"വായിക്കേണ്ട പുസ്തകം തന്നെ!"
അന്നാരോ പറഞ്ഞതോർമ്മയുണ്ട്. തദടിസ്ഥാനത്തിൽ ഞാനും വായിക്കാൻ തുടങ്ങി. മറ്റേതുമല്ല 'ദി ആൽക്കെമിസ്റ്റ്' എന്ന നോവലിന്റെ മലയാളാഖ്യാനം.

ഈയടുത്തൊന്നുമല്ല, ബാഫഖി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിൽ പഠിച്ചിരുന്ന കാലത്താണ്.സതീർത്ഥ്യ അസ്മ മശ്ഹൂരി കെ.എൻ ആണ് പുസ്തകം കൊണ്ടുവന്നിരുന്നത്. സഹപാഠികളെല്ലാം ഓരോരുത്തരായി വായിക്കുന്നു... രസിക്കുന്നു...... ഇതുകണ്ട് കൊതി മൂത്ത് ഞാനും.

എത്ര വായിച്ചിട്ടും എനിക്ക് രസം പിടിക്കുന്നില്ല. ക്ഷമിക്കണം, പുസ്തകത്തിന്റെ കുഴപ്പമല്ല, എന്റെ പ്രശ്നം തന്നെ. ഒടുവിൽ എനിക്കിത് നടക്കില്ലെന്ന് പറഞ്ഞ് പാതിവഴിയിലുപേക്ഷിച്ചു.

ശേഷം ക്യാമ്പസ് ലൈബ്രറിയിൽ പോയി 'ഇംഗ്ലീഷ് നോവൽ' സെക്ഷനിൽ 'ദി ആൽക്കെമിസ്റ്റ്' കണ്ടെത്തി. അടുത്ത ശ്രമം ഇംഗ്ലീഷിലായിരുന്നു. മലയാളം തന്നെ ഗ്രഹിക്കാൻ കഴിയാത്ത എനിക്കുണ്ടോ ഇംഗ്ലീഷ് ദഹിക്കുന്നു?!?!പകുതിപോലും വായിച്ചു കാണില്ല.അതും ഉപേക്ഷിച്ചു.

അവസാനം ഞാൻ തന്നെ വിധിയെഴുതി, "എല്ലാവരും പറയുന്നു, ആൽക്കെമിസ്റ്റ് വായിക്കൂ എന്ന്.എന്നിട്ട് ഞാനൊന്നും അതിൽ കണ്ടില്ലല്ലോ. സത്യത്തിൽ അതിൽ വലിയ സംഭവമൊന്നുമില്ല."

ജീവിതയാത്രയിൽ പലപ്പോഴായി 'ദി ആൽക്കമിസ്റ്റിനെ' കേട്ടുകൊണ്ടിരുന്നു. പക്ഷേ എന്റെ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടായില്ല.
**************

കെ.എൽ.എഫ് '23 (കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ) വന്നെത്തി. പ്രസ്തുത പ്രോഗ്രാമിലെ സ്പീക്കേഴ്സിനെ പരിശോധിക്കുകയായിരുന്നു ഞാൻ.സുഹൃത്ത് ബാസില ഷെറിൻ.കെ.പിയാണ് അതിന്റെ വിശദവിവരങ്ങൾ അറിയിച്ചത്. അവൾ തന്റെ കോളേജ്മേറ്റ്സിനൊപ്പം പോകാനുദ്ദേശിക്കുന്നുണ്ട്. സാധിക്കുമെങ്കിൽ നീ വരണമെന്നും വേണമെങ്കിൽ താമസസൗകര്യം ശരിപ്പെടുത്താമെന്നും അവൾ കൂട്ടിച്ചേർത്തു. കൂടെ രജിസ്ട്രേഷൻ ലിങ്ക് വേറെത്തന്നെ അയച്ചുതന്നു. ഒത്തിരി ആഗ്രഹമുണ്ടെങ്കിലും നടക്കില്ലെന്നുറപ്പായിരുന്നു. എങ്കിലും ഇത്രയും അറിയിച്ചു തന്നതിലും സഹായിച്ചതിലും ഞാൻ നന്ദിയറിയിച്ചു.

ആ നിമിഷത്തിലാണ് ചുമ്മാ പൗലോ കൊയ്ലോയെ ഓർത്തത്. അതുവഴി ആൽക്കെമിസ്റ്റിലെത്തി. എന്തുതന്നെയായാലും അത് വായിക്കണം, എന്നെ പിടിച്ചിരുത്തി വായിപ്പിക്കണം- ഞാൻ ഉറപ്പിച്ചു. പക്ഷേ പുസ്തകം കിട്ടാനെന്തു വഴി......?

പലരോടും അന്വേഷിച്ചു. പക്ഷേ ഫലമുണ്ടായില്ല. ഒടുവിൽ പിഡിഎഫിൽ ശരണം. രസമുണ്ടാകില്ലെന്ന എന്റെ മുൻധാരണ കൂടെത്തന്നെയുണ്ട്. Introduction, prologue, epilogue, about the author and publisher, international acclaim തുടങ്ങി മൊത്തത്തിൽ 158 പേജുകൾ! എങ്ങനെയെങ്കിലും വായിച്ചു തീർക്കണം. എല്ലാവരും വായിച്ചതും, ഏവരും വായിച്ചിരിക്കേണ്ടതുമായ പുസ്തകം വായിക്കണമെന്ന് ഞാനും തീരുമാനിച്ചുകഴിഞ്ഞിരുന്നു.

ജനുവരി പതിമൂന്ന് വെള്ളിയാഴ്ച രാത്രി ഞാൻ വായിച്ചു തുടങ്ങി.

സമയം പത്തുമണി കഴിഞ്ഞു. വായന തുടർന്നു. പതിനൊന്നായി... പന്ത്രണ്ടായി... തൊണ്ണൂറ്റിയഞ്ചാമത്തെ പേജിൽ തൽക്കാലം നിർത്തി. അവനിപ്പോൾ മരുഭൂമിയിലാണ്, കൂടെ camel driver ഉം ഉണ്ട്.

ഇനിയെന്തായിരിക്കും സംഭവിക്കുക എന്നറിയാൻ നേരം പുലരണം. അല്ലെങ്കിൽ ചീത്തയാവും അടുത്തത്.

പുസ്തകം പകുതി പിന്നിട്ട ഞാൻ ഒരു കാര്യം മനസ്സിലാക്കി, ഒരു വാക്യം വായിച്ചു കഴിയുമ്പോൾ ഏതൊരു വായനക്കാരനും അടുത്ത വാക്യത്തിനായി കാത്തിരിക്കുന്നു.ഞാനത് ശരിക്കും അനുഭവിച്ചു. എല്ലാം ഓരോ ട്വിസ്റ്റായാണ് എനിക്കനുഭവപ്പെട്ടത്. കഥ ഇപ്പോൾ അവസാനിക്കും..., ഇവിടെ അവസാനിക്കും എന്നെല്ലാം ഞാൻ പലതവണ കരുതി. പേജുനമ്പർ പരിശോധിക്കുമ്പോഴാണ് തീരാറായിട്ടില്ലെന്ന് മനസ്സിലാവുന്നത്. അങ്ങനെയങ്ങനെ നോൺ-സ്റ്റോപ്പ് റീഡിങ്.

അവസാനം എന്തു സംഭവിക്കും?.... treasure കിട്ടുമോ ഇല്ലയോ?....

നേരം പുലർന്നു. എട്ടര കഴിഞ്ഞാണ് വായന പുനരാരംഭിച്ചത്. എന്റെ ഭാവനയും യഥാർത്ഥ കഥയും അതിവിദൂരം!എന്റെ എല്ലാ ഭാവനകളും ആസ്ഥാനത്താകുന്നു. ഒടുവിൽ ഞാൻ പിന്മാറി. കഥയോടും കഥാകാരനോടുമാപ്പം അതിശീഘ്രം മുന്നോട്ടു കുതിച്ചു.

ഒടുവിൽ അവസാനിച്ചു.
........."I'm coming, Fatima", he said.
(ശുഭം)

ഞാൻ വായിച്ച വളരെ ചുരുക്കം നോവലുകളിലെല്ലാം പ്രണയമുണ്ടായിരുന്നു. സ്നേഹവും പ്രണയവും വൈരാഗ്യവും ഭീതിയും പ്രതീക്ഷയുമൊന്നുമില്ലാതെ ജീവിതം തന്നെയില്ല എന്നാണ് അവ പറഞ്ഞുതന്നത്. ശരിയോ തെറ്റോ എന്തോ.

അവസാനമായി ഒരു എളിയ അഭിപ്രായം കൂടി ചേർത്തുവയ്ക്കുന്നു. 'ദി ആൽക്കെമിസ്റ്റ്' എന്ന തലവാചകത്തിനു പകരം SANTIAGO എന്നോ THE SHEPHERD എന്നോ നൽകുന്നത് കൂടുതൽ ഉചിതമാകില്ലേ. കാരണം കേന്ദ്രകഥാപാത്രവും കഥ പുരോഗമിക്കുന്നതും അദ്ദേഹത്തിലൂടെ യാണല്ലോ.
#thealchemist
#paulocoelho
#novel

Post a Comment

Share your thoughts

Previous Post Next Post