ലൈവ് ക്ലാസ്സ്.... സൂപ്പർ സൂപ്പർ മെന്റർ... അടിപൊളി follow up.... ഇതൊക്കെ തന്നെ ധാരാളം, നമുക്ക് പഠിക്കാൻ. അല്ലെ...
എന്റെ മെന്റർ ജംഷീന കണ്ണൂർ.... അവരെ ക്കുറിച്ച് പറയാൻ വാക്കുകളില്ല... ഒരേസമയം മീറ്റിൽ പങ്കെടുക്കുന്ന അറുപതോളം വരുന്ന വിദ്യാർത്ഥികളെ ഒരുപോലെ നോക്കിക്കാണുകയും കൈകാര്യം ചെയ്യുകയും വേണ്ടതായ തിരുത്തുകൾ നിർദ്ദേ ദ്ദേശിക്കുകയും ചെയ്യുമായിരുന്നു അവർ. സംശയങ്ങൾ ചോദിക്കുമ്പോൾ പറഞ്ഞ കാര്യങ്ങൾ തന്നെ പലതവണ ആവർത്തിച്ചു പറഞ്ഞു തരുമായിരുന്നു. ക്ലാസിൽ നൽകുന്ന ഹോം വർക്കുകൾ പൂർത്തീകരിച്ച് ഗ്രൂപ്പിൽ അയക്കുമ്പോൾ അത് കൃത്യമായി evaluate ചെയ്യുമായിരുന്നു. ഒട്ടും ദേഷ്യപ്പെടാതെ പുഞ്ചിരി കാത്തുസൂക്ഷിച്ച എന്റെ മെന്ററെ ഞാൻ മുക്തകണ്ഠം അഭിനന്ദിക്കുന്നു. I can say that She is My Pioneer in this Career... 🌹
മെഹന്തി കോൺ എങ്ങനെ പിടിക്കണമെന്നും വരയിൽ നിന്നു തുടങ്ങി ബ്രൈഡൽ ഡിസൈനിങ് വരെ എങ്ങനെ ചെയ്യാമെന്നും ഒരു മാസം കൊണ്ട് ഞങ്ങളെ പഠിപ്പിച്ചിരുന്നു. കൂടാതെ ഓർഗാനിക് ഹെന്ന നിർമ്മിക്കുന്നതിന്റെ രൂപവും സ്വായത്തമാക്കി. അൽഹംദുലില്ലാഹ് 🎀
സ്വന്തമായി ഓരോ ഡിസൈനുകൾ ചെയ്യണമെന്നും പ്രൊഫഷണൽ ഡിസൈനിങ്ങിലേക്ക് നിങ്ങൾ എത്തിച്ചേരണമെന്നും ഓർഗാനിക് ഹെന്ന ഉണ്ടാക്കി വില്പന നടത്തണമെന്നും സദുപദേശം നൽകിക്കൊണ്ടാണ് ടീച്ചറും കുട്ടികളും തല്കാലത്തേക്ക് വിടവാങ്ങിയത്...
കോഴ്സ് കഴിഞ്ഞപ്പോൾ പിന്നെ കൈകൾ തേടിയുള്ള ഓട്ടമായിരുന്നു... വീട്ടിലുള്ളവർക്കും അയൽ വീട്ടിലെ കുട്ടികൾക്കുമെല്ലാം ഞാൻ ചുമ്മാ മൈലാഞ്ചി ഇട്ടു കൊടുത്തു... അതിനിടക്ക് മെഹന്ദി കിറ്റ് വാങ്ങി ഓർഗാനിക് ഹെന്നയും നിർമിച്ചു.. എന്റെ കയ്യിലൊന്നും മൈലാഞ്ചി ഒഴിഞ്ഞ നേരമില്ല... ഒരു ഡിസൈൻ പോകുമ്പോഴേക്ക് അതിനു മീതെ അടുത്തത്... അങ്ങനെ പ്രയാണം തുടർന്നു..
ചെറിയ പെരുന്നാൾ വരവായി... ചെറിയ രീതിയിലൊക്കെ ഹെന്ന കോൺ sale ആക്കി... 'RPK - Pure Henna Cone' എന്ന് നാമകരണം ചെയ്തു ... പേക്കിങ് അത്ര അടിപൊളിയായിരുന്നില്ല. എന്നാലും തൊലിയിൽ നിന്നും പൊളിഞ്ഞു പോരുന്ന പ്രശ്നമില്ല..
ചിലർക്ക് നല്ല റിസൾട്ട് ഉണ്ടാക്കി... എന്നാൽ ചിലരുടേത് stain കിട്ടാതെ വിഷമിച്ചു.. അങ്ങനെയങ്ങനെ First Attmpt of Henna Cone അവസാനിച്ചു...
കച്ചവടം ചെറിയ രീതിയിൽ ലാഭകരമായെങ്കിലും പരിശുദ്ധ റമളാനിലെ നല്ല സമയങ്ങളിൽ ഒരുപാടില്ലെങ്കിലും കുറെച്ചൊക്കഇതിന് പിറകിൽ പോയല്ലോ എന്ന് ആലോചിക്കുമ്പോൾ എനിക്ക് സങ്കടം തോന്നി.. ഹെന്ന പൗഡർ, essential ഓയിൽ, അല്പം പഞ്ചസാര, ആവശ്യത്തിന് വെള്ളം ഇവയെല്ലാം നന്നായി mix ചെയ്യണം... Die releasingനു വെക്കണം... Piping ബാഗിൽ നിറക്കണം.. Cellosheets ഉപയോഗിച്ച് cones ഉണ്ടാക്കണം... അവയിൽ mehandi നിറക്കണം... ഓർഡർ അനുസരിച്ചു പാക്ക് ചെയ്യണം... പോസ്റ്റ് ആക്കണം... ഇതിനെല്ലാം സമയം വേണമല്ലോ...
രണ്ടു മാസങ്ങൾക്കിപ്പുറം ബലി പെരുന്നാളെത്തി...
മെഹന്ദി കോൺ ഉണ്ടോ എന്ന് അന്വേഷങ്ങൾ വന്നു. പക്ഷേ കൈ മലർത്തേണ്ടി വന്നു. അപ്പോഴാണ് എന്റെ പെരുന്നാളിന് എന്റെ കൈ ചുവപ്പിക്കാൻ ഞാൻ എന്തു ചെയ്യും എന്ന് ആലോചിക്കുന്നത്😁. അങ്ങനെ അയൽ വീട്ടിലെ ഇത്താത്ത വാങ്ങിക്കുന്ന അതേ മെഹന്ദി ഞാനും ഓർഡർ ചെയ്തു.
ഹിബുവും ഇനുവും ഇത്തവണയും നേരത്തെ ബുക്ക് ചെയ്തിരുന്നു, ഞങ്ങൾക്ക് മൈലാഞ്ചി ഇട്ടു തരണമെന്ന്. ഞാൻ ഡബിൾ ഓകെ അടിച്ചു. എല്ലാവർക്കും ഇട്ടു കൊടുത്തതിനു ശേഷം എന്റെ കയ്യിൽ മൈലാഞ്ചിയിടാൻ സമയമുണ്ടാകില്ല എന്ന് മുൻകൂട്ടി കണ്ടതുകൊണ്ട് രണ്ടു ദിവസം മുൻപുതന്നെ എന്റെ ഇടതുകൈ ഉള്ളും പുറവും ചുവപ്പിച്ചു.
അയൽവീട്ടിലെ കുട്ടികളുടെ കൈകൾ, എന്റെ വീട്ടിലെ ഹനിയ മോളുടെ കുഞ്ഞു കൈകൾ, എന്റെ കൈ... മൊത്തത്തിൽ പത്തോളം കൈകൾ ഞാൻ സെറ്റാക്കി 😂..
അങ്ങനെയിരിക്കെയാണ് ആ മത്സര വിവരം അറിയുന്നത്..
അവസരം കൈവന്നതിൽ സന്തോഷം തോന്നിയെങ്കിലും മെഹന്ദി ഇടുന്ന വീഡിയോ കൂടി വേണം എന്ന നിർദ്ദേശം കണ്ടപ്പോൾ വ്യസനമായി...
ഇട്ടതൊന്നും അയച്ചു കൊടുക്കാൻ അത് ഇടുന്ന വീഡിയോ ഇല്ലല്ലോ.... സാരമില്ല.... രണ്ട് ദിവസത്തെ സമയമുണ്ടല്ലോ.... മറ്റാരുടെയെങ്കിലും കയ്യിൽ ഇട്ട് അയച്ചു കൊടുക്കാം എന്ന് തീരുമാനിച്ചു.
19.06.24 ബുധൻ.
Dead day of Mehandi Contest.
5pm നു മുൻപ് അയക്കണം..
വീട്ടുജോലികൾ പൂർത്തീകരിച്ചു ഇളയ സഹോദരി ആയിഷ പി.കെയെ മുൻപിലിരുത്തി. ഇപ്പോൾ സമയം രണ്ടു മണി. സുഹൃത്ത് ഹിബ സഈദിന്റെ വിവാഹത്തിന്റെ മൈലാഞ്ചി ചിത്രം നോക്കി വര ആരംഭിച്ചു. ഉള്ളം കയ്യിൽ ഇട്ടതിനു ശേഷം സമയമുണ്ടെങ്കിൽ മുഴം കയ്യിൽ വരക്കാം. കൂടെ വീഡിയോയും ഉണ്ട്..
അങ്ങനെ പുരോഗമിക്കുന്നു, ആമ ഇഴയുന്ന പോലുള്ള പുരോഗമനം😁.... മണിക്കൂർ ഒന്ന് കഴിഞ്ഞു.. ഞങ്ങൾ ശ്വാസം വിടാതെ വരച്ചു കൊണ്ടിരുന്നു.. നാലു മണിയായി.. ഇനിയൊരു മണിക്കൂർ മാത്രം.. അതിനിടക്ക് ഫിനിഷ് ചെയ്യണം... ഫോട്ടോ എടുക്കണം... അയക്കണം... ബേജാർ കൂടുന്നു...
നാലര കഴിഞ്ഞ് സംഭവം ഫിനിഷ് ചെയ്തു.. ഉള്ളം കൈ മാത്രം...
വേഗം ഫോട്ടോയെടുത്തു... ചെറിയ mistakes ഒക്കെയുണ്ട്... No much perfection... എന്നാലും വലിയ പ്രതീക്ഷയിലും പ്രാർത്ഥനയിലും അയച്ചു കൊടുത്തു, ബിസ്മില്ലാഹ്. അല്ലാഹുവേ വിജയം തരണേ.. ആമീൻ...
ഇനി വീഡിയോയും അയക്കണം... അത് ഉമ്മാന്റെ ഫോൺ ഉപയോഗിച്ചാണ് എടുത്തത്.. അത് എന്റേതിലേക്ക് അയക്കാൻ ശ്രമിച്ചിട്ട് വരുന്നുമില്ല.. ഘടികാരം അഞ്ചടിക്കാൻ ചീറിപ്പായുന്നത്പോലെ... ഒടുവിൽ ഞാൻ തന്നെ ജയിച്ചു🥳. എങ്ങനെയെന്നോ....., എന്റെ ഫോൺ ക്യാമറ ഉപയോഗിച്ച് വീഡിയോയുടെ വീഡിയോ പകർത്തി😂. എന്നിട്ട് അതങ്ങു അയച്ചു. അല്ല പിന്നെ...
അങ്ങനെ ഒക്കെ സെറ്റ്.... ഇനി വിജയിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും possibility നോക്കുമ്പോൾ വളരെ low ആണ്. കാരണം,നൂറിലധികം വരുന്ന അലുംനി മെമ്പേഴ്‌സിൽ സൂപ്പർ ഡിസൈനേഴ്‌സ് ധാരാളം കാണും, ഉറപ്പാണ്. എന്റെതിൽ ചെറിയ തെറ്റുകൾ ഉണ്ട്, അതൊന്നുമില്ലാതെ മറ്റൊരാൾ അയച്ചുകാണും എന്നതും ഉറപ്പാണ്...
അങ്ങനൊക്കെയാണെങ്കിലും പ്രതീക്ഷയോടെ ഓരോ ദിവസവും റിസൾട്ടിനായി കാത്തിരുന്നു. ഒരാഴ്ച പിന്നിട്ടിട്ടും ആളെ കാണുന്നില്ല. ആരും വിജയിച്ചില്ലേ, എല്ലാവരും disqualified ആയോ എന്നായി അപ്പോൾ ചിന്ത😁. അങ്ങനെ വരാൻ വഴിയില്ല... നന്നായി ചെയ്യുന്നവരെയെല്ലാം നമുക്ക് അറിയാവുന്നതാണ്.. പക്ഷെ അവർ അയച്ചുകാണുമോ എന്നറിയില്ല...
എന്തൊക്കെയായാലും.... Finally.... നമ്മുടെ കാത്തിരിപ്പിനു വിരാമം കുറിച്ചു കൊണ്ട് ജൂൺ അവസാന ദിവസം രാത്രി 11.25നു ഫലം പുറത്തുവിട്ടു.
അൽഹംദുലില്ലാഹ് 🎀
ഇനിയല്ലേ വിറ്റ്...
വൻ ട്രോൾ വീട്ടിൽ...
എന്നെയറിയുന്നവർക്കല്ലേ എന്നെ ട്രോളാൻ പറ്റൂ...
"Rashi.... ആകെ രണ്ടാളെ പങ്കെടുത്തിട്ടുണ്ടാകൂ, കൂട്ടത്തിൽ ഭേദം😂".... ഒന്ന്!
ഇനി മറ്റൊന്ന്, "റാഷി.... നന്നായി വരക്കുന്നവരാരും പങ്കെടുത്തുകാണില്ല, അതുകൊണ്ടാ ഇജൊക്കെ ജയ്ച്ചത്.."
സത്യം പറഞ്ഞാ, ഞാനും അങ്ങനൊക്കെ ആലോചിച്ചു...
എന്തൊക്കെയായാലും... ഈ വിജയത്തിന് പിന്നിൽ ഒരുപാട് കക്ഷികളുണ്ട്... അവരോടെല്ലാം കടപ്പെട്ടിരിക്കുന്നു... ഈ വിജയം അവർക്കായ് സമർപ്പിക്കുന്നു...
ആദ്യമായി അനിയത്തി ആയിഷാക്ക്... ഏകദേശം മൂന്നു മണിക്കൂറിനടുത്ത് യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ വലതു കൈ നീട്ടിത്തന്നതിന്...
മെഹന്ദിയോടൊപ്പം ക്ഷമയും അത്യന്താപേക്ഷിതമാണെന്ന് പഠിപ്പിച്ച ജംഷീന ടീച്ചർക്ക്....
കോഴ്സിലേക്ക് വഴി നടത്തിയ കുഞ്ഞോൾത്തക്ക്....
ഡിസൈൻ സമ്മാനിച്ച സുഹൃത്ത് ഹിബ താഴെക്കോടിന്...
എല്ലാവർക്കും അല്ലാഹു അവന്റെ കാവൽ നൽകട്ടെ ആമീൻ എന്നു പ്രാർത്ഥിക്കുന്നു..
🫂❣️
Congrats on your well-deserved Victory👏👏.Great sistr.. 🙌go on..
ReplyDeleteThnx alot
DeletePost a Comment
Share your thoughts