Arrival in Dunia for Departure to Akhira
.
.
.

22.03.23, ബുധൻ.
മർവ മുനീറാണ് ആ സ്റ്റിക്കറുമായെത്തിയത്. ഒരു വാക്യമാണതിൽ അടങ്ങിയിട്ടുള്ളത്. വെറുമൊരു വാചകമല്ല, ഏറെ ചിന്തിപ്പിക്കുന്ന ഒന്ന്.
#ആറടി മണ്ണിൽ വിശപ്പോടെ കാത്തിരിക്കുന്ന ഒരു കൂട്ടം പുഴുക്കളുടെ സ്വപ്നം അല്ലേ നീയും ഞാനും...പിന്നെ എന്തിനാ ഈ അഹങ്കാരം.

ആറടി മണ്ണിലെ ജീവിതം സുനിശ്ചിതമാണെന്നെനിക്കറിയാം. എങ്കിലും സത്യം പറഞ്ഞാൽ, ഖബ്ർ എന്ന് കേൾക്കുന്നതേ എനിക്ക് പേടിയാ.

!كل نفس ذائقة الموت
The universal truth!
ജനിച്ചവരെല്ലാം മരണപ്പെടും.
റൂഹ് പിരിഞ്ഞാൽപിന്നെ നമ്മെ അധികം വെച്ചേക്കില്ല. ഉറ്റവർ തന്നെ യാത്രയാക്കും.

എല്ലാം അറിയാമെങ്കിലും ഞാൻ ഇടയ്ക്കിടെ പറയാറുണ്ട്, "എന്നെ ഖബ്റിൽ ആക്കരുത്, വീട്ടിലെ കിച്ചണിൽ കിടത്തിയാൽ മതി". ഇതുകേട്ട് നൊന്തുപെറ്റ ഉമ്മയടക്കം എല്ലാവരും ചിരിക്കും. എന്നിട്ട് പറയും, "റാഷീ നിനക്കറിയോ...മനുഷ്യൻ ചീയുകിൽ ഒരാൾക്കും അടുക്കാൻ കഴിയില്ല.അസഹനീയമായ ദുർഗന്ധമായിരിക്കും. ആരും നിന്നെ ഇവിടെ കിടത്തുകയില്ല. വേഗം ആറടി മണ്ണിലെത്തിക്കും. അതിനായി തിരക്ക് കൂട്ടും".

ഇതുകേട്ട് ഞാൻ മിണ്ടാതെ തരിച്ചിരിക്കും. മർവ അയച്ച സ്റ്റിക്കർ ഈ സംഭാഷണങ്ങളെയും നിമിഷങ്ങളെയുമെല്ലാം ഒരിക്കൽ കൂടി ഓർമിപ്പിച്ചു.
യാ അല്ലാഹ് വിജയികളുടെ കൂട്ടത്തിലാക്കണേ ആമീൻ.
********************

ഉച്ചകഴിഞ്ഞ് എന്റെ നാട്ടിലെ മദ്‌റസയിൽ ഖുർആൻ പഠനക്ലാസുണ്ട്. ആഴ്ചതോറും നടന്നുവരാറുള്ള ഈ വേദിക്ക് നേതൃത്വം നൽകുന്നത് മഹല്ല് ഖത്വീബ് ഉസ്താദ് മൊയ്തു നദ്‌വി ഫുർഖാനി എന്നവരാണ്. സരളവും സുന്ദരവുമായ ക്ലാസിൽ സാധിക്കുമ്പോഴെല്ലാം ഞാനും പങ്കെടുക്കാറുണ്ട്. ഇത് റമദാനിനു മുൻപുള്ള അവസാനത്തെ ക്ലാസ്സാണ്. സൂറത്തുൽ ഫാതിഹ അർത്ഥസഹിതം വിശദമായി പഠിച്ചതിനുശേഷം യാസീൻ സൂറത്തിലേക്ക് പ്രവേശിച്ചു. ഈ ക്ലാസ്സോടുകൂടി അതും പൂർത്തിയാവുകയാണ്. ശേഷം ദുആ നടത്തും. ഖുർആനിന്റെ അഹ്‌ലുകാരിൽ ചേർക്കണേ എന്ന് ഹാഫിളും ഖാരിഉമായ ഉസ്താദ് മനം പൊട്ടി ദുആ ചെയ്യും. പലപ്പോഴും വാക്കുകൾ കിട്ടാതെ വിതുമ്പും.

രണ്ടുമണികഴിഞ്ഞ് ആവേശത്തോടെ ഉമ്മയും ഞാനും പുറപ്പെട്ടു. യാസീൻ സൂറത്തിലെ അവസാന ആയത്തുകൾ ഉസ്താദ് പാരായണം ചെയ്യുകയാണ്. അതിമനോഹരവും ശ്രവണസുന്ദരവുമാണ് ഉസ്താദിന്റെ പാരായണശൈലി.

സൂറത്ത് അവസാനിക്കാറായി.. "സർവ്വചരാചരങ്ങളുടെയും അധികാരമുടയവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു.وَإِلَیۡهِ تُرۡجَعُونَ
അവനിലേക്കാണ് നിങ്ങൾ മടക്കപ്പെടുന്നത്". (36:83)
അൽപനേരം മൗനം പാലിച്ചതിനുശേഷം ഉസ്താദ് തുടർന്നു.

"പ്രിയപ്പെട്ടവരെ, നമ്മെയെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹു സുബ്ഹാനഹു വതആല പറഞ്ഞതു നോക്കൂ.. നിങ്ങൾ അവനിലേക്കാണ് മടങ്ങുന്നത് എന്നല്ല, നിങ്ങൾ മടക്കപ്പെടും എന്ന്. അഥവാ അല്ലാഹു നമ്മെ തിരിച്ചു വിളിക്കുമ്പോൾ നമ്മളാരും മടങ്ങാൻ ഒരുങ്ങിക്കൊള്ളണമെന്നില്ല, തിരിച്ചു പോകാൻ നാം സന്നദ്ധരായിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെയാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്; നിങ്ങളാരും സ്വയം മടങ്ങേണ്ടതില്ല, എന്റെ പക്കൽ നിന്നുള്ള ഒരു സംഘം വന്ന് നിങ്ങളെ കൊണ്ടുപോകുന്നതാണ്". അല്ലാഹു എത്ര മഹോന്നതൻ!

നേരത്തെ കണ്ട സ്റ്റിക്കറിന്റെ ആഘാതം വിട്ടുമാറുന്നുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും അല്ലാഹുവിന്റെ കലാം എന്നെ വീണ്ടും ബലഹീനയാക്കിയിരിക്കുന്നു.
അല്ലാഹുവേ പരാചിതരിൽ ചേർക്കല്ലേ ആമീൻ.

മഹാനായ ശാഫിഈ ഇമാമിന്റെ കവിതാ ശകലം സാന്ദർഭികമായി ചേർത്തുവെക്കുന്നു.
ولدتك أمك يابن آدم باكيا
والناس حولك يضحكون سرورا
فاعمل ليومك ان تكون إذا بكوا
في يوم موتك ضاحكا مسرورا
പിറക്കുന്ന നേരം നീ കരയുകയും ബന്ധുക്കൾ ചിരിക്കുകയും ചെയ്തു. ഇനി നിനക്കൊരു മടക്കമുണ്ട്. ഏവരും കരയുമ്പോൾ നിനക്ക് ചിരിക്കാൻ സാധിക്കണം. അതാണ് വിജയം.

اللهم إنا نسألك حسن الخاتمة آمين

2 Comments

Share your thoughts

Post a Comment

Share your thoughts

Previous Post Next Post