എനിക്ക് ഫോട്ടോയുടെ കോപ്പി എടുക്കാനുണ്ടായിരുന്നു. അതെടുത്ത് നമുക്ക് പോകാം എന്നു പറഞ്ഞു ഒരു ഇന്റർനെറ്റ് കഫെയിൽ കയറി.അവിടെയുള്ള അങ്കിളിനോട് ചുമ്മാ ചോദിച്ചു:"ഐ-ടെസ്റ്റ് ഫോം എടുത്തു തരാൻ സാധിക്കുമോ?" "തീർച്ചയായും, സൈറ്റിൽ നോക്കട്ടെ".
എല്ലാം ഓകെയാവണെയെന്ന് മൂന്നുപേരും മനമുരുകി പ്രാർത്ഥിച്ചു. അൽഹംദുലില്ലാഹ്, ഫോമിന്റെ ഹാർഡ് കോപ്പി കൈയിൽകിട്ടി.അൽപ്പസമയത്തിനകം ഫോട്ടോയും സെറ്റായി. ബിൽ അടക്കാൻ ഗൂഗിൾ പേ ഉപയോഗപ്പെടുത്താൻ അദ്ദേഹം വിനയപൂർവ്വം അപേക്ഷിച്ചു. അവരുടെ കയ്യിൽ ചെയിഞ്ചില്ലായിരുന്നു, ഞങ്ങളുടെ കയ്യിലും.
ഏകദേശം നൂറു രൂപയുടെ അടുത്താണ് അടക്കാനുള്ളത്.എൻ്റടുക്കൽ പെയ്‌മെൻ്റ് ഫെസിലിറ്റി ഇല്ലാത്തതിനാൽ എൻ്റെ സഹോദരനെ വിളിച്ചു.
അടച്ചതിന്ശേഷം പോയാൽ മതിയെന്നൊന്നും അദ്ദേഹം ആവശ്യപ്പെട്ടില്ല. പൊയ്ക്കോളൂ എന്ന അർത്ഥത്തിൽ തലയാട്ടി.
അൽമാസ് ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് പെയ്മെൻ്റ് പൂർത്തിയായത്. എൻ്റെ ചിന്തയിൽ മുഴുവൻ ആ അങ്കിളായിരുന്നു.പണമടക്കും മുൻപ് വിട്ടയച്ച.... ആരെയും കണ്ണടച്ച് വിശ്വസിക്കാൻ കഴിയാത്ത ഈ കാലത്ത് വിശ്വാസം മുറുകെപിടിച്ച ആ നല്ല മനുഷ്യൻ!! അല്ലെങ്കിലും അവരെയൊക്കെ ആരു പറ്റിക്കാനാണ്, അല്ലെ? അല്ലാഹുവേ, അവർക്ക് ഖൈർ നൽകണേ ആമീൻ.
ഉച്ചയോടുകൂടി എല്ലാം കഴിഞ്ഞ് ഹോസ്പിറ്റൽ വിട്ടു.പശിയടക്കാൻ കൂൾബാറിൽ കയറി ചിക്കുജ്യൂസും അവിൽമിൽക്കും ഫ്രൂട്ട്സലാഡും ഓർഡർ ചെയ്തു.
അരമണിക്കൂർ ബസ്സ് യാത്രക്ക് ശേഷം കടുങ്ങാത്തുകുണ്ട് എത്തി. ഇനി ഫോം സ്കൂളിൽ ഏല്പിച്ച് അഡ്മിഷൻ ഉറപ്പുവരുത്തണം. രാത്രി പന്ത്രണ്ടടിച്ചാൽ പുതുവർഷമാണ്. അതോടൊപ്പം ഒരു പ്രശ്നം കൂടിയുണ്ട്, ഡ്രൈവിംഗ് സ്കൂളിൽ ഫീസ് വർദ്ധിക്കുകയും ചെയ്യും...
മൂന്നുമാസം നീണ്ടുനിന്ന മുപ്പതു ദിവസത്തെ ഡ്രൈവിംഗ് ക്ലാസ്സും എച്ച്-പ്രാക്ടീസും ആസ്വദിച്ചനുഭവിച്ചു. അതിനിടക്ക് ലേണിംഗ് ടെസ്റ്റും കഴിഞ്ഞു.തീർത്തും സൗഹൃദപരമായ അധ്യാപനം...
കോളജിലെ ഡ്യൂട്ടി കഴിഞ്ഞതിനു ശേഷമാണ് ക്ലാസ്സിനു പോയിരുന്നത്. ഞങ്ങളുടെ ഒഴിവനുസരിച്ച് പലപ്പോഴും സാർ സമയം അഡ്ജസ്റ്റ് ചെയ്തു... പലപ്പോഴും ക്യാമ്പസിൻ്റെ ഗേറ്റിനു പുറത്ത് ക്ഷമയോടെ കാത്തുനിന്നു.ഫിറോസ് സാറിനെ ഈ വേളയിൽ പ്രത്യേകം ഓർക്കുന്നു. എൻ്റെ പേരിലും സഹപാഠികളുടെ പേരിലും അളവറ്റ കൃതജ്ഞത രേഖപ്പെടുത്തുന്നു.
2022 ഏപ്രിൽ 16 ശനിയാഴ്ച തിരൂരിൽ വെച്ച് നാലുപേരും ടെസ്റ്റ് അറ്റൻഡ് ചെയ്തു. അൽഹംദുലില്ലാഹ്, ആഴ്ചകൾക്കുള്ളിൽ നാലുപേർക്കും തപാൽവഴി ഫോർവീലർ ലൈസൻസ് ലഭിച്ചു. ഒരു സ്വപ്നസാക്ഷാത്കാരം!
!! الحمد لله الف مرة
റോഡിലൂടെ സ്ത്രീകൾ ഡ്രൈവ് ചെയ്യുന്നത് ഞാൻ കൗതുകത്തോടെ നോക്കിനിൽക്കാറുണ്ട്. ഇന്ന് എനിക്കും സാധിക്കുമല്ലോ എന്നതിൽ അതിയായ സന്തോഷവും പടച്ചവനോട് നന്ദിയുമുണ്ട്. പൂർണ്ണ പിന്തുണ നൽകിയ ഉമ്മയോട് ഈ നിമിഷം എന്തു പറയണമെന്നറിയില്ല.
എൻ്റെ ഉപ്പയെയും സഹോദരങ്ങളെയും കയ്യിൽ കിട്ടിയ കാർഡുകാണിച്ച് അമ്പരപ്പിച്ചു. അവർ പ്രശംസിച്ചു.
എൻ്റെ ഉമ്മ!അവരായിരുന്നു എൻ്റെ ഊർജ്ജം! എന്തു ആഗ്രഹം പ്രകടിപ്പിച്ചാലും ഇൻശാ അല്ലാഹ് എന്ന പ്രതീക്ഷയുടെയും പ്രത്യാശയുടെയും മന്ത്രമാണ് അവിടുന്ന് ഉരുവിടാറ്. ഈ ആഗ്രഹം പറഞ്ഞപ്പോഴും അങ്ങനെതന്നെ. എൻ്റെ ഓരോ വിജയങ്ങളും ഉമ്മായുടെത് കൂടിയാണെന്ന് ചുരുക്കം.
ടു വീലറാണ് അടുത്ത ടാർഗറ്റ്. അമ്മാവൻ്റെ Suzuki Access 125ഉം സഹോദരൻ്റെ ഹോണ്ട ബൈക്കും പലപ്പോഴായി കാലുകൾ കൊണ്ട് ഉന്തിനോക്കിയിട്ടുണ്ട്. വീട്ടിൽ വരുന്ന സ്‌കൂട്ടറുകളെ പരീക്ഷണ- പരിശീലന വസ്തുവാക്കാൻ ഞാൻ ശ്രമിച്ചിരുന്നു.
അങ്ങനെയിരിക്കെയാണ് ഈയടുത്ത് എൻ്റെ ജൂനിയർ മർവ മുനീർ വീട്ടിൽ വരുന്നത്.അവളുടെ സ്കൂട്ടറിൽ കയറിയതും ഡയലോഗ് വന്നതും ഒരുമിച്ചായിരുന്നു."ഇങ്ങൾ എട്ക്കണ്ട , കൊർച്ച് കാലം കൂടെ ഇത് ഓട്ടാൻ എൻക്ക് പൂതിണ്ട്."
ഇൻശാ അല്ലാഹ് വൈകാതെ പഠിക്കണം, അവസരം ലഭിച്ചാൽ ഇവളുടെ സ്കൂട്ടറും ഓടിക്കണം, ഞാൻ തീരുമാനിച്ചു. അല്പം വാശിയും ഇല്ലാതില്ല.
അടുത്ത ദിവസം തന്നെ അളിയൻ്റെ ഹോണ്ട ഡിയോയിൽ പഠനമാരംഭിച്ചു.വീട്ടുമുറ്റമായിരുന്നു പ്രഥമ പാഠശാല. ഗുരു അളിയനും!
ഇനി റോഡിലിറങ്ങണം.സഹായത്തിനു സഹോദരനെ കൂട്ടി. അവൻ തൻ്റെ ബൈക്കെടുത്തിറങ്ങി. പിറകിൽ ഞാനും സ്കൂട്ടറുമായി. പടപ്പറമ്പ് ടൗൺ വരെ ഏകദേശം ഇരുന്നൂറു മീറ്റർ സഞ്ചരിച്ചു. ഇനി തിരിച്ചിങ്ങോട്ട്."നീ തന്നെ പൊയ്ക്കോ... കുഴപ്പമൊന്നൂല്ല.. ലെഫ്റ്റ് സൈഡ് കീപ് ചെയ്താൽ മതി. ആവശ്യമുള്ളിടത്ത് സിഗ്നൽ കൊടുക്കേം വേണം", എൻ്റെ സഹോദരൻ്റെ പ്രോത്സാഹനം...
വണ്ടി തിരിച്ചു...വീട്ടിൽ കയറാതെ നേരെ മുന്നോട്ട്.. പിന്നെ ലെഫ്റ്റടിച്ച് മറ്റൊരു റോഡിലൂടെ... അങ്ങനെ കറങ്ങിവന്നു. അൽഹംദുലില്ലാഹ്! ടൂവീലർ ഡ്രൈവിങ് അടിപൊളി!
ദിവസങ്ങൾ പിന്നിട്ടു. വീണ്ടും വണ്ടി കയ്യിൽ കിട്ടി. ഉടനെ ഹെൽമെറ്റിട്ട് ഇറങ്ങി. പാങ്ങ് വഴി മരവട്ടം കുഞ്ഞാത്തയുടെ സമീപത്തെത്തി.വഴിയിൽവെച്ച് മഴ പെയ്തതിനാൽ അൽപം നനഞ്ഞിട്ടുമുണ്ട്. സ്കൂട്ടറിൽ എന്നെ തനിച്ചു കണ്ട് അവൾ അമ്പരന്നു.
"എടീ... നീ ഒറ്റക്ക് വന്നതാണോ?!"
"അതെ, ആരോടും മിണ്ടണ്ട. വെറുതെ വന്നതാ.. പോകട്ടെ, വല്ലതും കഴിക്കാനുണ്ടെങ്കിൽ താ..."
അകത്തു കയറി സ്ട്രോങ് ടീയും ബിസ്ക്കറ്റും കഴിച്ചു.
മഴ പെയ്തതിനാൽ എന്നെ ഫോണിൽ ബന്ധപ്പെടാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കി ഞാൻ ഉമ്മയെ അങ്ങോട്ട് വിളിച്ചു.എവിടെയാണെന്ന് എന്നോട് ചോദിച്ചതേയില്ല..
അവസാനം സഹികെട്ട് ഞാൻ അങ്ങോട്ട് ചോദിച്ചു:"എവിടെയെത്തിയെന്ന് ചോദിക്കാത്തതെന്താ..? വീട്ടിലുണ്ട് എന്ന് വിചാരിച്ചിരിക്കാണോ..?"
"അല്ലല്ല, നീ പോയത് എനിക്കറിയാം. എവിടെയെത്തി?"
ഒരു ചീത്ത പ്രതീക്ഷിച്ച് പറയാനൊരുങ്ങവെ കുഞ്ഞാത്ത ഇടയിൽകയറി,"അവളിവിടെ എത്തീക്ക്ണ്".
"അവിടെ ഏത്യോ...?! അതിനുള്ള സമയം ആയിട്ടില്ലല്ലോ...! പോകുമ്പോൾ പറയാർന്നില്ലേ , ഇവിടുന്ന് പൈനാപ്പിൾ കൊണ്ടു പോയ്ക്കൂടാർന്നോ....?!"
ഞാനും കുഞ്ഞാത്തയും ചിരിച്ചു. ഇതാണ് ഞങ്ങടെ 'ഇമ്മു' എന്ന ഉമ്മ!!
The biggest inspiration!!
The biggest motivation!!
അല്ലാഹുവേ, ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ ആമീൻ.
ഒരു മണിക്കൂറിനുള്ളിൽ പലയിടത്തും കറങ്ങി വീട്ടിലെത്തി. അൽഹംദുലില്ലാഹ്!!
ഇനി '8' ഇടാൻ പഠിക്കണം... ഇൻശാ അല്ലാഹ്!
#fidac
#hisana
#shamilapt
#sumayyap
#farsanat
#marwamuneerm
#centurydriving school
#firozsir
#parents
#brotherinlaw
#brothers
#sisters
(തുടരും)
Post a Comment
Share your thoughts