'....വിശ്വാസം വരാൻ ഒരാവർത്തി കൂടി വായിക്കേണ്ടിവന്ന ജീവനുള്ള വരികൾ...' ഇത് മറ്റൊരു പുസ്തകാന്വേഷണത്തിലേക്ക് എന്നെ വഴി നടത്തുകയായിരുന്നു. 
കഴിഞ്ഞദിവസം വീടിന്റെ ജനൽപടിയിൽ നിന്നാണ് ആ കടലാസ് കയ്യിൽ തടഞ്ഞത്. മടക്കിയ നിലയിലായിരുന്ന അത് തുറന്നുനോക്കി. ഇളയ സഹോദരി ആയിഷ പി.കെയുടെ എഴുത്താണത്. തലേദിവസം ഹോസ്റ്റലിലേക്ക് മടങ്ങിയ അവൾ മറന്നുവെച്ചതാകുമോ? അതോ എനിക്കായി വെച്ചതോ? അറിയില്ല. കണ്ട പാടെ വായിച്ചു തുടങ്ങി.

"വിശപ്പാണ് സത്യം
മുഖ്താർ ഉദരംപൊയിൽ
            ഹൃദയം തൊട്ട ഒരു പുസ്തകം. ഓരോ വരിയും എന്തെല്ലാമോ പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു. ഉള്ളിൽ നിന്നാരോ വീണ്ടും വീണ്ടും തേങ്ങി. വരികൾക്കിത്ര മാത്രം ജീവനോ? എന്തെല്ലാം ജീവിതങ്ങളാണ് ഈ പ്രപഞ്ചം മുഴുവനും. എല്ലാം ജഗന്നിയന്താവിന്റെ സൃഷ്ടിയാണെന്നോർക്കുമ്പോൾ അത്ഭുതം. ഒരു എഴുത്തുകാരൻ ഇവിടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയാണ്. വായിച്ചറിഞ്ഞപ്പോഴേക്കും ഖൽബകം കരഞ്ഞെങ്കിൽ ഇതെഴുതുമ്പോൾ ആ കടലാസിൽ കണ്ണീർ പരന്നിട്ടുണ്ടാകുമെന്നു തീർച്ച. അതിലുപരി ഇതനുഭവിച്ചപ്പോൾ എത്രമാത്രം കരഞ്ഞിരിക്കണം. വിശന്ന് വിശന്ന് കണ്ണ് കാണാതായിട്ട് കാശ് കക്കേണ്ടിവന്നത്... കാശ് മോഷ്ടിക്കപ്പെട്ടു എന്നും ആരാണെന്നും അറിഞ്ഞിട്ടും ഒന്നും മിണ്ടാതെ നിൽക്കുന്ന ചില അപൂർവ്വ മനുഷ്യർ.. വിശപ്പ് വികാരമാണെന്നും പറഞ്ഞ് പലപ്പോഴും ഭക്ഷണത്തിന് പ്രതിഫലം വാങ്ങാൻ കൂട്ടാക്കാത്ത ഹോട്ടലുടമകൾ... മറന്നുവെച്ച ലാപ്ടോപ്പും നൽകാൻ വിട്ടുപോയ പത്തു രൂപക്കും വേണ്ടി ആളെ തിരഞ്ഞു ചെന്ന നന്മമരങ്ങളായ ഓട്ടോ ഡ്രൈവർമാർ.... ഉപ്പ് വരെ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന അയൽപക്കബന്ധങ്ങൾ... വീട്ടിലെ സുഖമറിഞ്ഞ യത്തീംഖാന ദിനങ്ങൾ.. കുറ്റബോധം കൊണ്ട് ഇപ്പോഴും ഖൽബ് നീറുന്നവർ... അല്ലേലും വിശന്നു മോഷ്ടിച്ചവരെയൊക്കെ പിന്നെന്ത് ശിക്ഷിക്കാനാണ്?!... പകരം നൽകാനില്ലാതെ പ്രാർത്ഥന മാത്രം തിരികെ നൽകിയ സന്ദർഭങ്ങൾ... അനുഭവങ്ങൾ ഓർമ്മകളാണ്, ഓർമ്മകൾ അനുഭവങ്ങളും. പക്ഷേ അതുമാത്രമാണോ?
വിശ്വാസം വരാൻ ഒരാവർത്തി കൂടി വായിക്കേണ്ടിവന്ന ജീവനുള്ള വരികൾ!
-peekz"


ആദ്യമായാണ് ഇതിനെക്കുറിച്ച് കേൾക്കുന്നത്. വായിച്ചിരിക്കേണ്ട പുസ്തകമാണെന്ന് അവളുടെ വരികൾ എന്നെ ബോധ്യപ്പെടുത്തി. അങ്ങനെ ഗൂഗിളിൽ പരതി, 2021ൽ BUKKAFE പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ റിവ്യൂസ് എന്നെ ഹഠാതാകർഷിച്ചു.



ഇനി പുസ്തകം കണ്ടെത്തണം..വായിക്കണം... ശേഷം കാണാം ഇൻശാ അല്ലാഹ്.

#aysha pk

#book

#vishappanu sathyam

Post a Comment

Share your thoughts

Previous Post Next Post