"നിന്നെ നന്നായി സ്വാധീനിച്ച പുസ്തകം ഏതാ...?"
ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത കാര്യത്തിലേക്കാണ് ഈ ചോദ്യമെന്നെ വഴി നടത്തിയത്.
എന്റെ സതീർത്ഥ്യയായിരുന്ന റൈസാന തസ്നിയാണ് ചോദ്യകർത്താവ്. അവർ നന്നായി വായിക്കും, ഭർത്താവ് മുസ്തഫ ഹുദവി തെയ്യാല പുസ്തകങ്ങളും മറ്റും എത്തിച്ചു നൽകുകയും ചെയ്യും, മാഷാ അല്ലാഹ്!
കെ.ആർ മീര രചിച്ച 'ഖബർ', ഷംസുദ്ദീൻ മുബാറക് രചിച്ച 'ദാഇശ്' തുടങ്ങിയ നോവലുകൾ ഞാൻ വായിച്ചത് അവരുടെ പക്കൽ നിന്നാണ്. വളവന്നൂർ ബാഫഖി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിൽ അവസാന വർഷ വിദ്യാർത്ഥിനിയായിരിക്കുമ്പോഴായിരുന്നു അത്.
ദാഇശ്!
ഭീകരവാദത്തിന്റെ അയുക്തികതയിലേക്ക് വിരൽ ചൂണ്ടുന്ന ഈ നോവൽ 2021ൽ മനോരമ ബുക്സ് പ്രസിദ്ധീകരിച്ചതാണ്.
കേരളത്തിൽ നിന്നും ദാഇശിൽ (ഐ.എസ്) ചേരാൻ പോയ രണ്ടു യുവാക്കളിലൂടെ നോവൽ പുരോഗമിച്ചപ്പോൾ അവരോടൊപ്പം ഞാനും ദാഇശിൽ എത്തിച്ചേരുകയായിരുന്നു. പിന്നീട് അവർക്കുണ്ടാകുന്ന ദുരനുഭവങ്ങൾ എന്റേതുകൂടിയാവുകയായിരുന്നു. അവസാനം അവർക്കുണ്ടാകുന്ന തിരിച്ചറിവുകൾ എന്റെയും തിരിച്ചറിവുകളായിരുന്നു.വായിച്ചു തുടങ്ങിയതു മുതൽ കഴിയും വരെയും എന്റെ ശ്വാസനിശ്വാസങ്ങളിൽ റഫീഖും അശ്കറുമൊക്കെയായിരുന്നു. അതിരാവിലെയും വൈകീട്ടും പാതിരാ കഴിഞ്ഞും ഇന്റർവെലുകളിലും പിരിയഡുകൾക്കിടയിൽ വീണു കിട്ടുന്ന സമയങ്ങളിലുമെല്ലാം ക്ലാസ് റൂമിൽ വെച്ചും വരാന്തകളിൽ വെച്ചും മെസ്സിൽ വെച്ചും ഹോസ്റ്റലിൽ വെച്ചും ഞാൻ ദാഇശ് വായിച്ചതോർക്കുന്നു.
എന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു വായന, 'മരിച്ചു വായിച്ചു' എന്നു പറയും പോലെ.
പ്രസ്തുത ഗ്രന്ഥത്തിന്റെ കവർപേജിനെക്കുറിച്ച് ഞാൻ ചിന്താനിമഗ്നയായി. ഒടുവിൽ ഞാൻ കണ്ടെത്തി. അത് കുറിച്ചുവെച്ചതിങ്ങനെ:
ഇവക്കു ശേഷം ഈ അടുത്ത കാലത്താണ് ഷംസുദ്ദീൻ മുബാറക്കിന്റെ തന്നെ 'മരണപര്യന്തം- റൂഹിന്റെ നാൾ മൊഴികളും' കെ.ആർ മീരയുടെ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച 'ഘാതകനും' വായിച്ചത്. നിലവിൽ 'ആരാച്ചാർ' വായിച്ചുകൊണ്ടിരിക്കുന്നു.
ഈയിടെ സമാപിച്ച കെ.എൽ.എഫുമായി ബന്ധപ്പെട്ട് ദേശാഭിമാനി.കോം എന്ന ഓൺലൈൻ മാധ്യമത്തിൽ വന്ന ന്യൂസിൽ കാണാനിടയായതും സന്ദർഭോചിതമായി ചേർത്തു വെക്കുന്നു.
*****************
മുൻപ് ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബെന്യാമിന്റെ 'ആടുജീവിതം' ആദ്യമായി വായിച്ചത്. സഹപാഠിയായിരുന്ന നാജിയ നസ്റിൻ ചാപ്പനങ്ങാടി യാണ് പുസ്തകം നൽകിയത്. ആ നോവലും ഞാൻ ആസ്വദിച്ചു വായിച്ചിരുന്നു. നജീബിന്റെ വേദനകളും നൊമ്പരങ്ങളും ഞാനും അനുഭവിച്ചിരുന്നു. സഹതാപത്തിന്റെ വേലിയേറ്റം എന്റെ മനസ്സ് രൂപപ്പെട്ടിരുന്നു.
പിന്നീട് ഹോസ്റ്റൽ ജീവിതത്തിന്റെ പ്രാരംഭ വർഷത്തിൽ, എന്റെ സീനിയറായിരുന്ന ലയ്യിന വഫിയ്യ എന്നവർ ആടുജീവിതത്തിലെ വരികൾ പങ്കുവെച്ചതോർക്കുന്നു. മരുഭൂമിയിലെ ചെറു ചെടികൾ നജീബിനു പകർന്നു നൽകുന്ന ജീവിതോർജ്ജമായിരുന്നു അത്. പ്രസ്തുത വരികൾ കണ്ടെത്തുന്നതിനു വേണ്ടി ഞാൻ ഒരിക്കൽ കൂടി നോവൽ വായിച്ചു.
ശേഷം ഡിഗ്രി രണ്ടാം വർഷത്തിലാണ് പ്രസ്തുത നോവലിന്റെ അറബി വിവർത്തനമായ, സുഹൈൽ വാഫി ആദൃശേരി രചിച്ച 'أيام الماعز' എന്ന ഗ്രന്ഥത്തിൽ നിന്നും ഈ വരികളുടെ അറബി തിരഞ്ഞു കണ്ടെത്തിയത്.
********************
ചിന്തകൾക്കൊടുവിൽ പ്രിയ കൂട്ടുകാരിയുടെ ചോദ്യത്തിനുത്തരം കണ്ടെത്തി,
"സത്യത്തിൽ അങ്ങനെയൊരു പുസ്തകം ഏതാണെന്നെനിക്കറിയില്ല. വളരെ ചുരുക്കം പുസ്തകങ്ങളെ വായിച്ചിട്ടുള്ളൂ. വായിച്ച പലതും മറന്നുപോയി. ചിലതു മാത്രമേ ഓർക്കുന്നുള്ളൂ. എങ്കിലും ഞാനൊന്നു പറയട്ടെ, നിരന്തരം വായിക്കുന്നതിലേക്ക് എന്നെ പ്രേരിപ്പിച്ചത് ദാഇശാണെന്നാണ് എന്റെ കണക്കുകൂട്ടൽ. വായിക്കുന്നതിന് വേണ്ടി ഞാൻ വായിച്ച പുസ്തകമായിരുന്നു അത് എന്നു പറയാം."
ഇതിനെല്ലാം വഴിയൊരുക്കിയ പ്രിയ സുഹൃത്തിന് ഹൃദ്യമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. അല്ലാഹുവേ സ്വീകരിക്കണേ ആമീൻ.
******************
പ്രിയ വായനക്കാരോട്..
താങ്കളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം താഴെ കമന്റ് ചെയ്യുമല്ലോ... 👏🏻
Post a Comment
Share your thoughts