ഹിജാബിനും ഒരു ദിനമുണ്ടെന്ന് ഞാനറിഞ്ഞത് 2016-17 പ്ലസ് വൺ അധ്യായന വർഷത്തിലാണ്. അഥവാ 2013ൽ ലോക ഹിജാബ് ദിനം ഔദ്യോഗികമായി നിലവിൽ വന്നതിന്റെ മൂന്നു വർഷങ്ങൾക്കിപ്പുറം.

വളവന്നൂർ ബാഫഖി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിൽ പഠിച്ചിരുന്ന കാലം. ഞാനടക്കമുള്ള നൂറിൽപരം വരുന്ന പെൺകുട്ടികളെ അഭിസംബോധന ചെയ്തു സംസാരിക്കാനെത്തിയതായിരുന്നു ഡോ. സുബൈർ ഹുദവി ചേകനൂർ!

ബീഹാറിലെ പിന്നാക്ക പ്രദേശങ്ങളിൽ പ്രവർത്തിച്ചുവരുന്ന മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു ക്രിയാത്മക പദ്ധതികൾക്കും ചുക്കാൻ പിടിക്കുന്ന ഖുർതുബ വെൽഫെയർ ഫൗണ്ടേഷൻ ഡയറക്ടറും ബീഹാർ കിഷൻഗഞ്ച് ഖുർതുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലൻസ് ഡയറക്ടറുമാണ് അദ്ദേഹം. ഖുർതുബക്ക് വേണ്ടി ഉത്തരേന്ത്യൻ മുസ്ലിംകൾക്കുവേണ്ടി വിശിഷ്യാ ബീഹാറിലെ കുഞ്ഞുമക്കൾക്കു വേണ്ടി ജീവിതം മാറ്റി വെച്ചവർ... സ്വപ്നസാക്ഷാത്കാരത്തിനായി വിദേശ നാടുകളിൽ വിശ്രമമില്ലാതെ ഓടിനടന്നവർ... വന്ദ്യപിതാവിന്റെ വഫാത്തിന്റെ നേരത്തു പോലും അവർ നാട്ടിലില്ലായിരുന്നു. അന്നേദിവസം അദ്ദേഹം കുറിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് വേറെ വിഷമത്തോടെയാണ് വായിച്ചത്. അല്ലാഹുവേ മരണപ്പെട്ടവർക്ക് മഗ്ഫിറത്തും മർഹമത്തും ജീവിച്ചിരിക്കുന്നവർക്ക് ആഫിയത്തും ദീർഘായുസ്സും നൽകേണമേ ആമീൻ.
#dr. zubair hudawi chekanur 
# qurtuba institute

"ഇസ്ലാമിക ചരിത്രത്തിൽ വ്യത്യസ്തമായ ബയോഗ്രഫികൾ കാണാനാവുന്നതാണ്. അവ നമ്മൾ വായിക്കണം. ബയോഗ്രഫികൾ രചിക്കുകയും വേണം", ഉസ്താദ് സംസാരിച്ചു തുടങ്ങി. നമ്മുടെ ജീവിതം മറ്റുള്ളവർക്കുള്ള ജീവചരിത്രഗ്രന്ഥമാക്കി മാറ്റണമെന്ന് പറയാതെ പറയുന്നുണ്ടതിൽ. ഉസ്താദേ, താങ്കളതിൽ വിജയിച്ചിരിക്കുന്നു.
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളിലൊന്നായ 21 A ആർട്ടിക്കിൾ പ്രകാരമുള്ള Right to Education Act, 6 വയസ്സു മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് സൗജന്യമായും നിർബന്ധമായും നൽകേണ്ട വിദ്യാഭ്യാസം ഹനിക്കപ്പെട്ട, ഉത്തരേന്ത്യൻ നാടുകളിലെ മുസ്ലിം വിഭാഗത്തിന്റെ സാംസ്കാരിക-വൈജ്ഞാനിക സമുദ്ധാരണത്തിന് ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനിയാണല്ലോ താങ്കൾ.
ഏറെ തിരക്കുകൾക്കിടയിലും അക്ഷരങ്ങളെ ചേർത്തുവയ്ക്കാനും സമയം കണ്ടെത്തുന്നുണ്ടല്ലോ എന്നതിൽ ഞാൻ അത്ഭുതപ്പെടാറുണ്ട്. ദൈർഘ്യമേറിയ ലേഖനങ്ങളും അനുഭവക്കുറിപ്പുകളും സാമൂഹ്യമാധ്യമങ്ങളിലും പത്ര മാസികകളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും പതിവായി കാണാറുണ്ടല്ലോ, മാഷാ അല്ലാഹ്. അല്ലാഹുവേ നീ സഹായിക്കണേ ആമീൻ.

ഉസ്താദ് പറഞ്ഞ വരികളോടൊപ്പം "ജീവിക്കും കാലം ജീവിക്കുക" എന്ന റംല ടീച്ചറുടെ വരികൾ ഈയവസരത്തിൽ ചേർത്തുവെക്കാനാഗ്രഹിക്കുന്നു. അന്നൊരു അസംബ്ലി അവസാനിപ്പിച്ചത് ഈ വാക്കുകൊണ്ടായിരുന്നു. പ്ലസ് വൺ മുതൽ മൂന്നു വർഷത്തോളം ടീച്ചർ കൂടെയുണ്ടായിരുന്നു. സാന്ദർഭികമായി അവിടുന്ന് നൽകാറുള്ള ഉണർത്തലുകൾ വലിയ മുതൽക്കൂട്ടായിരുന്നു. ടീച്ചറോടൊപ്പമുള്ള യാത്രയിൽ അപൂർവമായി പങ്കുചേർന്നതോർക്കുന്നു. ഏറെ ഹൃദ്യമായിരുന്നു അത്. സ്ത്രീ പ്രബോധന-വൈജ്ഞാനിക രംഗത്ത് ഓൺലൈനായും ഓഫ് ലൈനായും നിരവധി മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന Retrace Innovative Movement for Women ന്റെ ഡയറക്ടറാണ് ഇന്നവർ.

ശ്രോതാക്കൾ മുഴുവൻ സ്ത്രീകളായതിനാൽ ഉസ്താദിന്റെ ഭാഷണവും സ്ത്രീ കേന്ദ്രീകൃതമായിരുന്നു. അരിച്ചെടുത്ത വാക്കുകൾ... അക്ഷരസ്ഫുടതയിലും ഘടനയിലും മനോഹരമായ വാക്യങ്ങൾ... ഹൃദയത്തിൽ നിന്നും ഹൃദയങ്ങളിലേക്കുള്ള സംവേദനം.... ലളിതം.... മനോഹരം....

ഇസ്‌ലാമിന്റെ മനോഹാരിതയെയും ചേർത്തു വായിക്കാൻ ഉസ്താദ് മറന്നില്ല. "ഇന്ന് ലോകം ഇസ്ലാമിലേക്ക് ഓടിയടുക്കുന്നു", ഉസ്താദ് പറഞ്ഞുവെച്ചു.

മുസ്‌ലിം സ്ത്രീകളുടെ ശിരോവസ്ത്രത്തെ സംബന്ധിച്ചും മുഖപടത്തെ സംബന്ധിച്ചും പഠനം നടത്തിയ നവമുസ്‌ലിം സ്ത്രീയായ കാതറിൻ ബുള്ളക്കിനെ പരിചയപ്പെടുത്തി. ആദ്യമായിട്ടാണ് ഞാൻ ഈ വ്യക്തിയെ കേൾക്കുന്നത്.

വർഷങ്ങൾക്കിപ്പുറം ഡിഗ്രി പഠനശേഷം മഹതിയുടെ ലോകപ്രശസ്ത ഗ്രന്ഥം ഞാൻ വായിച്ചു . Rethinking Muslim Women and the veil: Challenging Historical and Modern Stereotypes എന്നതിന്റെ മലയാളപരിഭാഷ ആയിരുന്നു അത്.
ഓസ്ട്രേലിയയിലെ ഒരു ക്രിസ്ത്യൻ ആംഗ്ലിക്കൻ കുടുംബത്തിൽ ജനിച്ച ബുള്ളക്ക് കാനഡയിൽ പഠിക്കുമ്പോൾ 1994ൽ ഇസ്‌ലാം മതം സ്വീകരിച്ചു. വിവിധ മതങ്ങളെക്കുറിച്ചുള്ള പഠനമാണ് ഈ മാറ്റത്തിലേക്ക് നയിച്ചത് എന്ന് ഞാൻ മനസ്സിലാക്കി.

അതുകഴിഞ്ഞാണ് ഹിജാബ് ദിനത്തെ സംബന്ധിച്ച് ഉസ്താദ് സംസാരിച്ചത്. പാശ്ചാത്യ നാടുകളിലെ സർവ്വകലാശാലകളിൽ ഫെബ്രുവരി ഒന്നിന് മുസ്‌ലിം- മുസ്‌ലിമേതര വിദ്യാർത്ഥികൾ ഹിജാബ് ധരിച്ചെത്തുന്നു. തന്മൂലം അവരനുഭവിക്കുന്ന സുരക്ഷയുടെയും മാനസിക സംതൃപ്തിയുടെയും ബാഹ്യവും ആന്തരികവുമായ ചൈതന്യത്തിന്റെയും ഫലമായി അടുത്ത ദിവസം മുസ്‌ലിംസുഹൃത്തുക്കളോട് അവർ ഇപ്രകാരം ആവശ്യപ്പെടുന്നു, "എനിക്ക് സത്യസാക്ഷ്യം അറിയിച്ചു തന്നാലും. തുടർന്നും സംതൃപ്തിയോടെ ജീവിക്കാൻ ഞാനാഗ്രഹിക്കുന്നു". സുബ്ഹാനല്ലാഹ്! അല്ലാഹു അക്ബർ!

സിംഗപ്പൂരിൽ ഹിജാബ് കോർണർ തന്നെ സ്ഥിതി ചെയ്യുന്നുണ്ടത്രേ. സ്ത്രീകൾ അവരുടെ ഇണകളുമായി അവിടെയെത്തുന്നു, ഹിജാബ് ധരിച്ചു ഭംഗിയിൽ ചമയുന്നു. ശേഷം എങ്ങനെയുണ്ട് എന്ന് ചോദിക്കുമ്പോൾ പാർട്ണർ കൊടുക്കുന്ന മറുപടി, You look great and gorgeous എന്നാണ്. നീ മഹനീയവും മനോഹരവുമായിരിക്കുന്നു.
അവർ വിനോദത്തിനു വേണ്ടിയാണ് ചെയ്യുന്നതെങ്കിലും ഏവർക്കും അതിൽ പാഠമുണ്ട് .
***********

'എന്തുകൊണ്ട് ഹിജാബ്' എന്ന തലക്കെട്ടിൽ ഇസ്‌ലാമിലെ സ്ത്രീയെയും അവളുടെ അവകാശങ്ങളെയും ഹിജാബിനെയും, ഖുർആനിന്റെയും ഹദീസുകളുടെയും മദ്ഹബുകളുടെയും തെളിവുകളുടെ അടിസ്ഥാനത്തിൽ റംല ടീച്ചർ സമർത്ഥിക്കുന്നുണ്ട്. 2016 ലാണ് റിട്രേയ്സ് ഇന്നവേറ്റീവ് മൂവ്മെന്റ് ഫോർ വിമണിനു കീഴിൽ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് 2021ൽ രണ്ടാം പതിപ്പ് പുറത്തിറങ്ങി.
ഹിജാബ് എന്നത് 'മറ' എന്നർത്ഥമുള്ള അറബി പദമാണ്. മറക്കുക എന്നർത്ഥം വരുന്ന حَجَبَ يَحْجُبُ എന്ന ക്രിയ പദത്തിൽ നിന്നും രൂപപ്പെട്ടതാണിത്. ഇന്ന് പൊതുസമൂഹം ഹിജാബ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് മുസ്‌ലിം സ്ത്രീകൾ തല മറക്കാനുപയോഗിക്കുന്ന വസ്ത്രത്തെയാണ്. അഥവാ ശിരോവസ്ത്രം. എന്നാൽ പരിശുദ്ധ ഇസ്‌ലാം വിവക്ഷിക്കുന്ന ഹിജാബ് ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. അതിലേക്കാണ് ഈ ഗ്രന്ഥം വിരൽ ചൂണ്ടുന്നത്. വായനക്കാർക്ക് സുഗ്രാഹ്യവും ലളിതവുമായ ആഖ്യാന- ഭാഷാ ശൈലിയാണിതിൽ.

പർദ്ദയും നിഖാബും കിരാതവും പഴഞ്ചനുമാണെന്ന് വാദിക്കുന്ന സഹോദരീ സഹോദരാ നീയറിയണം, സ്ത്രീകളെ കൃത്യമായി അടയാളപ്പെടുത്തുന്ന ഇസ്‌ലാമിലെ സ്ത്രീസുരക്ഷ മനസ്സിലാക്കി, ഹിജാബ് നിയമത്തിന്റെ യുക്തിഭദ്രത ഉൾക്കൊണ്ട്, ലോകത്തിന്റെ പലഭാഗത്തും ആയിരങ്ങൾ ഇസ്‌ലാമിനെ ആശ്ലേഷിക്കുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന്.

#feb1
#WorldHijabDay

Post a Comment

Share your thoughts

Previous Post Next Post