"റാഷീ....എന്തു രസായിരുന്നു ലേ..."
മുമ്പ് ഒരു പോസ്റ്റിൽ ക്യാമ്പസ്ഫെസ്റ്റിനെ പരാമർശിച്ചിരുന്നു. അതിന് തൻറെ സുഹൃത്ത് അയച്ച കമന്റാണിത്.അതുകണ്ട് എനിക്ക് ചിരിയടക്കാനായില്ല. ഞാൻ പൊട്ടിച്ചിരിച്ചു. ചിരിയുടെ സ്റ്റിക്കർ അയച്ച് അവളെ അറിയിക്കുകയും ചെയ്തു.മറുതലക്കൽ അവളും ചിരിക്കാൻ തുടങ്ങി. പിന്നെ ചിരിയോട് ചിരി തന്നെ!
കാരണം എന്താണെന്നല്ലേ........
മുമ്പ് പ്രസിദ്ധീകരിച്ച എഴുത്തിൽ പ്രതിപാദിക്കുന്ന ടീം ക്യാപ്റ്റൻ എന്ന പോസ്റ്റ് ഞാനും രുചിച്ചിട്ടുണ്ട്. ബാഫഖി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിൽ ഡിഗ്രി മൂന്നാം വർഷവിദ്യാർത്ഥിനിയായിരിക്കുമ്പോഴായിരുന്നു അത്.
2020-21 അധ്യായന വർഷത്തെ ക്യാമ്പസ് ഫെസ്റ്റ് നടക്കാനിരിക്കുന്നു. തീർച്ചയായും വാശിയേറിയ പോരാട്ടമായിരിക്കും എന്ന്കഴിഞ്ഞ നാലു വർഷങ്ങൾ കാണിച്ചു തന്നിട്ടുണ്ട്. Celestial meet,Spero, Alchemy.....അങ്ങനെയോ രോന്ന്. ഈ ക്യാമ്പസിലെ അവസാനവർഷമായതിനാൽ പൊളിക്കണം, തകർക്കണം എന്നു തീരുമാനിച്ചു. കാരണം ഇനിയൊരു ഫെസ്റ്റും സ്റ്റേജും അവസരങ്ങളുമൊക്കെ എന്നായിരിക്കും എന്ന് അറിയില്ലല്ലോ.
അങ്ങനെയിരിക്കെ മുഴുവൻ വിദ്യാർഥിനികളെയും നാലു ഗ്രൂപ്പുകളായി വിഭജിച്ചു.Aavaaz! Darvaaz! Harvaaz! Parvaaz!
ഏതു ഗ്രൂപ്പിലായാലും പ്രശ്നമില്ല, ക്യാപ്റ്റൻ ആവരുതേ എന്ന പ്രാർത്ഥനയോടെ ഗ്രൂപ്പ് ലിസ്റ്റിലൂടെ കണ്ണോടിച്ചു. ഏതു ലിസ്റ്റിലും എന്നെ കാണുന്നില്ല. ഒന്നുകൂടെ കണ്ണുമിഴിച്ച് തിരച്ചിൽ തുടങ്ങി. അപ്പോഴതാ Aavaaz ഗ്രൂപ്പിൻറെ ലിസ്റ്റിൽ മുകളിൽ തന്നെ വെണ്ടക്കാക്ഷരത്തിൽ RASHIDA PK!
എൻറെ കാറ്റുപോയി... കണ്ണുതള്ളി... ഹൃദയം സ്തംഭിച്ചു... നാവും ഇറങ്ങിപ്പോയി... കരയണോ അതോ പൊട്ടിച്ചിരിക്കണോ... നിർവികാരയായി പിൻവലിഞ്ഞു. ശരീരം താങ്ങാനാവാതെ രണ്ടു കാലുകൾ തളർന്നു... ഞാനറിയാതെ താഴെയിരുന്നുപോയി. വല്ലാത്തൊരവസ്ഥ തന്നെ! ഇടിയേറ്റതുപോലെ... നക്ഷത്രക്കൂട്ടങ്ങൾ തലക്കു മുകളിൽ വട്ടമിട്ടു...
എൻറെ അവസാന ഫെസ്റ്റ് നഷ്ടപ്പെട്ടു... ഒരു പരിപാടിയിലും പങ്കെടുക്കാനാവില്ലല്ലോ... എല്ലാം മിസ്സായല്ലോ... വലിയൊരു ഭാരം തലയിൽ വന്നുവീണല്ലോ... എന്തു ചെയ്യും, എനിക്കറിഞ്ഞുകൂടാ... ടീം തോറ്റത് തന്നെ... ഈ കാണുന്ന വിദ്യാർത്ഥിനികളെ എങ്ങനെ സെറ്റാക്കാൻ... I became upset!
സമയം കടന്നുപോയി... എന്നെക്കൊണ്ട് പറ്റില്ല എന്ന് ആരോട് പറയാൻ...? എന്നെ ലീഡർഷിപ്പിൽ നിന്നും മാറ്റിത്തരാമോ എന്ന യാചന ആരു കേൾക്കാൻ...? സങ്കടം ഒന്നുമാത്രം, എൻറെ ഫെസ്റ്റ് മിസ്സായി എന്നത് തന്നെ!
ദീർഘനേരം ഞാൻ തനിച്ചിരുന്നു. ശ്വാസം ദീർഘമായി ഉള്ളിലേക്കെടുത്ത് പതിയെ പുറത്തുവിട്ടു. എന്നെ വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു.
'റാഷി,നിനക്ക് സാധിക്കും. നിന്നെക്കൊണ്ട് കഴിയും. ഇത്രയും നാൾ നിനക്ക് ക്യാപ്റ്റൻസ് ഉണ്ടായിരുന്നില്ലേ,ഇത്തവണ നീയൊരു ക്യാപ്റ്റനാണ്. നീ തനിച്ചല്ല, നിൻറെ കൂടെ ജൂനിയേഴ്സ് ആയ ശഹീമയും ജിഷാനയുമുണ്ട്. നീ അവർക്ക് ഊർജ്ജം പകരണം. അവർ നിന്നെ പ്രതീക്ഷിക്കുന്നുണ്ട്. ടീമംഗങ്ങൾ നിന്നെ കാത്തിരിക്കുന്നുണ്ട്. നീ ഉണരണം. ഒട്ടും വൈകിക്കൂടാ', ഒരു ഉൾവിളി ഉയർന്നു, ഞാനറിയാതെ തന്നെ.
അതെ ഞാനൊരു ക്യാപ്റ്റനാണ്. എൻറെ ടീമിൻറെ വിജയം എന്നിലൂടെയാണ്. പതിയെ ഞാനും തിരിച്ചറിഞ്ഞു.
ഇനി പ്രയാണം തുടങ്ങണം,എന്റെ ടീമിനും ടീമംഗങ്ങൾക്കും പിന്നെ എനിക്കും വേണ്ടി! അല്ലാഹുവേ നീ സാധ്യമാക്കിത്തരണേ. ഇനി എല്ലാം അവൻ നോക്കിക്കോളും.അവൻ കൂടെയുള്ളപ്പോൾ നാം അസ്വസ്ഥരാകേണ്ടതില്ലല്ലോ... ആശങ്കപ്പെടേണ്ടതില്ലല്ലോ... ഭയപ്പെടേണ്ടതില്ലല്ലോ...
കോളേജ് ഫൈൻആർട്സ്കമ്മിറ്റി ടീംക്യാപ്റ്റൻസ്മീറ്റിംഗ് സംഘടിപ്പിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. നിങ്ങളുടെ കരങ്ങളിലാണ് ടീമിന്റെയും ഫെസ്റ്റിന്റെയും വിജയം എന്ന് അവർ ആണയിട്ടു പറഞ്ഞു. എന്നെയൊക്കെ ക്യാപ്റ്റൻ ആക്കിയതിനാൽ അത് നടക്കാൻ പോകുന്നില്ല എന്ന് ഞാനും ഉറപ്പിച്ചു.
ഏതായാലും നനഞ്ഞു,ഇനി കുളിച്ചിട്ടു കയറാം എന്നു പണ്ടാരോ പറഞ്ഞപോലെ ഞാനും ദൃഢനിശ്ചയമെടുത്തു. ഇനി പോരാടി വിജയിക്കുക തന്നെ!!
ഞാൻ എൻറെ ജേണൽ കയ്യിലെടുത്തു. ചുവപ്പ് മാർക്കർ ഉപയോഗിച്ച് വലിയ അക്ഷരത്തിൽ ബിസ്മി കൊണ്ട് തുടങ്ങി ശേഷം കൂട്ടിച്ചേർത്തു.
ശഹീമയും ജിഷാനയും ഞാനും ചേർന്ന് ഗ്രൂപ്പ് മീറ്റിംഗ് നടത്തി. എൻറെ ക്ലാസിൽ നിന്നും എന്നെകൂടാതെ ആറു പേരുണ്ടായിരുന്നു. പിന്നെ ജൂനിയേഴ്സും. ഞങ്ങൾ മൊത്തത്തിൽ 37 പേരുണ്ട്.ആവാസ് എന്നത് ശബ്ദം, ധ്വനി എന്നാണല്ലോ അർത്ഥമാക്കുന്നത്.അതുപോലെയാകണമെന്നും ഒത്തൊരുമിച്ച് വലിയ ശബ്ദമാകണമെന്നും ഞാൻ നിരന്തരം ഓർമ്മപ്പെടുത്തി. സാധ്യമാകും വിധം പ്രോത്സാഹനവും പ്രചോദനവും നൽകി. അതൊന്നും ഒന്നുമായിട്ടുണ്ടാകില്ല എന്നെനിക്കറിയാം. എങ്കിലും ശ്രമം, അത് നമ്മൾ ഉപേക്ഷിക്കരുതല്ലോ.
അങ്ങനെ വലിയ നെട്ടോട്ടത്തിന്റെ ഫലമായി പ്രോഗ്രാം ലിസ്റ്റ് തയ്യാറായി. 201ൽ ആരംഭിക്കുന്ന ചെസ്റ്റ് നമ്പറും കിട്ടിക്കഴിഞ്ഞു. ഇനി വേണ്ടത് നിതാന്തശ്രമമാണ്.
വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ മുമ്പിലുള്ളൂ.ഓഫ്സ്റ്റേജ് മത്സരങ്ങൾ ഒട്ടും വൈകാതെ ആരംഭിക്കുമെന്ന അറിയിപ്പു കൂടിയായപ്പോൾ നെഞ്ചിടിപ്പ് പതിന്മടങ്ങായി. ഓരോരുത്തരെയും അവരുടെ മത്സരങ്ങൾക്ക് പ്രാപ്തരാക്കണം, വേണ്ട പരിശീലനം നൽകണം, മികച്ച പ്രകടനം കാഴ്ചവെക്കാനാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഉറപ്പുവരുത്തണം.'ഒരിക്കലും പരിശ്രമത്തിന് പോറലേൽക്കരുത്', അതാണ് ആവാസ് കൈകൊണ്ട തീരുമാനം. പരിശ്രമിക്കുക, ശേഷം നാഥനിൽ ഭരമേൽപ്പിക്കുക.അതുമതിയല്ലോ.
ഇന്റർവലുകളും പിരിയഡുകൾക്കിടയിൽ ലഭിക്കുന്ന മിനുട്ടുകളും ഫ്രീ പിരിയഡുകളും ഞങ്ങൾ മൂന്നു പേർ ആവാസിനു വേണ്ടി ചെലവഴിച്ചു. അംഗങ്ങൾ എല്ലാവരും ആവേശത്തിലാണ്. ഓരോരുത്തരും തന്റെ പരിപാടിയുടെ വിജയത്തിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.നല്ല മക്കൾ! എല്ലാം ഉപകാരപ്പെടുത്തണേ അല്ലാഹ് ആമീൻ.വല്ലവനും വെറുതെയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഓടിച്ചു വിട്ടു. പലപ്പോഴും പലർക്കും ഞാൻ പേടിസ്വപ്നമായി...സ്വൈര്യം കെടുത്തുന്നവളായി... ശകാരിക്കുന്നവളായി...
"എടോ, ഈ കുറഞ്ഞ ദിവസം മാത്രം ഒന്നു പരിശ്രമിച്ചാൽ മതി. അത്രേയുള്ളൂ. അത്രമാത്രം!" ഇതായിരുന്നു എൻറെ മാസ്സ് ഡയലോഗ്.
ഇനി എന്റെ കാര്യം പറയേണ്ടതില്ലല്ലോ.ഓട്ടപ്പാച്ചിലിനിടക്ക് എൻറെ മത്സരയിനങ്ങൾക്ക് വേണ്ടി ഒന്നും പരതിയിട്ടില്ല, കണ്ടെത്തിയിട്ടില്ല, കുറിച്ചുവെച്ചിട്ടില്ല, പഠിച്ചിട്ടില്ല. സത്യം പറഞ്ഞാൽ completely big zero!
ഒരു വ്യക്തിക്ക് നാലു ഓൺസ്റ്റേജ് ഇനത്തിലും അഞ്ചു ഓഫ്സ്റ്റേജ് ഇനത്തിലും പങ്കെടുക്കാം. ഈ അവസരം ഞാൻ പൂർണ്ണമായി മുതലെടുത്തിട്ടുണ്ട്.ഖിറാഅത്ത്, മലയാള പ്രസംഗം, കവിയരങ്ങ്,മുശാഅറ, പ്രബന്ധം (മലയാളം), പ്രബന്ധം (അറബിക്), കവിത രചന (അറബിക്), ട്രാൻസ്ലേഷൻ (Eng - Arb), റിപ്പോർട്ട് റൈറ്റിംഗ് (മലയാളം) എന്നിവയായിരുന്നു.
സമകാലിക സമസ്യകളിലൂടെ കണ്ണോടിക്കേണ്ടതും ആവശ്യമായ പോയിന്റുകൾ കുറിക്കേണ്ടതും അത്യന്താപേക്ഷിതമാണല്ലോ. പക്ഷെ സമയം എന്നെ അനുവദിക്കുന്നേയില്ല. എൻറെ ടീമംഗങ്ങളെ ശ്രദ്ധിക്കണമല്ലോ എന്ന ആധിയാണ് കാരണം. ഇനി ഒരൊറ്റ പോംവഴിയെ ഉള്ളൂ, രാത്രിയെ പകലാക്കുക.
من طلب العلا سهر الليالي
എന്നാണല്ലോ മഹാനായ ഷാഫി ഇമാം പറഞ്ഞു വെച്ചിട്ടുള്ളത്. ഉറക്കം ഒഴിക്കുകയല്ലാതെ മറ്റൊരു വഴി തെളിഞ്ഞതേയില്ല.
പെട്ടെന്നാണ് ആ വാർത്ത കേട്ടത്,
ഫെസ്റ്റ് ഇല്ലത്രെ!!!
ഇല്ലാതിരിക്കുകയോ അങ്ങനെ സംഭവിക്കാനിടയില്ലല്ലോ. സ്റ്റിയറിംഗ് കമ്മിറ്റി ഒരുക്കങ്ങൾ നടത്തുന്നുണ്ടല്ലോ. ക്ലാസ്സിലിരുന്നു മുശാഅറക്കുവേണ്ടി ബൈത്തുകൾ തയ്യാറാക്കിക്കൊണ്ടിരുന്ന എൻറെ ശ്രദ്ധ അങ്ങോട്ട് നീങ്ങിയില്ല. എൻറെ ഓർമ്മ ശരിയാണെങ്കിൽ അതാണ് എഴുതിയിരുന്നത്. അല്ലെങ്കിൽ മറ്റെന്തെങ്കിലും.
വീണ്ടും അതേത്തുടർന്നുള്ള സംസാരമായപ്പോൾ എൻറെ നെഞ്ച് ചെറുതായൊന്നു പിടച്ചു. സത്യം ആവരുതേ എന്നു പ്രാർത്ഥിച്ചു വീണ്ടും എഴുതാനിരുന്നു. ഒടുവിൽ ഇത് ഉറച്ച തീരുമാനമാണെന്ന മട്ടിലെത്തിയപ്പോൾ ഞാൻ പതുക്കെ ക്ലാസിൽ നിന്നും പുറത്തിറങ്ങി.അൽപനേരം വരാന്തയിൽ ചാരിനിന്നു.
അവസാനവർഷം...ഇനിയൊരവസരമില്ല..(മുമ്പ്പറഞ്ഞതുപോലെ). സ്വപ്നം കണ്ട മത്സരങ്ങൾ... വിജയങ്ങൾ... എല്ലാം നഷ്ടപ്പെടുമല്ലോ...സങ്കടം സഹിക്കവയ്യാതായി. എങ്കിലും, സ്റ്റിയറിങ് കമ്മിറ്റി ഇതേക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ, അല്പം മുൻപ് വരെ ഫെസ്റ്റുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നതാണല്ലോ, എല്ലാം പെട്ടെന്നിങ്ങനെ സ്തംഭിക്കുമോ എന്ന ചിന്തയിൽ സ്വയം ആശ്വാസം കണ്ടെത്തി.
കേട്ടത് സത്യമാണോ എന്നറിയുന്നതിനുവേണ്ടി എൻറെ ക്ലാസിലെ സ്റ്റിയറിങ് മെമ്പേഴ്സിൽ ഒരാളെ വരാന്തയിലേക്ക് വിളിച്ചുവരുത്തി. തകർന്ന ഹൃദയത്തോടെ, വിഷമം കടിച്ചമർത്തി ഞാൻ ചോദിച്ചു:
"ഫെസ്റ്റ്... ഇല്ലേ...?''
അവളും തളർന്ന മട്ടായിരുന്നു. എങ്കിലും അവൾ മറുപടി നൽകി,"ഇപ്പോൾ അല്പം പ്രതിസന്ധിയുണ്ട് ." അവൾ വിതുമ്പുന്നുണ്ടായിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു. അല്പം മൗനം പാലിച്ചതിനു ശേഷം അവൾ തുടർന്നു: "റാഷി കുറേ കഷ്ടപ്പെട്ടുവല്ലേ..." ഈ വാക്യം ഞാൻ ഉടനെ ഖണ്ഡിച്ചു, "ഇല്ലയില്ല, കഷ്ടപ്പെട്ടിട്ടൊന്നുമില്ല. നമ്മുടെ അവസാനത്തെ ഫെസ്റ്റല്ലേ. ഇല്ലായെന്നു പറയുമ്പോൾ......." മുഴുമിപ്പിക്കാനാവാതെ, മുഖാമുഖം നോക്കാതെ രണ്ടുപേരും വിതുമ്പി.അല്പം മാറിനിന്നു പൊട്ടിക്കരഞ്ഞു. സാരമില്ലെന്നു പറഞ്ഞു അവൾ ആശ്വസിപ്പിച്ചെങ്കിലും സങ്കടം തീരുവോളം ആരും കാണാതെ ഞാൻ കരഞ്ഞു തീർത്തു. ശ്രമങ്ങൾ എങ്ങും എത്തിയിട്ടില്ലെങ്കിലും സ്വപ്നങ്ങൾ കണ്ടിരുന്നു, അത് ആകാശത്തോളം വലുതായിരുന്നു. പക്ഷേ എല്ലാം ഒറ്റ നിമിഷം തകർന്നടിഞ്ഞില്ലേ.
ഔദ്യോഗിക അറിയിപ്പുകൂടിയെത്താനേ ബാക്കിയുണ്ടായിരുന്നുള്ളൂ.അതുകൂടിയായപ്പോൾ പൂർണ്ണ ബോധ്യമായി. ഓരോ ക്ലാസിലും കയറി 'ആവാസിന്റെ ' മക്കളെ വിളിച്ചുവരുത്തി ഞാൻ പറഞ്ഞു കൊടുത്തു: "സാരമില്ല, നമുക്ക് ക്ഷമിക്കാം. ആവാസ് എന്ന നമ്മുടെ ഈ ഗ്രൂപ്പ് ഉണ്ടാക്കിത്തന്ന ഊർജ്ജവും പ്രചോദനവും വരുംവർഷങ്ങളിലെ ഫെസ്റ്റുകളിൽ നിങ്ങൾ പ്രയോജനപ്പെടുത്തുക. നിങ്ങൾ ഇതുവരെ എല്ലാം നന്നായി ചെയ്തിട്ടുണ്ട്. അല്ലാഹു സ്വീകരിക്കട്ടെ", ഇത്രയും പറഞ്ഞ് തിരിഞ്ഞുനടന്നു,ഇനിയും തുടർന്നാൽ കടിച്ചമർത്തിയ വിഷമം അണപൊട്ടിയൊഴുകുമോയെന്ന് ഭയന്നതിനാൽ.
(തുടരും)
#bafakhywafiyya
#asmamashoory
#shaheema
#jishana
#hibasaeed
Super
ReplyDeletePost a Comment
Share your thoughts