അയൽവീട്ടിലെ ഇത്ത ഉംറ യാത്രക്കൊരുങ്ങുകയാണ്. ഇൻഷാ അല്ലാഹ് ഇന്ന് പാതിരാ സമയത്ത് വീട്ടിൽ നിന്നിറങ്ങും, നാളെ രാവിലെ ഫ്ലൈറ്റ് പിടിച്ച് ളുഹ്ർ നമസ്കാരത്തിന് വിശുദ്ധ ഹറമിൽ എത്തും എന്നിങ്ങനെയാണ് കണക്കുകൂട്ടൽ. എല്ലാം റബ്ബിൽ സമർപ്പിതം! അല്ലാഹുവേ എല്ലാം റാഹത്തിലും സന്തോഷത്തിലും ആക്കണേ ആമീൻ.
യാത്രയോടനുബന്ധിച്ച് മഗ്രിബ് നിസ്കാരാനന്തരം മൗലിദ് സദസ്സൊരുക്കി. ഇത്ത തന്നെയാണ് അയൽപക്കത്തെ സ്ത്രീകളെയെല്ലാം ക്ഷണിച്ചത്. ഫാതിഹ കൊണ്ടാരംഭിച്ചു. സലാം ബൈത്ത് കഴിഞ്ഞ് മൻഖൂസ് മൗലിദിലേക്ക് പ്രവേശിച്ചു. അതിൽ അവസാന ഹദീസ് പാരായണം ചെയ്തത് അവിടുത്തെ വല്യുമ്മയായിരുന്നു.
പല്ലില്ലാത്ത മോണ കാട്ടി ചിരിക്കാറുള്ള 'മേലെപെരയിലെ വല്ല്യുമ്മ' മൗലിദ് ഓതുന്നത് കേൾക്കാൻ വലിയ ചന്തം ഉണ്ടായിരുന്നു, മാഷാ അല്ലാഹ്.
സാധാരണയായി കണ്ണട ഉപയോഗിച്ചാണ് വല്യുമ്മ ഖുർആൻ പാരായണം ചെയ്യുന്നതും മറ്റു മന്ത്രോച്ചാരണങ്ങൾ നടത്തുന്നതും. എന്നാലിന്ന്, കണ്ണടയൊന്നും കൂടാതെ വളരെയധികം ഉഷാറോടെ ഒത്തിരി ആവേശത്തോടെ ചൊല്ലുകയുണ്ടായി, മാഷാ അല്ലാഹ്.പിഴവൊന്നും കൂടാതെ മനോഹരമായ പാരമ്പര്യ ശൈലിയിൽ വേഗത്തിൽ ഓതിത്തീർത്തു. മൗലിദ് കിതാബിലേക്ക് നോക്കുന്നത് ഒരുപക്ഷേ തൻറെ ഹൃദയത്തിൽ പതിപ്പിച്ച കിതാബിലേക്കായിരിക്കാം.. കുഞ്ഞു നാളിൽ തന്നെ മനപ്പാഠമാക്കി വെച്ചിട്ടുണ്ടാകും.
തീർന്നില്ല....,അവസാനത്തെ ബൈത്ത് ചൊല്ലാനും വല്യു മ്മ ഒത്തിരി ആവേശം കാണിച്ചു.أحيى ربيع القلب شهر المولد.... എന്ന് ആരംഭിക്കുന്ന ബൈത്ത് ചൊല്ലുന്നത് കേൾക്കാൻ എന്തു രസായിരുന്നുവെന്നോ... അതിനേക്കാൾ മധുരോദരം അവിടുന്ന് ചൊല്ലിയ ജവാബായിരുന്നു.
സദസ്യരെല്ലാം
يا رب صل على النبي محمد ؛
منجي الخلائق من جهنم في غد
എന്ന് ചൊല്ലിയപ്പോൾ പഴമയുടെ തനിമയുറങ്ങുന്ന വേറിട്ട സ്വരവും ജവാബും കേൾക്കാനിടയായി. ഒരുവേള മൗനം പാലിച്ചതിനുശേഷം എല്ലാവരും ആ ജവാബ് ഏറ്റുചൊല്ലി. അത് നമ്മുടെ വല്യുമ്മ ചൊല്ലിയ
الله ولي الله ولي نعم الولي ؛
صلوا على هذا النبي محمد
എന്ന ജവാബ് ആയിരുന്നു.
സത്യം പറയാലോ... വല്ല്യുമ്മയുടെ ആവേശം വലിയ ഊർജ്ജമാണ് നൽകിയത്. അല്ലാഹുവേ ഞങ്ങളുടെ വല്യുമ്മക്ക് ആഫിയത്തും ദീർഘായുസ്സും നൽകണേ ആമീൻ.
എന്നെ സംബന്ധിച്ചിടത്തോളം ആദ്യമായിട്ടായിരിക്കും ഈ ജവാബ് ചൊല്ലുന്നത്.അനുഭൂതി നിറഞ്ഞ വേറിട്ട അനുഭവം! തീർത്തും സന്തോഷകരവും തൃപ്തികരവുമായ ഒരു നല്ല മൗലിദ് സദസ്സ്! സ്ത്രീകൾ സജ്ജമാക്കിയതും സമ്മേളിച്ചതുമായ സദസ്സ്! അല്ലാഹുവേ സ്വീകരിക്കണേ ആമീൻ.
എൻറെ വീട്ടിലും ഇതുപോലെ ഒരു വല്ല്യുമ്മ ഉണ്ടായിരുന്നെങ്കിൽ....., എന്നു എൻറെ മനസ്സിലൂടെ കടന്നുപോയി. പ്രായം ചെന്നവരെല്ലാം വീടിൻറെ ഐശ്വര്യമാണ്. തീർച്ചയായും നാം അവരുടെ ഓരം ചേർന്നു നിൽക്കണം. അല്ലാഹുവേ തൗഫീഖ് നൽകണേ ആമീൻ.
ഒരുവേള ഞാൻ എൻറെ സ്വന്തം ഉമ്മമ്മയെ ഓർത്തു. മൗലിദ് സദസ്സുകളിൽ കിതാബോ ഏടുകളോ കയ്യിലെടുക്കാതെ ആദ്യാവസാനം വരെ ചൊല്ലുന്നത് പലപ്പോഴായി ഞാൻ കണ്ടിട്ടുണ്ട്.
പ്രായം ചെന്നവർക്കെല്ലാം മാല മൗലിദുകൾ മനപ്പാഠമാണ്. അവരുടെ കുട്ടിക്കാലങ്ങളിൽ നഫീസത്ത് മാല, മുഹിയുദ്ദീൻ മാല, രിഫാഈ മാല തുടങ്ങി മൻഖൂസ് മൗലിദ്, ബദ്ർ മൗലിദ്, ശറഫൽ അനാം മൗലിദ് പോലുള്ളവ വീടകങ്ങളിൽ പതിവാക്കിയിരുന്നു. മാതാപിതാക്കൾ നേതൃത്വം നൽകുകയും മക്കൾ കൂടെയിരുന്ന് ചൊല്ലുകയും ചെയ്തിരുന്നു. തൽഫലമായി റഹ്മതും ബറക്കത്തും സദാ നിലനിൽക്കുകയും ചെയ്തിരുന്നു.
പ്രിയരേ നമുക്കും മൺമറഞ്ഞ പൈതൃകങ്ങളെ തിരികെ കൊണ്ടുവരാം. സദാചാരത്തിന്റെയും സത്ചിന്തയുടെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും നല്ല നാളുകൾ തീർക്കാം.
#15thoct2022
#padapparamb
#npfam
Post a Comment
Share your thoughts