21/07/22 ന് ചട്ടിപ്പറമ്പ് സേഫ്റ്റി ഡ്രൈവിംഗ് സ്കൂളിൽ ഞാൻ അഡ്മിഷൻ എടുത്തു. രണ്ടാഴ്ചക്കകം ലേർണിംഗ് ലൈസൻസ് ക്ലിയർ ചെയ്തു. സെപ്റ്റംബർ 30 വെള്ളി ടെസ്റ്റിനു വേണ്ടി ഡേറ്റ് ചെയ്തു.
ടെസ്റ്റിന് ഒരു മാസം ശേഷിക്കെ എല്ലാ ശനിയാഴ്ചകളിലും ഞാൻ എട്ടിടൽ (8) കർമ്മം പ്രാക്ടീസ് ചെയ്തു. എട്ടിടാനുള്ള ആദ്യത്തെ ശ്രമം എല്ലാ ദിവസവും പൊട്ടും. ഇക്കണക്കിന് പോയാൽ രണ്ടാമതൊരു അവസരമില്ലാത്ത ടെസ്റ്റിൽ പൊട്ടുമല്ലോ എന്ന് ആധിയായി. എങ്കിലും ട്യൂട്ടേഴ്സ് ധൈര്യവും പ്രോത്സാഹനവും നൽകി. എല്ലാവർക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു.
കാത്തിരുന്ന ദിവസം വന്നെത്തി. അതിരാവിലെ സഹോദരനോടൊപ്പം മലപ്പുറം ടെസ്റ്റ് ഗ്രൗണ്ടിലേക്ക് പുറപ്പെട്ടു. ആറരയോടെ എത്തിച്ചേർന്നു. രണ്ടുമൂന്നു തവണ പ്രാക്ടീസ് ചെയ്യാൻ സാധിച്ചു. അവിടെയും ആദ്യ ശ്രമം വെള്ളത്തിലാകാതിരുന്നില്ല.ഹി..ഹി...
ഏകദേശം എട്ടു മണിയോടെ പോലീസങ്കിൾസ് എത്തി. വരിയിൽ മുപ്പത്തിനാലാമനായിരുന്ന എൻറെ വെരിഫിക്കേഷൻ നടത്തവേ,
"എന്താ പേര്?"
"റാഷിദ പികെ"
"ഉം. പടപ്പറമ്പ് നിന്നാണല്ലേ...?"
"അതെ."
"പടപ്പറമ്പ് 'പട'പ്പറമ്പ് തന്നെയാണോ എന്നൊന്ന് നോക്കട്ടെ.."
"ഇൻഷാ അല്ലാഹ്"
അങ്ങനെ അത് ഭംഗിയായി കഴിഞ്ഞു. പരാജയപ്പെടരുതേ എന്ന പ്രാർത്ഥനയാണ് ഉള്ളു നിറയെ.
ടെസ്റ്റ് ആരംഭിച്ചിട്ടില്ല. അതിന് എല്ലാവരുടെയും വെരിഫിക്കേഷൻ കഴിയണമത്രേ. എങ്കിലും വരിയിൽ ഇടം പിടിച്ചു. മുൻ നിരയിൽ നിൽക്കണോ എന്ന ചോദ്യത്തെ സ്നേഹപൂർവ്വം നിരസിച്ച് ആറാമനായി ക്ഷമയോടെ കാത്തുനിന്നു.
വൈകാതെ എൻറെ ഊഴമെത്തി. ഹെൽമെറ്റ് ധരിച്ച് സ്കൂട്ടറിൽ കയറി ഞാനും ഇട്ടു, ഒരു എട്ട്. ആദ്യമായി എൻറെ ആദ്യം പൊട്ടാത്ത എട്ട്! അൽഹംദുലില്ലാഹ്!!
അടുത്തത് റോഡ് ടെസ്റ്റാണ്. എന്നുവെച്ച് റോഡിലൊന്നുമല്ല, ഗ്രൗണ്ടിൽ തന്നെ. അതിനും അല്പം വെയിറ്റ് ചെയ്യേണ്ടിവന്നു. ഇത്തവണ ആദ്യ ഊഴം എന്റേതാണ്. സേഫ്റ്റി സ്കൂളിലെ രമേശൻ സാർ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. അദ്ദേഹം ഓടിച്ചു നോക്കാതെ അഥവാ സ്പീഡ് ചെക്ക് ചെയ്യാതെ എന്നോട് കയറാൻ ആവശ്യപ്പെട്ടു. ഞാൻ കയറി ഓടിക്കാൻ തുടങ്ങി. എൻ്റമ്മോ... സൂപ്പർഫാസ്റ്റായിരുന്നു. എങ്കിലും കുഴപ്പമൊന്നുമുണ്ടായില്ല. കൈ നീട്ടേണ്ടടത്ത് നീട്ടുകയും പൊക്കേണ്ടിടത്ത് പൊക്കുകയും ചെയ്തു. സ്പീഡ് കൂടുതലായതുകൊണ്ട് സംഗതി വേഗം കഴിഞ്ഞു എന്ന് പറയാം, ഹി..ഹി..
എല്ലാം കഴിഞ്ഞ് നേരെ പോലീസ് സാറിനടുക്കൽ ചെന്നു. എൻ്റെ കണ്ട പാടെ "എന്നാ വിട്ടോ" എന്നാണ് പറഞ്ഞത്.
ജയിച്ചത് കൊണ്ടോ അതോ തോറ്റതിനാലാണോ എന്നെനിക്ക് മനസ്സിലായില്ല. തൽകാലം ഇപ്പൊ പൊക്കോ, വീണ്ടും വന്നാൽമതി എന്ന അർത്ഥത്തിലാണോയെന്ന് ഞാൻ പേടിച്ചു. എൻ്റെ കണക്കുകൂട്ടലനുസരിച്ച് പിഴവൊന്നും വന്നിട്ടില്ല. എന്നാലും ഒരുവേള ശരിക്കും ആശയക്കുഴപ്പമായി,അങ്കലാപ്പിലായി..
"പാസായീട്ടോ" എന്നു ശേഷം കൂട്ടിച്ചേർത്തപ്പോഴാണ് ശ്വാസം തിരിച്ചുകിട്ടിയത്. അൽഹംദുലില്ലാഹ്, മിഷൻ കംപ്ലീറ്റഡ്!
പിന്നെയൊട്ടും പിന്തിപ്പിച്ചില്ല, എൻറെ ഡ്രൈവിംഗ് സാറിനോട് നന്ദിയും കടപ്പാടും അറിയിച്ച് വേഗം നാട്ടിലേക്ക് ബസ്സ് കയറി.
Post a Comment
Share your thoughts