മെയ് 12 വെള്ളിയാഴ്ച!
എന്റെയും ഇളയ സഹോദരൻ സിദ്ദീഖിന്റെയും കാനോത്ത് ദിനം!
ഇനി നാലു ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ. എല്ലാവരും സന്തോഷത്തിലാണ്.
ബന്ധുക്കളെ ക്ഷണിക്കണം...
വീടൊരുക്കണം...
പെണ്ണിനുള്ള മഹർ വാങ്ങണം...
ഭക്ഷണവിഭവങ്ങൾ സെറ്റാക്കണം...
പെണ്ണിനെയും ചെക്കനെയും മാനസികമായും ശാരീരികമായും ഒരുക്കണം...
തിരക്കുകൾ അനവധിയാണ്.
അന്ന് ഉച്ചയ്ക്കാണ് മുതിർന്ന സഹോദരന്റെ (ലുഖ്മാൻ പി.കെ) ഭാര്യ ഷാഹിദയും അവരുടെ ഏക മകൾ നിയമോളും (ഹനിയ ഫാത്വിമ) ഞാനും പരിപാടിയോടനുബന്ധിച്ച് ധരിക്കേണ്ട അവളുടെ വസ്ത്രം ശരിയാക്കിവെച്ചത്. പതിന്മടങ്ങ് ആവേശത്തോടെ അവൾ കൂടെയുണ്ടായിരുന്നു.
അതുകഴിഞ്ഞാണ് ഉമ്മയും ഞാനും പരിപാടിയുടെ ഉച്ചഭക്ഷണത്തിന് അച്ചാറുണ്ടാക്കുന്നതിനായി മാങ്ങ പറിക്കാൻ പോയത്. ഉയരത്തിൽ നിൽക്കുന്ന മാങ്ങയെല്ലാം ഓരോന്നായി തോട്ടി ഉപയോഗിച്ച് താഴെയിട്ടു. ശേഷം ചാക്കിൽ നിറച്ച് വീട്ടിലെത്തിച്ചു.
ഇപ്പോൾ സമയം അസ്വർ ആയിട്ടുണ്ട്. നിയമോൾ ഉറങ്ങുകയാണ്. എല്ലാവരും തിരക്കിട്ട പണികളിലും.
അല്പസമയത്തിനുശേഷം അവളുണർന്നു. പാൽക്കുപ്പിയിൽ നിറച്ചുവെച്ച പാൽ അവൾ സ്വയം ഊമ്പിക്കുടിച്ചു. അൽഹംദുലില്ലാഹ്! വയറു നിറഞ്ഞു. അകത്തും പുറത്തുമായി അവൾ ഓടിച്ചാടി നടന്നു.
വിവസ്ത്രയായിരുന്ന അവൾക്ക് പാന്റ്സും ഉടുപ്പും ധരിപ്പിച്ചത് ഞാനാണ്. പുറത്ത് ചപ്പുചവറുകൾ തീകൂട്ടുകയായിരുന്ന എന്റെ ഉമ്മയുടെ അടുത്തേക്കാണവൾ ഓടിയത്. അവളുടെ ഉമ്മ വീടിനുള്ളിൽ ധൃതിപ്പെട്ട പണിയിലാണ്. എനിക്ക് ചെയ്യാനുള്ളത് അയൽ വീട്ടിൽ നിന്നും പതിവായി കൊണ്ടുവരാറുള്ള പാൽ എടുക്കലാണ്. ഒഴിഞ്ഞ കുപ്പിയുമായി ഞാനിറങ്ങി.
എന്റെ ഉമ്മയെ സ്വൈര്യം കെടുത്തുന്ന നിയമോളെ എന്റെ കൂടെ പാൽ വാങ്ങിക്കാൻ കൊണ്ടുപോകാമെന്ന് ഞാൻ ചിന്തിച്ചു. എന്നാൽ പാമ്പേഴ്സ് ധരിക്കാത്തതിനാൽ പ്രശ്നമാകുമോ എന്നോർത്ത് അവളോടോ ഉമ്മയോടോ ഞാൻ ചോദിച്ചതുമില്ല.
വീടിനു മുന്നിലെ റോഡ് മുറിച്ചുകടന്ന് അയൽവീട്ടിലെത്തി. പുറത്തെ അടുക്കളയിലെ ഗേറ്റ് തുറന്ന് അകത്തുകയറി പാലെടുത്തു. ശേഷം തിരിച്ചു പോന്നു.
റോഡിലെത്തിയതും എന്റെ വീട്ടിൽ എന്തോ.....
നിയമോൾ വാവിട്ടു കരയുന്നു.. അവളുടെ ഉമ്മ പർദ്ദ ധരിച്ച് വാതിലിറങ്ങുന്നു.. എന്റെ ഉമ്മയും ഉപ്പയും അയൽവാസി ആച്ചുത്തയും ബേജാറോടെ നിൽക്കുന്നു.. സഹോദരൻ സിദ്ദീഖ് ധ്രുതഗതിയിൽ കാറെടുക്കുന്നു... യാ അല്ലാഹ്! എന്തോ സംഭവിച്ചിട്ടുണ്ട്, നീ കാക്കണേ..., എന്റെ മനസ്സ് മന്ത്രിച്ചു. നിയ വീണുകാണും.. മുറിവായിട്ടുണ്ടാകും... അല്ലാതെ അവൾ കരയില്ലല്ലോ... ഹോസ്പിറ്റൽ കേസു തന്നെ.
ഞാൻ ഓടിച്ചെന്നു. പാൽ എവിടെയോ വെച്ചു. കാറിൽ കയറുന്ന ഷാഹിത്തയോടൊപ്പം "റാഷീ.. നീയും കയറിക്കോ" എന്ന് പറഞ്ഞത് അയലത്തെ ആച്ചുത്തയാണ്. ഉടനടി ഞാനും കയറി. എന്തുപറ്റിയെന്നറിയാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് ചോദിച്ചു നിൽക്കേണ്ട സമയമായിരുന്നില്ല.
കാർ ചീറിപ്പാഞ്ഞു. തൊട്ടടുത്ത കെയർവെൽ ക്ലിനിക്കിലേക്ക്. റോഡ് പണി നടക്കുന്ന സമയമായതിനാൽ വാഹനത്തിരക്കില്ലായിരുന്നു.
ഞാൻ കുഞ്ഞിനെയൊന്നാകെ നോക്കി. ഞാൻ ധരിപ്പിച്ച ഉടുപ്പ് മേലിലില്ല. ട്രൗസർ മാത്രമേയുള്ളൂ. ചോരയൊന്നും എവിടെയും കണ്ടില്ല.
വണ്ടി നിർത്തി. താത്തയും ബേബിയും കൂടെ ഞാനും നേരെ ക്ലിനിക്കിനുള്ളിലെ എമർജൻസി റൂമിലേക്ക്.
"എന്തുപറ്റിയതാ..."
മറുപടി പറയാൻ എനിക്കറിയില്ലല്ലോ..
താത്തക്ക് പറയാൻ സാധിക്കുന്നുമില്ല. വാക്കുകൾ കിട്ടുന്നില്ല... ശബ്ദമിടറുന്നു... കരയുകയാണവർ.
ഒടുവിൽ കാണിച്ചുകൊടുക്കുകയാണ് ചെയ്തത്.
ഇന്നാലില്ലാഹ്..... നിയമോളുടെ ഇടതു കൈ പൊള്ളിയിരിക്കുന്നു.
ഞായറാഴ്ചയായിരുന്നതിനാൽ ഒ പിയിൽ ഡോക്ടർ ഉണ്ടായിരുന്നില്ല. ലേഡി ഡ്യൂട്ടി ഡോക്ടർ മാത്രമേയുള്ളൂ.
അവർ ഫസ്റ്റ് എയ്ഡ് നൽകി. പല ഫ്ലൂയിഡും അവർ തേച്ചു. വായിലൂടെ സിറപ്പ് നൽകി.
"എന്റെ കൈ... ന്റെ കൈ... ഉമ്മ്യേ...."എന്നു പറഞ്ഞ് പാവം അവൾ ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു.
എങ്ങനെ സംഭവിച്ചതാണെന്ന് പിടികിട്ടിയില്ല. താത്തക്ക് പറയാൻ സാധിക്കുന്നില്ല. കനൽ എന്ന പദം ഒരുവിധം പറഞ്ഞൊപ്പിച്ചു. സിദ്ധിക്കും കാര്യമറിയില്ല. വീട്ടിൽ ഉമ്മയെ വിളിച്ചന്വേഷിക്കാമെന്ന് വെച്ചാൽ കയ്യിൽ മൊബൈലുമില്ല.
ഞാൻ ഉടനെ സിസ്റ്ററോട് ചോദിച്ചു:
"കോൾ ചെയ്യാൻ സൗകര്യം ഉണ്ടോ?"
"റിസപ്ഷനിൽ ഉണ്ട്."
എന്നാൽ റിസപ്ഷനിൽ ആരും ഉണ്ടായിരുന്നില്ല.
തൊട്ടടുത്തുനിന്ന ഒരു കാക്കുവിനോട് കോൾ ചെയ്യാൻ സഹായിക്കുമോ എന്നഭ്യർത്ഥിച്ചു. അദ്ദേഹം ഉടനടി ഞാൻ പറഞ്ഞു കൊടുത്ത നമ്പർ ഡയൽ ചെയ്തു. പക്ഷേ.. വിഫലം.. ഫോൺ എടുത്തില്ല.
അപ്പോഴേക്കും എന്റെ ഉമ്മ ക്ലിനിക്കിൽ എത്തിച്ചേർന്നു.
"വേഗം മറ്റെവിടെയെങ്കിലും കാണിച്ചോളൂ... എം. ഇ. എസ്. മാലാപ്പറമ്പിൽ സന്തോഷ് ഡോക്ടർ ഉണ്ടാകും. അല്ലെങ്കിൽ മൗലാന ഹോസ്പിറ്റലിൽ കാണും". ഡോക്ടർ പറഞ്ഞു.
മലപ്പുറത്ത് കൊണ്ടുപോകാമോ എന്നന്വേഷിച്ചപ്പോൾ മലപ്പുറം കോപ്പറേറ്റീവ് ഹോസ്പിറ്റൽ സജസ്റ്റ് ചെയ്തു.
അങ്ങനെ ബേബിയും താത്തയും ഉമ്മയും സിദ്ധിയും മലപ്പുറത്തേക്ക്.
ഞാൻ ക്ലിനിക്കിലെ ബില്ലടച്ചു വീട്ടിലേക്ക് തിരിച്ചു.
തരിച്ചു നിൽക്കുന്ന ഉപ്പയെ ആശ്വസിപ്പിക്കാൻ എനിക്കു ശേഷിയുണ്ടായിരുന്നില്ല. കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്ന നിയ്യത്തോടെ നേർച്ചകൾ നേർന്നു. ഉപ്പയോട് പ്രാർത്ഥിക്കാൻ പറഞ്ഞു.
പൊള്ളിയാൽ ചൊല്ലേണ്ട ദിക്റ് ചൊല്ലി അവളുടെ കൈയിൽ ഊതിക്കൊടുക്കണമെന്ന് ഞാൻ ഉമ്മയെ വിളിച്ചറിയിച്ചു. ഉമ്മ ചൊല്ലുന്നുണ്ടെന്ന് പറഞ്ഞു.
അയൽ വീട്ടിലെ ആച്ചുത്തയെ ചെന്ന് കണ്ട് അവർ മലപ്പുറത്തേക്ക് പോയ വിവരം അറിയിച്ചു, പ്രാർത്ഥിക്കണമെന്നും.
വീട്ടിൽ ഉപ്പയും ഞാനും മാത്രം. ശ്വാസമെടുക്കാൻ മറന്നുപോയ നിമിഷങ്ങൾ... കൈകാലുകൾ തളർന്ന മണിക്കൂറുകൾ... കണ്ണിൽ ഇരുട്ട് പടരുന്നു... തല കറങ്ങുന്നു... ആറുമണി കഴിഞ്ഞാണ് എല്ലാം സംഭവിച്ചത്.
ഇപ്പോൾ മഗ്രിബ് ആയിരിക്കുന്നു. വേഗം നമസ്കരിച്ച് പ്രാർത്ഥനയിൽ മുഴുകി. അല്ലാഹുവേ നിയമോളെ കാക്കണേ ആമീൻ.
എട്ടൊൻപത് വർഷത്തെ കാത്തിരിപ്പിനുശേഷം ഭൂമിയിലേക്ക് പിറന്നുവീണ മാലാഖ... കളിയും ചിരിയും കൊഞ്ചലും കുഴയലുമെല്ലാമായി കഴിഞ്ഞുപോകുന്ന ദിനരാത്രങ്ങൾ... ഒന്നര വയസ്സ് മാത്രം പിന്നിട്ട കുഞ്ഞിളം പൈതൽ... അല്ലാഹുവേ എല്ലാം നിന്നിൽ സമർപ്പിതം.
നിയയുടെ ഉപ്പ വിദേശത്താണ്. അവരറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ..? അല്ലാഹുവേ ക്ഷമയും മനക്കരുത്തും നൽകണേ...
കാര്യങ്ങളെന്തായി... ഒരു വിവരവുമില്ല... സിദ്ധിയുടെ മൊബൈൽ മാത്രമാണ് കൈവശമുള്ളത്. ഉമ്മയുടേതും താത്തയുടേതും വീട്ടിൽ തന്നെയാണുള്ളത്.
എട്ടുമണി കഴിഞ്ഞ് വിവരം മറ്റു സഹോദരിമാരെ അറിയിച്ചു. പ്രാർത്ഥിക്കണം എന്നും പറഞ്ഞു. സ്വലാത്തുകളും ദിക്റുകളും ചൊല്ലിക്കൊണ്ടിരുന്നു.
കോൾ വന്നു. ഉമ്മയാണ് സംസാരിക്കുന്നത്. സഹകരണ ഹോസ്പിറ്റലിൽ നിന്നും എം ഇ എസിലേക്ക് തിരിച്ചിട്ടുണ്ട്. മരുന്ന് അവിടെയാണുള്ളത് എന്നാണ് പറഞ്ഞത്.
അപ്പോഴാണ് മുതിർന്ന സഹോദരൻ ( നിയയുടെ ഉപ്പ) ഉമ്മയുടെ ഫോണിലേക്ക് അടിക്കുന്നത്. എന്റെ ഹൃദയം ഒന്ന് പിടച്ചു. അറിഞ്ഞു കാണുമോ ഇല്ലയോ...?
ഉടനെ ഇക്കാര്യം ഉമ്മയോട് അന്വേഷിച്ചപ്പോൾ കാക്കുവിനെ അറിയിച്ചിട്ടുണ്ട് എന്ന് പറഞ്ഞു.
സമയം മുന്നോട്ടു നീങ്ങി. എം ഇ എസിൽ നിന്നും അറിയിച്ചതനുസരിച്ച് പീഡിയാട്രിക് സർജനെ കാണുന്നതിന് കോഴിക്കോടിലേക്ക് പുറപ്പെട്ടു.
കയ്യിൽ മരുന്ന് വെച്ച് നിയമോൾ ഉടൻ തിരിച്ചു വരുമെന്ന ഞങ്ങളുടെ പ്രതീക്ഷയെ അസ്ഥാനത്താക്കുന്ന വാർത്തയായിരുന്നു ഇത്.
രാത്രി പതിനൊന്ന് മണിയോടെ അവിടെയെത്തി. എമർജൻസിയിൽ കയറ്റി വേണ്ടത് ചെയ്തു. അടുത്ത ദിവസം തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് ഡോക്ടർ എത്തുക. അതിനാൽ അഡ്മിറ്റ് ചെയ്തു. തുടർന്ന് സ്ട്രിപ്പും ഇഞ്ചക്ഷനും മരുന്നുകളും... ഹോസ്പിറ്റലിലെ ന്യൂ ബ്ലോക്കിന്റെ ഏഴാം നിലയിൽ 2705 -ാംനമ്പർ റൂമിൽ വെളുത്ത വിരിയിട്ട വീതിയും നീളവുമുള്ള വലിയ കട്ടിലിൽ കുഞ്ഞു നിയ മലർന്നു കിടന്നു. പാവം കുഞ്ഞുപൈതൽ...!
************************
പരിപാടിയോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കുകയായിരുന്നു ഉമ്മ. വീണു കിടക്കുന്ന ഇലകളും തെങ്ങിൻ ചുവട്ടിലെ വിറകാവശിഷ്ടങ്ങളും ഒരുമിച്ചുകൂട്ടി കത്തിക്കുകയാണ്.
"മ്മമ്മാ.... ഇവിടെ പുകയാ"ണെന്ന് പറഞ്ഞു അവൾ വിറകുപുരയുടെ പിൻവശത്തേക്ക് നീങ്ങി.. അവിടെ ഉണ്ടായിരുന്ന ചെറിയ സ്റ്റൂളിൽ കയറുന്നത് പാലിന് പോകുമ്പോൾ ഞാൻ കണ്ടിരുന്നു. എന്നാൽ തിരിച്ചു വന്നപ്പോഴേക്കും....
നിമിഷങ്ങൾക്കുള്ളിലാണ് എല്ലാം പിഴച്ചത്. വിറകുപുരയുടെ മുൻവശത്തുള്ള മുറ്റത്തെ അടുപ്പിന്റെ മുകൾ ഭാഗത്തുനിന്നും അതിലേക്ക് കൈ കുത്തി നിൽക്കുന്ന അവസ്ഥയിലാണ് താത്ത അടുത്തെത്തിയപ്പോൾ. തൊട്ടുമുമ്പ് കത്തിച്ചതിനാൽ എരിയുന്ന കനൽ ഉണ്ടായിരുന്നു. എങ്കിലും അല്പം ചൂടാറിയിട്ടുമുണ്ട്. വാവിട്ടു കരഞ്ഞപ്പോഴാണ് അവൾ അവിടെയെത്തിയ വിവരം അറിഞ്ഞത്.
അൽഹംദുലില്ലാഹ്! കൈയിനു മാത്രമേ അപകടം സംഭവിച്ചുള്ളൂ. ഉള്ളൻ കയ്യിൽ മൂന്നു സർജറികൾ കഴിഞ്ഞു. ഇൻഷാ അള്ളാ ഭേദമാകും. വേദനയനുഭവപ്പെടാതെ, പൂർണ്ണ ഷിഫാഇനായി പ്രാർത്ഥിക്കാം. അല്ലാഹു വലിയവനാണല്ലോ...
ربنا عليك توكلنا وإليك انبنا وإليك المصير
اللهم رب الناس ، اذهب البأس ، اشف انت الشافي ، لا شفاء الا شفاؤك ، شفاء لا يغادر سقما. اللهم اشفها🤲
والله الرحمن الرحيم
പ്രിയരേ...
എത്ര പെട്ടെന്നാണ് ആനന്ദ നിമിഷങ്ങൾ സന്താപക്കടലായി മാറുന്നത്... അസ്വസ്ഥരാകരുത് നാം.... കാരണം അല്ലാഹുവിന്റെ തീരുമാനങ്ങൾ വലുതാണ്...
ഒന്നാലോചിച്ചു നോക്കൂ, പാലു വാങ്ങുന്നതിനായി അവളെയും കൂടെ കൂട്ടിയിരുന്നുവെങ്കിൽ... ഇതൊന്നും സംഭവിക്കില്ലായിരുന്നു.
'EXPECT THE UNEXPECTED' എന്ന് പ്രിയ ഗുരു ഉസ്താദ് ഖുബൈബ് വാഫി ചെമ്മാട് പറഞ്ഞുധരിപ്പിച്ചതെത്ര ശരി..
നിയ കൂടെ പോരണോ എന്ന് ഉറക്കെ ചോദിച്ചിരുന്നെങ്കിൽ അവൾ ഓടി വരുമായിരുന്നു. അവളെയും കൊണ്ടുപോയിക്കോ എന്ന് ഉമ്മ പറയുമായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. എല്ലാം അല്ലാഹുവിന്റെ നിശ്ചയം.
فوق تقديرنا لله تقدير
പതിനാറു ദിവസത്തെ ആതുരാലയവാസത്തിനു ശേഷം കുഞ്ഞു നിയ കഴിഞ്ഞ തിങ്കളാഴ്ച(22/05/23) പാതിരാത്രി പിന്നിട്ട് വീടണഞ്ഞിരിക്കുന്നു. ഷാഹിത്തയുടെ ഇരുമ്പുഴിയിലെ വീട്ടിലാണുള്ളത്.
ആസ്റ്റർ മിംസ്സിലെ പത്ത് ദിവസവും മലാപ്പറമ്പ് ഇഖ്റാ ഇന്റർനാഷണൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ആറു ദിവസവും നിയയുടെ ജീവിതത്തിലെ മാഞ്ഞു പോകാത്ത താളുകളാണ്.
നികാഹിന്റെ വെള്ളിയാഴ്ചദിവസം പുത്തനുടുപ്പിട്ട കുഞ്ഞു സുന്ദരിയെ പരിപാടിയിലുടനീളം എല്ലാവരും തിരഞ്ഞു. പക്ഷേ കണ്ടെത്താനായില്ല. ചായക്കടികളും മിഠായികളും കഴിക്കാൻ അവൾ ഉണ്ടായില്ല. അവൾ അവളുടെ കിച്ചൻസെറ്റിൽ പലഹാരവും ചായയും ഉണ്ടാക്കി കളിക്കുകയായിരുന്നു. പാവം നിയയും, വിഷമം സഹിച്ച് അവളുടെ ഉമ്മയും ദൂരെ ആസ്റ്റർ മിംസിൽ ആയിരുന്നു.
ഷാഹിത്താ... സാരമില്ലാട്ടോ... സത്യവിശ്വാസികളായ നാം വിധിയിൽ അസ്വസ്ഥരാകരുതല്ലോ... അല്ലാഹുവിന്റെ വിധിയെ അംഗീകരിക്കുന്നവരല്ലേ നാം. അൽഹംദുലില്ലാഹ് അലാ കുല്ലി ഹാൽ..
നിയമോളെ... മിഠായികളൊരുപാട് നിന്നെ കാത്തിരിപ്പുണ്ട്, നീ പൂർവാധികം ഊർജ്ജസ്വലയായി തിരിച്ചുവരുന്നതും നോക്കി.
#Babylove
#Pkfamily
#Tragedy
#Everything_belongs_to_Allah
Nothing to say🥺
ReplyDeleteAww.. 🥹♥️
ReplyDeletePost a Comment
Share your thoughts