2021ലാണ് മർവ മുനീർ, റൂമിയെ കുറിച്ച് വാചാലയായത്. ഞാനാണെങ്കിൽ റൂമിയെ വായിച്ചിട്ടില്ല താനും. വളവന്നൂർ ബാഫഖി ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിൽ എന്റെ ജൂനിയറായിരുന്നു അവർ. ക്യാമ്പസ് ലൈബ്രറിയിൽ റൂമിയുടെ കൃതികളും റൂമിയെ കുറിച്ചുള്ള ഗ്രന്ഥങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ ഈയുള്ളവൾ അവയോട് കൂട്ടുകൂടിയിട്ടില്ലായിരുന്നു.
ഇടയ്ക്കെപ്പോഴോ റൂമിയുടെ കവിതകളിലൂടെ കടന്നു പോയിട്ടുണ്ട്. പക്ഷേ വരികളും ആശയങ്ങളും പിടികിട്ടാതെ വാ പൊളിച്ചിരുന്നതും, ഉടനെ പുസ്തകം ഷെൽഫിൽ തിരികെ വെച്ചതും ഓർമ്മയായി കൂടെയുണ്ട്.
സത്യം പറയുകയാണെങ്കിൽ റൂമിയും അദ്ദേഹത്തിൻറെ രചനകളും എനിക്ക് തികച്ചും അപരിചിതമായിരുന്നു.
വാട്സ്ആപ്പ് സന്ദേശങ്ങൾക്കിടെ അവർ റൂമിയുടെ നാലു വരികൾ അയച്ചു തന്നു. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതായിരുന്നു അത്.
"Be empty of worrying.
Think of who created thought!
Why do you stay in prison
When the door is so wide open?"
_RUMI
ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട്, വീണ്ടും റൂമിയുടെ പുസ്തകങ്ങൾ വായിച്ച് ഗ്രഹിക്കാമെന്നു വെച്ചാൽ നടക്കില്ലായിരുന്നു. കാരണം കൊറോണ വൈറസിന്റെ ആധിപത്യമായിരുന്നു നാടെങ്ങും, അല്ല ലോകമൊന്നടങ്കം. ക്യാമ്പസുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു.
ശേഷം റൂമിയുടെ വിശ്വവിഖ്യാത ഗ്രന്ഥത്തിൻറെ ഫോട്ടോ അവർ എന്നെ കാണിച്ചു. ഫീഹി മാ ഫീഹി!! അദർ ബുക്സ് (Other Books ) പ്രസിദ്ധീകരിച്ച മലയാള വിവർത്തനത്തിന്റെ രണ്ടാം പതിപ്പായിരുന്നു അത്. പ്രസ്തുത ഗ്രന്ഥം വായിക്കാൻ ആഗ്രഹമുണ്ടെന്ന് അവർ അറിയിച്ചു. ഒരിക്കൽ കോഴിക്കോട് ബുക്ക് സ്റ്റാളിൽ കണ്ടുവെന്നും തൽസമയം കയ്യിൽ കാശില്ലാത്തതിനാൽ വാങ്ങിക്കാൻ സാധിച്ചില്ലെന്നും കൂട്ടിച്ചേർത്തു.
അവരുടെ ആഗ്രഹം എന്നെയും തല്പരയാക്കി. റൂമിയെ കുറിച്ച് അന്വേഷണമാരംഭിച്ചു.
ആയിടക്കാണ് 'നാൽപത് പ്രണയ നിയമങ്ങൾ' (Forty Rules of Love) എന്ന സൂഫി പ്രണയ പ്രതിപാദന നോവൽ വായിക്കുന്നത്. അവാർഡ് ജേതാവായ ബ്രിട്ടീഷ്-ടർക്കിഷ് നോവലിസ്റ്റ് എലിഫ് ഷഫാക്കിന്റെ പ്രശസ്ത ഗ്രന്ഥങ്ങളിൽ ഒന്നാണത്. മുമ്പ് വായിച്ച 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന മലയാള നോവലിന്റെ രചയിതാവായ അജയ്.പി.മങ്ങാട്ട് എന്നവരും ജലാലുദ്ദീൻ എന്നവരുമാണ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. ഭൂമി, ജലം, കാറ്റ്, തീ എന്നിങ്ങനെ നാല് ഭാഗങ്ങളുള്ള നോവൽ ജലാലുദ്ദീൻ റൂമിയെയും അദ്ദേഹത്തിൻറെ ആധ്യാത്മിക ഗുരു ഷംസേ തബരീസിയെയും പ്രതിപാദിക്കുന്നു. ഇത് 2021 നവംബറിലായിരുന്നു. ഈയവസരത്തിൽ ഫിദ.കെ എന്നവരെ വിസ്മരിക്കാവതല്ല. ബാഫഖി ഹോസ്റ്റൽമേറ്റായിരുന്ന അവർ തൻറെ ജന്മദിനത്തോടനുബന്ധിച്ച് ക്യാമ്പസ് ലൈബ്രറിയിലേക്ക് സമർപ്പിച്ചതായിരുന്നു അത്. ഉയരങ്ങളിലേക്ക് പറക്കാനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. റൂമിയിലേക്കെത്താനും കൂടുതൽ അന്വേഷിക്കാനും എന്നെ വളരെയധികം സഹായിച്ച പ്രസ്തുത ഗ്രന്ഥം അന്ന് ക്യാമ്പസിൽ വെച്ച് ആദ്യമായി വായിച്ചതും ഞാനായിരുന്നു. മുൻപ് ഒരു ബ്ലോഗിൽ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്.
Elif Shafak
ശേഷം 'മസ്നവി'യെടുത്തു. ഈ നാമം കേൾക്കുമ്പോഴേക്കും നാമറിയാതെതന്നെ റൂമിയും സൂഫീലോകവും വരകളും നൃത്തവുമെല്ലാം ഓടിയെത്തും. ക്യാമ്പസ് ലൈബ്രറിയിൽ നിന്നുള്ള ഇംഗ്ലീഷ് പതിപ്പായിരുന്നു അത്. അതിൻറെ പ്രാരംഭ ഭാഗത്ത് നൽകിയിട്ടുള്ള റൂമിയുടെ പ്രൊഫൈലിലൂടെ കണ്ണോടിച്ചു. 1207 സെപ്റ്റംബർ 30ന് അഫ്ഗാനിസ്ഥാനിലെ ബൽഖിൽ ജനിച്ച, ജലാലുദ്ദീൻ ബൽഖി എന്നും വിളിക്കപ്പെട്ടിരുന്ന ജലാലുദ്ദീൻ റൂമിയെ കുറിച്ച് വായിച്ചു. ചിലത് രേഖപ്പെടുത്തുകയും ചെയ്തു. സംഭവബഹുലമായ അറുപത്തിയാറു വർഷത്തെ ജീവിതത്തിനു ശേഷം 1273 ഡിസംബർ 17നാണ് അദ്ദേഹം വിടവാങ്ങിയത്.
അങ്ങനെയിരിക്കെ 'റൂമി; ഉന്മാദിയുടെ പുല്ലാങ്കുഴൽ' എന്ന പുസ്തകം മറ്റൊരാൾ വായിക്കുന്നത് എൻറെ ശ്രദ്ധയിൽപ്പെട്ടു. ഇ.എം.ഹാഷിം രചന നിർവഹിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 200 രൂപ വിലവരുന്ന നോവലായിരുന്നു അത്. അവർക്കു ശേഷം ഞാനും അത് വായിച്ചു.
ഇവിടെ മറ്റൊരു കാര്യം കൂടി പങ്കുവെക്കാം. നമ്മുടെ മനസ്സ് തേടുന്ന കാര്യങ്ങളിലേക്ക് സർവ്വശക്തനായ അല്ലാഹു നമ്മെ നയിച്ചു കൊണ്ടേയിരിക്കും. അല്ലാഹുവിൻറെ ഖദ്ർ-ഖളാഉകൾ മഹത്തരമാണ്. മർവ റൂമിയെ പരിചയപ്പെടുത്തിയത് മുതൽ എനിക്കു ചുറ്റും റൂമിയായതുപോലെ. നാൽപത് പ്രണയ നിയമങ്ങൾ....... അതുകഴിഞ്ഞ് മസ്നവി......ശേഷം റൂമി; ഉന്മാദിയുടെ പുല്ലാങ്കുഴൽ...... ശേഷം ബാലയിൽ അബ്ദുൽ ജലീൽ ഹുദവി രചിച്ച '101 സൂഫി കഥകൾ'..... ആ വർഷത്തെ റമദാനിനോടനുബന്ധിച്ച് ബുക്ക് പ്ലസ് നടത്തിയ പ്രതിദിന ക്വിസ് പ്രോഗ്രാമിൽ നറുക്കെടുപ്പിലൂടെ വിജയിച്ച എൻറെ സഹോദരപത്നി ഷാഹിദ.കെ.പി എന്നവർക്ക് ലഭിച്ച സമ്മാനമായിരുന്നു ആ പുസ്തകം. ഒരു കഥ വായിച്ചാൽ അടുത്തത് വായിക്കാൻ പ്രേരിപ്പിക്കുകയും വായിക്കുന്തോറും ജിജ്ഞാസ ജനിപ്പിക്കുന്നതുമായ മനോഹരമായ കൃതി. അതിനുശേഷം എൻറെ അനിയത്തി ആയിഷ തസ്നീം.പി.കെ, മരവട്ടം ഗ്രേസ് വാലി വഫിയ്യ കോളേജിൽ നിന്നും കൊണ്ടുവന്ന 'മസ്നവി റൂമിയുടെ അനശ്വര കഥകൾ' എന്ന ടി.വി.അബ്ദുറഹ്മാൻ എന്നവരുടെ കൃതി..... അങ്ങനെയങ്ങനെ... എല്ലാ അവസരങ്ങളും സമ്മാനിക്കുന്ന അല്ലാഹുവിനാണ് സർവ്വസ്തുതിയും!
മാസങ്ങൾ പിന്നിട്ടു. അല്പം മുമ്പാണ് സുഹൃത്തും സമീപപ്രദേശത്തുകാരിയുമായ ലുബാന പള്ളിപ്പറമ്പ് എന്നവരുടെ പുസ്തക ശേഖരണത്തെ കുറിച്ച് അറിയാനായത്. വിശ്വവിഖ്യാതമായവ, സമകാലികമായവ, തീർച്ചയായും വായിച്ചിരിക്കേണ്ടവ തുടങ്ങി പലതും അക്കൂട്ടത്തിലുണ്ട്. സുൽത്താൻ വാരിയംകുന്നൻ, IKIGAI, Buried Thoughts, ടോട്ടോ-ചാൻ അവയിൽ ചിലതു മാത്രം. ഇനിയുമൊരുപാട് പുസ്തകങ്ങൾ കണ്ടെത്താനും ശേഖരിക്കാനും വലിയ ഗ്രന്ഥശാല തന്നെ രൂപീകരിക്കാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഉടൻ തന്നെ അതിലൊരെണ്ണം ഞാൻ ബുക്ക് ചെയ്തു. അത് മറ്റൊന്നുമായിരുന്നില്ല, ഫീഹി മാ ഫീഹി തന്നെ! വേഗത്തിൽ കൈപ്പറ്റണം, വായിക്കണം എന്നെല്ലാം വിചാരിച്ചിരിക്കുമ്പോഴാണ് പരീക്ഷകളുടെ കടന്നുവരവ്. തൽക്കാലം ആഗ്രഹത്തിന് കടിഞ്ഞാണിട്ടു.
പരീക്ഷാപോരാട്ടം കഴിഞ്ഞു. ഇനി വായിക്കണം. പക്ഷേ പുസ്തകം കയ്യിൽ കിട്ടിയിട്ടില്ല. ഒന്നുകിൽ ഞാൻ അവരുടെ വീട്ടിൽ പോകണം, അല്ലെങ്കിൽ അവർ പടപ്പറമ്പ് വരുമ്പോൾ എന്നെ ഏൽപ്പിക്കണം.
അങ്ങനെ......
കാത്തിരുന്ന ദിവസം വന്നെത്തി. അവർ പുസ്തകവുമായി എൻറെ വീട്ടിലെത്തി. ഒരു പുസ്തക സായാഹ്നം!
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം 2023 ജനുവരി രണ്ടിന്റെ പ്രദോഷം അതു യാഥാർത്ഥ്യമാക്കി. വളരെയധികം സന്തോഷമായി.
പ്രസ്തുത ഗ്രന്ഥത്തിൻറെ മൂന്നാംപതിപ്പായിരുന്നു അത്. അന്നു രാത്രി തന്നെ വായിച്ചു തുടങ്ങി. ബോക്സിങ് ഇതിഹാസം മുഹമ്മദലിയുടെ ആത്മകഥ, 'പൂമ്പാറ്റയുടെ ആത്മാവ്' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത മലപ്പുറത്തുകാരൻ വി.ബഷീർ തന്നെയാണ് ഈ കൃതിയുടെയും വിവർത്തകൻ. വിവർത്തകമൊഴിയും പ്രസാദകരുടെ 'അദർവേഡും' വായിച്ചു.
https://islamonlive.in/book-review/exceptional-confidence/അബ്ദുൽ കരീം കക്കോവ് രൂപകൽപ്പന ചെയ്ത ഫീഹി മാ ഫീഹി എന്ന കാലിഗ്രഫിയും പുസ്തക കവറും പ്രഥമദൃഷ്ടിയിൽ തന്നെ വായനക്കാരനെ വശീകരിക്കുന്നു. അതിൻറെ പെർഫെക്ഷനും ക്ലാരിറ്റിയും നഷ്ടപ്പെടാതിരിക്കാൻ പുസ്തകത്തിന് പൊതിയിട്ടതിനുശേഷം വായിക്കാമെന്ന് തീരുമാനിച്ചു.
അടുത്ത ദിവസം രാവിലെ പഴയ ന്യൂസ് പേപ്പറിന്റെ ഒരു ഷീറ്റെടുത്തു. 2021 നവംബർ 12 വെള്ളിയാഴ്ചയിലെ സുപ്രഭാതം ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജുണ്ടതിൽ. അതിലൂടെയൊന്ന് കണ്ണോടിച്ചു. വെള്ളിപ്രഭാതം എന്ന പംക്തി കണ്ട് ഞാൻ അതിശയപ്പെട്ടു. വർഷങ്ങൾക്കു മുമ്പുള്ള ആ വെള്ളിയാഴ്ച ഞാൻ വായിച്ച ആ ലേഖനം തീർച്ചയായും ഈ പുസ്തകത്തോടൊപ്പം ചേർത്ത് വായിക്കേണ്ടത് തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല.
'ഇസ്ലാമിക് ലൗ ജിഹാദും സൂഫി നാർക്കോട്ടിസവും' എന്ന തലവാചകം തന്നെ ലേഖനത്തിന്റെ പ്രസക്തിയും പൊരുളും പറഞ്ഞുതരുന്നു.ഒരിക്കൽ കൂടി ആ ലേഖനം ഞാൻ വായിച്ചു. അതിമനോഹരവും ആശയ സമ്പുഷ്ടവുമാണ് അതിലെ ഓരോ വരികളും. അത് വെട്ടിയെടുത്ത് ഫീഹി മാ ഫീഹിക്കുള്ളില്‍ വെച്ചു. ഈ ഗ്രന്ഥം വായിക്കുന്ന ഓരോ വായനക്കാരനും ഈ ലേഖനവും വായിച്ചു കൊള്ളട്ടെ.
ശേഷം മറ്റൊരു പേപ്പറെടുത്ത് പൊതിഞ്ഞു ഭദ്രമാക്കി. ഇനി ഞാനൊന്ന് വായിക്കട്ടെ.... ഇൻഷാ അല്ലാഹ്.
എല്ലാ കാര്യങ്ങളും ഓരോ നിമിഷങ്ങളും പരസ്പരബന്ധിതമാണെന്നും അഖില ചരാചരപരിപാലകനായ അല്ലാഹുവിൻറെ കണക്കുകൂട്ടലുകൾ അത്യുന്നതവും അത്യുത്തവുമാണെന്നും ഒരിക്കൽ കൂടി സാക്ഷ്യം വഹിച്ച നിമിഷമായിരുന്നു അത്.
ഖുർആനിന്റെ അഗാധനിഗൂഢതകളാൽ പ്രചോദിതനായ ഒരു മഹാത്മാവ് തൻറെ ശിഷ്യരോട് നടത്തുന്ന സംഭാഷണങ്ങളാണ് ഫീഹി മാ ഫീഹി. റൂമിയെ അടുത്തറിയാൻ ഹേതുവായ 'നാല്പത് പ്രണയ നിയമങ്ങൾ' ഞാൻ വായിക്കുന്നത് 2021 നവംബർ മാസത്തിലാണ്. ഫീഹി മാ ഫീഹി പൊതിയുന്നതിന് വേണ്ടി ഞാൻ എടുത്ത പത്രവും 2021 നവംബറിലേതായിരുന്നു. അതിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനവും വിഷയസംബന്ധിയായിരുന്നു. എത്ര അതിശയകരം....!!!! അല്ലേ? എല്ലാം പരമകാരുണികനിൽ ഭദ്രം.
സുബ്ഹാനല്ലാഹ്..അൽഹംദുലില്ലാഹ്...അല്ലാഹു അക്ബർ.....
فوقَ تقديرِنا للّهِ تقديرُ
#rumi
#feehimafeehi
#books
#reading
Post a Comment
Share your thoughts