'RASHIDA PK'
The product manufactured by :
_______________________________

ഇന്നലെ കലാമിൻ്റെ ഇംഗ്ലീഷ് ഭാഷണം ശ്രവിച്ചിരുന്നു.പലയിടങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പരിപാടികളിൽ വിദ്യാർത്ഥികളോട് സംവദിക്കുന്നതായിരുന്നു അവയിലധികവും. 'ഉറക്കത്തിൽ കാണുകയും ഉണരുമ്പോൾ മാഞ്ഞുപോകുകയും ചെയ്യുന്നതല്ല, ഉറങ്ങാനനുവദിക്കാതെ നിങ്ങളെ വേട്ടയാടുന്നതെന്തോ അതാണ് സ്വപ്നമെന്ന്' അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.

ഇന്ന് എൻറെ സീനിയറും സഹപ്രവർത്തകയുമായിരുന്ന ഫർസാന. ടി എന്നവർ അദ്ദേഹത്തെ പരാമർശിക്കുന്ന യുട്യൂബ് വീഡിയോ ലിങ്ക് അയച്ചു തന്നു. പതിമൂന്നു മിനിറ്റോളം നീണ്ടുനിൽക്കുന്ന ആ ദൃശ്യാവിഷ്കാരം ഞാൻ ഒറ്റയിരിപ്പിൽ കണ്ടു.
കലാം; എല്ലാവരും ആദരവോടെ നെഞ്ചേറ്റിയ ഇന്ത്യക്കാരൻ... ലോകമഖിലം ഖ്യാതിനേടിയ ഇന്ത്യൻ രാഷ്ട്രപതി...
 'ഡ്രീം' എന്ന വാക്കിന് വലിയ അർത്ഥതലങ്ങൾ നൽകിയ മഹാൻ... ഇങ്ങനെപോകുന്നു അദ്ദേഹത്തിൻറെ പ്രശസ്തി....

ഇങ്ങനെയൊക്കെയാണെങ്കിലും കലാം എന്നു പറയുമ്പോഴേക്ക് എൻറെ മനസ്സിലേക്ക് ഓടിയെത്തുന്നത് അദ്ദേഹത്തിൻറെ ആത്മകഥയുടെ മലയാള വിവർത്തനമാണ്.
'വിങ്സ് ഓഫ് ഫയർ' എന്നതിന്റെ പരിഭാഷയായ 'അഗ്നിച്ചിറകുകൾ' എന്ന ഗ്രന്ഥം നിങ്ങൾക്കൊക്കെ സുപരിചിതമായിരിക്കും. ഒരുപക്ഷേ വായിച്ചിട്ടുമുണ്ടാകും. ഏറെക്കാലമായി അത് വായിക്കണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. ഹയർ സെക്കൻഡറി പഠന കാലത്താണ് അതിനവസരം ലഭിച്ചത്. ആ സന്ദർഭം കൃതജ്ഞതയോടെ സ്മരിക്കട്ടെ.

അന്നൊരു ഞായറാഴ്ച! എസ്.എസ്.എൽ.സി കഴിഞ്ഞ് എൽ.പി സ്കൂളിലെ അനുമോദന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് ഒരുപറ്റം വിദ്യാർത്ഥികൾ. കൂട്ടത്തിൽ ഞാനും.

പുസ്തകമേള എന്ന തലക്കെട്ടിനു താഴെ ഒരുപാട് കൃതികൾ വായനക്കാരെ കാത്തുകിടപ്പുണ്ട്. ഞാൻ അവ പരിശോധിക്കവേ "റാഷിദാ, നിനക്ക് ഏതു പുസ്തകമാണ് വേണ്ടത്?", വലതുവശത്തു നിന്നും നാല് വർഷം പരിചയിച്ച ശബ്ദം!
ഒരു പുസ്തകം ഉയർത്തിക്കാട്ടി 'ഇതാണു വേണ്ടതെന്നും ഇപ്പോൾകയ്യിൽ കാശില്ലെന്നും' കണ്ണിറുക്കി പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി. ഒരാഴ്ചക്കുള്ളിൽ ആ സ്കൂളിൽ പഠിക്കുന്ന അയൽക്കാരിപ്പെൺകുട്ടി എൻറെ വീട്ടിൽ വന്നു. കയ്യിൽ ഒരു സമ്മാനപ്പൊതിയുമുണ്ട്. "ടീച്ചർ ഏൽപ്പിക്കാൻ പറഞ്ഞതാണ്"... ഞാൻ സ്തബ്ദയായി,കണ്ണുകൾ സജലങ്ങളായി. അന്നു ഞാൻ ഉയർത്തി കാണിച്ച ആ പുസ്തകം. അതുതന്നെ!!
ശ്രീവിദ്യ ടീച്ചർ, പള്ളിക്കൂടത്തിലെ ആദ്യ നാലു വർഷം ടീച്ചർ കൂടെയുണ്ടായിരുന്നു. അവിടുത്തെ ഓരോ അധ്യാപന രീതികളും സംസാരങ്ങളും ഞാൻ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.അവരുടെ ജീവിതം ധന്യമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
വായിക്കാൻ ഭാഷയറിയണമല്ലോ.... അറബി, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ വായിക്കാൻ എനിക്കറിയാം. എൻ്റെ മികവ് കൊണ്ടല്ല, സർവ്വ ശക്തൻ്റെ അനുഗ്രഹം കൊണ്ട്. കൂടെ ഗുരുക്കരുടെ നിതാന്തവും അക്ഷീണവുമായ പ്രയത്നം കൊണ്ട്..

അക്ഷരം ക്ഷരമില്ലാത്തതാണെന്ന ഖുബൈബ് വാഫി ഉസ്താദിൻ്റെ വാക്കിനെ ദ്യോതിപ്പിക്കുമാറ്,
' അ' എന്ന അക്ഷരത്തിലൂടെ അക്ഷരഖനികളിലേക്ക് എന്നെ വഴിനടത്തിയ,
'A ' എന്ന ലെറ്ററിലൂടെ ആംഗലേയ ഭാഷയുടെ വാതായനങ്ങളിലേക്ക് കൂടെ നടത്തിച്ച പ്രിയ വിദ്യ ടീച്ചർ....

' അദബുൻ '  എന്ന അർഥസമ്പൂർണമായ കലിമത്തിലൂടെ അലിഫിൽ നിന്നും തുടങ്ങി യാഇൽ അവസാനിക്കുന്ന അറബിഭാഷയുടെ വിസ്മയലോകത്തേക്ക് പറന്നുയരാൻ ചിറകുകൾ സമ്മാനിച്ച പ്രിയ ഹുസൈൻ ഉസ്താദ്....

'ആഓ ആഓ ജൽദീ ആഓ' എന്ന കവിതയിലൂടെ ഹിന്ദിയുടെ രുചിക്കൂട്ട് നാവിൽ പുരട്ടിയ പ്രിയ റസീന ടീച്ചർ....

ഈ എളിയവളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിങ്ങളുടെ ഗുരുത്വ-പൊരുത്തം കൈമുതലായുണ്ടാകുമെന്ന പ്രതീക്ഷയോടെ..

#apjabdulkalam
#wingsoffire
#farsanat
#pkhmalpschool
#sreevidyama'am
#husainusthad
#khubaibwafyusthad
#raseenama'am
ശുഭം

Post a Comment

Share your thoughts

Previous Post Next Post