'നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് 2022' ൻ്റെ ഭാഗമായി നടത്തപ്പെട്ട അറബിക് പ്രബന്ധരചനാമത്സരത്തിൽ 504 എന്ന ചെസ്റ്റ് നമ്പറിനു കീഴിൽ മത്സരിക്കാൻ സാധിച്ചതിൽ അതീവ സന്തുഷ്ടയാണ് ഞാൻ. വളവന്നൂർ ബാഫഖി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസ് അലുംനി സംഘടിപ്പിക്കുന്ന റബീഅ് പ്രോഗ്രാമായിരുന്നു അത്.
 
പ്ലസ് ടുവും ഡിഗ്രിയും പൂർത്തീകരിച്ചത് പ്രസ്തുത സ്ഥാപനത്തിൽ നിന്നായതിനാൽ 'വഹ്ദ ' എന്ന നാമധേയത്തിലുള്ള അലുംനി അസോസിയേഷൻറെ ഭാഗമാണല്ലോ ഞാനും.

ഒക്ടോബർ ഒന്ന് രാവിലെ പത്ത് മണിക്ക് മുമ്പ് പ്രബന്ധം സബ്മിറ്റു ചെയ്യണം. ഒരു ദിവസംമുൻപു തന്നെ വിഷയം നൽകിയിരുന്നുവെങ്കിലും അരമുറുക്കി കച്ചകെട്ടിയിറങ്ങുന്നത് പലപ്പോഴും അവസാന സമയത്തായിരിക്കുമല്ലോ. ഇത്തവണയും അതുതന്നെ സംഭവിച്ചു എന്നു പറയുന്നതിൽ പിഴവൊന്നുമില്ല.

വിഷയം ലഭിച്ചത് മുതൽ ആലോചന തുടങ്ങി.. പക്ഷേ ബൾബ് കത്തിയതേയില്ല. സമയം സന്ധ്യയായി. ഇനിയും കത്തിയില്ലെങ്കിൽ പ്രശ്നമാണ്.. എന്തായാലും കത്തിക്കണം.
ഡയറിയും പേനയും എടുത്ത് ഇരിപ്പായി...

ഒരുപാട് പരതിയതിനു ശേഷം കയ്യിൽ കിട്ടിയ 'സന്തുഷ്ട കുടുംബം ' മാസിക തൽവിഷയകമായി ഇച്ചിരി കനിഞ്ഞു. അറബിയിലാക്കുക എന്നത് ബിഗ് ടാസ്ക് തന്നെയായിരുന്നു.

ക്ലോക്കിലെ സെക്കൻഡ്സൂചി ദ്രുതഗതിയിൽ സഞ്ചരിച്ചു. തൊട്ടുപിന്നാലെ മിനിറ്റാൻ്റിയും മണിക്കൂർ മൂപ്പനും..

നേരം പാതിര പിന്നിട്ടിട്ടും ഒരു പേജു നിറക്കാനുള്ളതുപോലും ആയില്ല. കൺകൾ അടയുന്നു... ചിന്ത മരവിക്കുന്നു.... വിശപ്പനുഭവപ്പെടുന്നു... ഉറങ്ങാത്തതിന്റെ പേരിൽ ശകാരവും ഉയരുന്നു... ഗുഡ് നൈറ്റ് ഇൻഡീഡ്!

ഉറക്കമൊഴിച്ചാൽ തൊട്ടടുത്ത ദിവസത്തെ ക്ലാസിനെ പ്രതികൂലമായി ബാധിക്കും. ഉറങ്ങിയാലോ..., പ്രബന്ധം വെള്ളത്തിലാകും.What can I do?

അവസാനം എന്തു സംഭവിച്ചുവെന്നറിയോ...? ഉറക്കം വിജയിച്ചു. അതുതന്നെ!

നേരം പുലർന്നു...
നെട്ടോട്ടമാരംഭിച്ചു....
പ്രബന്ധം എഴുതി സമർപ്പിക്കണം...
എട്ടു മണിയുടെ പ്രൈവറ്റ് ബസ് മിസ്സ് ആകാനും പാടില്ല.കാരണം തിരൂരങ്ങാടി പി എസ് എം കോളേജിൽ ഒൻപതരക്കു തുടങ്ങുന്ന സൺഡേ കോൺടാക്ട് ക്ലാസിൽ കൃത്യസമയത്ത് എത്തണമെങ്കിൽ എൻറെ നാട്ടിൽ നിന്നും പ്രസ്തുത ബസ്സു തന്നെ ശരണം.

പലയിടത്തുനിന്നും തപ്പിയെടുത്തുo അല്ലാതെയും കിട്ടിയ വരികൾ എ-ഫോർ പേപ്പറിൽ സ്വരുക്കൂട്ടി വെക്കാനുള്ള സമയമൊന്നും എൻറെ മുമ്പിലില്ല. പരസഹായം തേടിയെ പറ്റൂ..

അങ്ങനെ ചെറിയ ഇത്താത്തയെ (കുഞ്ഞാത്ത) സോപ്പിട്ടു സെറ്റാക്കി. പേനയും പേപ്പറും നൽകി. എഴുതാനുള്ളവ വാട്സ്ആപ്പ് വഴി അവരുടെ ഫോണിലേക്ക് അയച്ചുകൊടുത്തു.

സമയം ഏഴരയായി. ഇനിയും വൈകിയാൽ എല്ലാം നഷ്ടമാകും. അനുയോജ്യമായ തലക്കെട്ടു കൂടി അയച്ചുകൊടുത്താൽ എല്ലാം അവൾ ശരിയാക്കിക്കൊള്ളും. പക്ഷേ ധൃതിപിടിച്ച പാച്ചിലിനിടക്ക് ഒന്നും കത്തുന്നില്ല.ആലോചിച്ചു നിൽക്കാനും സമയമില്ല. പോകുംവഴി ആലോചിക്കാം എന്നു കരുതി മാറ്റിവെച്ചു. കുളിച്ചു, ഡ്രസ്സ് ചെയ്തു, ചായ കുടിച്ചു, ബാഗ് റെഡിയാക്കി. പിന്നെയൊരു ഓട്ടം വെച്ചുകൊടുത്തു..., പടപ്പറമ്പ് ടൗണിലെ ബസ് സ്റ്റോപ്പിലേക്ക്.

أهمية المدرسة في التنمية الثقافية
(സാംസ്കാരിക വളർച്ചയിൽ വിദ്യാലയങ്ങളുടെ പ്രാധാന്യം) എന്നതാണ് വിഷയം. വിദ്യ വളരുകിൽ സംസ്കാരം വിളയും എന്നർത്ഥത്തിൽ തലക്കെട്ട് നൽകാമെന്ന് തലക്കുള്ളിൽ കത്തി. രസകരമായി അറബി ഭാഷയിൽ എങ്ങനെ എഴുതും എന്നതായി അടുത്ത കൺഫ്യൂഷൻ..

ചിന്ത മുഴുവൻ തലക്കെട്ടിനു പിറകെയാണ്.. കറങ്ങിക്കറങ്ങി അവസാനം... യുറേക്ക!!!
    *أنَّى تنمُ التربية تعلُ الثقافة*

വേഗം കുഞ്ഞാത്തക്കു അയച്ചുകൊടുത്തു. മനോഹരമായി പേജിനു മുകളിൽ ചേർക്കണമെന്നും അറിയിച്ചു.
അൽഹംദുലില്ലാഹ്!അങ്ങനെ എല്ലാം റെഡിയായി. 

അവളയച്ച പേജുകളുടെ ചിത്രങ്ങൾ സ്കാൻ ചെയ്ത് പിഡിഎഫ് ഫയൽ ആക്കണം, അതാണ് അടുത്ത ടാസ്ക്. എൻറെ ബാച്ചിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സഹായി ഉണ്ടാകും എന്ന പ്രതീക്ഷയോടെ അന്വേഷിച്ചു.
അൽഹംദുലില്ലാഹ്! പ്രിയ സുഹൃത്ത് നൗഫിബ.എം ഈ ദൗത്യം ഭംഗിയായി പൂർത്തീകരിച്ചു.

തിരൂരങ്ങാടി പി എസ് എം ഒ യുടെ നീണ്ടുകിടക്കുന്ന വരാന്തയിൽ നിന്നുകൊണ്ട് ഒമ്പതരയാകും മുമ്പ് എൻറെ രചന സംഘാടകർക്ക് ഞാൻ അയച്ചു കൊടുത്തു.
ഉള്ളടക്കത്തെ സംബന്ധിച്ച് പൂർണ്ണ സംതൃപ്തയല്ലായിരുന്നുവെങ്കിലും തലവാചകത്തിൽ ഞാൻ 100% സാറ്റിയായിരുന്നു. അതുകൊണ്ടുതന്നെ വിജയിക്കുമെന്ന പ്രതീക്ഷയും കൂടെയുണ്ടായിരുന്നു.

ഒക്ടോബർ 10 തിങ്കളാഴ്ച രാത്രി ഫലം പുറത്തുവന്നു. അല്ലാഹുവിൻറെ അനുഗ്രഹത്താൽ ആദ്യസ്ഥാനം തന്നെ കരസ്ഥമാക്കാൻ സാധിച്ചു, എൻറെ ബാച്ചിനു സ്കോർ നേടിക്കൊടുക്കാനും. അൽഹംദുലില്ലാഹ്!
ഈ സദുദ്യമത്തിൽ എന്നെ സഹായിച്ച പ്രിയ ഇത്താത്തക്കും സുഹൃത്തിനും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു. അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ.. 

കഷ്ടപ്പെട്ട് എഴുതി തന്നതും ഇഷ്ടപ്പെട്ട് സ്കാൻ ചെയ്തു തന്നതും വെറുതെ ആയില്ലല്ലോ...!

#zakiyyapk
#noufibam
#wahdhaalumanaeassociation
#zafrunion

2 Comments

Share your thoughts

  1. Alhamdulillah...
    കുതിച്ച് പായല്‍ വന്‍ (വിജയ) കുതിപ്പിൽ എത്തിച്ച കഥ
    Iniyum ee kuthippukal thudaratte ✨

    ReplyDelete

Post a Comment

Share your thoughts

Previous Post Next Post