അശരണർക്കന്നം
24-12-22
ശനി
ഉച്ചക്ക് രണ്ടര കഴിഞ്ഞ് ഞങ്ങൾ 'ഹിമ'യിലെത്തി. ഹിമയെന്നു പറയുമ്പോൾ തന്നെ മനസ്സിലായിക്കാണുമല്ലോ...
ആരോരുമില്ലാത്തവർക്ക് എല്ലാമായിത്തീരുന്ന ഹിമ...
ആലംബഹീനർക്ക് അത്താണിയാകുന്ന ഹിമ...
അശരണർക്ക് ആശ്വാസവും ആനന്ദവും പകരുന്ന ഹിമ...
ഹിമ എന്ന അറബി പദം ദ്യോതിപ്പിക്കുന്നതും അതുതന്നെയല്ലോ.
ഞങ്ങളെ കൂടാതെ മറ്റു സന്ദർശകരും അവിടെയുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പ് ഒരുമിച്ച് ഹജ്ജ് യാത്ര നടത്തിയ ഒരുപറ്റം സ്ത്രീപുരുഷന്മാരായിരുന്നു അവർ. സംഗമത്തിന്റെ ഭാഗമായി ഹിമയിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം ഏർപ്പാടാക്കിയിട്ടുമുണ്ട്. നിഷ്കളങ്കരായ അന്തേവാസികൾക്കും ആത്മാർത്ഥരായ ജീവനക്കാർക്കുമൊപ്പം ഒരുമിച്ചിരുന്ന് ഒരു നേരത്തെ ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് അവരുടെ സംഗമത്തിന് മാറ്റുകൂട്ടുന്നത്. അല്ലാഹുവേ പ്രതിഫലം നൽകണേ ആമീൻ.
വളരെയധികം ശാന്തമാണ് അവിടം. മരങ്ങളാൽ ചുറ്റപ്പെട്ട ഒരു പരിസ്ഥിതിയിൽ ഏതാനും ചില കെട്ടിടങ്ങൾ... മെയിൻ എൻട്രൻസിനോട് ചേർന്ന് വലതുവശത്തായി നമസ്കാര സ്ഥലം... മസ്ജിദിന് പിറകിലായി ഡൈനിങ് ഹാൾ, കാന്റീൻ, സ്റ്റോർ തുടങ്ങിയവ... അതിനോട് ചേർന്ന് ഏതാനും ചെറിയ വില്ലകൾ... ഗാർഡൻ... ഫിഷ് അക്കോറിയം...മെഡിക്കൽ സംവിധാനങ്ങളോടു കൂടിയ മറ്റൊരു ബിൽഡിംഗ്...ഇതെല്ലാമാണ് പ്രത്യക്ഷത്തിലെ കാഴ്ചകൾ...
പതിയെ ഞങ്ങൾ മുന്നോട്ടു നീങ്ങി.പ്രായം ചെന്നവരും അല്ലാത്തവരുമായ അഞ്ചോളം പേർ (പുരുഷന്മാർ) ഭക്ഷണം കഴിച്ച് ഡൈനിങ് ഹാളിനു മുന്നിലെ കസേരകളിലിരുന്ന് സംസാരിക്കുന്നു.എന്തെല്ലാമായിരിക്കും അവർ പങ്കുവെക്കുന്നുണ്ടാവുക....??
അല്പം മുമ്പ് ആവേശത്തോടെ കഴിച്ച ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചോ അതോ വീട്ടിലാണെങ്കിൽ ഇതിനേക്കാൾ രുചികരമായ വിഭവം കാണുമല്ലോ എന്നായിരിക്കുമോ...?
"അതൊന്നും പറയാതെഡാ..ഓൽക്ക് മ്മളെ വേണ്ടാഞ്ഞിട്ടല്ലേ" എന്നു പറഞ്ഞ് മറ്റൊരാൾ ആശ്വസിപ്പിക്കുന്നുണ്ടായിരിക്കില്ലേ...?
"പള്ള നർച്ചും പ്ന്നെം ബെയ്ച്ചണം ന്നൊക്കെ ബിചാര്ച്ചീന്. പച്ചേങ്കില് പണ്ട് പൊര്ക്കാരൊപ്പം കല്യാണത്തിന് പോയ്‌തും തിന്നതും എല്ലങ്കൂടി ഓർമ്മന്നപ്പോ എല്ലം പോയ്... പിന്നെങ്ങട്ട് ബെയ്ച്ചിട്ടും ബെയ്ച്ചിട്ടും കജ്ജ്ണില്ല..ദെത്താപ്പോ ചെജ്ജാ... വിധി ഇതൊക്കെത്തന്നെ...അല്ലാണ്ടെന്ത് പറയാനാ... പടച്ചോനേ ഇജ് കാക്ക്..."
"ഇന്കെയ് ബടെ സൊർഗാ. ഞമ്മക്ക്ബടെ എല്ലാണ്ടല്ലോ... ങ്ങള് ങ്ങനെ ബെസമിക്ക്ണന്ത്നാ...", ഒരുപക്ഷേ കൂട്ടത്തിലെ കാരണവർ മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നുണ്ടായിരിക്കാം.
"ന്നാലും........." എന്നു പറഞ്ഞവനും ഉണ്ടാകാനിടയില്ലേ..
തങ്ങളെ സന്ദർശിക്കാനെത്തിയവരെ കണ്ട് ഒരുപക്ഷേ അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകാം. അല്ലെങ്കിൽ അമർഷം കടിച്ചമർത്തിയിട്ടുണ്ടാകാം. മറ്റാരെയും ഓർത്തിട്ടില്ല. തന്റെ കുടുംബത്തെയോർത്ത്.... കുടുംബാംഗങ്ങളെയോർത്ത്.... ബന്ധുമിത്രാദികളെയോർത്ത്.... നാട്ടുകാരെയോർത്ത്.... അയൽപക്കക്കാരെയോർത്ത്.....
എങ്കിലും ബാഹ്യവീക്ഷണത്തിൽ ഞാൻ വായിച്ചെടുത്തത് അവരെല്ലാവരും സന്തുഷ്ടരാണെന്നാണ്. അല്ലെങ്കിലും ഏറെക്കാലമായി ഹിമയിൽ അന്തിയുറങ്ങുന്ന, സ്വപ്നങ്ങൾ മറന്നുപോയ, ഭാവിയെക്കുറിച്ച് ആകുലതകൾ ഇല്ലാത്ത ഇവരെന്തിനു ദുഃഖിക്കണം, വർത്തമാനകാലം ഭാസുരമാക്കുക തന്നെയല്ലേ വേണ്ടത്.അതാണ് ബുദ്ധിപരവും. ജീവിക്കും കാലം സന്തോഷത്തോടെ ജീവിക്കട്ടെ. അല്ലാഹുവേ സന്തോഷം നിലനിർത്തണെ ആമീൻ.
അപ്പോഴാണ് മോണകാട്ടിച്ചിരിച്ച്, നഗ്നപാതനായി, ഒരു വല്ലിപ്പ നടന്നുവരുന്നത് കണ്ടത്. അദ്ദേഹം എങ്ങോട്ടാണ് വരുന്നത്? എന്റെ ഊഴം തെറ്റിയില്ല. എന്റെ സഹോദരപുത്രി, ഒരു വയസ്സുകാരി 'ഹനിയ'യുടെ അടുത്തേക്കായിരുന്നു.
പ്രായാധിക്യം കൊണ്ട് ചുളിവുകൾ വീണ മുഖം.. പല്ലുകളെല്ലാം കൊഴിഞ്ഞു പോയതോ എന്തോ.. ഒന്നു പോലും വായയിലില്ലെന്ന് തോന്നുന്നു. എങ്കിലും, ആ മുഖത്തെ ചിരി മാരിവില്ലിന്റെ ഏഴഴകിൽ വിരിഞ്ഞതുപോലെ.. ഹൃദ്യം...സുന്ദരം... മനോഹരം...
കുഞ്ഞു ഹനിയ തീർച്ചയായും അദ്ദേഹത്തിന്റെ മനസ്സിനകത്ത് ഓർമ്മകളുടെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു കാണും.
തന്നെ ലക്ഷ്യമാക്കി വരുന്ന വല്ലിപ്പ അടുത്തെത്തിയതും അവൾ ഉറക്കെ വിളിച്ചു, "പ്പപ്പാ..."
അദ്ദേഹം ചിരിച്ചു കൊണ്ടേയിരുന്നു. ഒരുപക്ഷേ തന്റെ സ്വന്തം മക്കളുടെ ഇളം പ്രായം ഓർത്തുപോയിട്ടുണ്ടാകാം.അരികിലൂടെ ഓടിക്കളിച്ചിരുന്ന പേരക്കിടാങ്ങളെ ഓർത്തിട്ടാകാം.അല്ലെങ്കിൽ ആരുമില്ലാത്ത എനിക്ക് ഇവരെല്ലാം ഉണ്ടല്ലോ എന്ന ആശ്വാസത്തിൽ ഉയിർകൊണ്ട ചിരിയാകാം..ചിന്തകൾ എന്നിൽ മാറിമറിഞ്ഞു.
ചുവന്ന മാക്സിയും ഷാളും ധരിച്ച, തടിച്ച പ്രകൃതമുള്ള, മധ്യവയസ്സു കഴിഞ്ഞുകടന്നിട്ടില്ലാത്ത ഒരു സ്ത്രീ ഞങ്ങളുടെ അരികിലൂടെ നടന്ന് ഒരു വില്ലയിലേക്ക് കയറിപ്പോയി. ഹിമയിലെ ജീവനക്കാരിയായിരിക്കും, ശുശ്രൂഷക്ക് പോവുകയായിരിക്കും എന്നാണു ഞാൻ ധരിച്ചത്. എന്നാൽ തെറ്റിപ്പോയിരിക്കുന്നു! അവരും ഇവിടുത്തെ അന്തേവാസി തന്നെയത്രെ.
വിരലിലെണ്ണാവുന്ന വില്ലകൾ മാത്രമേ നിലവിലുള്ളൂ. എല്ലാം ഒരുപോലെതന്നെ. മുൻവശത്ത് ഓപ്പൺ സിറ്റൗട്ട് കാണാം. ഉള്ളിലേക്ക് പ്രവേശിക്കാത്തതിനാൽ അവിടുത്തെ സൗകര്യങ്ങൾ കൂടുതലറിയില്ല. വാഷ്റൂമുകളോടു കൂടിയ മുറികളായിരിക്കും എന്നു ഞാൻ മനസ്സിലാക്കുന്നു. വീൽചെയർ, സ്‌ട്രെച്ചർ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ അവിടെ കണ്ടു.
മറ്റൊരു സവിശേഷത കൂടിയുണ്ട്. അതാണു വില്ലകളെ വ്യത്യസ്തമാക്കുന്നത്. ഓരോ വില്ലകൾക്കും ലോട്ടസ്, റോസ് തുടങ്ങി പൂക്കളുടെ പേര് നൽകിയിരിക്കുന്നു. കൂടെ സ്പോൺസർഷിപ്പും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
ശേഷം യൂണിഫോം ധാരിയായ സ്ത്രീയോടൊപ്പം മറ്റൊരു കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ചു. അവിടെ കണ്ട കാഴ്ച വേദനിപ്പിക്കുന്നതും അതിലേറെ ചിന്തിപ്പിക്കുന്നതുമായിരുന്നു. പൂർണ്ണമായും പരാശ്രിതരായ രോഗികൾ കട്ടിലുകളിൽ കിടക്കുന്നു... ചിലർ ഉണർന്നും മറ്റു ചിലർ കണ്ണടച്ചും... അല്ലാഹുവേ ഖൈർ നൽകണേ ആമീൻ.
ഇനി ഹിമയുടെ ശില്പിയെ അന്വേഷിക്കാം. അത് മറ്റാരുമല്ല, മർഹും ബാപ്പു ഹാജി തന്നെ! ഏക്കർ കണക്കിന് വരുന്ന തന്റെ കമുകു തോട്ടം ദീനിനും ആഖിറത്തിനും സമ്മാനിച്ചവർ! ഇന്നവർ അന്ത്യവിശ്രമത്തിലാണ്,ഹിമയുടെ എതിർവശത്ത് സ്ഥിതി ചെയ്യുന്ന സി.ഐ.സി വാഫി പിജി ക്യാമ്പസിലെ മസ്ജിദിന് മുന്നിൽ ഇടതുവശത്തായി. അല്ലാഹുവേ മഗ്ഫിറത്തും മർഹമത്തും നൽകണേ ആമീൻ. എന്നാൽ ജനമനസ്സുകളിൽ അവർക്ക് മരണമില്ലൊരിക്കലും.
അങ്ങനെ ഒരു മണിക്കൂറിലധികം അവിടെ ചെലവഴിച്ചു. ശേഷം മടങ്ങി. വെറുമൊരു മടക്കമായിരുന്നില്ല. മറിച്ച്, വികാരസമ്മിശ്രമായ തിരിച്ചുപോക്ക്.. യാഥാർത്ഥ്യങ്ങളുടെ വെളിച്ചക്കീറുകളുമായി.. തിരിച്ചറിവിന്റെ എരിയുന്ന തിരിയുമായി...
വാഫി പി.ജി ക്യാമ്പസ് മെയിൻ ഗേറ്റ്, ക്യാമ്പസ് ബിൽഡിങ്, അർഹാം ഹോസ്റ്റൽ, ക്യാമ്പസ് മസ്ജിദ് തുടങ്ങിയവ പുറമേ നിന്ന് വീക്ഷിച്ചും നിരീക്ഷിച്ചും ബാപ്പു ഹാജിയെ അനുസ്മരിച്ചും ഫാതിഹ ഓതിയും വാഹനം പതിയെ മുന്നോട്ട് നീങ്ങി.
കവുങ്ങുകളാലും റബ്ബർ തോട്ടങ്ങളാലും ഇട തിങ്ങിയ പ്രദേശം. ജനവാസമുണ്ടെങ്കിലും പീടികകളും അങ്ങാടികളും നന്നേ കുറവ്. പറമ്പുകളിലും തൊടികളിലും തങ്ങിനിൽക്കുന്നതും ഒഴുകുന്നതുമായ നീരുറവകൾ വെള്ളത്തിന്റെ സുലഭ്യതയെക്കുറിച്ച് പറയാതെ പറഞ്ഞു.അന്തരീക്ഷം ചൂടുപിടിക്കുന്നില്ല. സദാസമയവും തണുപ്പ് അനുഭവപ്പെടുന്നുമുണ്ട്. അധികം വീതിയില്ലാത്ത ടാറിട്ട റോഡിലൂടെ ഞങ്ങൾ സഞ്ചരിച്ചു.
#kalikavu
#fam
#voyage
Post a Comment
Share your thoughts