ഗൃഹാതുരത്വമുറങ്ങുന്നയിടങ്ങളിലൂടെ ഒരിക്കൽ കൂടി...


ഏകദേശം 2010ൻ്റെ മദ്ധ്യകാലം മുതൽ 2016  മദ്ധ്യം വരെ കൃത്യമായി പറഞ്ഞാൽ ജൂണിൽ തുടങ്ങി അഞ്ചുവർഷം പിന്നിട്ട് 2016 മാർച്ച് വരെ എൻറെ വിജ്ഞാന കേന്ദ്രം എവിടെയായിരുന്നുവോ,അവിടത്തേക്കൊരു തിരിഞ്ഞുനടത്തം. കൺതുറന്ന് അതോടൊപ്പം ഉള്ളുതുറന്ന് എല്ലാം ഒരിക്കൽ കൂടി ആസ്വദിച്ചു.


മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മങ്കട ഉപജില്ലാതല ശാസ്ത്രോത്സവം വീക്ഷിക്കുന്നതിന് വേണ്ടി ഞാനും ആവേശത്തോടെ പുറപ്പെട്ടു. മറ്റെങ്ങോട്ടുമല്ല, ചെറുകുളമ്പ് ഐ കെ ടി ഹയർ സെക്കൻഡറി സ്കൂളിലേക്ക്! അതായിരുന്നു എൻറെ ഏരിയ, ആറു വർഷത്തോളം!


ശാസ്ത്രമേള നടക്കുന്നുണ്ടെന്നറിഞ്ഞതുമുതൽ മനസ്സിൽ ആഗ്രഹമുദിച്ചിരുന്നു, തീർച്ചയായും പോകണം... എല്ലാം കാണണം... തനിച്ച് പോകുന്നതിനേക്കാൾ ഹരം കൂടെ ഒരാൾ ഉണ്ടാകുമ്പോഴാണല്ലോ. ആരെ കൂടെ കൂട്ടും?.... 20/10/22 വ്യാഴം ആയതിനാൽ എല്ലാവരും തിരക്കിലായിരിക്കും, പഠനം ജോലി അങ്ങനെ പലതും.


പോകും മുമ്പ് സന്ദർശനാനുമതി ഉറപ്പുവരുത്തണം. എൻ്റെ പത്താം ക്ലാസിലെ സോഷ്യൽ സയൻസ് ടീച്ചറും അയൽവാസിയുമായ ഷഹബാൻ ടീച്ചർ വാട്സ്ആപ്പ് വഴി സന്ദർശനം പറ്റും എന്ന് അറിയിച്ചു. സന്തോഷമായി.


അങ്ങനെയിരിക്കെയാണ് ഇത്തയുടെ മകൾ ഹുദ വീട്ടിലെത്തിയത്. മക്കരപ്പറമ്പ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണവൾ. അന്ന് അവൾക്ക് സ്കൂൾ അവധിയായിരുന്നു, അവരുടെ ബാച്ചിലെ വിദ്യാർത്ഥിനി അസുഖബാധിതയായി മരണപ്പെട്ടതു കൊണ്ട്.


"മോൾട്ടി..., നമുക്ക് ഐ കെ ടി യിൽ പോകാം. നീ വരുന്നോ?" 

"ഓ പിന്നല്ലാതെ, അയാം റെഡി!"


അവളുടെ സുഹൃത്തുക്കളും മത്സരിക്കുന്നുണ്ട് എന്നുകൂടി അവൾ കൂട്ടിച്ചേർത്തു. അവളുടെ സ്കൂളും മങ്കട ഉപജില്ലയിൽ ഉൾപ്പെട്ടതിനാൽ.


സമയം ഉച്ച തിരിഞ്ഞിട്ടുണ്ട്. ഉടനെ പടപ്പറമ്പ് ടൗണിലെ ബസ് സ്റ്റോപ്പിലെത്തി. ചട്ടിപ്പറമ്പ് വഴി മലപ്പുറം പോകുന്ന ബസ് അവിടെ നിൽപ്പുണ്ടായിരുന്നു. പക്ഷെ പോകാറായിട്ടില്ല. അതിനു മുൻപ് കോട്ടക്കലിലേക്ക് പോകുന്ന ബസ്സു വന്നാൽ അതിൽ കയറാമെന്ന തീരുമാനത്തിൽ ആ ബസ്സിൽ കയറിയില്ല. അടുത്ത നിമിഷം തന്നെ പെരിന്തൽമണ്ണ-കോട്ടക്കൽ ബസ്സു വന്നു. നല്ല തിരക്കായിരുന്നെങ്കിലും വേഗം എത്തുന്നതിനായി രണ്ടുപേരും അതിൽ കയറിപ്പറ്റി.


പതിമൂന്നു രൂപ മിനിമം ചാർജ് നൽകി ചെറുകുളമ്പ് സ്കൂൾപടിയിൽ ഇറങ്ങി. റോഡ് ക്രോസ് ചെയ്തു മുന്നോട്ടു നടന്നു. എൻറെ ഹൈസ്കൂൾ മാത് സ്  അധ്യാപകനും നിലവിലെ സ്കൂൾ പ്രിൻസിപ്പാളുമായ മധുകൃഷ്ണ സാർ റോഡരികിൽ തന്നെ കുട്ടികളെ നിയന്ത്രിക്കുന്നുണ്ടായിരുന്നു. കൂടെ മറ്റു അധ്യാപകരും ഉണ്ട്. കണ്ടതിൽ  വളരെയധികം സന്തോഷം.


ഞങ്ങൾ വേഗത്തിൽ നടന്നു. നേരെ ഹൈസ്കൂളിൽ ചെന്ന് കയറി. ഓരോ ക്ലാസ്സ് റൂമുകളും കയറിയിറങ്ങി. ചിലയിടങ്ങൾ ശൂന്യമായിട്ടുണ്ട്. മത്സരം കഴിഞ്ഞ് മടങ്ങിയതാണെന്നു തോന്നുന്നു.


സോഷ്യൽ സയൻസ് ഫെയർ ആണ് ഇവിടെ നടക്കുന്നത്. എസ്.എസ് സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ അങ്ങനെ പലതും... തെർമോക്കോളിൽ തീർത്ത പാർലമെൻറ് മന്ദിരം അതിഗംഭീരം തന്നെ!


റെയിൻ ഹാർവെസ്റ്റിംഗ് സ്റ്റിൽ ആൻഡ് വർക്കിംഗ് മോഡൽ കാണാനിടയായി. അതെന്നെ ഗതകാല സ്മരണകളിലേക്ക് നയിച്ചു. ഒരുവേള ഞാനും ഓർമ്മ തൻ ആഴിയിൽ താണുപൊങ്ങി.


ഞാനും ക്ലാസ്മേറ്റായിരുന്ന റിൻഷ.വി എന്നവരും 2015ലെ ഉപജില്ലാതല ശാസ്ത്രോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് എസ്.എസ് വർക്കിംഗ് മോഡലിൽ മത്സരിച്ചിരുന്നു. ശഹർബാൻ ടീച്ചറുടെ മേൽനോട്ടത്തിലായിരുന്നു എല്ലാം.


സൈക്ലോൺസ്, ആന്റിസൈക്ലോൺസ്.. ഒക്കെയായിരുന്നു പ്രദർശിപ്പിച്ചത്. കൂടെനിന്ന് സഹായിച്ച ഹാമിദിനെയും ഉവൈസിനെയും കൃതജ്ഞതയോടെ ഓർക്കുന്നു. എല്ലാവർക്കും നല്ല ഭാവി ആശംസിക്കുന്നു.


പരിയാപുരം സെൻറ് മേരീസ് സ്കൂളിൽ വെച്ച് നടന്ന ഉപജില്ലാമത്സരത്തിൽ ഞങ്ങൾ വിജയിച്ചു. അതേത്തുടർന്ന് താനൂർ ദേവദാർ സ്കൂളിൽ നടന്ന ജില്ലാതല മത്സരത്തിലും പങ്കെടുത്തു. നിറമുള്ള ഓർമ്മകൾ...


അടുത്തത് ഹയർസെക്കൻഡറി ബ്ലോക്ക്. അടിപൊളി മാത് സ് ഫെയർ അവിടെ കാണാൻ സാധിച്ചു. പലയിടങ്ങളിലായി എൻറെ അധ്യാപകരെ കണ്ടുവെങ്കിലും അവരെല്ലാം വലിയ തിരക്കിലായതിനാൽ നേരിട്ടു സംസാരിക്കാനായില്ല. പിന്നീട് യുപി സ്കൂളിലെത്തി. അഞ്ചു മുതൽ ഏഴാം ക്ലാസ് വരെ എന്നെ പോറ്റിയ ഈ കലാലയത്തിന് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. നല്ല പുരോഗതികൾ.... അവിടെയാണ് പ്രവർത്തി പരിചയമേള തൽസമയ മത്സരങ്ങൾ നടന്നിരുന്നത്.


എൻറെ പ്രഥമ വിദ്യാലയമായ പടപ്പറമ്പ് പി കെ എച്ച് എം എ എൽ പി സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും കാണാൻ സാധിക്കും എന്ന് നിനച്ചിരുന്നു. പക്ഷേ ആരെയും കാണാൻ സാധിച്ചില്ല.


എല്ലാം കഴിഞ്ഞ് ഞങ്ങൾ ഗേറ്റിനു പുറത്തെത്തി. ചിണുങ്ങിച്ചിണുങ്ങിയെത്തിയ ചാറ്റൽ മഴയും, കുടയില്ലാതെ നടക്കുന്ന ഞങ്ങളും ഗൃഹാതുരത്വത്തിന് ആക്കംകൂട്ടി.


'കടന്നാ കുടുങ്ങി' റോഡിലൂടെ വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു യാത്ര... മഴ നിന്നാലും മരം പെയ്യുമെന്ന ചൊല്ലിനെ പ്രാക്ടിക്കലാക്കിത്തരാറുള്ള ബസ്റ്റോപ്പിലെ മരത്തിനു താഴെ വീണ്ടുമൊരു നിൽപ്പ്...ഭാരമേറിയ പുസ്തക സഞ്ചിയുമേറ്റി നീണ്ട ക്യൂവിൽ നിന്ന് കാൽ കുഴയുമ്പോൾ ചെന്നിരിക്കാറുള്ള മരത്തിനു ചുറ്റുമുള്ള തടത്തിൽ വീണ്ടുമൊരു ഇരുത്തം....


A Flashback to School Life....

As an KSKMian as well as IKTian....

Flowing through the memories of Warm Days and Moments....




#ikthsscherukulamba

#kskmupscherukulamba

#sciencefair

#schoollife

Post a Comment

Share your thoughts

Previous Post Next Post