ജീവിതത്തിലാദ്യമായാണ് ഇത്തരമൊരനുഭവം!
ആഷിഖാ.... നിന്റെ സ്റ്റാറ്റസ് സീൻ ചെയ്തപ്പോൾ കരുതിയിരുന്നില്ല, നമ്മളൊരുമിച്ച് ക്യാമ്പസ് കോളിനു പോകുമെന്നും അതാസ്വദിക്കുമെന്നും! പരിസമാപ്തിയിലെത്തിയ ഈ നിമിഷത്തിൽ എനിക്കൊന്നേ പറയാനുള്ളൂ, നീയില്ലായിരുന്നുവെങ്കിൽ എനിക്ക് പെൻക്വീൻ ഗേൾസ് ക്യാമ്പസ് കോൾ ഉണ്ടാകുമായിരുന്നില്ല. അല്ലാഹു നിനക്ക് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ. You shouldn't have dear!
-----------------
പ്രോഗ്രാമുമായി ബന്ധപ്പെട്ട് കാണാനിടയായ പോസ്റ്ററുകളും മറ്റു വിവരങ്ങളും പ്രഥമ ദൃഷ്ടിയിൽ തന്നെ ആകർഷിച്ചു. പങ്കെടുക്കാൻ അതിയായ ആഗ്രഹം ജനിച്ചു. ഓരോ ദിവസത്തെയും അപ്ഡേറ്റഡ് പോസ്റ്ററുകൾ എന്നെ ഉത്സാഹഭരിതയാക്കി.
അങ്ങനെയിരിക്കെയാണ് ആഷിഖയുടെ സ്റ്റാറ്റസ് കാണുന്നത്. അതിലെ രജിസ്ട്രേഷൻ ലിങ്ക് വഴി ഞാൻ സീറ്റുറപ്പിച്ചു. പോകാൻ സാധിക്കുമെന്നുറപ്പില്ല. വീട്ടിൽ നിന്നും സമ്മതിക്കുമോ...? വല്ല തടസ്സവും രൂപപ്പെടുമോ....? ആവലാതികൾ പലതായിരുന്നു. പങ്കെടുക്കാൻ സാധിക്കണേയെന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
ആഷിഖയെ ബന്ധപ്പെട്ട് എല്ലാം സെറ്റാക്കി. സമീപ പ്രദേശത്തുകാരിയായതിനാൽ ഒരുമിച്ചു പോകാമെന്നുറപ്പിക്കുകയും ചെയ്തു.
ആഷിഖ; പ്ലസ്ടു സയൻസ് ഗേൾ @ PMSA HSS & VHSS, CHAPPANANGADI. കഴിഞ്ഞവർഷം നവംബറിൽ RIGHT SOLUTIONS നു കീഴിൽ സംഘടിപ്പിക്കപ്പെട്ട ഏകദിന വർക്ക് ഷോപ്പിൽ വെച്ചാണ് അവളെ പരിചയപ്പെടുന്നത്.
ZAITOON ഇന്റർനാഷണൽ ക്യാമ്പസിൽ വെച്ച് നടന്ന പ്രസ്തുത പരിപാടിയിലേക്ക് യാത്ര സൗകര്യം ഏർപ്പെടുത്തിയത് അവളായിരുന്നു. ഏറെ കൃതജ്ഞതയോടെ ഓർക്കുന്നു. Much obliged!
കാത്തിരുന്ന ദിവസമെത്തി. 2023 ഫെബ്രുവരി 25 ശനി! രാവിലെ 7:15ന് പുറപ്പെട്ടു. പടപ്പറമ്പ് ടൗണിൽ നിന്നും ഞാൻ പരപ്പനങ്ങാടി ബസ് കയറി. നെല്ലോളിപ്പറമ്പ് നിന്നും ആഷിഖയും കയറി. 8:20ന് എടരിക്കോട് ജംഗ്ഷനിൽ എത്തി. അവിടെനിന്നും പെൻക്വീൻ തന്നെ ഏർപ്പാടു ചെയ്ത സൗജന്യ യാത്ര. 'ഖാഫില' ട്രാവലറിൽ വളവന്നൂർ ബാഫഖി ആർട്സ് ആൻഡ് സയൻസ് കോളേജിലേക്ക്!
ഒരുപാട് പേരുണ്ട്. തീർത്തും അപരിചിതർ. ക്യാമ്പ് കോഡിനേറ്റേഴ്സ്... എന്നെപ്പോലെ പങ്കെടുക്കാനെത്തിയവർ... എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ....
പതിയെ ചിലരെ പരിചയപ്പെട്ടു. ദ്വിദിന ക്യാമ്പിന്റെ മെന്റേഴ്സ് ആയിട്ടുള്ള മൂന്നു മുതിർന്ന സ്ത്രീകൾ, നിങ്ങളുടെ ഉമ്മയെപ്പോലെ ഞങ്ങളും കൂടെയുണ്ടെന്ന് അറിയിച്ച സുഫൈറ ടീച്ചർ, സക്കീനത്ത, സഹീദ സഹ്റവിയ്യ എന്നവർ... വെളുത്ത പർദ്ദയും ഹിജാബും നിക്കാബും ധരിച്ച അവർ ആകർഷണീയമായിരുന്നു.
എം.ഐ.എം വഫിയ്യ ഡേ കോളേജ് വിദ്യാർഥിനി ഷംന... അവരുടെ ഇത്താത്ത ഷഹാന... ഇവരെല്ലാം ആഷിഖക്കു പരിചിതരായിരുന്നു. സഹീദ സഹ്‌റവിയ്യയെയും അവൾക്കറിയാം. ദാറുൽഹുദാ അലുംനി അസോസിയേഷൻ 'ഹാദിയ'യുടെ കീഴിൽ നടത്തപ്പെടുന്ന CPET കോഴ്സിൽ അവളുടെ ഉമ്മയുടെ ടീച്ചറത്രേ അവർ. എന്നാൽ ഞാൻ എല്ലാവരെയും ആദ്യമായി പരിചയപ്പെടുകയായിരുന്നു.
അപ്പോഴാണ് ബാഫഖി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിൽ പഠിക്കുന്ന എന്റെ ജൂനിയേഴ്സായിരുന്ന ഒരു പറ്റം വിദ്യാർത്ഥിനികൾ വളണ്ടിയർഷിപ്പിനായി എത്തിച്ചേർന്നത്. കാണാനായതിൽ വളരെയധികം സന്തോഷം.
അല്പം കഴിഞ്ഞ് രജിസ്ട്രേഷൻ വെരിഫിക്കേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ വഴി ലഭിച്ച നമ്പർ (eg.820) അറിയിക്കണം. നോട്ട്പാഡ്, പേന, ടാഗ് എന്നിവ നൽകപ്പെടും. ബുഖാറ, കോർദോവ, ഡമസ്കസ് എന്നീ ഗ്രൂപ്പുകളിലൊന്നിൽ അംഗമാക്കപ്പെടും. ശേഷം നേരെ ഓഡിറ്റോറിയത്തിലേക്ക്.
ഞാനും ആഷിഖയും ഡമസ്കസ് ഗ്രൂപ്പംഗങ്ങളായിരുന്നു. ഒരേ ഗ്രൂപ്പിൽ ആകാൻ ചെറിയൊരു ട്രിക്ക് കാണിച്ചതിന്റെ ഫലമായി എന്നുവേണം പറയാൻ.ഹി..ഹി.. ഹാളിന്റെ പകുതിയും പിന്നിട്ടായിരുന്നു ഡമസ്കസിയൻസ് ഇരിക്കുന്നത്. ഞങ്ങളും ഇരിപ്പിടം കണ്ടെത്തി. മൂന്നു വരികളിലായി ഒരു നിരയിൽ ഒമ്പത് പേർ. എന്റെ വലതുവശത്ത് ആശിഖയും ഇടതുവശത്ത് ഷാക്കിറ ഇരിങ്ങാവൂരുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് അവസാന വർഷ വിദ്യാർത്ഥിനിയാണവൾ. അവസാന പരീക്ഷയുടെ സ്റ്റഡി ലീവിലാണവർ. വിജയാശംസകൾ നേർന്നു. Dr. Shakira to be..., nice to meet you..
ഈ ക്യാമ്പസ് കോൾ ചില്ലറയല്ല എന്നെനിക്ക് ബോധ്യപ്പെട്ടു. Medicos... Enginees... University students... Higher Secondary students... അങ്ങനെ പലരും. വഫിയ്യ കോഴ്സ് പൂർത്തീകരിച്ച എനിക്ക് അവസരം ലഭിക്കുമോ എന്നതിൽ ആശങ്കയുണ്ടായിരുന്നു. അന്വേഷിച്ചപ്പോൾ അവർ സ്വാഗതമറിയിച്ചു. സന്തോഷമായി. അങ്ങനെ ഞാനും, as an IGNOU student doing masters in english.
പതിനൊന്ന് മണിയോടെ സെഷൻ ആരംഭിച്ചു. ആദ്യമായി പതാക ഉയർത്തൽ. നേതൃത്വം നൽകിയത് സയ്യിദ സൽമ മിൻഹ എന്നവരായിരുന്നു. ബാഫഖി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിൽ വെച്ച് മുൻപ് ഞങ്ങൾ പരിചയപ്പെട്ടിട്ടുണ്ടായിരുന്നു. ഞാൻ കൃത്യമായി ഓർക്കുന്നില്ലെങ്കിലും ബീവി ഇങ്ങോട്ട് പരിചയം പുതുക്കി. വളരെയധികം സന്തോഷം.
ശേഷം ശുഭ്രവസ്ത്രധാരികളായ മെന്റേഴ്സ് നേതൃത്വം നൽകുന്ന ഐസ് ബ്രേക്കിങ്. ഡമസ്കസ് ടീമിനെ മുന്നോട്ടു വിളിച്ചു. മെന്റേഴ്സ് പാടുന്ന വരികൾ കേട്ട് എല്ലാവരും ചലിക്കണം. ശേഷം അവർ പറയുന്ന സംഖ്യക്കനുസരിച്ച് അത്രയും പേരടങ്ങുന്ന ഗ്രൂപ്പുകളായി മാറണം. എണ്ണം കൂടുകയോ കുറയുകയോ ചെയ്താൽ ഔട്ട് ആവുകയും സ്റ്റേജിൽ പാട്ടുപാടുകയും വേണം. രസകരമെന്നു പറയട്ടെ, ആദ്യ കളിയിൽ തന്നെ ഔട്ടായതും സ്റ്റേജിൽ ആദ്യമായി പാടിയതും ഞാനടങ്ങുന്ന ടീമായിരുന്നു.
പിന്നീടങ്ങോട്ട് ശരിക്കും ആസ്വദിക്കുകയായിരുന്നു. വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയാത്ത മികച്ച സെഷനുകൾ... ജീവിതത്തിലാദ്യമായി നേരിൽ കണ്ട പ്രഗൽഭ വ്യക്തിത്വങ്ങൾ....
പാണക്കാടിന്റെ വസന്തം മുഴുവൻ ബാഫഖിയിലേക്കും പെൻക്വീനിലേക്കും പറിച്ചു നട്ടതുപോലെ... സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ... സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ... സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ... സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ... അവരുടെ പത്നിമാരായ സയ്യിദ സുൽഫത്ത് ബീവി... സയ്യിദ സജ്ന ബീവി... സയ്യിദ ഹനിയ്യ ബീവി... മക്കളായ ശാഹിമ ബീവി... നർഗീസ് ബീവി.... അവരുടെ വാക്കുകൾ... സദുപദേശങ്ങൾ...കൺകുളിർമ ഞാനനുഭവിച്ചു. Alhamdulillah! You granted me this.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനതല ഭാരവാഹികളും ക്യാമ്പസ് വിംഗ് അംഗങ്ങളും വലിയ സന്ദേശങ്ങളാണ് ഇരു ദിനങ്ങളിലായി കൈമാറിയത്.
അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആദർശ പ്രസ്ഥാനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. അതിന്റെ പോഷക സംഘടനകളിലൊന്ന് എസ്. കെ. എസ്. എസ്. എഫ്. അതിന്റെ പോഷക ഘടകങ്ങളിലൊന്ന് ക്യാമ്പസ് വിംഗ്. അതിലെ ഗേൾസ് വിംഗ് പെൻക്വീൻ. ഇക്കൂട്ടർ ക്യാമ്പസ് വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ച വേദിയായിരുന്നു. കേരളത്തിലെ വ്യത്യസ്ത ജില്ലകളിലെ വിവിധ ക്യാമ്പസുകളിൽ നിന്നും മുന്നൂറോളം പേരുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ ഗംഭീരം... ബഹുകേമം... മാഷാ അല്ലാഹ്.
--------------------------
സെഷനുകളിലൂടെ:
ശനി ഉച്ചയ്ക്കാരംഭിക്കുകയും ഞായറാഴ്ച ഉച്ചയോടെ അവസാനിക്കുകയും ചെയ്ത ഈ കോളിലെ ഓരോ സെഷനും സംഭവബഹുലമായിരുന്നു. പലപ്പോഴും സമയം തികയാതെ വന്നു.
Islamic Arts Forms എന്ന തലക്കെട്ടിൽ ഷിയാസ് ഹുദവി സാർ എഴുത്ത്, വാസ്തു തുടങ്ങിയ വിവിധ ഇസ്‌ലാമിക കലാരൂപങ്ങളിലേക്കും അതിൽതന്നെ കാലിഗ്രാഫിയുടെ വിശാലമായ ലോകത്തേക്കും കൊണ്ടുപോയപ്പോൾ, ഏറ്റവും നീളമുള്ള ഖുർആൻ സ്വന്തം കൈപ്പടയിൽ വരച്ചു തീർത്ത് ഗിന്നസ് റെക്കോർഡിലേക്കെത്തിയ ജസീം ഫൈസി തന്റെ അനുഭവങ്ങളിലൂടെ ഞങ്ങളെ വിസ്മയിപ്പിച്ചു. അതേത്തുടർന്ന് ഷാദിയ മുഹമ്മദ് എറണാകുളം പരിചയപ്പെടുത്തിയ Islamic Art of Illumination (تهذيب) ഞാനാദ്യമായി പരിചയപ്പെടുകയായിരുന്നു. The Prince's Foundation School of Traditional Arts, London ൽ നിന്നും മാസ്റ്ററൽ ഡിഗ്രി പൂർത്തീകരിച്ച അവർ സ്വന്തമായി വേറിട്ട ഒരിടം കണ്ടെത്തിയവരാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. മാഷാ അല്ലാഹ്.
Hundred Years of Samastha എന്ന നാമധേയത്തിൽ ആദർശത്തിലേക്ക് ദിശാബോധം നൽകിയ ഉസ്താദ് ഖുബൈബ് വാഫിയുടെ സായംസന്ധ്യയിലെ സംസാരം... തത്‌വിഷയകമായി ഷാഹുൽഹമീദ് മാസ്റ്റർ മേൽമുറിയുടെ നിലപാടുകൾ വ്യക്തമാക്കൽ... പാതിരയോടടുത്ത റഷീദ് ഫൈസി വെള്ളായിക്കോടിന്റെ ഭാഷണം... Penqueen: Vision & Mission എന്ന വിഷയത്തിൽ സത്താർ പന്തല്ലൂർ സാർ നടത്തിയ ടോക്ക്... എല്ലാം സമഗ്രമായിരുന്നു. സംഘടനാ പ്രവർത്തനങ്ങളുടെ ആധികാരികതയും ആവശ്യകതയും മനസ്സിലാക്കാനുതകുന്നതായിരുന്നു.
'വിശ്വാസം എന്ന ആശ്വാസം' എന്നതിൽ റഷീദ് ഹുദവി ഏലംകുളം എന്നവരുടെ അവതരണം സരളമായിരുന്നു. എന്നാൽ ഗഹനവും. അതേത്തുടർന്ന് ശുഐബുൽ ഹൈതമി ഉസ്താദുമായിട്ടുള്ള ഇന്ററാക്ഷൻ കെങ്കേമവും.
......first day over.....
ഭക്ഷണത്തെക്കുറിച്ചൊന്നും പറയേണ്ട. So yummy it was!
ചൂടോടെയുള്ള കട്ലറ്റും സർബത്തും... തളികയിൽ ഒരുമിച്ചിരുന്ന് ചിക്കൻ ബിരിയാണി... സമൂസയും കട്ടൻചായയും.... രാത്രിയിലെ നെയ്ച്ചോറും കറിയും....
ഇനിയൊന്നുറങ്ങണം. ബാഫഖി യത്തീംഖാന ക്യാമ്പസിലാണ് മയക്കം. ഇരുണ്ട മാനത്തെയും വിരലിലെണ്ണാവുന്ന നക്ഷത്രങ്ങളെയും സാക്ഷിയാക്കി റോഡിലൂടെ ഞങ്ങൾ വരിയായി നടന്നു നീങ്ങി. ബാഫഖി അൽബിർ പ്രീ സ്കൂളിന്റെ ക്ലാസ് റൂമുകൾ ഞങ്ങൾക്കുവേണ്ടി സജ്ജമാക്കിയിരുന്നു. ബാതിംഗും ബ്രഷിംഗും കഴിഞ്ഞ് രണ്ടു മണിയോടടുത്ത് നിദ്രയിലാണ്ടു.
സുബ്ഹ് ബാങ്ക് വിളിച്ചു. കഴിഞ്ഞ ദിവസത്തേതുപോലെ ജമാഅത്തായി സുബ്ഹ് നമസ്കരിച്ചു.
ശേഷം ആസിഫ് ദാരിമി പുളിക്കൽ ഉസ്താദിന്റെ സംസാരമായിരുന്നു. സൂര്യനുദിച്ചുയരുന്ന വേളയിൽ ഓഡിറ്റോറിയത്തിൽ വച്ച് Back to Allah എന്ന വിഷയത്തിൽ ഒരുവേള ലയിച്ചുപോയി. നമ്മുടെ ചലന നിശ്ചലനങ്ങളിലൂടെ പ്രബോധനം സാധ്യമാണെന്ന് തെളിയിച്ചുതന്ന റഫീഖ് ചെന്നൈ സാറിന്റെ അനുഭവങ്ങളിലൂടെയും യാഥാർത്ഥ്യങ്ങളിലൂടെയുമുള്ള പ്രയാണം ചില തിരിച്ചറിവുകളുടെ വാതായനങ്ങൾ തുറന്നു തന്നു. അതിനിടെ ചായയും സ്നാക്സും.
എട്ടുമണി കഴിഞ്ഞ് ഡോ. സാലിം ഫൈസി കുളത്തൂർ ഉസ്താദ് ലോകത്തിന്റെ രഹസ്യം മുഹമ്മദ് ( സ്വ) ആണെന്ന് ഞങ്ങളെ ഒരിക്കൽ കൂടി ബോധ്യം വരുത്തി.
ശേഷം ബ്രേക്ക് ഫാസ്റ്റ്. ചപ്പാത്തി.. നൂലപ്പം... മീൻ കറി... ഉഷാർ!
ശേഷം ഫാസില ഫാത്തിമ തമിഴ്നാട് Success Stories എന്നതിലൂടെ കടന്നുപോയി. പ്രശസ്ത സോഷ്യൽ വർക്കറും ഓൺട്രോപ്രെണറുമായ അവർ പങ്കുവെച്ച ഒരു സ്വഹാബി വനിതയുടെ കഥ എന്നെ വല്ലാതെ ആകർഷിച്ചു.
ശേഷം കോഡിനേറ്റേഴ്സിൽ ഒരാളായ നാജിയ ബദ്റുവിന്റെ നേതൃത്വത്തിൽ പെൻക്വീനിന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി. പെൻക്വീനിനെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ആദ്യമായാണ് ഞാൻ കേൾക്കുന്നത്. സാരസമ്പൂർണ്ണമായ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കാനും നടത്തിക്കൊണ്ടിരിക്കുവാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. ഇനിയും മുന്നോട്ടു ഗമിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
പരിപാടി ആരംഭിച്ചത് മുതൽ അവസാനിക്കുവോളം ഓടിനടന്ന, വേദിയിൽ പറഞ്ഞുവെച്ചത് പോലെ "വലിയ ചിന്തയും വലിയ കർമ്മ ശേഷിയുമുള്ള കുറിയ മനുഷ്യനായ" ഉസ്താദ് അടിമാലി മുഹമ്മദ് ഫൈസി അവർകളെ ഒട്ടും വിസ്മരിക്കാവതല്ല. പരിപാടിയുടെ പരിപൂർണ്ണ വിജയത്തിനു വേണ്ടിയും അതിഥികൾക്ക് വേണ്ടിയും അഹോരാത്രം ഓടിനടന്നതിന് അവിടെ സംബന്ധിച്ച ഓരോരുത്തരും സാക്ഷികളാണ്. അല്ലാഹുവേ അഭിവന്ദ്യരായ ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നൽകേണമേ ആമീൻ.
പിന്നെയുമുണ്ട് ഒരുപാട് പേർ. പരിപാടിയുടെ സംഘാടകർ.. ഭക്ഷണം തയ്യാറാക്കിയവർ.. വിളമ്പിയവർ.. സഹായിച്ചവർ... സഹകരിച്ചവർ... എല്ലാവർക്കും പ്രാർത്ഥനകൾ നേരുന്നു.
ഹബീബ് ഫൈസി കോട്ടോപാടം ഉസ്താദിന്റെയും ആസിഫ് ദാരിമി ഉസ്താദിന്റെയും നേതൃത്വത്തിൽ ഏറ്റു പാടിയ യാ അക്റമ ബൈത്തും അശ്റഖ
ബൈത്തും വല്ലാത്ത അനുഭൂതി പകർന്നു.
പ്രോഗ്രാമിനോടനുബന്ധിച്ചു നടന്ന Zammilooni Exhibition നയനാനന്ദകരമായിരുന്നു.
ഗിന്നസിലിടം നേടിയ ഖുർആനിന്റെ ചെറിയൊരു ഭാഗവും പ്രദർശനത്തിലുണ്ടായിരുന്നു. നേരിൽ കാണാനായത് സൗഭാഗ്യമായി കരുതുന്നു. എന്നെ അമ്പരപ്പിച്ച ഒരു ചിത്രമുണ്ടായിരുന്നു അവിടെ. താഴെ ചേർക്കുന്നു.
ഇത് കൈകൊണ്ട് വരച്ചതാണെന്ന് എനിക്ക് വിശ്വസിക്കാനായില്ല. സുബ്ഹാനല്ലാഹ് എന്ന് അറിയാതെ പറഞ്ഞുപോയി. ഗിന്നസുകാരന്റെ തന്നെയായിരുന്നു ഈ പെൻസിൽ ഡ്രോയിങും.
പെൻക്വീനിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് വേണ്ടി ഗ്രൂപ്പടിസ്ഥാനത്തിൽ നടന്ന ചർച്ച നല്ല രീതിയിൽ ഉപയോഗപ്പെടുത്തി. എല്ലാം പെൻക്വീനിനു തുണയാകട്ടെ... പുതിയ പദ്ധതികൾക്ക് മുതൽക്കൂട്ടാകട്ടെ...
ഉച്ചയോടെ നെയ്ച്ചോറും കഴിച്ച് സലാം പറഞ്ഞിറങ്ങുമ്പോൾ നിർവൃതിയനുഭവപ്പെടുന്നുണ്ടായിരുന്നു. പെൻക്വീൻ ലക്ഷ്യമാക്കുന്നതെന്താണെന്നറിയാൻ വന്നവരെ സ്വയം ഒരു പെൻക്വീനായിത്തീരുന്നതിലേക്കും സത്‌വഴിയെ നടന്നു നീങ്ങുന്നതിലേക്കും കൈപിടിച്ചുയർത്തുകയായിരുന്നു അവർ.
PENQUEEN CAMPUS CALL!
നീ സമ്മാനിച്ച അനുഭവങ്ങൾക്കും തിരിച്ചറിവുകൾക്കും നന്ദിയും കടപ്പാടുമറിയിക്കാൻ വാക്കുകളില്ല. എങ്കിലും ഒന്ന് പറഞ്ഞോട്ടെ, "കൂടെ നിൽക്കാം എല്ലായ്പ്പോഴും". അല്ലാഹുവേ തൗഫീഖ് നൽകണേ ആമീൻ.
#penqueen
#girls_campus call
،❣️🤲
ReplyDeletegud name plz
Delete😍❤️
ReplyDeletePost a Comment
Share your thoughts