കഴിഞ്ഞ മൂന്ന് ദിവസമായി വായനയുടെ മറ്റൊരു ലോകത്തായിരുന്നു. വിസ്മയിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒരു അനുഭവം തന്നെ!


പലയിടങ്ങളിലും പലരാലും പരിശുദ്ധ ഇസ്‌ലാം വികലമാക്കപ്പെടുകയും പിച്ചിച്ചീന്തപ്പെടുകയും ചെയ്യുമ്പോൾ ദൈവീക മതത്തിൻറെ അന്തസത്തയും  പൊരുളും ഉൾക്കൊണ്ടുകൊണ്ട് ആത്മീയദാഹവും പശിയും തീർക്കുന്നതിന് സന്മാർഗ തീരത്തണഞ്ഞ പാശ്ചാത്യരും പൗരസ്ത്യരുമായ മുപ്പത്തിയൊന്നു വനിതകളുടെ ജീവിതകഥ അഥവാ അവരുടെ ഇസ്‌ലാമാശ്ലേഷണ വിവരണമായിരുന്നു അത്.


നവമുസ്‌ലിമുകളിൽ പലരും വായനയിൽ കടന്നുവന്നിട്ടുണ്ട്. സംഗീതജ്ഞനായിരുന്ന യൂസുഫുൽ  ഇസ്‌ലാം, തമിഴനായ റജാഗരേഡി,'മക്കയിലേക്കുള്ള പാത' (The Road To Makkkah) എന്ന ഗ്രന്ഥത്തിൻ്റെ  രചയിതാവ് മുഹമ്മദ് അസദ്, 'മുഹമ്മദ്' (MUHAMMAD) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് മാർട്ടിൻ ലിംഗ്സ്, 'മുസ്‌ലിം പെണ്ണും മുഖപടവും, പൊതുബോധത്തെ പുനരാലോചിക്കുമ്പോൾ' (Rethinking Muslim Women and the Veil: Challenging Historical & Modern Stereotypes) എന്ന ഗ്രന്ഥത്തിന്റെ ശില്പി കാതറിൻ ബുള്ളക്ക്, അറബി സംഗീതം ആസ്വദിക്കുക വഴി സത്യമതത്തിലെത്തിച്ചേർന്ന മറിയം ജമീല, 'അല്ലാഹുവിലേക്ക് ഒളിച്ചോടിയ പെൺകുട്ടി' എന്ന ഗ്രന്ഥം രചിച്ച ഫാത്തിമ റാഹില, നാജിയ തോണിപ്പാടം തുടങ്ങിയവർ....

#Yusuful Islam 

#Katherine Bullock 


 

എന്നാൽ സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ചുള്ള തുടർച്ചയായ വായന തീർച്ചയായും ആദ്യാനുഭവമാണ്. ഒന്നും രണ്ടും പത്തും പേരല്ല, മുപ്പതോളം.. മാഷാ അല്ലാഹ്! അല്ലാഹു അക്ബർ!


മുൻപു പ്രതിപാദിച്ച മർയം ജമീല എന്നവരിലൂടെ ഞാൻ വായിച്ചുതുടങ്ങി. വിശുദ്ധ ഖുർആനിൻ്റെ മാസ്മരികത  അവർ വിവരിക്കുന്നത് വളരെയധികം ആകർഷിച്ചു. ഞാനും  ദിനേന ഖുർആനുമായി ബന്ധപ്പെടാറുണ്ടെങ്കിലും മാധുര്യം രുചിച്ചറിയാൻ  സാധിക്കുന്നില്ലല്ലോ എന്നതോർത്ത് വിഷമിച്ചു. അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ.

#Maryam Jameela 

ഇന്ത്യക്കാരിയായ, ബാംഗ്ലൂരിലെ ഹൈന്ദവവിശ്വാസിയായിരുന്ന ചന്ദ്രലീല, ഡോ.ആയിഷ അബ്ദുല്ലയായതും ഞാൻ വായിച്ചു. പ്രീ മെഡിക്കലിന് പഠിച്ച കാലത്ത് ഡാർവിനിസം തലക്കുപിടിച്ച് തികഞ്ഞ മതനിഷേധിയാവുകയും പിന്നീട് താൻ പ്രണയിച്ച് വിവാഹം കഴിച്ച മുസ്‌ലിം സഹപാഠി സുഹൃത്ത് മുഖേന ഇസ്‌ലാം അടുത്തറിയുകയും ചെയ്തവർ... ഇസ്‌ലാമിലെ ആരാധനകളുടെ ലാളിത്യം വിവരിക്കുന്ന അവരുടെ കുറിപ്പും എന്നെ ചിന്തിപ്പിച്ചു. ആരാധനകൾ ലഹരിയാണ്, ലഹരിയാക്കുന്നത് നമ്മുടെ സമീപനമാണ് എന്ന തിരിച്ചറിവാണ് അതെനിക്കു പകർന്നുതന്നത്. 


നാം നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന പ്രവണതയാണ് പാശ്ചാത്യാനുകരണം. ഭക്ഷണരീതിയിലും വസ്ത്രധാരണയിലും തുടങ്ങി ജീവിതരീതിയിലൊന്നടങ്കം യൂറോപ്പീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് അപ്ഡേഷൻ എന്നു വാദിക്കുകയും ചെയ്യുന്നു.


എന്നാൽ കടുത്ത അരക്ഷിതാവസ്ഥയും ചൂഷണങ്ങളും മൂല്യച്യുതികളും സംഭവിച്ചിരിക്കുന്ന പാശ്ചാത്യരോട് പോലും സമരസപ്പെടാനും അനുകൂലിക്കാനും മുസ്‌ലിം സമൂഹം വിശിഷ്യാ മുസ്‌ലിം സ്ത്രീകൾ ധൃതിപ്പെടുന്നു എന്നതാണ് എന്നെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കാര്യം എന്നാണ് അമേരിക്കക്കാരിയും, സംതൃപ്തിയും ശാന്തിയും തേടിയുള്ള ബിസിനസ് കാല പലായനത്തിൽ മാൽകം എക്സിൻ്റെ ആത്മകഥയിലൂടെ ഇസ്‌ലാമിൽ സ്വാധീനിച്ച് പിൽക്കാലത്ത് മുസ്‌ലിമാവുകയും ചെയ്ത ആഇശ അദവിയ്യ പങ്കുവെക്കുന്നത്.


അവരുടെ തന്നെ സംസാരം കൂടെ ചേർക്കുന്നു.".......എന്നാൽ അവിടങ്ങളിലെ (മുസ്‌ലിം രാജ്യങ്ങളിലെ) സ്ത്രീകൾ എന്നെ നിരാശപ്പെടുത്തുകയാണ്. മുസ്‌ലിം രാജ്യങ്ങളിലെ ഭൂരിപക്ഷം സ്ത്രീകളെയും പടിഞ്ഞാറുനോക്കികളായിട്ടാണ് ഞാൻ കണ്ടത്. തങ്ങളെ ആധുനിക സ്ത്രീകളായി അംഗീകരിച്ചുകിട്ടാനുള്ള വ്യഗ്രതയിൽ അവർ പാശ്ചാത്യൻ സംസ്കാരവും വസ്ത്രധാരണരീതിയും സ്വീകരിക്കുകയാണ്. എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളിലെ സ്ത്രീകളും പെൺകുട്ടികളുമാകട്ടെ, ഇസ്‌ലാമിക രീതിയിലേക്കാണ് തിരിഞ്ഞുകൊണ്ടിരിക്കുന്നത്. ലഹരി, മദ്യം, നഗ്നത, നിർലജ്ജത തുടങ്ങിയ മുഴുവൻ മ്ലേച്ചതകളും  വിട്ടകന്ന് അവർ ഇസ്‌ലാമിലൂടെ  സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയാണ്. ഇസ്‌ലാമാകുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ വസ്തു കൈക്കലാക്കാനായി പടിഞ്ഞാറൻ സ്ത്രീകൾ സ്വന്തം സമൂഹത്തോട് കലാപം ചെയ്യുമ്പോൾ ഇവിടെ മുസ്‌ലിം സ്ത്രീകളുടെ പടിഞ്ഞാറുനോട്ടം വളരെ ദുഃഖമുണ്ടാക്കുന്നതാണ്. ഇസ്‌ലാം സ്വീകരിച്ചാൽ തങ്ങളുടെ പദവി എത്ര ഉന്നതമായിരിക്കുമെന്ന് പടിഞ്ഞാറൻ സ്ത്രീകൾ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷപാതരഹിതമായ ഇസ്‌ലാമിനെ പഠിക്കുകയോ അനുഭവിക്കുകയോ ചെയ്യാതെ ഒരമുസ്‌ലിം സ്ത്രീക്ക് ആ പദവിയും സ്ഥാനവും മനസ്സിലാക്കാനാവില്ല".എത്ര ചിന്തനീയം അല്ലേ?! അല്ലാഹു നമ്മെ പരിപൂർണ്ണ വിശ്വാസികളിൽ ചേർക്കട്ടെ ആമീൻ.


ക്രിസ്തീയ വിശുദ്ധഗ്രന്ഥമായ ബൈബിളിനെയും ഹൈന്ദവവേദഗ്രന്ഥങ്ങളെയും മിത്തുകളെയും പഠനവിധേയമാക്കിയ ഒരുപാടുപേർ.... തന്മൂലമുണ്ടായ വൈരുദ്ധ്യങ്ങളുടെയും സംശയങ്ങളുടെയും പരിഹാരമന്വേഷിച്ച് ലോകമതങ്ങളുടെ താരതമ്യപഠനത്തിൽ എത്തുകയും ബുദ്ധിക്കും യുക്തിക്കും പ്രകൃതിക്കുമനുയോജ്യമായ ഒരു പ്രത്യയശാസ്ത്രമുണ്ടെങ്കിൽ അത് ഇസ്‌ലാം മാത്രമാണെന്ന് മനസ്സിലാക്കുകയും ചെയ്തവർ.....


ഓരോ ജീവിതകഥകളും ഏറെ അമ്പരപ്പിക്കുന്നതാണ്. പ്രപഞ്ചനാഥൻ അവനുദ്ദേശിക്കുന്നവർക്ക് സന്മാർഗം കാണിക്കുന്നതെങ്ങനെയെന്ന് ആർക്കും മുൻകൂട്ടിമനസ്സിലാക്കാനോ പ്രവചിക്കാനോ സാധ്യമല്ല. എല്ലാം സർവ്വശക്തനിൽ നിക്ഷിപ്തം.


സത്യംതേടിയുള്ള യാത്രയിലും ഇസ്‌ലാമാശ്ലേഷണത്തെ തുടർന്നും അവരനുഭവിക്കുന്ന വൈകാരിക തീവ്രത പലപ്പോഴും അവർക്കുതന്നെ പ്രതിപാദിക്കാനാവുന്നില്ല. ശാരീരിക-ഗാർഹിക-സാമൂഹിക പീഡനങ്ങളോട് അവർ കാണിക്കുന്ന സഹനവും കൈകൊണ്ട ക്ഷമയും മനസ്സിലാക്കാൻ ജന്മനാ മുസ്‌ലിമായ എനിക്ക് സാധ്യമായില്ല. ആവുകയുമില്ലല്ലോ...


ഖലീലുല്ലാഹി ഇബ്റാഹിം (അ) ന് നംറൂദിൻ്റെ തീക്കുണ്ഡാരം കൂളർ ആയിരുന്നുവല്ലോ... പ്രമുഖ സ്വഹാബി ഖുബൈബ് (റ) ന് ശത്രുക്കളുടെ കഴുമരം സ്വർഗ്ഗത്തിലേക്കുള്ള പാസ്സായിരുന്നുവല്ലോ.. ലോകനായകൻ നബി(സ്വ) തങ്ങൾ ചേർത്തുപിടിച്ച കറുകറുത്ത ബിലാലോര് (റ) ഉമയ്യത്തിൻ്റെ ചാട്ടവാറിനു മുൻപിൽ ക്ഷമയുടെ പര്യായമായി നിലകൊള്ളുകയായിരുന്നില്ലേ... ദുനിയാവിൻ്റെ ഇരുട്ടിലും ആഖിറത്തിൻ്റെ വെളിച്ചമാണവരെ വഴിനടത്തിയത്.


തഥൈവ മുസ്‌ലിമായതിൻ്റെ പേരിൽ സഹിക്കേണ്ടിവന്ന ബഹിഷ്കരണത്തിനും മാനസിക ശാരീരിക പീഡനങ്ങൾക്കും മറ്റും ഈ വനിതാരത്നങ്ങൾ മറുപടി നൽകിയത് അചഞ്ചലമായ വിശ്വാസദാർഢ്യത കൊണ്ടും അല്ലാഹുവിൽ ഭദ്രമായിരിക്കുന്ന, അവന്റെ കാരുണ്യം പെയ്തിറങ്ങുക വഴി ശാന്തിയിലും സമാധാനത്തിലും അതീവസന്തോഷത്തിലും തുടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം കൊണ്ടുമായിരുന്നു.


അല്ലാഹു അവനുദ്ദേശിക്കുന്നവർക്ക് കണ്ണും കാതും കാലും കൈയുമാകും എന്നു പറയുന്ന ഖുദ്സിയ്യായ ഹദീസ് നാം കേട്ടതാണ്. ഈയൊരനുഭൂതി അനുഭവിച്ചറിഞ്ഞ സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്, മാഷാ അല്ലാഹ്!


ഇസ്‌ലാമിൽ സ്ത്രീ ബന്ധനസ്തയാണെന്നും അവകാശങ്ങൾ തടയപ്പെട്ടവളാണെന്നും പുരുഷാധിപത്യത്തിലമർന്നു കഴിയുന്നവളാണെന്നും ആധുനിക ഫെമിനിസ്റ്റുകൾ വലിയ വായിൽ വാദിക്കുമ്പോൾ ഇവർതന്നെ അതിനുത്തരമാവുന്നുണ്ട്. ജപ്പാൻകാരിയായ സിസ്റ്റർ കൗല ലകാതയും അമേരിക്കൻ വംശജ ബീഗം അമീന ലാകാനിയുമടക്കമുള്ളവർ പറഞ്ഞുവെക്കുന്നത് നാം ഉൾക്കൊള്ളേണ്ടതു തന്നെയാണ്.

"ഇസ്‌ലാം സമ്പൂർണ്ണമായ ഒരു ജീവിതരീതിയാണ്. മനുഷ്യ ജീവിതത്തിന്റെ വിശുദ്ധിക്കാണ് അത് ഊന്നൽ നൽകുന്നത്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും അല്ലാഹുവിന്റെ ദൃഷ്ടിയിൽ സ്ത്രീക്ക് പ്രത്യേകമായ ഒരു നിലയുണ്ട്. പാശ്ചാത്യസമൂഹത്തിൽ അവൾ വിപണിയുടെ ഒരായുധം മാത്രമാണ്. സ്ത്രീയെ ചൂഷണം ചെയ്യാൻ ഒരു പഴുതും ഇസ്‌ലാം അനുവദിക്കുന്നില്ല. ഇവിടെ വ്യാപാര ലക്ഷ്യത്തിനുവേണ്ടി അവൾ വിൽക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്നില്ല.ഭോഗാലസർക്ക് എങ്ങനെയും ഉപയോഗിക്കാൻ പാകത്തിൽ തങ്ങൾ കളിപ്പാട്ടങ്ങളല്ലെന്ന ബോധം സ്ത്രീകൾക്കുണ്ടാവണം. അവർ സമൂഹത്തിലെ അങ്ങേയറ്റം ആദരണീയമായ വിഭാഗമാണ്. കുടുംബജീവിതത്തിലും സാമൂഹികജീവിതത്തിലും നിർമ്മാണാത്മകമായ പലതും അവർക്ക് ചെയ്യാനുണ്ട്. അതിനായി വളരെ വലിയ ഉത്തരവാദിത്തങ്ങളാണ് അവരിൽ ചുമത്തിയിരിക്കുന്നത്. അതിനാൽ, ഒരു മുസ്‌ലിം സ്ത്രീ മദ്യം, മയക്കുമരുന്ന് തുടങ്ങിയ യൂറോപ്യൻ സംസ്കാരത്തിലെ എല്ലാ തിന്മകളിൽ നിന്നും മാറിനിൽക്കേണ്ടതുണ്ട്.........ഒരു മുസ്‌ലിം സ്ത്രീ മറ്റു സ്ത്രീകളെ അപേക്ഷിച്ച് കൂടുതൽ കരുണയുള്ളവളും ആത്മവിശ്വാസമുള്ളവളുമായിരിക്കണം.വിശ്വാസം കൊണ്ട് ധന്യമായതിനാൽ തങ്ങളേക്കാൾ ഭാഗ്യവതികൾ മറ്റാരുമില്ലെന്ന് അവർക്ക് ഉറച്ച ധാരണയുണ്ടായിരിക്കണം."

"........സ്ത്രീകളിൽ പലരും വീട്ടിൽ നിന്ന് പുറത്തു പോകുമ്പോഴാണ് മനോഹരവും ആകർഷകവുമായ വസ്ത്രം ധരിക്കുന്നത്. വീട്ടിനകത്ത് ധരിക്കുന്ന വസ്ത്രത്തെ കുറിച്ച് അവർക്ക് ചിന്തയേ ഇല്ല. എന്നാൽ ഭർത്താവിനെ ആകർഷിക്കാൻ ഭാര്യയും തിരിച്ച് ഭാര്യയെ ആകർഷിക്കാൻ ഭർത്താവും  ശ്രമിക്കണമെന്നാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്. ഭർത്താവിന് ഭാര്യയോടും ഭാര്യക്ക് ഭർത്താവിനോട് ഇത്തരം വികാരങ്ങളും സമീപനങ്ങളുമാണ് ദാമ്പത്യത്തെ ആനന്ദകരവും ഈടുറ്റതുമാക്കുന്നത്.വിവാഹിതയായ ഒരു സ്ത്രീ എന്തിനാണ് ഏതെങ്കിലും പുരുഷന്റെ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നത്? മറ്റ് സ്ത്രീകൾ തന്റെ ഭർത്താവിനെ വശീകരിക്കാൻ ശ്രമിക്കുന്നത് അവൾ  ഇഷ്ടപ്പെടുമോ? ഇസ്‌ലാം കുടുംബഭദ്രതക്ക് എപ്രകാരമാണ് പ്രാധാന്യം കൽപ്പിക്കുന്നതെന്ന് കണ്ണുള്ളവർക്കെല്ലാം നോക്കിക്കാണാവുന്നതാണ്. സ്ത്രീയോട് ശരീരം മറച്ചു വെക്കണമെന്ന് മാത്രമല്ല ആജ്ഞാച്ചിട്ടുള്ളത്.മറിച്ച് പുരുഷനോട് കണ്ണുകൾ താഴ്ത്തണമെന്നും ഉത്ബോധിപ്പിച്ചിട്ടുണ്ട്."


നഗ്നത പ്രദർശിപ്പിക്കുന്നതിൻ്റെ പേരിൽ സാമൂഹിക അരാജകത്വത്തിനടിമപ്പെട്ടു കൊണ്ടിരിക്കുന്ന യൂറോപ്പിലെ സ്ത്രീസമൂഹം മാറിച്ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നത് നാം അറിയണം. അതിരുനിശ്ചയിക്കാനാവാത്ത ഭോഗാഭിനിവേശവും അതുവഴി സംജാതമാകുന്ന സമൂഹികാപചയവും ഉഛാടനം ചെയ്യുന്നതിനുവേണ്ടി മാന്യമായ വസ്ത്രരീതിയിലേക്കും ഉയർന്ന സാംസ്കാരികമൂല്യങ്ങളിലേക്കും അവർ ചുവടുവെച്ചുകൊണ്ടിരിക്കുന്നു. 


എന്നാൽ മുസ്‌ലിം രാജ്യങ്ങളിൽ സ്ഥിതിവിശേഷം മറിച്ചാകുന്നു. സമ്പൂർണവും വിശുദ്ധവുമായ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഉദാത്തമാനങ്ങൾ സമ്മാനിച്ച ഇസ്‌ലാം പലർക്കും തടവറയായും പാരതന്ത്ര്യമായും അനുഭവപ്പെടുന്നു. കുത്തഴിഞ്ഞ ജീവിതവും ഐഹിക വിനോദവും ആഗ്രഹിക്കുന്നു. വശ്യസുന്ദരമായ, പ്രകൃതിയോടും ബുദ്ധിയോടും യുക്തിയോടും ലവലേശം പോലും കലഹിക്കാത്ത ഇസ്‌ലാമികാധ്യാപനങ്ങൾ കാറ്റിൽ പറത്തുന്നു. മുസ്‌ലിം സമൂഹത്തെ സാംസ്കാരിക ശോഷണത്തിലേക്കും സാമൂഹിക അപചയത്തിലേക്കും വഴിനടത്തുക എന്നല്ലാതെ മറ്റൊന്നും ഇവ അർത്ഥമാക്കുന്നില്ല എന്നത് നിസ്സംശയം. 


സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെ പേരുപറഞ്ഞ് ഔന്നത്യത്തിൻ്റെയും പരിശുദ്ധിയുടെയും കവചമായ പർദ്ദയും ഹിജാബും വലിച്ചെറിയുന്ന ഇന്നിൻ്റെ തലമുറ തീർച്ചയായും ഈ സഹോദരിമാരെ പഠന വിധേയമാക്കണം. എന്താണ് പർദ്ദ,ഹിജാബ് ധരിക്കുന്നത് എന്തിന്, ആവശ്യകതയെന്താണ്, എന്താണ് അവ അർത്ഥമാക്കുന്നത് എന്നതെല്ലാം ഇവർ സവിസ്തരം പങ്കുവെക്കുന്നു.

 

പർദ്ദ ധരിച്ച അമേരിക്കൻ സൈന്യത്തിലെ സ്റ്റാഫ് സാർജൻ്റായ ആയത് ഹരീരിയും അന്തർദേശീയ എയർലൈൻസ് എയർ ഹോസ്റ്റസായിരുന്ന പ്രൊ.ഷാഹിൻ ഗുൽഫാമും വൻകിട ബിസിനസുകാരിയും ആഇശ അദവിയയും ഇക്കൂട്ടത്തിലുണ്ട്.


"എന്താ നീ തല കീറത്തുണി കൊണ്ട് പൊതിഞ്ഞു കെട്ടിയിരിക്കുകയോ?" എന്ന പരിഹാസത്തോടെയുള്ള ചോദ്യത്തെ ആയത്ത് ഹരീരി നേരിട്ടത് "ഇത് കീറത്തുണിയല്ല മിസ്റ്റർ. ഞാൻ മുസ്‌ലിമാണ്. ഇതെൻറെ മതപരമായ ബാധ്യതയാണ്. ഒരു മുസ്‌ലിം സ്ത്രീ തല തുറന്നിടുകയില്ല" എന്ന ചങ്കൂറ്റത്തോടെയുള്ള മറുപടി കൊണ്ടായിരുന്നു. ഇതര മതസ്ഥരുടെ ആഘോഷങ്ങളോടൊപ്പം  പങ്കുകൊള്ളുകയും യാതൊരു ലജ്ജയും കൂടാതെ അവരുടെ വസ്ത്രരീതികളോട് സാമ്യപ്പെടുകയും ചെയ്യുന്ന ഇസ്‌ലാം മത വിശ്വാസിനികൾ ജാഗ്രതൈ! സന്ദർഭങ്ങൾക്കനുസരിച്ച് രൂപം മാറേണ്ടവനല്ല മുസ്‌ലിം. അതു ഓന്തിന് യോജിച്ചതത്രെ.


ചലച്ചിത്രത്തിൻ്റെയും ഹോളിവുഡിൻ്റെയും ഫാന്റസി ലോകം വിട്ട പ്രശസ്ത ജർമ്മൻ നടിയായിരുന്ന കാർല ബാർടേലിനെയും ഞാൻ കണ്ടു. ഖുർആനിലെ ശാസ്ത്ര സൂചനകളിലാകർഷിക്കപ്പെട്ട ഫ്രഞ്ച് വനിത മാഡം ലോറ, താലിബാൻ ജയിലറകളിലെ മാന്യമായ പെരുമാറ്റത്തിലൂടെ ഇസ്‌ലാമിനെ പഠിച്ച യിവോൺ റിഡ്‌ലി, നഗരത്തിലെ അപകടകാരിയും മാഫിയ തലവനുമായിരുന്ന ബർണാഡോയെ പുതുമനുഷ്യനാക്കിത്തീർത്ത അമേരിക്കയിലെ കറുത്ത വർഗക്കാരിയും അംഗവൈകല്യം ബാധിച്ചവരുമായ ആമിന.. തുടങ്ങി ഒട്ടേറെപ്പേർ....


ബോളിവുഡ് ലോകം വലിച്ചെറിഞ്ഞ് മാനവിക സേവനത്തിനും തൻറെ സ്രഷ്ടാവിന്റെ കൽപ്പനക്കനുസൃതമായി ജീവിക്കുന്നതിനും ശിഷ്ടകാലം മാറ്റിവെച്ച സന ഖാനെയും ഇന്ത്യൻ ഗായികയും മ്യൂസിക് ഡയറക്ടറുമായ കദീജ റഹ്മാനെയും ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. അവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുമുണ്ട്.

#kadeeja rahman

#sana khan


അറിയണം നമ്മൾ....

പഠിക്കണം..... 

ഈമാനികാവേശം പകരുന്ന വിശുദ്ധ ജീവിതങ്ങളെ!

അവരിൽ നമുക്ക് പാഠവും ഊർജ്ജവുമുണ്ട്.

തീർച്ച!!

Post a Comment

Share your thoughts

Previous Post Next Post