പരിഷ്കൃത സമൂഹമേ നീ ലജ്ജിക്കേണ്ടിയിരിക്കുന്നു. വിദ്യാസമ്പന്നരായ മാനവകുലമേ നീ വട്ടപ്പൂജ്യമായിരിക്കുന്നു. സഹജീവി സ്നേഹവും സഹവർത്തിത്വവും കൊട്ടിഘോഷിച്ചു നടക്കുന്ന ജനതേ നിനക്ക് തിമിരം ബാധിച്ചിരിക്കുന്നു..

ഹൃദയഭേദകവും വേദനാജനകവുമായ കാഴ്ചയാണ് ഇന്ന് കാണാനിടയായത്. മലപ്പുറം ജില്ലയിലെ വി.കെ.പടിയിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജെസിബി ഉപയോഗിച്ച് മരം കടപുഴയ്ക്കുന്ന കാഴ്ച കണ്ടുകാണുമല്ലോ. മരം നീക്കം ചെയ്തു എന്നതിലപ്പുറം ഒരു കൂട്ടം പക്ഷികളുടെ ജീവനും ആവാസവ്യവസ്ഥയും നഷ്ടപ്പെടുത്തി എന്നതാണ്.

പടർന്നു പന്തലിച്ച..... ധാരാളം ചെറുശിഖരങ്ങളുള്ള..... ഇടതൂർന്ന പച്ചിലകളുള്ള വൻമരം..... ദിനരാത്രങ്ങളുടെ ഫലമായി ഇണപ്പക്ഷികൾ നിർമ്മിച്ച പക്ഷിക്കൂടുകൾ..... ഏറെ പ്രതീക്ഷയോടെ മുട്ടയിട്ടു അടയിരിക്കുന്ന അമ്മപ്പക്ഷികൾ..... ദിവസങ്ങൾക്കു മുമ്പ് പിറവികൊണ്ട പക്ഷിക്കുഞ്ഞുങ്ങൾ...... കണ്ണുകീറാത്തവ.... തൂവൽ വെക്കാത്തവ.... പറക്കമുറ്റാത്തവ...... പതിയെ പറക്കാൻ ശ്രമിക്കുന്നവ...... എല്ലാം നഷ്ടമായത്, അല്ല, നഷ്ടപ്പെടുത്തിയത് നിമിഷങ്ങൾ കൊണ്ടല്ലേ.......

'എന്നെ കൊന്നോളൂ.....പക്ഷേ എന്നിലെ ജീവനുകളെ സുരക്ഷിതരാക്കൂ....', ആ മരം എത്ര കേണു പറഞ്ഞിട്ടുണ്ടാകും.........???!!!
'എൻറെ പിഞ്ചോമനകൾ പറക്കാൻ പഠിക്കുവോളം ഞങ്ങളെ വെറുതെ വിടൂ', അമ്മപ്പക്ഷികൾ എത്ര കരഞ്ഞിട്ടുണ്ടാകും..........??!! 
'എന്തപരാധമാണ് ഞങ്ങൾ ചെയ്തത്...? പിറന്നുവീണത് മരണത്താഴ് വരയിലേക്കോ????!!!', പക്ഷിക്കുഞ്ഞുങ്ങൾ ഒന്നും മനസ്സിലാവാതെ വാവിട്ടു കരഞ്ഞിട്ടുണ്ടാകും..

ഹൃദയം തകരുന്ന കാഴ്ച! എത്രതന്നെ കേസെടുത്താലും ജീവൻ തിരികെ നൽകാനാവുമോ...? ഒരു കൂട്ടം അമ്മപ്പക്ഷികൾ വീഴ്ത്തിയ കണ്ണുനീരിന് എന്താണ് പകരം നൽകാനാവുക....?

മനുഷ്യാ, നീ നിസ്സഹായനായിരിക്കുന്നു. നിൻറെ വമ്പും വീമ്പും മണ്ണുകപ്പിയിരിക്കുന്നു.

പണ്ടൊരിക്കൽ ഉമ്മ പങ്കുവെച്ച കഥയോർക്കുന്നു.

അമ്മക്കിളി തീറ്റയുമായി തിരികെയെത്തിയപ്പോൾ കാണുന്ന കാഴ്ച ഭയാനകമായിരുന്നു. കാട്ടിലാകെ തീ പടർന്നിരിക്കുന്നു. നിമിഷങ്ങൾക്കകം പറക്കാൻ കഴിയാത്ത തൻറെ നാലു കുഞ്ഞുങ്ങളും അഗ്നിക്കിരയാകുമല്ലോ... അമ്മക്കിളി നിന്നു വിയർത്തു. 
'കുഞ്ഞുങ്ങളേ, നിങ്ങളെ എല്ലാവരെയും ദൂരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കാൻ വൈകിയ വേളയിൽ ഈ അമ്മയ്ക്കു കഴിയില്ല. എങ്കിലും നമ്മുടെ ഈ മരത്തിനു താഴെ കാണുന്ന മാളത്തിൽ നിങ്ങളെ എത്തിക്കാം. തീ പ്രവേശിക്കാതിരിക്കാൻ തൽക്കാലം മണ്ണുപയോഗിച്ച് മുഖഭാഗം അടക്കുകയും ചെയ്യാം. എല്ലാം അണഞ്ഞതിനുശേഷം നമുക്ക് മറ്റൊരിടം തേടി പോകാം.'
'അമ്മേ.... അതുവേണ്ട! മാളത്തിൽ എലിയോ പാമ്പോ മറ്റോ കാണും. അവ ഞങ്ങളെ കൊന്നുതിന്നും. അതിനേക്കാൾ ഭേദം ഇവിടെ വെന്തു മരിക്കുന്നതാണ്. അമ്മേ.... ഒട്ടും വിഷമിക്കേണ്ട! അമ്മ ദൂരേക്കു പറന്നുപൊയ്ക്കോളൂ... അമ്മക്ക് ഇനിയും കുഞ്ഞുങ്ങൾ ജനിക്കും, തീർച്ച!'

പക്ഷേ, കുഞ്ഞുങ്ങൾ സധൈര്യം പ്രതീക്ഷയോടെ പകർന്ന വാക്കുകൾ അമ്മക്കിളിക്ക് ഊർജ്ജമായതേയില്ല. പ്രിയമക്കളെ വിട്ട് എങ്ങു പോകാൻ...... അമ്മ കുഞ്ഞുങ്ങളെ മാറോട് ചേർത്തണച്ചു. വൈകാതെ അഗ്നിയും അവരോടൊപ്പം പങ്കുചേർന്നു.

തൻറെ പ്രൈമറി ക്ലാസ്സിലെ മലയാള പുസ്തകത്തിലുണ്ടായിരുന്ന
"അരണ്യംതന്നിൽ പിടിപെട്ടിതുവഗ്നിദേവൻ
കരഞ്ഞുതുടങ്ങിനാൽ ജരിത താനുമപ്പോൾ 
നിർഘ്ണനായ പിതാവിവറ്റേയുപേക്ഷിച്ചാൽ
ദുഃഖിക്കുമാറായി ഞാൻ പൈതങ്ങളിവരോടും..."
എന്നു തുടങ്ങുന്ന മലയാള പദ്യത്തിൽ പ്രതിപാദിക്കുന്ന കഥ ഉമ്മ പറഞ്ഞു തീരുമ്പോഴേക്കും പാത്രത്തിൽ കരുതിയ ചോറുരുളകൾ തീർന്നിരുന്നു. നിറഞ്ഞ കണ്ണുകളുമായി ഉമ്മയെ നോക്കിയിരിക്കുന്ന ഞങ്ങൾ പിഞ്ചുബാല്യങ്ങൾക്കു മുൻപാകെ വലിയൊരു ശൂന്യതയും രൂപപ്പെട്ടിരുന്നു.


ഇന്ന് ഒരുവേള 
എനിക്കും നിനക്കും
പിഴച്ചിരിക്കുന്നു.
ഇനിയെങ്കിലും 
ഇറുക്കിയടച്ച കണ്ണുകൾ
തുറന്നുകൊൾക!
അടച്ചുപൂട്ടിയ കർണ്ണപുടങ്ങൾ
മലർക്കെ തുറന്നുവയ്ക്കുക!
കാണേണ്ടതു കാണുക!
കേൾക്കേണ്ടതു കേൾക്കുക!
എല്ലാത്തിനുമുപരി 
ഞാനും നീയും
ഒരു മനുഷ്യനാവുക!

ഉമ്മ വരികൾ ഓർത്തെടുത്തപ്പോൾ... ഉമ്മ തന്നെ എഴുതിയത്.

Post a Comment

Share your thoughts

Previous Post Next Post