റബീഉൽ ആഖിര്‍ രണ്ട്, അഭിവന്ദ്യ ഗുരു അബ്ദുൽ മലിക് ഉസ്താദ് വഫാത്തായ ദിനം.
نور الله مرقده
ഞാനോർക്കുന്നു, ബാഫഖി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിൽ നാലാം വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉസ്താദിൻറെ വേർപാട്. പുലർച്ചെ സുബ്ഹിയുടെ സമയത്താണ് ആ വാർത്ത ഞങ്ങൾക്കെത്തിയത്.ഓർമ്മ ശരിയെങ്കിൽ 2019 നവംബർ 29ന്. അല്ലാഹുവേ അവിടുത്തെ ദറജകൾ ഉയർത്തണെ ആമീൻ.
ഉസ്താദിനെ കിതാബുകൾ ഓതിത്തരികവഴി അടുത്തറിയാൻ എനിക്കും സതീർഥ്യർക്കും സാധിച്ചിട്ടില്ലെങ്കിലും ഞങ്ങളുടെ ഉസ്താദുമാരിലൂടെ ഉസ്താദവർകളെ കുറിച്ച് ഒരുപാട് അറിയാൻ സാധിച്ചിട്ടുണ്ട്.
അബൂബക്ർ ഉസ്താദ് ഇടയ്ക്കിടെ ഹദീസിൻ്റെ ക്ലാസുകളിൽ സാന്ദർഭികമായി പറയാറുള്ള വാക്കുകൾ ഓർക്കുന്നു. "എല്ലാ അറബ് മാസവും 13, 14, 15 ദിവസങ്ങളിൽ നോമ്പ് സുന്നത്താണ്. ഞാനും മൂസക്കുട്ടി ഉസ്താദും മലികുസ്താദിനെ ഏൽപ്പിച്ചിരിക്കുകയാണ്". ഇതും പറഞ്ഞ് ഉസ്താദ് ഒന്ന് സൗമ്യമായി ചിരിക്കും. മാഷാ അല്ലാഹ്. അല്ലാഹുവെ ആയുരാരോഗ്യം നൽകണേ ആമീൻ.
ഓരോ ഉസ്താദുമാരും മലികുസ്താദിനെ കുറിച്ച് വാചാലരാകാറുണ്ട് . വിശിഷ്യാ ഖുബൈബ് വാഫി ഉസ്താദും അബ്ദുൽ ഹമീദ് ഹൈതമി ഉസ്താദും.
മലികുസ്താദ് എന്നു പറയുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത്, 2019 ഏപ്രിൽ 17 ബുധനാഴ്ച നടന്ന 'ഈ തണലിൽ ഒരിത്തിരി നേരം' എന്ന കോളേജിലെ മൂന്നാം ബാച്ചിന്റെ പ്രോഗ്രാം ആണ്.
വഫിയ്യ എന്ന നാമം കൊണ്ട് എല്ലാമായി എന്നു കരുതിപ്പോകരുതെന്നും ഇല്മിൻറെ ബഹ്‌റായ നബി (സ്വ)യോട് അല്ലാഹു ദുആ ചെയ്യാൻ പറഞ്ഞത് وقل رب زدني علما എന്നതാണെന്നും അവിടുന്ന് സഗൗരവം ഓർമ്മപ്പെടുത്തി.
ഫലം കായ്ച്ചാൽ വൃക്ഷങ്ങൾ താണു പോവുകയാണല്ലോ പതിവ്. തഥൈവ ഇൽമാകുന്ന (علم) പഴം മനുഷ്യനാകുന്ന വൃക്ഷത്തിൽ ഉണ്ടായാൽ താഴോട്ട് തൂങ്ങണം എന്ന് എത്ര മനോഹരമായാണ് ഉസ്താദ് പറഞ്ഞുവെച്ചത്! അല്ലാഹുവെ തൗഫീഖ് നൽകണേ ആമീൻ.
പ്രിയരെ,
ശൈഖുനാ കണ്ണിയത്ത് ഉസ്താദും വഫാത്തായത് റബീഉൽ ആഖിറിലെ ഈ ദിനം തന്നെയായിരുന്നുവല്ലോ.
നാഥാ.., എത്ര മഹത്തുക്കളാണ് ഈ പുണ്യ റബീഉൽ ആഖിറിൽ നിന്നരികിലേക്കണയാൻ ഞങ്ങളെ വിട്ടു പിരിഞ്ഞത്. നിൻറെ ഇഷ്ടദാസരായ അവരെല്ലാം നിൻറെ വിളിക്കുത്തരം നൽകുന്നത് ഈ പരിശുദ്ധ മാസത്തിലാണ് എങ്കിൽ ഈയുള്ളവൾക്കും നിന്നരികിലണയാൻ റബീഉൽ ആഖിറിനെ സാക്ഷിയാക്കണെ...
അല്ലാഹുവേ നാളെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിക്കാനുള്ള സൗഭാഗ്യം നൽകണേ ആമീൻ.
أُحِبُّ الصالِحينَ وَلَستُ مِنهُم
لَعَلّي أَن أَنالَ بِهِم شَفاعَه
ശാഫിഈ ഇമാമിൻ്റെ അർത്ഥഗർഭമാർന്ന വരികളും ഈ വേളയിൽ ഓർത്തു പോകുന്നു.
اللهم اجعلنا من السعداء المقبولين ولا تجعلنا من الأشقياء المطرودين
Post a Comment
Share your thoughts