കഴിഞ്ഞയാഴ്ച നടത്തിയ കാളികാവ് ഹിമ കെയർ ഹോം സന്ദർശനമാണ് ഈ പുസ്തകം മനസ്സുതുറന്ന് വായിക്കുന്നതിലേക്ക് എന്നെ നയിച്ചത്. പുസ്തകമന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല.സ്വന്തം വീട്ടിൽ തന്നെയുണ്ട്. 2016ലെ ഫസ്റ്റ് എഡിഷൻ ആ വർഷത്തിൽ തന്നെ വീട്ടിലെത്തിയിട്ടുണ്ട്. ശേഷം നാലു വർഷങ്ങൾക്കിപ്പുറം 2020ൽ പ്രസ്തുത പുസ്തകം ഞാൻ വായിച്ചു തുടങ്ങിയിരുന്നു. പക്ഷേ പൂർത്തിയാക്കിയിട്ടില്ല.


എ പി ബാബു ഹാജി! നാടുണർത്തിയ ജീവിതനിയോഗം തന്നെ! 
1932ൽ ജനിച്ച മുഹമ്മദ് എന്ന ബാപ്പുവിനെകൂടാതെ അടക്കാക്കുണ്ടിന്റെയും കാളികാവിന്‍റെയും സാംസ്കാരിക, രാഷ്ട്രീയ, പ്രാദേശിക, വികസന ചരിത്രം പൂർണമാവില്ലൊരിക്കലും.

കൃഷിയാവശ്യാർത്ഥം അടക്കാക്കുണ്ടിലെത്തിയ അഹമ്മദാജിയുടെ മകൻ ഹൈദ്രുവിന്റെയും പൗരപ്രമുഖനും പണ്ഡിതനും ആയിരുന്ന പൊറ്റയിൽ മരക്കാർ മുസ്‌ലിയാരുടെ മകൾ ഫാത്വിമയുടെയും മകനായി ബാപ്പു ജനിച്ചു. എന്നാൽ തന്റെ ഇളം പ്രായത്തിൽ തന്നെ അഥവാ 1942ൽ അദ്ദേഹത്തിൻറെ പത്താം വയസ്സിൽ പിതാവ് മരണപ്പെട്ടു.പിന്നീട് പിതാമഹൻ അഹ്മദാജിയായിരുന്നു രക്ഷാധികാരി.

പിതാവിൻറെ വിയോഗ ശേഷം വല്യുപ്പയെ കൃഷിയിൽ സഹായിച്ചത് ബാപ്പു ഹാജിയായിരുന്നു. അങ്ങനെ അദ്ദേഹവും എല്ലാം പഠിച്ചു. യുവാവായിരിക്ക തന്നെ രാഷ്ട്രീയ-സംഘടനാ ജീവിതമാരംഭിച്ചു. അങ്ങനെ അക്കരപ്പീടിക മുഹമ്മദ്, കാളികാവിലെ മുസ്ലിം ലീഗിൻറെ പര്യായവും സമസ്തയുടെയും പാരമ്പര്യ സുന്നി ആദർശത്തിന്റെ അജയ്യനായ സഹയാത്രികനുമായിത്തീർന്നു.

കേരളക്കരയിലെ ഒട്ടുമിക്ക ജനപ്രതിനിധികളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. തന്റെ പാർട്ടിയിലും ആദർശത്തിലും ഉറച്ചുനിന്ന് മറ്റുള്ളവരെയും ചേർത്തുനിർത്തി. തന്റെ നാട്ടിലെയും സമീപപ്രദേശങ്ങളിലും ആത്മീയ വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുകയും അകമഴിഞ്ഞു സഹായിക്കുകയും ചെയ്തു.

കാളികാവിലെ ഇടതു രാഷ്ട്രീയ മേധാവി സഖാവ് കുഞ്ഞാലി അദ്ദേഹത്തിൻറെ ആത്മസുഹൃത്തായിരുന്നു. കഴിഞ്ഞ ദിവസം യാത്ര മടങ്ങവേ വഴിയിൽ വെച്ച് സഖാവ് കുഞ്ഞാലിയുടെ പ്രതിമ കണ്ടതോർക്കുന്നു. ഈ ഗ്രന്ഥത്തിൽ പലയിടങ്ങളിലായി പരാമർശിക്കപ്പെടുന്ന കുഞ്ഞാലിയെ 'സുൽത്താൻ വാരിയംകുന്നൻ' എന്ന ഒ.റമീസ് മുഹമ്മദ് രചിച്ച ഗ്രന്ഥത്തിലും ദർശിക്കാവുന്നതാണ്.

കാളികാവ്, അടക്കാക്കുണ്ട് എന്നീ പ്രാദേശിക നാമങ്ങളുടെ പൊരുൾ അറിയാനും ഈ ഗ്രന്ഥം സഹായിച്ചു.

അശരണർക്ക് ഒരാശ്രയമായി
വിനയാന്വിതനായി
ഉദാരമനസ്കനായി
സർവ്വശക്തനിൽ സർവ്വം സമർപ്പിച്ച് 
വിട പറഞ്ഞു പോയ മഹാമനീഷി !

ഒരു ജനതയുടെ അസ്ഥിത്വം വീണ്ടെടുക്കാൻ ജീവിതം സമർപ്പിച്ച
നേതൃ സുകൃതങ്ങൾക്കൊപ്പം സഹയാത്ര നടത്തിയ എ.പി ബാപ്പു ഹാജി ഇന്ന് ആറടി മണ്ണിൽ വിശ്രമിക്കുകയാണ്. അല്ലാഹുവേ അവിടുത്തെ ദറജകൾ ഉയർത്തണെ ആമീൻ.

അദ്ദേഹത്തിൻറെ വേർപാടിന് ശേഷം വായിക്കാനിടയായ, മുജീബ് റഹ്മാൻ ചുങ്കത്തറ രചിച്ച അനുസ്മരണ കവിത ഞാൻ എന്റെ ജേണലിൽ പകർത്തിയിട്ടുണ്ട്. താഴെ ചേർക്കുന്നു.

 *ഫിർദൗസ് വാങ്ങി മടങ്ങിയ മുസാഫിർ*

ഈ സത്രത്തിൽ ഇത്തിരി നേരം
തങ്ങുവാനെത്തിയ യാത്രികൻ, 
കെട്ടുപോയ ചിരാതുകളിൽ തിരികൊളുത്തി,
ചുറ്റും വെട്ടിത്തെളിച്ചു വെട്ടം വരുത്തി, 
പോകും വഴികളിൽ വിളക്കുമരങ്ങൾ നട്ടു.

പാഥേയമായി കൂടെക്കരുതിയ,
നെഞ്ചിന്റെ കൂടയിലെ
നനവുള്ള നന്മയുടെ വിത്തുകൾ
ചുറ്റിലും പാകി നാട്ടുനനച്ചു വളർത്തി.

കാലത്തിൻ വെയിലേറ്റു വിളർത്തു ചുളിഞ്ഞ്
കനവറ്റു ഒറ്റക്കു വന്ന പഥികർക്ക്
'ഹിമം' പോലെ കുളിരുള്ള
തീർത്ഥം കൊടുത്തു കൂടെ നിർത്തി.

മുറ്റത്തു നട്ട
അക്ഷരപ്പൂവനത്തിൽ
പൂമ്പാറ്റകളെത്തുന്നതു കണ്ടു
കണ്ണുകൾ ചിരിച്ചു.

അങ്ങനെ ആ മുസാഫിർ
തിരിച്ചുപോകും നേരം
സത്രത്തിന്റെ മാലിക്ക്
ഫിർദൗസിന്റെ താക്കോൽ
ഇഷ്ടദാനം കൊടുത്തു.

(ശുഭം)




Post a Comment

Share your thoughts

Previous Post Next Post