(തുടർച്ച )

"റാഷീ... വാ"

എന്നെ പിടിച്ചെഴുന്നേൽപ്പിച്ച് നടക്കാൻ തുടങ്ങി. പലരും സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നു.. ലഗേജ് എടുക്കുന്നു.. പിറകോട്ട് നടക്കുന്നു.. ഞങ്ങൾ മാത്രമല്ല, ഞങ്ങളെപ്പോലെ പലരുമുണ്ടെന്ന് അന്നേരം എനിക്ക് ബോധ്യപ്പെട്ടു.


ഏകദേശം ഡോറിനടുത്തെത്തി. അവിടെ വൻ ജനക്കൂട്ടം തന്നെയുണ്ട്. എല്ലാവരും തരികിട തന്നെയെന്നോർത്ത് എനിക്ക് ചിരിവന്നു.


മഹാഭാഗ്യമെന്നു പറയാം, അടുത്ത സ്റ്റേഷനെത്തി. എല്ലാവരും ചാടിയിറങ്ങി. കൂട്ടത്തിൽ ഞങ്ങളും. പിന്നെയും ഓട്ടം തുടങ്ങി. എങ്ങോട്ടെന്നല്ലേ... അറിയില്ല. മുന്നിലെ മാസ്റ്റർ ഓടിയപ്പോൾ ഞാനും ഓടി. നമുക്ക് അത്രയല്ലേ ചെയ്യാൻ പറ്റൂ..ഹി..ഹി..


അങ്ങനെയൊരുവിധം മറ്റൊരു ബോഗിയിൽ കയറിപ്പറ്റി. അത്യാവശ്യത്തിലധികം തിരക്കുണ്ട്. തൊട്ടപ്പുറത്ത് നിറയെ ചരക്കുകൾ വച്ചിരിക്കുന്നതും കാണാം. വെരി വെരി സൂപ്പർ! ഐ ലൈക് ഇറ്റ്! ജസ്റ്റ് ലൈക്ക് വാഗൺ ട്രാജഡി.. എന്തുതന്നെയായാലും ഞാൻ എല്ലാം ആസ്വദിക്കുകയായിരുന്നു. പാവം പുതിയാപ്ല വിയർക്കുകയായിരുന്നു.


അങ്ങനെ പയ്യന്നൂരെത്തി. വണ്ടിയിറങ്ങി. റെയിൽവേ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടോയെടുത്ത് ഹാഫിള് മർസൂഖ് തർഖവി ദാരിമി എന്ന മക്കു ബോസിന്റെ വീട്ടിലേക്ക്. അരമണിക്കൂറിനുള്ളിൽ വീടെത്തി.


മാഷാഅല്ലാഹ്! വെൽക്കം ഡ്രിങ്ക് അടിപൊളി!ബ്രോയുടെ ഭാര്യ ഹാഫിള റൈഹാന, രണ്ടു ആൺമക്കൾ, റൈഹാനയുടെ ഉമ്മ, അമ്മാവന്റെ ഭാര്യ, അവരുടെ മക്കൾ... എല്ലാവരെയും കാണാനായതിൽ സന്തോഷം. "ക്ഷീണിച്ചുകാണും, ഫ്രഷായിട്ട് വരിൻ, ഭക്ഷണമെടുക്കാം" എന്ന അവരുടെ വാക്കുകളിൽ ഞാൻ ക്ഷീണം മറന്നു.


കുളിച്ചു ഫ്രഷായി. മഗ്‌രിബും ഇഷാഉം ജംആക്കി നിസ്കരിക്കണം. അന്നേരമാണ് പുതിയാപ്ലയുടെ മറ്റൊരു സുഹൃത്തിന്റെ പത്നി കടന്നുവന്നത്. കണ്ടുമുട്ടിയതിൽ സന്തോഷം. അൽപനേരം സംസാരിച്ചിരുന്നു.



പത്തുമണിയായിക്കാണും. മാഷാഅല്ലാഹ് വിഭവസമൃദ്ധമായ ഡിന്നർ! മലപ്പുറം വിഭവം മുതൽ കണ്ണൂർ സ്റ്റൈൽ വിഭവം വരെ മേശപ്പുറത്ത് നിരന്നിരിക്കുന്നു. എല്ലാം രുചിച്ചു. 7Upൽ വിരാമമിട്ടപ്പോൾ വീണ്ടും വന്നു അടുത്തത്. വെറൈറ്റി ഡെസേർട്സ്... പുഡിങ്.. കേക്ക്..ബാറകല്ലാഹ്!


അതിഥികളെല്ലാം മടങ്ങി. പാതിര കഴിഞ്ഞ് മയക്കത്തിലേക്ക് വീണു.


നേരം പുലർന്നു. സുബ്ഹ് കഴിഞ്ഞ് സ്ട്രോങ്ങ് ടീയും സ്നാക്സും റൂമിലെത്തി. മാഷാ അല്ലാഹ് ഡെലീഷ്യസ്!!


ഇനി കാസർഗോഡിലേക്ക് തിരിക്കണം. കുളിച്ചു റെഡിയായി. അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് റെഡി. രണ്ടിനം കടികൾ.. കറികൾ.. കോഫി.. മാഷാഅല്ലാഹ്! യമ്മി!


യാത്ര പറയാൻ സമയമായി. ഒരു രാത്രി മാത്രമേ സഹവസിച്ചുള്ളൂവെങ്കിലും റൈഹാനയും അവരുടെ ഉമ്മയും കാഴ്ചവച്ച സ്നേഹോഷ്മളമായ സമീപനം ഏറെ ഹൃദ്യമായിരുന്നു. വലിയ ചെറിയ ഉമ്മയെ വർണ്ണിക്കാൻ വാക്കുകൾ മതിയാകില്ല. മക്കളെയെല്ലാം ഖുർആനും ദീനും പഠിക്കുന്നതിനായി വിദൂരദേശങ്ങളിൽ പറഞ്ഞയച്ച് തനിച്ച് കഴിഞ്ഞ ത്യാഗമനസ്കയും വിശാലമനസ്കയുമായവർ... "പലപ്പോഴും ഇവരുടെയെല്ലാം സുഹൃത്തുക്കളും മറ്റും വരാറുണ്ടെന്നും എനിക്കെല്ലാവരും എന്റെ മക്കളെപ്പോലെയാണെന്നും അവർക്കെല്ലാം ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതും എനിക്കിഷ്ടമാണെന്നും പറഞ്ഞ് വാചാലയായവർ... പ്രസന്നവദനയായി സദാ പുഞ്ചിരിതൂകി നിൽക്കുന്ന ഉമ്മാക്ക് അല്ലാഹുവേ ആഫിയത്തും ദീർഘായുസ്സും നൽകണേ ആമീൻ.


എല്ലാവിധ സഹായങ്ങളും സൗകര്യങ്ങളും വേണ്ട രൂപത്തിൽ വേണ്ട സമയത്ത് ചെയ്തുതന്ന് സുഹൃത്തായി കൂടെനിന്ന റൈഹാന... അവരെ എനിക്കേറെ ഇഷ്ടപ്പെട്ടു. അല്ലാഹുവേ ജീവിതത്തിലുടനീളം ബറകത്തും റഹ്മത്തും ചൊരിയണേ ആമീൻ.


മക്കു ബ്രോ ഞങ്ങളെ സ്റ്റേഷനിൽ കൊണ്ടുവിട്ടു. അവിടെ ഒരു തീവണ്ടി നിൽപ്പുണ്ടായിരുന്നു. "ടിക്കറ്റെടുക്കേണ്ട, വേഗം കയറിക്കോളൂ" എന്നു പറഞ്ഞ് അവരുടെ ബന്ധുവായ സഹോദരൻ ഞങ്ങളെ വണ്ടിയിൽ കയറ്റി. 


ഇപ്പോൾ വരാമെന്ന് പറഞ്ഞ് മുഹ്‌യുദ്ദീൻ പുറത്തിറങ്ങി. വണ്ടി ചലിച്ചു തുടങ്ങി. ഓടിക്കയറിക്കോളും എന്നു ധരിച്ചിരിക്കുമ്പോൾ കോൾ വന്നു, "റാഷീ... ഞാൻ തൊട്ടപ്പുറത്തെ ബോഗിയിലുണ്ട്. അടുത്ത സ്റ്റോപ്പിൽ അങ്ങോട്ടു വരാം. ഓ കെ..?" 


അങ്ങനെ അടുത്ത സ്റ്റോപ്പിൽ എന്റടുക്കലെത്തി. "റാഷീ... ഞാൻ ടിക്കറ്റെടുക്കാൻ പോയതാ. പക്ഷേ വണ്ടി പോകാനായതിനാൽ സാധിച്ചില്ല. അപ്പോഴുണ്ട് ഒരാൾ ഓടി വരുന്നു, നമ്മെ യാത്രയാക്കിയ ആ സഹോദരൻ. നമ്മൾ രണ്ടുപേരുടെയും ടിക്കറ്റ് തരാൻ". മാഷാഅല്ലാഹ് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിരൂപം! അല്ലാഹുവേ അവർക്ക് കാവൽ നൽകണേ ആമീൻ.



ഉച്ചയോടടുത്ത് കാസർഗോഡെത്തി. സ്റ്റേഷനടുത്തുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഉപ്പളയിലേക്ക് കയറണം, അവിടെ നിന്ന് ഓട്ടോ വിളിച്ച് പൈവളിഗെ എത്തണം, അവിടെ മൂസക്കുഞ്ഞി മുസ്‌ലിയാരുടെ വീട് അന്വേഷിച്ചാൽ മതിയാകും എന്നെല്ലാം വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട്. വീട്ടിലെ തിരക്കുകൾക്കിടയിലും എവിടെയെത്തിയെന്നും റൂട്ട് ഓക്കേയല്ലേയെന്നും സിൽമിയയുടെ ഉമ്മ വിളിച്ചന്വേഷിക്കുന്നുമുണ്ട്.


ബസ് സ്റ്റാൻഡിനടുത്തുള്ള ഷോപ്പിൽ നിന്നും വീട്ടിലേക്കുള്ള ഗിഫ്റ്റ് റെഡിയാക്കി. ധാരാളം കോഴ്സുകൾ ചെയ്യുകയും സ്ത്രീ കേന്ദ്രീകൃത മതപഠന ക്ലാസുകൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഖമറുന്നിസ ഉമ്മക്ക് ഒരു ഡയറി സെലക്ട് ചെയ്തു. ബുള്ളറ്റ്പ്രേമിയായ സിൽമിയക്ക് ബുള്ളറ്റ് കീചെയിനും പെൻഹോൾഡറും കരുതി. പിന്നെ സിൽമിയയുടെ കൂടെപ്പിറപ്പുകൾക്ക് പൗച്ച്, പെൻ, കളർ, അങ്ങനെ പലതും.. അങ്ങനെ അതു സെറ്റായി.


ഉപ്പളയിലേക്കു ബസു കയറി.. അവിടെ നിന്നും ഓട്ടോ പിടിച്ചു. പോകും വഴി പള്ളിയിൽ വെച്ച് ളുഹ്റും അസ്റും ജംആക്കി.


അങ്ങനെ എത്തിച്ചേർന്നു. ചെന്നിറങ്ങിയ പാടെ സിൽമിയയുടെ ഉപ്പയെ കണ്ടു. അവർ നമ്മെ സ്വീകരിച്ചു. സിൽമിയയുടെ സഹോദരൻ ശമ്മാസ് എന്നെ വീടിനത്തേക്ക് വഴി കാണിച്ചു.


അകത്ത് നാസിറയെ കണ്ടു. സിൽമിയുടെ അമ്മാവന്റെ മകളാണവർ. മുൻപ് മലപ്പുറം സൈത്തൂൻ ഇന്റർനാഷണൽ ക്യാമ്പസിൽ വെച്ച് പരിചയപ്പെട്ടിരുന്നു. മറ്റു പരിചിത മുഖങ്ങളൊന്നുമില്ല.


ലഗേജ് ഒരിടത്ത് വെച്ച് കസേരയിലിരുന്നു. സിൽമിയയും ഉമ്മയുമെല്ലാം ഭക്ഷണപ്പന്തലിലാണെന്നും ഇപ്പോൾ വരുമെന്നും അറിയിച്ചു. അപ്പോഴേക്കും ഉപ്പ എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു. അങ്ങനെ ഉമ്മയെയും ചമഞ്ഞൊരുങ്ങിയ സിൽമിയയേയും കണ്ടു. വല്ലാത്ത സന്തോഷം, അൽഹംദുലില്ലാഹ്.


ചോറും കടികളും പൊരിച്ചതും ചുട്ടതും പുഴുങ്ങിയതും സലാഡും മധുര പലഹാരങ്ങളും അങ്ങനെ പലതും.. ബഹുകേമം.. വിഭവസമൃദ്ധം..മാഷാഅല്ലാഹ്! വയർ നിറഞ്ഞു, അൽഹംദുലില്ലാഹ്!


അല്പസമയം അവിടെ ചെലവഴിച്ചു. മണവാളൻ മുശ്താഖ് ഹുദവിയെയും കണ്ടു.


മലപ്പുറത്തുനിന്നാണെന്ന് പറയുമ്പോഴേക്ക് സിൽമിയുടെ ടീച്ചറായിരിക്കുമല്ലേ... വരൂ.. ഇരിക്കൂ.. കഴിക്കൂ.." എന്തെല്ലാമാണ് പറയുന്നതെന്നോ.. വലിയ സ്വീകരണവും സ്നേഹവും.. മാഷാഅല്ലാഹ്.. സിൽമിയയുടെ സഹോദരിമാർ, ഉമ്മാമ്മമാർ, കസിൻസ് അങ്ങനെ പലരെയും കണ്ടു. ശേഷം യാത്ര പറഞ്ഞിറങ്ങി.


ഉപ്പളയിലേക്കുള്ള ബസ്റ്റോപ്പിലേക്ക് അവരുടെ ബന്ധു ഞങ്ങളെ കാറിൽ എത്തിച്ചു. അവിടുന്ന് ബസ് കയറി. ശക്തമായ മഴയുമുണ്ട് കൂടെ.


ഉപ്പളയിറങ്ങി. കെ.എസ്.ആർ.ടി.സിയിൽ സുഖയാത്ര. അതുകഴിഞ്ഞ് കോഴിക്കോട്ടേക്കുള്ള ട്രെയിനിൽ. ഏകദേശം ഏഴുമണി കഴിഞ്ഞാണ് കയറിയത്. അത്യാവശ്യം തിരക്കുണ്ട്. വെളിച്ചവും കാറ്റും കുറവ്. ശക്തമായ മഴ കാരണം വിൻഡോഷട്ടര്‍ താഴ്ത്തിയിരിക്കുന്നു. ഞാനാകെ വിയർത്തൊലിക്കുന്നു.


കുറച്ചു ദൂരം പിന്നിട്ടപ്പോൾ രണ്ടുപേരും സീറ്റിൽ ഇരിപ്പുറപ്പിച്ചു. വണ്ടിയിലെ നടവഴിയോട് സമീപത്താണു ഞാൻ. എതിർവശത്തെ സീറ്റിൽ മുഖാമുഖമായി ഇരിക്കുന്നവരെ നോക്കിയിരിക്കുക ശരിയല്ലല്ലോ. രണ്ടു സീറ്റുകൾക്കിടയിലെ ചെറിയ ഇടയിലും ആളുകൾ നിൽക്കുന്നുണ്ട്. അവരെയും നോക്കാൻ വയ്യ. ആകെ മുഷിപ്പ് . വിൻഡോസൈഡായിരുന്നെങ്കിൽ പുറത്തെ ഇരുട്ടിനെ നോക്കിയെങ്കിലും ഇരിക്കാമായിരുന്നു. ഒന്നും വ്യക്തമാവില്ലായെങ്കിലും കറുപ്പിന്റെ അഴകിനെ നോക്കിയങ്ങനെ..


ഇടക്കെപ്പോഴോ ഞാൻ ഉറങ്ങിയെണീറ്റു. കോഴിക്കോടെത്താൻ ഇനിയും സമയമെടുക്കും. പുറത്ത് നോക്കിയാൽ ഒന്നും കാണാനാവുമായിരുന്നില്ല. വഴിവക്കിലെ വീടുകളുടെയും ബിൽഡിങ്ങുകളുടെയും ലൈറ്റുകൾ ചെറിയതോതിൽ ഇരുട്ടിനെ ഭേദിക്കുന്നുണ്ടായിരുന്നെങ്കിലും കാഴ്ചകൾ വ്യക്തമായിരുന്നില്ല. പുഴയുടെ മുകളിലൂടെ കുതിച്ചപ്പോൾ പുഴ ചമഞ്ഞു നിൽക്കുന്നതായി കാണപ്പെട്ടു. അതെന്തുകൊണ്ടാണെന്നോ.. അണഞ്ഞും അണയാതെയും കത്തുന്ന പുഴക്കരയിലെ ലൈറ്റുകളും ബൾബുകളും ശാന്ത സുന്ദരമായ ഒഴുകുന്ന വെള്ളത്തിൽ പ്രതിബിംബം തീർത്തതാണ് . ജലദേവിക്ക് പൊട്ടുതൊടീച്ചതുപോലെ.. മാല ചാർത്തിയതു പോലെ.. കൊലുസണിയിച്ചതുപോലെ.. വ്യത്യസ്ത നിറങ്ങളിലായി വ്യത്യസ്ത ബിംബങ്ങൾ...


പതിനൊന്ന് മണി കഴിഞ്ഞു കോഴിക്കോട് വണ്ടിയിറങ്ങി.


(തുടരും)
 

Post a Comment

Share your thoughts

Previous Post Next Post