സത്യവിശ്വാസികളെ,തീർച്ചയായും ഹിജ്റയിൽ നിങ്ങൾക്കു പാഠമുണ്ട്!
__________
സത്യവിശ്വാസികൾക്ക് സന്തോഷത്തിന്റെയും ആത്മവിചിന്തനത്തിന്റെയും നാളുകൾ സമ്മാനിക്കുന്ന, സഹനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മഹിതമായ പാഠങ്ങൾ പകരുന്ന ഹിജ്റ ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ്.മുഹമ്മദ് നബി (സ്വ)യും അനുയായികളും സർവ്വസ്വം ത്യജിച്ച് മക്കയിൽ നിന്നും മദീനയിലേക്കു ചെയ്ത പലായനം പതിനാലു നൂറ്റാണ്ടുകൾക്കിപ്പുറവും മുസ്ലിം ലോകത്തിന് മാതൃകാപരമാണ്. ചരിത്രഗതി മാറ്റിമറിച്ച ഈ മഹത്തായ സംഭവം ഓരോ ഹിജ്റ വർഷം കടന്നുവരുമ്പോഴും മുസ്ലിം ലോകം അനുസ്മരിക്കുന്നു. ബഹുദൈവവിശ്വാസത്തിനും അജ്ഞതക്കുമെതിരെ സമ്പൂർണ്ണ വിജയത്തിനു നാന്ദി കുറിച്ച ഹിജ്റ, മുസ്‌ലിം സമൂഹത്തിന് എന്നും കരുത്തും ആവേശവും പകരുന്നു. ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഒട്ടേറെ സദ്ഫലങ്ങൾ ഉളവാക്കിയ ഹിജ്റയിൽ മനുഷ്യബുദ്ധിക്ക് എത്തിച്ചേരാനാവുന്നതും അല്ലാത്തതുമായ നിരവധി മാനങ്ങൾ അടങ്ങിയിട്ടുണ്ട്.
ഹിജ്റയുടെ കാരണങ്ങൾ
_________
ഹിജറയുടെ കാരണങ്ങളിൽ ഒന്നാമത്തേത് ഇസ്‌ലാമിക പ്രബോധനവുമായി പ്രവാചകന്‍ (സ്വ) രംഗപ്രവേശനം ചെയ്തപ്പോൾ മക്കാഖുറൈശികളുടെ ഭാഗത്തുനിന്നുണ്ടായ പരീക്ഷണങ്ങളും പീഡനങ്ങളുമാണ്. മർദ്ധനം അസഹ്യമായപ്പോൾ മക്ക വിട്ട് മറ്റൊരു സുരക്ഷിത മേഖലയെ കുറിച്ച് അവിടുന്ന് ചിന്തിക്കുകയുണ്ടായി. എത്യോപ്യ (അബ്സീനിയ) യിലേക്കും ത്വാഇഫിലേക്കും ഒടുവിൽ മദീനയിലേക്കു മുള്ള പലായനം ഈ ചിന്തയുടെ തുടർച്ചയാണ്.ഒരു ഹദീസിൽ ആഇഷ(റ) പറയുന്നു:" പീഡനം സഹിക്കവയ്യാതായപ്പോൾ യാത്ര പുറപ്പെടാൻ അബൂബക്ർ (റ) പ്രവാചകനോട് സമ്മതം ചോദിച്ചു." പ്രവാചകനെ വധിക്കാൻ ഖുറൈശികൾ ഗൂഢാലോചന നടത്തിയപ്പോഴല്ല ഹിജ്റ തീരുമാനിച്ചതെന്ന വസ്തുത ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. മുഹമ്മദ് മക്ക വിടുമെന്ന് അറിഞ്ഞപ്പോഴാണ് ഖുറൈശികൾ വധഗൂഢാലോചന നടത്തിയത്. തീർത്തും ക്ലേശങ്ങൾ നിറഞ്ഞതായിരുന്നു പ്രവാചക ചരിത്രത്തിലെ ഹിജ്റ.
ഹിജ്റ നൽകുന്ന പാഠങ്ങൾ
___________
പ്രവാചകനും അനുയായികളും നടത്തിയ ഓരോ ഹിജ്റയും നിരവധി പാഠങ്ങളെ വിളിച്ചറിയിക്കുന്നതാണ്.ഭൗതിക താൽപര്യങ്ങളും സുഖസൗകര്യങ്ങളും അല്ലാഹുവിൻറെ പ്രീതിക്കായി സമർപ്പിക്കുന്നവരാണ് യഥാർത്ഥ മുസ്ലിംകളെന്ന പാഠമാണ് ഇതിൽ ഒന്നാമത്തേത്. സത്യം ഒരുനാൾ വിജയിക്കുക തന്നെ ചെയ്യുമെന്ന വസ്തുതയും ഹിജ്റയിൽ ഒളിഞ്ഞിരിക്കുന്നു.
സ്വന്തം വിശ്വാസ-ആദർശങ്ങളിലൂന്നി ജീവിതം നയിക്കാൻ പ്രയാസം നേരിടുമ്പോൾ സ്വദേശം വിട്ട് സമാധാനപൂർണമായ പുതിയ സ്ഥലങ്ങൾ അന്വേഷിക്കണം എന്നതാണ് ഹിജ്റ നൽകുന്ന മറ്റൊരു പാഠം. ആദർശ-വിട്ടുവീഴ്ച കൂടാതെ മറ്റു മതസ്ഥരുടെ സംരക്ഷണത്തിൽ കഴിയാൻ ഇസ്‌ലാം അനുവദിക്കുന്നുവെന്ന വസ്തുത എത്യോപ്യയിലേക്കുള്ള ഹിജ്റ വ്യക്തമാക്കുന്നു. ത്വാഇഫിൽ നിന്ന് മടങ്ങിയെത്തിയ നബി(സ്വ)ക്ക് മുശ് രി ഖായ മുത്വ്ഇമു ബ്നു അദിയ്യ് സംരക്ഷണം നൽകിയതും മദീന പലായനത്തിൽ അബ്ദുല്ലാഹി ബ്നു ഉറൈഖിള് വഴികാട്ടിയായതും ഇസ്‌ലാമിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനും വിജയത്തിനും വിശ്വസ്തരായ ഇതര മതസ്ഥരുടെ സഹായം തേടുന്നതിൽ അസാംഗത്യമില്ലെന്ന സൂചനയാണ് നൽകുന്നത്. ദീനിനു വേണ്ടി ത്യാഗം സഹിച്ചവർക്ക് അല്ലാഹുവിങ്കൽ മഹത്തായ പ്രതിഫലമുണ്ടെന്ന പാഠവും ഹിജ്റ നൽകുന്നു.
ഏതു കാര്യത്തിനു മുന്നിട്ടിറങ്ങുമ്പോഴും അതീവ ജാഗ്രതയും സൂക്ഷ്മതയും വേണമെന്ന വസ്തുത ഹിജ്റ പഠിപ്പിക്കുന്നു. പലായനം രഹസ്യമാക്കി വയ്ക്കുകയും സഹയാത്രികനായ അബൂബക്ർ(റ)നോടു പോലും പറയാതിരുന്നതും തന്റെ വിരിപ്പിൽ അലി(റ) വിനെ കിടത്തിയതും മദീനയുടെ എതിർ ദിശയിൽ പുറപ്പെട്ടതും കാൽപ്പാടുകൾ കാണാതിരിക്കാൻ ആ വഴി ആടുകളുമായി പോകാൻ ആമിറു ബ്നു ഫുഹൈറയെ ഏർപ്പാടാക്കിയതും ജാഗ്രതയുടെയും സൂക്ഷ്മതയുടെയും സൂചനകളാണ്. വ്യക്തമായ ദിശാബോധവും ആസൂത്രണവും ഉണ്ടായിരിക്കണമെന്നു ഹിജ്റ പഠിപ്പിക്കുന്നു. അതിൻറെ മികവുറ്റ ഉദാഹരണമായിരുന്നു ഹിജ്റ. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തോടൊപ്പം അക്കാലത്തെ ഭൗതികമായ സൗകര്യങ്ങളും മാർഗങ്ങളും പ്രവാചകൻ ഉപയോഗപ്പെടുത്തി. എല്ലാം അല്ലാഹുവിലർപ്പിച്ച് ഏറെ മനസ്സമാധാനത്തോടെ ഭയവിഹ്വലനും ഉൽകണ്ഠാഭരിതനുമായ അബൂബക്ർ(റ) വിനെ ഈമാനികാവേശത്താൽ പുളകം കൊള്ളിച്ചു റസൂൽ(സ്വ) മുന്നോട്ടു നീങ്ങി. മരണത്തെ മുഖാമുഖം കണ്ട അലി(റ)വിന്റെ സമീപനം ആത്മസമർപ്പണ ത്തിന്റെയും ധീരതയുടെയും പ്രവാചക സ്നേഹത്തിന്റെയും ഉത്തുംഗതയെ കുറിക്കുന്നു. കൂടാതെ അത്യാഹിത ഘട്ടങ്ങളിൽ ശത്രുക്കൾക്കെതിരെ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ തെറ്റില്ലെന്ന പാഠവും ഈ ചരിത്രാംശം നൽകുന്നു.
ക്ഷമയും സഹനവും ഇസ്‌ലാമിക പ്രബോധകർക്കുള്ള അനിവാര്യ ഗുണമാണെന്നും അതിൻറെ ഫലം പിന്നീട് ഉണ്ടാവുമെന്ന സന്ദേശവും ഹിജ്റ നമ്മെ പഠിപ്പിക്കുന്നു. മദീനയിലെത്തിയ പ്രവാചകനോട് അൻസ്വാറുകൾ കാണിച്ച സ്നേഹവും ആതിഥ്യ മര്യാദയും മറ്റും വിശ്വാസികളുടെ പരസ്പര സഹായ സഹകരണ മനോഭാവത്തെ ഉയർത്തിക്കാണിക്കുന്നു.
പലായനമെന്നത് സമ്പാദ്യങ്ങളും നേട്ടങ്ങളും പാടെ പരിത്യജിച്ച് ശാരീരിക സുരക്ഷയും തേടി പോകുകയെന്നത് മാത്രമല്ല. അതിനപ്പുറം യാത്രയുടെ പ്രാരംഭത്തിലോ അന്ത്യത്തിലോ എവിടെവെച്ചും പിച്ചിച്ചീന്തപ്പെടാനും വധിക്കപ്പെടാനുമുള്ള സാധ്യതയോടെ, എന്തു തരം പ്രതിസന്ധികളും ദുഃഖപൂർണ്ണമായ അവസ്ഥകളുമാണ് തന്നെ പ്രതീക്ഷിച്ചിരിക്കുന്നതെന്നുമറിയാതെ അവ്യക്തമായ ഭാവിയിൽ കണ്ണുംനട്ട് കൊണ്ടുള്ള ഒരു യാത്രയാണ്. മുസ്‌ലിംകളുടെ പലായനവും ഇതുപോലെത്തന്നെയായിരുന്നു. എങ്കിലും, ഇലാഹായ അല്ലാഹുവിന്റെ കല്പനയാണിതെന്നുള്ള വസ്തുത പ്രവാചകനും അനുയായികൾക്കും ഏറെ ധൈര്യം പകർന്നിരുന്നു. മുള്ളും കല്ലും നിറഞ്ഞ പ്രവാചക പ്രബോധന വീചികളിൽ വിജയകഥകൾ ഉണ്ടാകുമെന്ന് അവിടുന്ന് പണ്ടേ പ്രവചിച്ചിരുന്നു. വിട്ടുവീഴ്ചയില്ലാത്ത തൻറെ ദൗത്യനിർവഹണത്തിന് താളം കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ വളർത്തിയെടുത്തത്, പർവ്വതം പോൽ ഉറച്ചുനിന്ന ഇസ്‌ലാമിനെയായിരുന്നു. പ്രതിസന്ധികളിൽ പതറാതെ തളരാതെ നന്മയുടെ, സ്നേഹത്തിൻറെ, സാഹോദര്യത്തിന്റെ, മാനവികതയുടെ തിരികൊളുത്തി അവിടം പ്രശോഭിതമാക്കുകയായിരുന്നു തിരുദൂതർ (സ്വ).ആ തിരുജീവിതത്തിലെ സുപ്രധാനമായ ഏടായിരുന്നു ഈ ഹിജ്റ. സത്യവിശ്വാസിയുടെ ജീവിതത്തിലെ നാനാതുറകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഹിജ്റയുടെ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്താൻ ഓരോ വിശ്വാസിയും തയ്യാറാവണം.മുഹമ്മദ് നബി, മാർട്ടിൻ ലിങ്സ് അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനും സദ്പാന്താവിലൂടെ നടന്നു നീങ്ങാനും നാഥൻ തുണക്കട്ടെ.
അവലംബം
ഫത്ഹു റഹ്മാൻ
നൂറുൽ യഖീൻ
ഖുർആൻ വിഷയസൂചിക
!اهلا وسهلا إلى سنة هجرية سعيدة
!كل عام وانتم بخير
!١٤٤٤ مباركة
#a group work
#edited by: Rashida PK
Post a Comment
Share your thoughts