ഒറ്റക്കാലിൽ ചാടിച്ചാടിപ്പോകുന്ന അവളെ കണ്ടാൽ ഏതൊരാളും സഹതപിക്കും. പാവം എന്ന് അറിയാതെ പറഞ്ഞുപോകും. എന്നാൽ അവളിട്ടിരിക്കുന്ന പർദ്ദക്കും ഹിജാബിനും നിഖാബിനുമകത്ത് അവൾ ചിരിക്കുകയാണെന്ന് ആരും തന്നെ അറിയില്ലല്ലോ...
"ന്തേ വീണോ?"
പടപ്പറമ്പ് ജനത ക്ലിനിക്കിലെ ലേഡി സ്റ്റാഫ് അവളോടാരാഞ്ഞു.
"ഫുട്ബോൾ കളിച്ചതാ.."
അടുത്ത ചോദ്യം വയസ്സ് എത്രയാണെന്നായിരുന്നു. നീണ്ടു മെലിഞ്ഞ പർദ്ദധാരിയായ അവൾ യുജി പഠിതാവാണെന്ന് അവർ ഒരിക്കലും നിനച്ചിട്ടുണ്ടാകില്ല. മുപ്പത്തുകടന്ന ഒരു മുസ്ലിം വീട്ടമ്മ എന്നു കരുതാനേ വഴിയുള്ളൂ.
"ഇരുപത്" -അവൾ മറുപടി നൽകി.
"എപ്പോൾ സംഭവിച്ചതാ ..?"
സാധാരണ നാട്ടിൻപുറങ്ങളിലെ ഫുട്ബോൾകളിയെന്നു പറയുമ്പോൾ ഒന്നുകിൽ രാവിലെ അല്ലെങ്കിൽ വൈകീട്ട്. എന്നാലിത് നട്ടുച്ച കഴിഞ്ഞ് രണ്ടുമണിക്കൊക്കെ ഡോക്ടറെ സമീപിച്ചത് കണ്ട് അവരും അന്തം വിട്ടിട്ടുണ്ടാകും. ശേഷം അവളുടെ മറുപടി കൂടി വന്നതോടെ കിളിപോയ മട്ടിലായി.
"ഇന്നലെ രാത്രി പന്ത്രണ്ട് ആയിട്ടുണ്ടാകും."
ങേ..ഇതെന്തു കഥ! ഫിഫ ലോകകപ്പിനെയും വെല്ലുന്ന കളിയാണല്ലോ. കേരളത്തിലെ ആരാധകർ രാത്രി പന്ത്രണ്ടരക്കാണു കളി കണ്ടിരുന്നതെങ്കിലും ഖത്തർ സ്റ്റേഡിയത്തിൽ പാതിരാക്കൊന്നു മല്ലായിരുന്നു.
ഇത് ബല്ലാത്ത ജാതി ഫുഡ്ബോൾ തന്നെയെന്ന് തീർച്ചയായും അവർ കണക്കുകൂട്ടിയിട്ടുണ്ടാകും.
ഒരു പാതിരാ ഫുട്ബോൾ!
അതും ലേഡീസ്!
പർദ്ദയും നിക്കാബും ധരിക്കുന്നവർ!
"മിടുക്കിയാണല്ലോ!" -അവസാനം അവർ അവൾക്ക് മുദ്രചാർത്തി.
*******************
2023 ജനുവരി 5 വ്യാഴാഴ്ചയായിരുന്നു വളവന്നൂർ ബാഫഖി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിലെ Annual Sports Meet. തലേ ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പല മത്സരങ്ങളുടെയും ഫൈനൽ അരങ്ങേറിയതും അന്നുതന്നെ. കൊടുങ്കാറ്റായി AIRE യും ജലപ്രവാഹമായി AGUA യും അഗ്നിയായി FUEGO യും ശിലയായി ROCA യും വീറോടെ വാശിയോടെ അണിനിരന്നപ്പോൾ, OLYMPICO; ON YOUR TRACK ചരിത്രത്തിൽ പുതിയ ഒരിടം കണ്ടെത്തുകയായിരുന്നു. പ്രസ്തുത വേദിയിൽ ഞാനും സാക്ഷിയാകാനെത്തിയിരുന്നു, അൽഹംദുലില്ലാഹ്. കഴിഞ്ഞ ആറു വർഷക്കാലം മത്സരാർത്ഥിയായും ക്യാപ്റ്റനായും സപ്പോർട്ടറായും പങ്കെടുത്ത ബാഫഖി സ്പോർട്സിൽ ഇത്തവണ ഒരു കാണി മാത്രമായിരുന്നു. അതൊട്ടും രസകരമായിരുന്നില്ല. കാരണം തനിക്കായി മത്സരങ്ങളും താൻ പ്രതിനിധീകരിക്കുന്ന ഒരു ടീമും ഉണ്ടാകുമ്പോഴേ ത്രില്ലുണ്ടാകൂ. നിഷ്പക്ഷയായി എല്ലാം വീക്ഷിക്കേണ്ടിവരിക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എങ്കിലും എല്ലാം ആസ്വദിച്ചു. വിദ്യാർത്ഥികളുടെ ജയ പരാജയങ്ങളിൽ ഞാൻ നിർവികാരയായി നിലകൊണ്ടു. കാരണം ഞാൻ team- less ആണല്ലോ.
സമയം പാതിരയോടടുക്കുന്നു. ആവേശകരമായ വടംവലി മത്സരം നടക്കാനിരിക്കുന്നു. ടീമുകളെല്ലാം സജ്ജമായി. നീല പതാകവാഹകരായ AGUA ടീമിൽ പതിനൊന്നാംഗ സംഘത്തിൽ ഒരാളുടെ കുറവുണ്ട്. അത് മറ്റാരുമായിരുന്നില്ല,സാക്ഷാൽ ലുബാന തന്നെ! ടീം ക്യാപ്റ്റനും മറ്റംഗങ്ങളും അന്വേഷിക്കുന്നുണ്ട്,കൂടെ ഞാനും.
വൈകാതെ അവൾ സന്നിഹിതയായി. പാവം,ക്ഷീണിച്ചുറങ്ങുകയായിരുന്നുവത്രേ.
അതുകഴിഞ്ഞ് ഫുട്ബോൾ ഫൈനൽ. ലുബാനയുടെ ടീം തന്നെയാണ് ഒരു പക്ഷത്ത്. മറുപക്ഷത്ത് ടീം AIRE.
വാശിയേറിയ കളിയിൽ ലുബാന സബ്സ്റ്റിറ്റ്യൂട്ടായി കളിച്ചു. കളിയാരംഭിച്ചതും തന്റെ തലയിലും തഥൈവ കാൽപാദത്തിലും പന്ത് വളരെയധികം ശക്തിയോടെ വന്നു പതിച്ചു. തന്റെ കാലിന് സാരമായി കൊണ്ടിട്ടുണ്ടെന്ന് മനസ്സിലായെങ്കിലും തന്റെ ടീമിനുവേണ്ടി അവസാനം വരെ ഊർജ്ജസ്വലതയോടെ അവൾ പോരാടി. തീർച്ചയായും ഇവർക്കെല്ലാം ഒരു സ്പോർട്സ് അക്കാദമിയിൽ നല്ല ഭാവിയുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. ശഹാമ, മർവ മുനീർ, അൻശിദ ശെറിൻ, മിൻഷ, ശബ്ന.ആർ.എ... അങ്ങനെ പലരും. മുൻപ് നടന്ന മത്സരങ്ങളിലേറ്റ പരിക്കു കാരണം ഫൈനലിലിറങ്ങാൻ സാധിക്കാത്തവരുമുണ്ട്. ഫാത്തിമ ശാന.കെ.വി, മുഹ്സിന.വി.കെ... തുടങ്ങിയവർ. ലീവെടുത്ത കാരണം തീരെ പങ്കെടുക്കാൻ കഴിയാത്ത, കളിയിലേറ്റ പരിക്കു മൂലം കളം വിടേണ്ടിവന്ന മറ്റു വിദ്യാർത്ഥികളെയും ഈയവസരത്തിൽ പ്രത്യേകം സ്മരിക്കുന്നു.
ഏകദേശം പാതിരാപിന്നിട്ട് ഒരു മണിയോടെ കായിക മാമാങ്കത്തിന് തിരശ്ശീല വീണു. സർവ്വരും ക്ഷീണിതരായി മയക്കത്തിലേക്ക് വീണു. ഏറെ വൈകി ഞാനും.
പുലർച്ചയാണ് ആ വാർത്ത വേദനയോടെ കേട്ടത്. തലേന്ന് രാത്രിയിൽ കാലുവേദന കാരണം ലുബാന ഉറങ്ങിയില്ലെന്നും കരയുകയായിരുന്നുവെന്നും.
സമയം വീണ്ടും മുന്നോട്ടു നീങ്ങി.ഒമ്പതുമണിയോടെടുത്തു. കാലിൽ വീക്കം വന്നിട്ടുണ്ടെന്നും നിലത്തു വെക്കാൻ സാധിക്കുന്നില്ലെന്നും വീട്ടിൽ പോകണമെന്നും അവൾ അറിയിച്ചു.
വീട്ടിൽ വിളിച്ചറിയിച്ചപ്പോൾ നല്ല മറുപടി കിട്ടി. "നീയായിട്ട് ഉണ്ടാക്കിയതല്ലേ, അവിടെത്തന്നെ ഇരുന്നോ" എന്ന് ഉമ്മ. ഏതൊരുമ്മയും പറയുന്നതുപോലെ സ്വാഭാവികം. എങ്കിലും ഉപ്പയുടെ തിരക്ക് കഴിഞ്ഞ് ജുമുഅക്ക് ശേഷം വരാമെന്നും സമീപപ്രദേശത്തുകാരിയായ എന്നെയും കൂടെ കൂട്ടാമെന്നും പറഞ്ഞു.
എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. ഉപ്പാക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതിനാൽ വളവന്നൂരിൽ നിന്ന് ഓട്ടോ വിളിച്ച് പടപ്പറമ്പ് ജനത ക്ലിനിക്കിൽ എത്തിച്ചേരാൻ ഞങ്ങളോടാവശ്യപ്പെട്ടു.
തദടിസ്ഥാനത്തിൽ ഉച്ചക്ക് പന്ത്രണ്ടരയോടെ ഞങ്ങൾ പുറപ്പെട്ടു. വഴിയിൽവെച്ച് ലുബാനയുടെ സ്വദേശമായ പള്ളിപ്പറമ്പിൽ നിന്നും അവളുടെ ഉമ്മയെയും കയറ്റി ഏകദേശം 1:15 pm നോടടുത്ത് പടപ്പറമ്പെത്തി. എന്റെ വീടിനുമുന്നിൽ എന്നെ ഇറക്കിയതിനു ശേഷം അവർ ക്ലിനിക്ക് ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി.
********************
എന്റെ വീട്ടിൽ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ ക്ലിനിക്കിലേക്ക്. അങ്ങനെ ഞാനും അവരുടെ അടുക്കലെത്തി. അല്പം കഴിഞ്ഞ്, ജുമുഅ നിസ്കാരത്തിനു ശേഷം അവളുടെ ഉപ്പയുമെത്തി. എന്തായിരിക്കും പറയുകയെന്ന് ആകാംക്ഷയോടെയും ആശങ്കയോടെയും കാത്തിരുന്ന ഞങ്ങളോട് ചെറുതായൊന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. ശേഷം കാൽപാദത്തിൽ ഒന്നു തൊട്ടു നോക്കി.
രണ്ടുമണിക്ക് ഡ്യൂട്ടി ആരംഭിക്കേണ്ട ഡോക്ടർ അല്പം വൈകുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടര കഴിഞ്ഞാണെത്തിയത്. ആദ്യ ടോക്കണായിരുന്ന ലുബാനയെ കണ്ട പാടെ എക്സ്റേ എടുത്തു വരാനാവശ്യപ്പെട്ടു. മിക്കവാറും അതുവേണ്ടിവരുമെന്ന് അവൾ മുൻകൂട്ടി പറഞ്ഞിരുന്നു.
അതിനുവേണ്ടി വീൽചെയറിലിരുത്തി റോഡിനു എതിർവശത്തുള്ള കെയർ വെൽ ക്ലിനിക്കിന്റെ എക്സ്റേ ലാബിലേക്ക് നീങ്ങി. മിനുട്ടുകൾക്കകം എക്സ്റേ റെഡി!
പൊട്ടലുകളൊന്നും ഇല്ലാതിരിക്കട്ടെയെന്ന് ഉമ്മയും ഞാനും പ്രാർത്ഥിച്ചു. തൊട്ടടുത്ത ദിവസം നടക്കാനിരിക്കുന്ന ബാച്ച് ട്രിപ്പിനെ സംബന്ധിച്ച് പറഞ്ഞപ്പോൾ "ഇവൾ തീരെ ശ്രദ്ധിക്കാത്തതുകൊണ്ട് സംഭവിച്ചതാണിതൊക്കെ" എന്ന് ഉമ്മ കുറ്റപ്പെടുത്തി.
വീണ്ടും അവൾ ഡോക്ടറുടെ സമീപത്തേക്ക്!
ഞാൻ എന്റെ വീട്ടിലേക്കും!
വീട്ടിലെത്തിയാൽ വിളിച്ചറിയിക്കണമെന്ന് ഞാനാവശ്യപ്പെട്ടിരുന്നു. റിസൾട്ട് അറിയാൻ ഞാൻ കാത്തിരുന്നു. മണിക്കൂറിനകം അവൾ വിളിച്ചു. വലിയ കുഴപ്പമൊന്നുമില്ലെന്നറിയിച്ചു, അൽഹംദുലില്ലാഹ്. "ചതവുണ്ട്, ജോയിന്റിന് ഇളക്കം വന്നിട്ടുണ്ട്, ബാൻഡേജ് ധരിക്കണം, ഒരാഴ്ചക്കാലം കാൽ നിലത്തു വെക്കരുത്", ഡോക്ടർ പറഞ്ഞുവത്രേ.
പാവം ലുബാന! അവസാന വർഷത്തെ ക്ലാസ്മേറ്റ്സിനോടൊപ്പമുള്ള മൂന്നാർ ട്രിപ്പ് എന്തു ചെയ്യും ആവോ... നടക്കുമോ ഇല്ലയോ....? കാത്തിരുന്നു കാണാം.😎
#annualsportsmeet
#bafakhywafiyya
#football
#lubanath
😍
ReplyDelete😍
Deleteua gud nme plz
Post a Comment
Share your thoughts