നാളുകൾക്കു ശേഷം വീണ്ടുമൊരു അനൂനിയൻ യാത്ര...
അൽഹംദുലില്ലാഹ്!

ഏകദേശം ഒരു മണി കഴിഞ്ഞ് ബാഫഖി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജിൽ നിന്നും ഞങ്ങളിറങ്ങി. എൻറെ ജൂനിയറും സമീപവാസിയുമായ അനൂനയുടെ പ്രിയപ്പെട്ട ഉമ്മ, ലീവ് പ്രമാണിച്ച് മോളെ വിളിക്കാൻ എത്തിയിട്ടുണ്ട്. വരാനിരിക്കുന്ന വഫിയ്യ സംസ്ഥാന കലോത്സവത്തോടനുബന്ധിച്ച് ക്യാമ്പസിൽ എത്തിയ ഞാനും നാട്ടിലേക്കുള്ള യാത്രയിൽ അവരോടൊപ്പം പങ്കുചേർന്നു. കൂടെ മറ്റൊരു ജൂനിയർ നാജിയ നസ്റിൻ എന്നവരുമുണ്ട്.

"വെന്നിയൂർ വരെയൊന്ന് പോകണം,ശേഷം നാട്ടിലേക്ക്" എന്ന് ഉമ്മ ഞങ്ങളോട് പങ്കുവെച്ചു. "ഓകെ, എങ്കിൽ ഞാനും നാജിയയും എടരിക്കോട് ജംഗ്ഷനിലിറങ്ങി ബസ് കയറാമെന്നു" പറഞ്ഞുവെങ്കിലും വിസമ്മതിച്ചു. അങ്ങനെ വെന്നിയൂരിലേക്ക്..

മാഷാഅല്ലാഹ്! അനൂനയുടെ ഉമ്മ സീനത്താത്ത(Zeenath) ഒരു മഹാസംഭവമാണ്! അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ ആമീൻ. സീനത്തയെ മുൻപേ എനിക്കറിയാം. ഞങ്ങളുടെ സ്വദേശമായ പടപ്പറമ്പിൽ സംഘടിപ്പിക്കപ്പെട്ടിരുന്ന വനിതാ മതപഠന ക്ലാസിൽ എന്റെ ഉമ്മയോടൊപ്പം അവരും നിറസാന്നിധ്യമായിരുന്നു. അതിലുപരി ക്ലാസെടുത്തിരുന്ന പ്രിയ ഗുരു റംല ടീച്ചർ അമ്പലക്കടവ് എന്നവരെ കൊണ്ടുവരുന്നതിനും തിരികെയെത്തിക്കുന്നതിനും തന്റെ ആൾട്ടോ കാറിന്റെ സ്റ്റിയറിങ് പിടിക്കാൻ അവർ മുന്നിലുണ്ടായിരുന്നു."മാഷാഅല്ലാഹ് പ്രഗൽഭയായ ഡ്രൈവർ തന്നെയാണ് സീനത്ത്" എന്ന് എന്റെ ഉമ്മ പങ്കുവെച്ചതോർക്കുന്നു.

കഴിഞ്ഞ ഒരു വർഷക്കാലം ബാഫഖി ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിൽ മെന്ററായിരിക്കെ ക്യാമ്പസിലേക്കും തിരിച്ച് നാട്ടിലേക്കും പലപ്പോഴായി ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ട്. ആ വേളയിൽ അനൂനയുടെ ഉമ്മ എന്റെയും ഉമ്മയാവുകയായിരുന്നു.

പർദ്ദയും ഹിജാബും ധരിച്ച, വലതുകൈ സ്റ്റിയറിങ്ങിലും ഇടതുകൈ ഗിയറിലുമൊതുക്കിയ, ഏർട്ടിഗയുടെ സൂപ്പർഫാസ്റ്റ് കൺട്രോളറെ ഞാൻ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്. പലപ്പോഴായി ഡ്രൈവിംഗ് ബാലപാഠങ്ങൾ എനിക്കു പറഞ്ഞു തരികയും ചെയ്തിട്ടുണ്ട്.തീർച്ചയായും എല്ലാവരും ഡ്രൈവിംഗ് പഠിക്കണമെന്ന എൻ്റെ തിയറിയെ അവർ പൂർണ്ണമായും ശരി വെക്കാറുമുണ്ട്. പഠന കാര്യങ്ങളും നാട്ടുവിശേഷങ്ങളുമായി അവരെപ്പോഴും യാത്രയെ വൈബാക്കി മാറ്റും.

പ്രിയ ഭർത്താവിന്റെ അകാലവിയോഗത്തിന് ശേഷം എല്ലാം ശ്രദ്ധിക്കുന്നത് പൂർണ്ണമായും സീനത്തയാണ്. അനൂനയും രണ്ട് സഹോദരി-സഹോദരന്മാരുമടങ്ങുന്ന കുടുംബത്തിൻ്റെ എല്ലാമാണവർ. അല്ലാഹുവേ മരണപ്പെട്ടവർക്ക് സ്വർഗീയ ജീവിതം നൽകണേ.. ജീവിച്ചിരിക്കുന്നവർക്ക് ആഫിയത്തും ദീർഘായുസും നൽകണേ ആമീൻ.

അൽഹംദുലില്ലാഹ്, ഇന്ന് വീണ്ടും സംബന്ധിക്കാൻ അവസരം ലഭിച്ചു. വെന്നിയൂരിൽ അനൂനയുടെ ഉമ്മയുടെ വീട്ടിൽ അല്പനേരം ചെലവഴിച്ചു. വാഹനത്തിൽ തന്നെ ഇരിക്കുകയായിരുന്ന എന്നോടും നാജിയയോടും അനൂനയുടെ പ്രിയ ഉപ്പപ്പ ഇറങ്ങാനാവശ്യപ്പെട്ടത് ഞങ്ങൾക്ക് നിരസിക്കാനായില്ല. ഉപ്പപ്പയെ ഒത്തിരി ഇഷ്ടമായി, ഉമ്മമ്മയെയും.. തറവാടുവീട്ടിൽ നിന്ന് കുളിയും ളുഹ്ർ നമസ്കാരവും കഴിഞ്ഞെത്തിയ ഉമ്മമ്മ ഞങ്ങളോട് സംസാരിച്ചു. "വീട്ടിലെ വാതിൽ പൂട്ടിയിട്ടില്ല, ആയത്തുൽ കുർസിയ്യ് ഓതി ബിസ്മി ചൊല്ലി ഓടാമ്പൽ ഇട്ടു പോന്നതാണ്" എന്ന ഉമ്മമ്മയുടെ വാക്കുകൾ പകർന്നുതന്നത് തവക്കുലിൻ്റെയും ദൈവീക കാവലിൻ്റെയും വലിയ അർത്ഥതലങ്ങളും പാഠങ്ങളുമായിരുന്നു. അല്ലാഹുവെ ഉപ്പാപ്പക്കും ഉമ്മാമക്കും ആഫിയത്തും ദീർഘായുസ്സും നൽകണേ ആമീൻ.

പ്രിയ അമ്മായി സമ്മാനിച്ച ആപ്പിൾ ജ്യൂസു കൂടിയായപ്പോൾ ഹൃദയമൊന്നടങ്കം മധുരിച്ചു.ബറകത്ത് ചെയ്യണേ ആമീൻ.
ശേഷം യാത്ര പറഞ്ഞിറങ്ങി. അറ്റകുറ്റപ്പണി നടക്കുന്ന വെന്നിയൂരിന്റെ കഥകളിലൂടെ... തന്റെ കുട്ടിക്കാല സ്കൂൾ-മദ്രസാ വിശേഷങ്ങളിലൂടെ.... ഡ്രൈവിംഗ് വിശേഷങ്ങളിലൂടെ... ഞങ്ങളുടെ യാത്ര കോട്ടക്കൽ വഴി മുന്നോട്ടു നീങ്ങി. ചെറുകുളമ്പ് വെച്ച് നാജിയയെ അവരുടെ ഉമ്മയെ ഏൽപ്പിച്ചു. ശേഷം നാട്ടിലെത്തി അല്ല 'വീട്ടിലെത്തി'. അൽഹംദുലില്ലാഹ്, തികച്ചും  അപ്രതീക്ഷിതമായി, സുഖകരവും സുന്ദരവുമായ ഒരു യാത്ര കൂടി സമ്മാനിച്ച അല്ലാഹുവിന് സ്തുതി! അനൂനക്കും 'മ്മടെ' ഉമ്മക്കും ഹൃദ്യമായ നന്ദിയും പ്രാർത്ഥനയും.



3 Comments

Share your thoughts

Post a Comment

Share your thoughts

Previous Post Next Post